വീൽചെയറിൽ ഉലകം ചുറ്റും ഹസൻ ഇമാം
text_fieldsഹസൻ ഇമാം
റിയാദ്: രണ്ടാം വയസ്സിൽ പോളിയോ ബാധിച്ച് അരക്ക് കീഴ്വശം ശോഷിച്ച ഒരാൾക്ക് ഒരു വീൽചെയറിൽ പരമാവധി സഞ്ചരിക്കാൻ കഴിയുന്ന ലോകത്തിന്റെ വലുപ്പമെത്ര? ജീവിക്കുന്ന നാട്ടിലെ ഇട്ടാവട്ടം. അംഗപരിമിതർക്കുള്ള മുച്ചക്ര വാഹനങ്ങൾക്ക് പോലും നിശ്ചയിക്കുന്ന ശേഷി അത്രമാത്രമാണ്. എന്നാൽ തനിക്ക് ചെന്നെത്താൻ കഴിയുന്ന ലോകത്തിന് യഥാർഥ ലോകത്തോളം വലുപ്പമുണ്ടെന്ന് പറയുകയാണ് ഹസൻ ഇമാം.
വെറും പറച്ചിലല്ല, സഞ്ചരിച്ച് കാണിക്കാൻ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഈ ഇന്ത്യൻ ‘നൊമാഡിക് ഡിസെബിൾഡ്’ സഞ്ചാരി. മുച്ചക്ര ഇലക്ട്രിക്കൽ വീൽചെയറിൽ യു.എൻ അംഗീകരിച്ച 195 രാജ്യങ്ങളിലും എത്തുകയാണ് ലക്ഷ്യം. ലോകത്താദ്യമായാണ് അംഗപരിമിതനായ ഒരാള്‍ ഒറ്റക്ക് ലോക സഞ്ചാരം നടത്തുന്നത്.
അംഗപരിമിതരുടെ ശാക്തീകരണമാണ് യാത്രയുടെ ഉദ്ദേശ്യം. ഓരോ രാജ്യത്തെയും അംഗപരിമിതരെ അടുത്തറിയാനും അവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുമാണ് യാത്ര. മാത്രമല്ല, ഇവ വിശകലനം ചെയ്ത് അധികൃതരുടെ ശ്രദ്ധയില്പെടുത്തുയെന്നതും യാത്രയുടെ ലക്ഷ്യമാണ്.
ഇതിനകം 15 രാജ്യങ്ങൾ പിന്നിട്ട ഹസൻ ഇമാം ഇപ്പോൾ സൗദി അറേബ്യയിലെത്തിയിരിക്കുകയാണ്. ഏതാണ്ട് 40,000 കിലോമീറ്ററാണ് ഇതുവരെ താണ്ടിയത്. ഈ വഴിദൂരത്തിന്റെ 80 ശതമാനവും ഈ വീൽച്ചെയറിൽ തന്നെയാണ് താണ്ടിയത്. വീൽചെയർ യാത്ര അസാധ്യമായിടങ്ങളിൽ മാത്രമാണ് വിമാനം, ട്രെയിൻ, ബസ്, കാർ എന്നിവയെ ആശ്രയിച്ചത്. ഇനിയും യാത്ര മുച്ചക്ര വാഹനത്തിൽ തന്നെയാണ്. സാധ്യമാവാത്തിടങ്ങളിൽ മാത്രം മറ്റ് വാഹനങ്ങൾ.
ഇലക്ട്രിക് വീൽചെയറിൽ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റർ വരെ ഓടാൻ ശേഷിയുള്ള ബാറ്ററിയാണുള്ളത്. ഒരു അധിക ബാറ്ററി കൂടി കൈയിലുണ്ട്. അതുകൊണ്ട് 60 കിലോമീറ്റർ കഴിഞ്ഞ് ചാർജിങ്ങിനെ കുറിച്ച് ചിന്തിച്ചാൽ മതി.
