സി.വി.പത്മരാജൻ: മുഖ്യമന്ത്രി കസേര മുതൽ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വരെ
text_fieldsകൊല്ലം: വലിപ്പ ചെറുപ്പമില്ലാത്ത നേതാവിന്റെ പ്രതീകം -അതാണ് സി.വി.പത്മരാജൻ എന്ന കോൺഗ്രസ് നേതാവ്. പകരക്കാരനായാലും കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ ആറ് മാസക്കാലം ഭരണനിർവഹണം നടത്തിയ വ്യക്തി, പക്ഷേ വലിയനേതാവെന്ന തലക്കനമില്ലാതെയാണ് അവസാനനാൾ വരെയും നാടിനായി പ്രവർത്തിച്ചത്. മുഖ്യമന്ത്രി കസേരയിലും സ്വന്തം നാട്ടിലെ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പദവിയിലും ഒരേ ആത്മാർഥതയോടെ അദ്ദേഹം നിലകൊണ്ടു. ഞാൻ നിങ്ങളുടെ കൂടെ ഉണ്ടെന്ന് നാട്ടിലുള്ളവർക്ക് ഉറപ്പുകൊടുക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.
അങ്ങനെയാണ് 2001ൽ കൊല്ലം ആനന്ദവല്ലീശ്വരം റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡൻറ് പദവി പോലും അദ്ദേഹം ഒരു മടിയും കൂടാതെ ഏറ്റെടുത്തത്. 93ാം വയസിൽ അദ്ദേഹം വിടപറഞ്ഞതോടെ ആ പ്രസിഡന്റ് പദവിയും കൂടിയാണ് ഇന്ന് ശൂന്യമായിരിക്കുന്നത്. ഡി.സി.സി വൈസ് പ്രസിഡന്റ് ആയിരിക്കെ ഒരു പാർട്ടി അനുഭാവിക്ക് സർക്കാർ വക്കീൽ ആകാൻ ശിപാർശയുമായി കെ.കരുണാകരനെ കാണാൻ തിരുവനന്തപുരത്ത് പോയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായത്.
പരവൂർ കോടതിയിൽ സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകനായ സി.വി. പത്മരാജന് എന്തുകൊണ്ട് പബ്ലിക് പ്രോസിക്യൂട്ടർ ആയിക്കൂടാ എന്ന കരുണാകരന്റെ ചോദ്യം അദ്ദേഹത്തെ പോലും ഞെട്ടിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായി പാർട്ടി അനുഭാവി അല്ല, പാർട്ടിക്കാരൻ തന്നെ വരണം എന്ന് കരുണാകരൻ നിർബന്ധം പിടിച്ചതോടെ ആ ചുമതല പത്മരാജനിലേക്ക് വന്നുചേർന്നു. അപ്പോഴും പരവൂർ കോടതിയിൽ ആരുമറിയാത്ത വക്കീലിന്റെ പേര് കലക്ടറുടെ ശിപാർശ പട്ടികയിൽ ഉൾപ്പെട്ടില്ല. തുടർന്ന്, സംസ്ഥാന മന്ത്രിസഭ പ്രത്യേക ഉത്തരവ് ഇറക്കിയാണ് പത്മരാജൻ കൊല്ലത്ത് പബ്ലിക് പ്രോസിക്യൂട്ടർ ആയത്. ആദ്യമായായിരുന്നു അത്തരം ഒരു ഉത്തരവ്. പിന്നീട് പലരും അത്തരത്തിൽ പ്രോസിക്യൂട്ടർ പദവിയിൽ എത്തി.
കൊല്ലം കണ്ട എക്കാലത്തെയും മികച്ച പബ്ലിക് പ്രോസിക്യൂട്ടർമാരിൽ ഒരാളായിരുന്നു സി.വി.പത്മരാജൻ. കേസുകൾ ഇഴകീറി പഠിച്ചുമാത്രം കൈകാര്യം ചെയ്തിരുന്ന കണിശത. അദേഹത്തിന്റെ മികവ്, രാഷ്ട്രീയത്തിലും സഹകരണമേഖലയിലും അഭിഭാഷകവൃത്തിയിലുമെല്ലാം ശോഭയോടെ തിളങ്ങി. 53 കൊല്ലം പ്രസിഡന്റ് ആയിരുന്ന കൊല്ലം അർബർ സഹകരണബാങ്കിനെ സംസ്ഥാനത്ത് തന്നെ മുൻനിരയിൽ എത്തിച്ചിട്ടാണ് കഴിഞ്ഞ വർഷം അദ്ദേഹം പദവി ഒഴിഞ്ഞത്.
ആരോടും പക്ഷപാതമില്ലാതെ പെരുമാറി, ചുറ്റുമുള്ളവരുമായി ആത്മബന്ധത്തിന്റെ വലിയൊരു വലയം തീർക്കുന്ന പ്രകൃതമായിരുന്നു. പത്മരാജന് ഒപ്പമാണെങ്കിൽ, അതായിരുന്നു മറ്റുള്ളവർക്ക് മേൽവിലാസം. ഒരു ഗ്രൂപ്പിസവും അവരെ മാറ്റിനിർത്തില്ല. കാരണം സി.വി.പത്മരാജന് ഗ്രൂപ്പില്ലായിരുന്നു, ഒപ്പം അദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.