ഹൈസൺ ഹൈദർക്ക ഇനിയോർമ
text_fieldsഹൈസൺ ഹൈദർ ഹാജി
ദോഹ: ഖത്തറിലെ ആദ്യകാല മലയാളി വ്യാപാര പ്രമുഖനും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായ ഹൈസൺ ഹൈദർ ഹാജിക്ക് കർമഭൂമിയിൽ അന്ത്യനിദ്ര. കഴിഞ്ഞ ഏതാനും മാസങ്ങളായി വാർധക്യ സഹജമായ പ്രയാസത്തെതുടർന്ന് വിശ്രമത്തിലായിരുന്നു. ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ ഹൈദർക്കയുടെ പേര് ആദ്യ പട്ടികയിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
സത്യസന്ധതയും വിനയവും ദൃഢനിശ്ചയവും കരുത്താക്കി പ്രവർത്തിച്ച അദ്ദേഹം, ഖത്തറിലെ അഞ്ച് പതിറ്റാണ്ടോളം നീണ്ട ജീവിതയാത്രയിൽ ബിസിനസ് വളർച്ചയോടൊപ്പം വിദ്യാഭ്യാസ ജീവകാരുണ്യ -സാമൂഹിക മേഖലകളിൽ നിർണായകമായ ഇടപെടലുകൾ നടത്തി.m തൃശൂർ ജില്ലയിലെ വടക്കേക്കാട് തൊഴിയൂർ സ്വദേശിയായ അദ്ദേഹം, 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ ആദ്യകാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ്.
ഖത്തറിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ്. 1978ൽ ആണ് അദ്ദേഹം ഫാമിലി ഫുഡ് സെന്റർ സ്ഥാപിക്കുന്നത്. തുടർന്ന് തന്റെ സംരംഭകത്വ കാഴ്ചപ്പാട് വികസിപ്പിക്കുകയും റീട്ടെയിൽ മേഖലക്ക് പുറത്ത് വിവിധ മേഖലകളിൽ സംഭാവന നൽകുകയും ചെയ്തു. കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് എന്നിവയുടെ മാനേജിങ് ഡയറക്ടറായിരുന്നു. വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്കുവേണ്ടി സ്വയം സമർപ്പിച്ച ഹൈദർ ഹാജി ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായ എം.ഇ.എസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.
നാട്ടിലും വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ദയാപുരം അൽ ഇസ് ലാം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ തുടക്കക്കാരിൽ ഒരാളും ചെയർമാനുമായിരുന്നു. ഐഡിയൽ എജുക്കേഷൻ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനായും സേവനമനുഷ്ഠിച്ചു. കേരളത്തിൽ വേരൂന്നിയ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപവത്കരണത്തിലും വളർച്ചയിലും പ്രചോദനവും പിന്തുണയുമായി ഹൈദർ ഹാജിയുടെ സേവനങ്ങളും നേതൃത്വപരമായ സംഭാവനകളുണ്ട്.
സാമൂഹ്യ -സാംസ്കാരിക മേഖലകളിലും ഇടപെടലുകളുമായി നിറസാന്നിധ്യമായിരുന്ന ഹൈദർ ഹാജി, ദുരിതമനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികളെ പിന്തുണക്കുന്നതിനായി രൂപവത്കരിച്ച ഇന്ത്യൻ എംബസി അപക്സ് സംഘടനകളായ ഐ.സി.സി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നിവയുടെ സ്ഥാപകാംഗമാണ്. ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തർ എം.ഇ.എസ് പ്രസിഡന്റായും പ്രവർത്തിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ സാധ്യമാകുന്ന രീതിയിൽ ഇടപെടുകയും പരിഹാരം കാണാൻ പ്രയത്നിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ 63 വർഷത്തെ ഖത്തർ പ്രവാസക്കാലത്ത് പൊതുസമൂഹത്തിനുവേണ്ടി സാധ്യമാകുന്ന പ്രവർത്തനങ്ങൾ ചെയ്താണ് ഹൈദർക്ക യാത്രയാകുന്നത്.
