വലിയ ചുടുകാടിലുണ്ട് ആ വലിയ സഖാവ്
text_fieldsആലപ്പുഴ: നൂറ്റാണ്ടിന്റെ സമരചരിത്രം അടയാളപ്പെടുത്തി ജ്വലിക്കുന്ന ഓർമയായി ചിതയിലെരിഞ്ഞിട്ടും വി.എസ്. അച്യുതാനന്ദന്റെ സാമീപ്യം തേടി ആലപ്പുഴ വലിയചുടുകാട്ടിൽ ആൾക്കൂട്ടമെത്തി. പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ബലികുടീരങ്ങൾക്കിടയിൽ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലേക്കാണ് കനലെരിയുന്ന ഓർമകൾ പുതുക്കാൻ കൂട്ടായും ഒറ്റക്കും നൂറുകണക്കിനാളുകൾ വന്നെത്തിയത്. ചിലർ മുഷ്ടി ചുരുട്ടിയാണ് അഭിവാദ്യം അർപ്പിച്ചത്. അനുഭവിച്ചറിഞ്ഞ് മതിയാകാത്തവർ പൂച്ചെണ്ടുകൾ സമർപ്പിച്ചു. വികാരങ്ങളുടെ വേലിയേറ്റത്തിനൊപ്പം പലതവണ അന്തരീക്ഷവും ഇരുണ്ടുമൂടി.
ഇതിനിടെ, രാവിലെ 11ന് പറവൂർ വേലിക്കകത്ത് വീട്ടിൽനിന്ന് കുടുംബാംഗങ്ങൾ എത്തിയത് വൈകാരിക നിമിഷങ്ങൾക്ക് വഴിയൊരുക്കി. മകൻ ഡോ. വി.എ. അരുൺകുമാർ, മകൾ ഡോ. വി.എ. ആശ, മരുമകൻ ഡോ. പി. തങ്കരാജ്, കൊച്ചുമക്കളായ അർജുൻ വി. അരുൺ, അരവിന്ദ് വി. അരുൺ എന്നിവരാണ് ചിതക്കരികിലെത്തിയത്. വന്നയുടൻ കൈകൂപ്പി വണങ്ങിയശേഷം പുഷ്പാർച്ചന നടത്തി. അതിനുശേഷം ആശയും ഡോ. പി. തങ്കരാജും തിരുവനന്തപുരത്തെ വീട്ടിലേക്ക് മടങ്ങി. ഇതിനുപിന്നാലെ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ അടക്കമുള്ള നേതാക്കളും പ്രവർത്തകരും എത്തി.
ക്ഷേത്രങ്ങളിൽ കർക്കടക വാവ് ബലിതർപ്പണം കഴിഞ്ഞ് കുടുംബസമേതം മടങ്ങിയവർ ചിതക്കരികിലെത്തി വണങ്ങിയും റോസാപ്പൂക്കൾ സമർപ്പിച്ചും ആദരവ് അർപ്പിക്കുന്ന കാഴ്ചയോടെയാണ് നേരംപുലർന്നത്. അന്ത്യകർമങ്ങൾക്ക് സാക്ഷിയാകാൻ ബുധനാഴ്ച വിവിധ ജില്ലകളിൽനിന്നും വിദേശത്തുനിന്നും എത്തിയവരടക്കമുള്ളവർ, വി.എസ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് അഭിവാദ്യമർപ്പിച്ചാണ് മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.