സ്റ്റെപ്പിനി ടയറും അത്യാവശ്യം അറ്റക്കുറ്റപ്പണിക്കുള്ള സാമഗ്രികളും വിശ്രമത്തിന് ആവശ്യമായ ടെന്റടക്കമുള്ള സാധനങ്ങളും എല്ലാം കൈയ്യിൽ കരുതിയാണ് യാത്ര. എങ്കിലും ഇന്ത്യന്‍ നിർമിത ഈ മുച്ചക്രം ഇതുവരെ ചതിച്ചിട്ടില്ലെന്ന് ഹസൻ പറയുന്നു.
യാത്രാചെലവുകൾ അതതിടങ്ങളിൽ കണ്ടുമുട്ടുന്ന മനുഷ്യരും കൂട്ടായ്മകളുമാണ് വഹിക്കുന്നത്. ഓരോ പ്രദേശത്ത് എത്തുമ്പോഴും സാമൂഹിക മാധ്യമങ്ങള്‍ വഴി താമസസൗകര്യം അഭ്യർഥിക്കും. കുടിലോ ടെന്റോ ഏതാണെങ്കിലും മതിയെന്നാണ് അഭ്യർഥന.
ദമ്മാമിൽനിന്ന് പുറപ്പെട്ടയുടനെ പോസ്റ്റ് ചെയ്ത അഭ്യർഥന കണ്ട് റിയാദ് ഹെൽപ് ഡെസ്കാണ് സഹായിക്കാൻ മുന്നോട്ട് വന്നത്. ഹെൽപ് ഡെസ്കിന്റെ ഭാഗമായ ഷൈജു പച്ചയും സുഹൃത്തുക്കളുമാണ് റിയാദില്‍ ആതിഥ്യമരുളിയത്.
ബിഹാറിലെ ഗയ ജില്ലയിൽ ഖുറൈഷി ഗോത്രത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഹസൻ ഇമാമിന് ഇപ്പോൾ പ്രായം 28. ബുദ്ധന്റെ ഗയയിൽ ജനിച്ചത് അഭിമാനം. അതുകൊണ്ട് തന്നെ ബുദ്ധനോടാണ് കൂടുതൽ ഇഷ്ടം. അഞ്ച് വർഷം ഡൽഹിയിലായിരുന്നു. ജെ.എൻ.യുവിലാണ് പഠിച്ചത്. ബിരുദത്തിന് പുറമെ റഷ്യൻ ഭാഷാകോഴ്സും പൂർത്തിയാക്കി.
മദ്രാസ് ഐ.ഐ.ടിയിൽ നിർമിച്ച സ്കൂട്ടർ ഒരു ലക്ഷം രൂപ കൊടുത്ത് വാങ്ങുമ്പോൾ മനസ്സിലുറപ്പിച്ചതാണ് നിർമാതാക്കൾക്ക് പോലും ചിന്തിക്കാൻ ധൈര്യമില്ലാത്ത ദൂരങ്ങളിലേക്ക് അതോടിച്ച് ലോകം ചുറ്റണമെന്ന്. രണ്ടുവർഷം മുമ്പാണ് യാത്ര തുടങ്ങിയത്. ആദ്യ യാത്ര കന്യാകുമാരിയിൽനിന്ന് ലഡാക് വരെയായിരുന്നു.
ആറ് മാസം നീണ്ട, നാലായിരത്തിലേറെ കിലോമീറ്റർ താണ്ടിയ യാത്ര. അത് മുഴുവൻ ഈ മുച്ചക്ര സ്കൂട്ടറിലായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സ്നേഹ വാത്സല്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിച്ചു. അതിലേറ്റവും കൂടുതൽ സ്നേഹാശ്ലേഷം ലഭിച്ചത് കേരളത്തിൽനിന്ന്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാജസ്ഥാനിലാണ് അതുപോലൊരു ഊഷ്മളത അനുഭവിക്കാനായത്. എന്നാൽ കശ്മീരിലും ലഡാക്കിലും ഇന്ത്യൻ പട്ടാളത്തിൽനിന്ന് കിട്ടിയ സ്നേഹത്തെയും സഹായങ്ങളെയും കുറിച്ച് പറയുമ്പോൾ അഭിമാനപൂരിതമാകുന്നു ഹസന്റെ ഹൃദയം.