അനുശോചന പ്രവാഹവുമായി പ്രവാസി കൂട്ടായ്മകൾ
ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്)
സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി സമൂഹത്തിന് വെളിച്ചമായ ഹൈദർ ഹാജി ഐ.സി.ബി.എഫിന്റെ മുൻ പ്രസിഡന്റും ദോഹയിലെ എം.ഇ.എസ് സ്കൂളിന്റെ സ്ഥാപകാംഗവുമായിരുന്നു. കമ്യൂണിറ്റി പ്രശ്നങ്ങൾ വേഗത്തിൽ അറിയാനും പരിഹരിക്കാനും പ്രവർത്തിക്കാനും സാധ്യതകളും സംവിധാനങ്ങളും ഇന്നത്തെപോലെ എളുപ്പമല്ലാതിരുന്ന സമയത്തായിരുന്നു അദ്ദേഹം ഐ.സി.ബി.എഫ് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്നത്. ദുഃഖിതരായ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലെ സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് പറഞ്ഞു.
ഇന്ത്യൻ കൾച്ചറൽ സെന്റർ
ദോഹയിലെ പ്രവാസികളുടെ, വിശിഷ്യാ മലയാളികളുടെ ചരിത്രം പരിശോധിച്ചാൽ മാറ്റിനിർത്താവാനാത്ത വ്യക്തിത്വമായിരുന്നു ഹൈദർ ഹാജി. സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വിവിധ വിഷയങ്ങളിൽ ഇടപെട്ടിരുന്ന അദ്ദേഹം, പ്രവാസികളുടെ കുട്ടികളെ ഇന്ത്യൻ സിലബസിൽ പഠിപ്പിക്കുന്നതിനായി എം.ഇ.എസ് സ്കൂൾ ആരംഭിക്കുന്നതിന് മുൻകൈയെടുത്തവരിൽ പ്രധാനിയാണ്.
വ്യാപാരരംഗത്തും മികവ് തെളിയിച്ച അദ്ദേഹം ഏതൊരു മലയാളിക്കും കച്ചവടരംഗത്തേക്ക് കടന്നുവരുന്നതിന് പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാളി പ്രവാസികൾക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാധികളുടെയും ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി. മണികണ്ഠൻ പറഞ്ഞു.
സംസ്കൃതി ഖത്തർ
ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസരംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഹൈദർ ഹാജിയുടെ നിര്യാണത്തിൽ സംസ്കൃതി ഖത്തർ പ്രസിഡന്റ് സാബിത്ത് സഹീർ അനുശോചനം രേഖപ്പെടുത്തി. ഖത്തറിലെ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തങ്ങളിൽ വിലപ്പെട്ട സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു ഹൈദർ ഹാജി. അദ്ദേഹത്തിന്റെ വേർപാട് ഇന്ത്യൻ കമ്യൂണിറ്റിക്ക്, വിശിഷ്യാ മലയാളി സമൂഹത്തിന് കനത്ത നഷ്ടമാണുണ്ടാക്കുന്നത്.
കെ.എം.സി.സി ഖത്തർ
ഖത്തറിലെ ഇന്ത്യൻ പ്രവാസത്തിന്റെ തുടക്കക്കാരിൽ പ്രധാനിയും പ്രമുഖ ബിസിനസ് സ്ഥാപനമായ ഫാമിലി ഫുഡ് സെന്റർ സ്ഥാപകനുമായ ഹൈദർ ഹാജിയുടെ വേർപാട് ഏറെ ദുഃഖകരമാണെന്ന് കെ.എം.സി.സി ഖത്തർ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് പറഞ്ഞു. സ്വന്തം കഠിനാധ്വാനത്തിലൂടെ ഒട്ടനവധി ബൃഹത് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെയും സ്നേഹജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുകയും പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി
മലയാളി വ്യവസായിയും സാമൂഹിക സാംസ്കാരിക -വിദ്യാഭ്യാസരംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.പി. ഹൈദർ ഹാജിയുടെ നിര്യാണത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) അനുശോചനം രേഖപ്പെടുത്തി. സി.ഐ.സിയുമായും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുകയും അതിന്റെ വിവിധങ്ങളായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഖത്തർ പ്രവാസി സമൂഹത്തിന് കനത്ത നഷ്ടമാണുണ്ടാക്കിരിക്കുന്നത്. കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാധികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സി.ഐ.സി ഖത്തർ പ്രസിഡന്റ് ടി.കെ. ഖാസിം അറിയിച്ചു.
