പ്രാദേശിക വാർത്തകൾ തുടരും
text_fieldsഹക്കീം കൂട്ടായി (ചിത്രങ്ങൾ: പി. അഭിജിത്ത്)
‘‘ആകാശവാണി പ്രാദേശിക വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായി.’’ നീണ്ട 27 വർഷങ്ങളായി മലയാളി പ്രഭാതങ്ങളെ ഇത്രമേൽ മനോഹരമായി വരവേറ്റ മറ്റൊരു വാക്യമുണ്ടാവില്ല. കേരളീയ വാർത്താ പരിസരങ്ങളിൽ ടി.വി ചാനലുകളും സോഷ്യൽ മീഡിയയും ഇടംപിടിക്കുന്നതിനു മുമ്പേ മലയാളികളുടെ മനസ്സിൽ പതിഞ്ഞ പേരാണ് ഹക്കീം കൂട്ടായി.
ആകാശവാണിയിലെ സ്വതസിദ്ധമായ വാർത്താവതരണംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ആ ശബ്ദത്തിന്റെ റേഡിയോ ജീവിതത്തിന് ഔദ്യോഗിക വിരാമമിട്ടു. നേരിൽ കണ്ടില്ലെങ്കിലും ഹക്കീം കൂട്ടായിയെ കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. രാഷ്ട്രീയവും നേർച്ചയും വിളവെടുപ്പും കുറിക്കല്യാണവും വിളമ്പിയ ചായ മക്കാനി മുതൽ വീടകങ്ങളിലെ അടുക്കള വരെ ആ ശബ്ദത്തെ ഏറ്റെടുത്തു.
27 വർഷം മുമ്പാണ് വാർത്തകൾ അവതരിപ്പിച്ച് തുടങ്ങിയതെങ്കിലും അദ്ദേഹത്തേക്കാൾ വലിയവർപോലും കുട്ടിക്കാലം മുതൽക്കേ കേൾക്കുന്ന ശബ്ദമാണെന്ന് പറയുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറി. ആകാശവാണിയുടെ വാർത്താമുറിയിൽനിന്ന് അനേകം ലക്ഷങ്ങളിലേക്ക് വാർത്തയുടെ നേരടയാളം പകർന്ന ആ സ്വരം മലയാളക്കര ഒന്നടങ്കം നെഞ്ചേറ്റി.
മൂത്താപ്പയുടെ റേഡിയോ
സിംഗപ്പൂരിലെ പള്ളിയിൽ ഇമാമായിരുന്ന മൂത്താപ്പ കൊണ്ടുവന്ന റേഡിയോയാണ് വാർത്താവതാരകനാക്കിയത് എന്ന് പറഞ്ഞാൽ തെറ്റാവില്ല. റേഡിയോ കൈവശംവെക്കാൻ കേന്ദ്ര സർക്കാറിന്റെ ലൈസൻസ് ആവശ്യമുള്ള കാലം. പിതാവ് പൊന്നുപോലെ സൂക്ഷിക്കുന്ന റേഡിയോ. ബാപ്പ ജോലിക്കു പോയാൽ തന്റെ കൈകളിലെത്തുന്ന റേഡിയോക്ക് പിന്നീട് വിശ്രമമുണ്ടായിരുന്നില്ല. വിവിധ റേഡിയോ നിലയങ്ങളിലൂടെ സഞ്ചരിച്ച് ഇഷ്ടഗാനങ്ങൾ കേൾക്കും. ബാപ്പ തിരിച്ചുവരുന്നതു വരെ റേഡിയോയുമായി ഉമ്മറത്തിരിക്കും.
പെരേല് റേഡിയോയുള്ള ഒരു പത്രാസുകാരന്റെ ഇരിപ്പ്. ഉമ്മാന്റെ വീട്ടിൽ വിരുന്നിന് പോകുമ്പോൾപോലും റേഡിയോ കൂടെയുണ്ടാവും. പാട്ടുപാടുന്നു, വാർത്തകൾ വായിക്കുന്നു. റേഡിയോക്ക് അകത്തുള്ള ഒരാളാവണമെന്ന തോന്നലായിരുന്നു അന്ന്. പിന്നീട് അവതാരകരൊന്നും റേഡിയോയുടെ അകത്ത് കയറി ഇരിക്കുന്നില്ലെന്ന തിരിച്ചറിവുണ്ടായപ്പോഴും ആ ഇഷ്ടത്തിന് ലവലേശം കുറവുണ്ടായില്ല. റേഡിയോയിൽ എന്തെങ്കിലുമൊരു ജോലി ഇതുമാത്രമായിരുന്നു അന്നത്തെ മോഹം. അങ്ങനെയാണ് കൗതുകത്തിനപ്പുറം അഭേദ്യമായ ആത്മബന്ധമാണ് താനും റേഡിയോയും തമ്മിലുള്ളതെന്ന് തിരിച്ചറിയുന്നത്. പിന്നീടങ്ങോട്ട് പരിശ്രമത്തിന്റെ നാളുകളായിരുന്നു.