ലഡാക്കിൽ പകൽ മാത്രമേ സഞ്ചരിക്കാനാവൂ. ഓരോ 50 കിലോമീറ്റർ പിന്നിടുമ്പോൾ പട്ടാളത്തിന്റെ ടെന്റുകളുണ്ട്. അവിടേക്ക് കടന്നുചെല്ലും. ഊഷ്മളമായ വരവേൽപ്പാണ് ലഭിക്കുക. ഭക്ഷണവും വിശ്രമവും അവരുടെ സ്നേഹത്തണലിൽ. ആ യാത്ര സിയാച്ചിൻ മലയിലെ ഇന്ത്യൻ അതിർത്തി വരെയെത്തി.
അപ്പോഴേക്കും ആറുമാസം പിന്നിട്ടിരുന്നു. ശേഷം വീട്ടിലേക്ക് മടങ്ങി. അടുത്തത് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കായിരുന്നു. ബംഗ്ലാദേശ്, ഇൻന്തോനേഷ്യ, മലേഷ്യ, തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം, ചൈന, റഷ്യ, ഉസ്ബക്കിസ്ഥാന്, അസര്ബൈജാന്, ഒമാന്‍, യു.എ.ഇ, ഖത്തര്‍, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും പിന്നിട്ടുകഴിഞ്ഞു. ബഹ്റൈൻ സന്ദർശനം പൂർത്തിയാക്കി ഒന്നരാഴ്ച മുമ്പാണ് സൗദിയിലെത്തിയത്.
ദമ്മാം ഉൾപ്പെടെ കിഴക്കൻ പ്രവിശ്യയിൽ ഒരാഴ്ച ചുറ്റിക്കറങ്ങി. മൂന്ന് ദിവസം മുമ്പ് റിയാദിലെത്തി. റിയാദിൽ മെട്രോയിലാണ് നഗരം ചുറ്റൽ. വീൽച്ചെയറിൽ തന്നെ ട്രെയിനിൽ ഇരുന്നാണ് യാത്ര. കുറെ ചുറ്റിയടിച്ചു. റിയാദിലെ പ്രധാന റോഡുകളിലൂടെയും സ്കൂട്ടറോടിക്കുന്നുണ്ട്. ഒരാഴ്ചക്ക് ശേഷം ത്വാഇഫിലേക്ക് പുറപ്പെടും. അവിടെ നിന്ന് പുണ്യ ഭൂമിയിലേക്ക്. മക്കയിലെത്തി ഉംറ നിർവഹിക്കലും മദീന സന്ദർശനവും ജീവിതത്തിലെ വലിയ അഭിലാഷങ്ങളാണ്.
അത് പൂർത്തീകരിച്ചാൽ റോഡ് മാർഗം നേരെ ജോർഡനിലേക്ക്. ഫലസ്തീനും സിറിയയും ഈജിപ്തും ഇറാഖുമെല്ലാം അടുത്ത ലക്ഷ്യങ്ങളാണ്. അത് പൂർത്തിയാക്കിയാൽ നാട്ടിലേക്ക് മടങ്ങും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമെല്ലാം അടുത്ത ലക്ഷ്യങ്ങളാണ്. അമേരിക്കൻ വിസ കിട്ടിയാൽ ഇപ്പോൾ വിസ കിട്ടാൻ പ്രയാസമുള്ള രാജ്യങ്ങളിലേക്ക് പോലും യാത്രാനടപടികൾ എളുപ്പമാകും. അമേരിക്കൻ വിസ നേടാനുള്ള ശ്രമം നടത്തുകയാണ്.
പ്രായമായ മാതാപിതാക്കളും ഒരു സഹോദരിയടക്കം നാല് സഹോദരങ്ങളുമാണുള്ളത്. ഹസൻ ഇമാം ഇതുവരെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. വേണമെന്ന് തോന്നിയാൽ ഏത് നാട്ടിൽ നിന്നായാലും മനസിനിഷ്ടപ്പെട്ടാൽ ഒരാളെ ജീവിത സഖിയാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.