പ്രവാസി വെൽഫെയർ
ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനും വിദ്യാഭ്യാസ -സാമൂഹ്യ ജീവകാരുണ്യ രംഗത്തെ പ്രമുഖനുമായിരുന്ന ഹൈദർ ഹാജിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അനുശോചിച്ചു. ഖത്തറിലെ ഇന്ത്യൻ വിദ്യാലയമായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ സ്ഥാപകാംഗം എന്ന നിലയിലും ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ജീവകാരുണ്യ സംഘടനയായ ഐ.സി.ബി.എഫ് പ്രസിഡന്റ് എന്ന നിലയിലും വലിയ സംഭാവനകളാണ് അദ്ദേഹം ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയത്. നാട്ടിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിലും ജീവകാരുണ്യ പ്രവർത്തനരംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. പ്രവാസിയായിരിക്കെതന്നെ ഖത്തറിലെയും നാട്ടിലെയും വിദ്യാഭ്യാസ സംരംഭങ്ങളിൽ വലിയ പങ്കുവഹിച്ച ഹൈദർ ഹാജി പ്രവാസികൾക്ക് മാതൃകയും പ്രചോദനവുമാണ്.
പോഡാർ പേൾ സ്കൂൾ
ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനായ ഹൈദർ ഹാജിയുടെ നിര്യാണത്തിൽ ഖത്തർ പോഡാർ പേൾ സ്കൂൾ പ്രസിഡന്റ്, ഡയറക്ടർ ബോർഡ്, പ്രിൻസിപ്പൽ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി. സാമൂഹികരംഗത്തും വ്യാപാര രംഗത്തും അതുല്യ സംഭാവനകൾ നൽകിയ ഒരു മഹത് വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുകയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പോഡാർ പേൾ സ്കൂൾ ഡയറക്ടർമാരായ ഫൈസൽ പി.പി., അൻവർ പി.പി., ഷഫീ ഫസലു എന്നിവർ അറിയിച്ചു.
സമൂഹത്തിനുവേണ്ടി സമർപ്പിച്ച ജീവിതം -ഫാമിലി ഫുഡ് സെന്റർ
ബിസിനസ് രംഗത്ത് മാത്രമല്ല, ജീവകാരുണ്യ -സാമൂഹിക സംഭാവനകളിലൂടെ പ്രവാസി സമൂഹത്തെ രൂപപ്പെടുത്തുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. അദ്ദേഹം സ്ഥാപിച്ച ഫാമിലി ഫുഡ് സെന്റർ ഇപ്പോൾ ഖത്തറിലെ പ്രമുഖമായ റീട്ടെയിൽ ബ്രാൻഡുകളിൽ ഒന്നായി വളർന്നു. ഇന്ത്യയിലെ ഹൈസൺ ഗ്രൂപ്പിന്റെ സ്ഥാപകൻ കൂടിയായിരുന്നു അദ്ദേഹം. ബിസിനസിനപ്പുറം സാമൂഹിക വിദ്യാഭ്യാസ മേഖലകളിലും ഹൈദർ ഹാജി സ്വയം സമർപ്പിച്ചു.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാട്ടിൽ ആരംഭിക്കുന്നതിനും മുൻകൈയെടുത്തു. ഖത്തറിലെ പ്രവാസികൾക്കിടയിൽ റീട്ടെയിൽ വ്യാപാരമേഖലക്ക് വഴിയൊരുക്കിയ അദ്ദേഹത്തിന്റെ സാമൂഹിക -വിദ്യാഭ്യാസ -ജീവകാരുണ്യ ഇടപെടലുകൾ തലമുറകളോളം നിലനിൽക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രവാസി ലോകത്തിന് തീരാനഷ്ടം–സൈനുൽ ആബിദീൻ
(മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്, സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയർമാൻ)
ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര വിദ്യാഭ്യാസ ജനസേവന മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ഹൈദർ ഹാജിയുടെ വേർപാട് ഖത്തറിലെ പ്രവാസി ലോകത്തിന് തീരാനഷ്ടമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ജ്യേഷ്ഠസഹോദരനപ്പോലെ ഇടക്കിടെ ബന്ധപ്പെട്ടിരുന്ന അദ്ദേഹം, ക്ഷേമന്വേഷണങ്ങൾ നടത്തുകയും ബിസിനസ് കാര്യങ്ങളും കുടുംബകാര്യങ്ങളും വിളിച്ച് അന്വേഷിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ഖത്തറിലെയും നാട്ടിലെയും വിവിധ വിദ്യാഭ്യാസ സംരംഭങ്ങൾ അദ്ദേഹം മുൻകൈയെടുത്ത് തുടങ്ങി. ഫാമിലി ഫുഡ് സെന്റർ ഇന്ന് വലിയ സംരംഭമായി ഖത്തറിന്റെ മണ്ണിൽ തലയെടുപ്പോടെ നിലകൊള്ളുന്നു. ഇന്ത്യൻ സിലബസിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ഖത്തറിൽ എം.ഇ.എസ് സ്കൂൾ ആരംഭിക്കുന്നതിനും നേതൃത്വം നൽകി. ഇന്ന് രണ്ട് സ്കൂളുകളിലായി 10000ത്തിൽ പരം കുട്ടികൾ പഠിക്കുന്ന വലിയ സ്ഥാപനമായി അത് വളർന്നു. സത്യസന്ധതയും വിനയവും ദൃഢനിശ്ചയവും കരുത്താക്കി പ്രവർത്തിച്ച അദ്ദേഹം ഖത്തറിലെ പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നിലും നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുകയും പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു.
പ്രവാസലോകത്തെ പൊതുപ്രവർത്തന രംഗങ്ങൾ ആദ്യം നിർണയിച്ച വ്യക്തി -പി.എൻ. ബാബുരാജൻ
ഖത്തറിന്റെ പ്രവാസലോകത്തെ പൊതുപ്രവർത്തന രംഗങ്ങൾ ആദ്യം നിർണയിച്ച വ്യക്തികളിൽ ഒരാൾകൂടി വിടപറഞ്ഞു. ഹൈദർക്ക പൊതുജന സേവന മണ്ഡലം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. അമ്പതുവർഷം മുമ്പ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിന്റെ രൂപവത്കരണം ദോഹയുടെ പ്രവാസലോകത്ത് പൊതുവിദ്യാഭ്യാസരംഗത്തെ ആദ്യ ചുവടുവെപ്പായിരുന്നു.
ലക്ഷക്കണക്കിന് കുട്ടികൾ ആ മഹാവിദ്യാലയത്തിൽ പഠിച്ചുവളരുന്നത് ഇന്നും അത്ഭുതക്കാഴ്ചയാണ്. പതിനായിരക്കണക്കിന് നിരാശ്രയരായ പ്രവാസികൾക്ക് ഒരു താങ്ങായി പ്രവർത്തിക്കുന്ന ഐ.സി.ബി.എഫ് (ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം) ന്റെ രൂപവത്കരണത്തിലും അതിന്റെ സ്ഥാപകരിൽ ഒരാൾ എന്ന നിലയിൽ ഹൈദർക്ക വഹിച്ച പങ്ക് സ്തുത്യാർഹമാണ്. ജീവകാരുണ്യരംഗത്തുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ ഐ.സി.ബി.എഫ് - എം കൻഞ്ചാനി അവാർഡ് അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.