സ്വപ്ന സാഫല്യത്തിലേക്ക്
പ്രീ ഡിഗ്രി കഴിഞ്ഞ് കൂട്ടുകാരെല്ലാം ദുബൈക്ക് പണിക്കുപോയി. മലബാറിലെ അക്കാലത്തെ മറ്റു ചെറുപ്പക്കാരെപ്പോലെ എന്നെയും പറഞ്ഞയക്കാനുള്ള ആലോചനയിലാണ് ബാപ്പയും ഉമ്മയും. ‘എനിക്ക് ആകാശവാണിയിലെ പണി മതി’ വീട്ടുകാരോട് തീർത്തുപറഞ്ഞു.
അതിനിടയിൽ വാർത്താവതാരക കുപ്പായം സ്വപ്നംകണ്ട് ജേണലിസം കോഴ്സ് പൂർത്തിയാക്കി. ദുബൈക്കാര്യം പറഞ്ഞ് വീട്ടുകാർ പിന്തുടർന്നെങ്കിലും ആകാശവാണിക്ക് പിന്നാലെ നടന്നു. പലതവണ അഭിമുഖ പരീക്ഷ വരയെത്തിയെങ്കിലും ഓരോന്നായി പരാജയപ്പെട്ടു. അഞ്ചുതവണയാണ് നിരാശനായി മടങ്ങേണ്ടിവന്നത്. 1994 ആരംഭം, ഇനിയെങ്കിലും ദുബൈക്ക് പൊയ്ക്കോന്ന് ബാപ്പയും ഉമ്മയും നിർബന്ധിച്ച അവസാനസമയത്താണ് ആറാമത്തെ അഭിമുഖത്തിന്റെ വിളിയെത്തുന്നത്. തിരുവനന്തപുരം നിലയത്തിൽ ആകെയുള്ള ഒരു ഒഴിവിലേക്ക്... പങ്കെടുക്കുന്നതാവട്ടെ അഞ്ഞൂറിലധികം പേർ. അഭിമുഖം കഴിഞ്ഞ് മാസങ്ങൾ കാത്തിരുന്നു.
പുതിയ ആരെങ്കിലും വായിക്കുന്നുണ്ടോ എന്നറിയാൻ എന്നും വാർത്തകൾ കേട്ടു. പുതിയ ആരെയും ജോലിക്ക് എടുത്തിട്ടില്ലെന്ന ഉറപ്പിൽ വീണ്ടും സ്വപ്നം കണ്ടു. ആകാശവാണിയിൽനിന്നും തന്നെ തേടിയൊരു കത്തുണ്ടെന്ന് പോസ്റ്റ്മാൻ പറഞ്ഞ ആ ദിവസം ഒരിക്കലും മറക്കില്ല. എന്തോ ചില കാരണങ്ങളാൽ അന്ന് കത്ത് കൈപ്പറ്റാൻ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെതന്നെ പോസ്റ്റ് ഓഫിസിലെത്തി. ആ കത്ത് പൊട്ടിച്ചത് തന്റെ സ്വപ്നങ്ങളിലേക്കുകൂടിയായിരുന്നു. ഡൽഹി ആകാശവാണിയിൽ നിയമനം ലഭിച്ചിരിക്കുന്നു. ഓടിച്ചെന്ന് ഉമ്മയെയും ബാപ്പയെയും കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു.
