കലോത്സവങ്ങളുടെ ‘ദോസ്തി പത്മന്‍’ ഇനി ഓർമ
text_fieldsപെരുമ്പാവൂര്‍: ആറ് പതിറ്റാണ്ടുകാലം പെരുമ്പാവൂരിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക-കലാ വേദികളില്‍ നിറഞ്ഞുനിന്ന ‘ദോസ്തി പത്മന്‍’ എന്ന എന്‍. പത്മനാഭന്‍ നായര്‍ അരങ്ങൊഴിയുമ്പോള്‍ ബാക്കിയാകുന്നത് ഒരുകാലത്ത് സജീവമായിരുന്ന കലാജീവിതത്തിന്റെ ഓർമകള്‍. വാര്‍ധക്യവും രോഗവും തളര്‍ത്തിയ ആ പഴയ കലാകാരന്‍ മടങ്ങുമ്പോള്‍ പതിറ്റാണ്ടുകളായി ഉറങ്ങാത്ത അദ്ദേഹത്തിന്റെ നെടുവേലി വീടും പരിസരവും ഇന്ന് നിശബ്ദമാണ്.
11ാം വയില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ നാടകാഭിനയത്തിലൂടെ തുടങ്ങിയതാണ് പത്മന്റെ കലാജീവിതം. പിന്നീട് നാടകം, ഗാനം, കവിത, വില്ലടിച്ചാന്‍ പാട്ട്, കഥാപ്രസംഗം എന്നിവയുടെ രചയിതാവായും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മേക്കപ്പ്മാനായും നിറഞ്ഞുനിന്നു.
ഏഴു വര്‍ഷം മുമ്പ് വരെ ജില്ലയിലെ സ്‌കൂള്‍ കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും ദോസ്തി പത്മനില്ലാത്ത വേദികള്‍ അപൂര്‍വ്വമായിരുന്നു. ഫാന്‍സി ഡ്രസ്, മോണോ ആക്ട്, നാടകം, കഥാപ്രസംഗം എന്നിവയില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിലും മേക്കപ്പ് ചെയ്യുന്നതിലും അദ്ദേഹം തിരക്കിലായിരുന്നു. ഒരു വേദിയില്‍ തന്നെ അദ്ദേഹത്തിന്റെ നിരവധി ശിഷ്യന്മാര്‍ മത്സരിക്കുന്ന കാഴ്ചയും കലോത്സവങ്ങളില്‍ പതിവായിരുന്നു. ചലച്ചിത്ര നടി അനന്യ കലാ രംഗത്തേക്ക് കടന്നുവന്നത് ദോസ്തി പത്മന്‍ എഴുതിയ കഥാപ്രസംഗത്തിലൂടെയാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ജാഥകളില്‍ കാലങ്ങളോളം മുദ്രാവാക്യമായും ആവേശമായും മുഴങ്ങിയ ‘ചലോ ചലോ സഖാക്കളെ, രക്തവര്‍ണ കൊടികളേന്തി, വിപ്ലവത്തിന്‍ തീ പടര്‍ത്തി, ശക്തരായ് കുതിക്കുവിന്‍, ശത്രുവെ തുരത്തിടാം’ എന്ന വിപ്ലവഗാനം പത്മന്റെ തൂലികയില്‍ പിറന്നതാണെന്നത് പലര്‍ക്കും അജ്ഞാതമാണ്. അമ്വച്ചര്‍ നാടകങ്ങള്‍ക്ക് വേണ്ടിമാത്രം 250ല്‍ പരം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
നടന്‍ പോള്‍ വെങ്ങോലയുടെ ‘രാപ്പാടികള്‍’ എന്ന പ്രഫഷനല്‍ നാടകത്തിന് കെ.എസ്. ചിത്ര പാടിയ ഗാനങ്ങള്‍ രചിച്ചതും ദോസ്തി പത്മനാണ്. അവിവാഹിതനായ അദ്ദേഹം സഹോദരി കമലാക്ഷിക്ക് ഒപ്പമായിരുന്നു താമസം. 11 വര്‍ഷം മുമ്പ് സഹോദരി മരിച്ചതോടെ തനിച്ചായി. സാംസ്‌കാരിക വകുപ്പ് നല്‍കുന്ന ചെറിയ പെന്‍ഷന്‍ മാത്രമായിരുന്നു അവസാനകാലത്തെ ആശ്രയം.

