പൈതൃക സൂക്ഷിപ്പുകാരൻ കല്ലൻകുന്ന് മുഹമ്മദ് ഇനി ഓർമ
text_fieldsമുഹമ്മദ് തന്റെ സ്റ്റേഷനറി കടയിൽ
മങ്കട: പുരാവസ്തു ശേഖരത്തിനുടമയും ചരിത്ര വിദ്യാർഥികളുടെ പ്രിയങ്കരനുമായിരുന്ന കല്ലൻകുന്ന് മുഹമ്മദ് ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലങ്ങളായി വിശ്രമജീവിതത്തിലായിരുന്നു. മലപ്പുറത്തിന്റെ ചരിത്രബോധത്തിന് സ്വന്തം ജീവിതം കൊണ്ട് മാതൃകയായ ഒരു വ്യക്തിത്വത്തെയാണ് മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത്. ഇരുപതാം വയസ്സിൽ തുടങ്ങിയ നാണയ ശേഖരണം, പിന്നീട് പുരാവസ്തു ശേഖരണത്തിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു മുഹമ്മദ്.
റബർ ടാപ്പിങ് തൊഴിലാളിയായിരുന്ന അദ്ദേഹം വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകാൻ കഴിയാതെ വന്നപ്പോൾ നാട്ടിൽ ഒരു സ്റ്റേഷനറി കട തുടങ്ങി. ഈ കട അദ്ദേഹത്തിന്റെ അമൂല്യ ശേഖരങ്ങളുടെ പ്രദർശനശാല കൂടിയായിരുന്നു. അധികമുള്ള വസ്തുക്കൾ അവിടെ വെച്ച് വിറ്റഴിക്കുകയും ചെയ്തിരുന്നു. വിദ്യാർഥികളിൽ ചരിത്രബോധം വളർത്തുക എന്ന മഹത്തായ ലക്ഷ്യത്തോടെ മുഹമ്മദ് തന്റെ പുരാവസ്തു, നാണയം, സ്റ്റാമ്പ്, കറൻസി ശേഖരങ്ങൾ വിവിധ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിച്ചു.
പുരാവസ്തു സംരക്ഷണത്തോടുള്ള അദ്ദേഹത്തിന്റെ താൽപര്യം പരിഗണിച്ച് ജില്ല കലക്ടർ അദ്ദേഹത്തെ ആദരിച്ചിരുന്നു. നാണയ ശേഖരിക്കുന്നവരുടെ മലപ്പുറം ജില്ലയിലെ കൂട്ടായ്മയായ ‘മലപ്പുറം ന്യുമിസ്മാറ്റിക് സൊസൈറ്റി’യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായിരുന്ന മുഹമ്മദ്. മുഹമ്മദിന്റെ വിയോഗത്തോടെ അദ്ദേഹത്തിന്റെ അമൂല്യ ശേഖരങ്ങൾ ഭാവി തലമുറകൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ അദ്ദേഹത്തിന്റെ ഓർമക്കായി സംരക്ഷിക്കണമെന്ന ആഗ്രഹത്തിലാണ് കുടുംബം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.