ഉത്സവപ്രതീതിയിൽ കൂട്ടായി നാട്
1997 നവംബർ 28നാണ് ഡൽഹിയിലേക്ക് വണ്ടി കയറിയത്. വലിയ യാത്രയയപ്പ് നൽകിയ നാട്ടുകാർ മുന്നിൽവെച്ചത് ഒരൊറ്റ ആവശ്യം മാത്രം. വാർത്ത വായിക്കുന്ന ദിവസം നേരത്തേ അറിയിക്കണം. ഡിസംബർ നാലിന് ഉച്ചക്ക് ഒരു നിർദേശം ലഭിച്ചു. ഇന്ന് വൈകീട്ട് 7.25ന്റെ വാർത്ത വായിക്കണം. വിവരം കൂട്ടായിയിലെ ബൂത്തിലേക്ക് വിളിച്ച് അറിയിച്ചു. നാട്ടുകാർ ചേർന്ന് കൂട്ടായി അങ്ങാടിയിൽ സ്പീക്കറുകൾ കെട്ടി കാത്തിരുന്നു. ‘ആകാശവാണി, വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായി’. കേൾക്കേണ്ട താമസം തിരൂർ കൂട്ടായി ഗ്രാമത്തിൽ കതിന പൊട്ടി. നാടാകെ ഉയർത്തിക്കെട്ടിയ സ്പീക്കറിലൂടെ നാട്ടുകാർ വാർത്ത കേട്ടു. ആദ്യമായാണ് മലപ്പുറം ജില്ലയിൽനിന്നൊരാൾ ആകാശവാണിയിൽ വാർത്ത വായിക്കുന്നത്.
ഹക്കീം ഓൺ എയർ
മൂന്നുവര്ഷം ഡല്ഹിയില് ജോലിചെയ്ത ശേഷം 2000 ഡിസംബറില് തിരുവനന്തപുരത്തേക്കു മാറി. ഒരു മാസത്തിനുശേഷം കോഴിക്കോട്ടെത്തി. പിന്നീടങ്ങോട്ട് കോഴിക്കോടായിരുന്നു പ്രവർത്തനം. സന്തോഷവും സന്താപവും പ്രകൃതി ദുരന്തങ്ങളും മാസപ്പിറവിയും വിയോഗ വാർത്തകളും സിനിമയും സ്പോർട്സും മാറി മാറി വന്ന മന്ത്രിമാരുടെയും ഗവർണർമാരുടെയും രാഷ്ട്രീയക്കാരുടെയും സാഹിത്യകാരന്മാരുടെയും വാക്കുകളും പൊതുജനത്തിനായി ആകാശവാണിയിലൂടെ വാർത്തയായി വായിക്കാൻ ഇക്കാലയളവ് കൊണ്ടായി.
നാട്ടിൽ നടന്ന താനൂർ ബോട്ട് ദുരന്തവും ഉറ്റ സുഹൃത്തുക്കളായ മൂന്നുപേരെ നഷ്ടമായ കടലുണ്ടി ട്രെയിനപകടവും കരച്ചിലടക്കിപ്പിടിച്ച് വൈകാരിക പ്രകടനങ്ങളില്ലാതെയാണ് വായിച്ചുതീർത്തത്.
ശബ്ദം കേട്ട് കണ്ടവർ
ആകാശവാണിയിലെ പടിയിറക്കം പലരും ഇനിയും ഉൾക്കൊണ്ടിട്ടില്ല. റിട്ടയർമെന്റ് വാർത്ത പുറത്തുവന്നത് മുതൽ നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെടുന്നത് നിർത്തരുതെന്ന ഒരേയൊരു കാര്യം മാത്രമാണ്. ആദ്യമായി നേരിൽ കാണുന്നവർപോലും കണ്ണീർ തുടച്ചാണ് ഇക്കാര്യം പറയുന്നത്. അനുമോദന സദസ്സുകളും യാത്രയയപ്പുകളുമായി പല കൂട്ടായ്മകളും സംഘടനകളും രംഗത്തെത്തി.
ജീവിതരേഖ
മലപ്പുറം ജില്ലയിലെ തിരൂർ കൂട്ടായിയിൽ 1965 ഫെബ്രുവരി 11ന് പ്രഥമാധ്യാപകനായിരുന്ന പി.കെ. അഫീഫുദ്ദീന്റെയും പറവണ്ണ മുറിവഴിക്കൽ സ്വദേശിനി വി.വി. ഫാത്തിമയുടെയും മകനായാണ് ജനനം. കൂട്ടായി നോർത്ത് ജി.എം.എൽ.പി സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന പിതാവിൽനിന്ന് ആദ്യക്ഷരം കുറിച്ചു. പിന്നീട് കൂട്ടായി സൗത്ത് എം.ഐ.യു.പി സ്കൂൾ, പറവണ്ണ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനം.
തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളജിൽനിന്ന് പ്രീഡിഗ്രി നേടിയശേഷം കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് പ്രൈവറ്റായി ഡിഗ്രി പഠിച്ചു. ടി.കെ. സാബിറയാണ് ഭാര്യ. പി.കെ. സഹല, അഡ്വ. മുഹമ്മദ് സാബിത്ത് എന്നിവരാണ് മക്കൾ. നിദിൽ ഷാൻ മരുമകനാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.