ഏറ്റെടുത്ത ഏതൊരു പ്രവൃത്തിയും വിജയത്തിലെത്തിക്കാൻ അദ്ദേഹം കഠിനപ്രയത്നം ചെയ്തതിന്റെ മറ്റൊരു തെളിവാണ് കേരളത്തിലും ദോഹയിലും വ്യാപിച്ചുകിടക്കുന്ന ഫാമിലി ഫുഡ് സെന്ററിന്റെ വ്യാപാര ശൃഖലകൾ. ഹൈപ്പർ മാർക്കറ്റ് സംവിധാനങ്ങൾ ഇല്ലാതിരുന്ന ഒരു കാലത്താണ് ഫാമിലി ഫുഡ് സെന്റർ ദോഹയിലെ അൽ നാസറിൽ രൂപവത്കൃതമാവുന്നത്. ഇന്ന് ഫാമിലി ഫുഡ് സെന്റർ ഖത്തറിലെ ഏറ്റവും തിരക്കുള്ള റീട്ടയിൽ മാർക്കറ്റാണ്. ഹൈദർക്കയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
ഖത്തർ മലയാളികളുടെ ഹൈദർ ഇക്ക
(ഇൻകാസ് ഖത്തർ പ്രസിഡന്റ് ഹൈദർ ചുങ്കത്തറ)
63 വർഷങ്ങൾക്കപ്പുറത്ത്, തൃശൂരിലെ തൊഴിയൂർ ഗ്രാമത്തിൽനിന്ന് കടലാഴങ്ങൾക്കിപ്പുറം ഖത്തർ എന്ന കൊച്ചുരാജ്യത്തേക്ക് ഉരുവിൽ തൊഴിൽ തേടിയെത്തിയ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ഖത്തറിലെത്തിച്ചേർന്ന മലയാളി പ്രവാസികളിലെ ആദ്യ തലമുറയിലെ തലതൊട്ടപ്പൻ. വ്യവസായ മേഖലകൾക്കപ്പുറത്ത് മാനുഷിക മൂല്യങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ ഖത്തർ മലയാളികളുടെ സ്വന്തം ഹൈദർ ഇക്ക.
ഇൻകാസ് ഖത്തറിന്റെ ആദ്യകാല ഉപദേശക സമിതി അംഗത്തിൽ തുടങ്ങി, പ്രസ്ഥാനത്തിന്റെ നാളിതുവരെയുള്ള വളർച്ചയിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും ഉപദേശങ്ങളും വഴിവിളക്കായിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംരംഭമായ ഫാമിലി ഫുഡ് സെന്റർ ഇന്ന് ഖത്തറിന്റെ മണ്ണിൽ തലയെടുപ്പോടെ നിലകൊള്ളുന്നു.
തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരോട് അദ്ദേഹം പുലർത്തിയിരുന്ന സ്നേഹവും കരുതലും എന്നും മറ്റുള്ളവർക്ക് പ്രചോദനമായിരുന്നു. അനേകം ജീവിതങ്ങൾക്ക് താങ്ങും തണലുമായ് നിലകൊണ്ട അദ്ദേഹം വിട പറയുമ്പോൾ, ഖത്തർ മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന് എന്നും ഒരിടമുണ്ടാകും. ഖത്തർ പ്രവാസികളുടെ, ഇല്ലായ്മയിലും യാതനയിലും വേദനയിലും താങ്ങും തണലുമായിരുന്ന ഹൈദർ ഹാജിയുടെ വേർപാട് ഖത്തർ മലയാളികൾക്ക് തീരാദുഃഖമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ഇൻകാസ് ഖത്തർ കുടുംബത്തിന്റെ പ്രണാമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.