ആകാശവാണി... വാർത്തകൾ വായിക്കുന്നത് ഹക്കീം കൂട്ടായി
text_fieldsഗൃഹാതുരുത്വമുണർത്തുന്ന റേഡിയോ ഓർമകൾക്കൊപ്പം ചടുലമായ ശൈലിയിൽ വാർത്തകൾ വായിച്ച് മലയാളികളുടെ മനസ്സിൽ പതിഞ്ഞ നാമമാണ് ഹക്കീം കൂട്ടായി. തീരപ്രദേശമായ കൂട്ടായിയിൽ നിന്നും ഇച്ഛാശക്തിയിലൂടെ ആകാശവാണിയിൽ ന്യൂസ് റീഡറായി മാറിയ ഹക്കീം ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനവും കഴിഞ്ഞ് പടിയിറങ്ങിയത് ആറു മാസം മുമ്പാണ്. വാർത്തകൾ വായിച്ചു മതിവരാത്ത അദ്ദേഹത്തിന് അറബ് ലോകത്തും വ്യക്തിമുദ്ര പതിപ്പിക്കാനാണ് ആഗ്രഹം. ഹ്രസ്വ സന്ദർശനാർഥം ദുബൈയിൽ എത്തിയ ഹക്കീം മൂന്നു പതിറ്റാണ്ടോളം കാലത്തെ വാർത്താ വായനാനുഭവങ്ങൾക്കൊപ്പം വായിച്ചു തീരാത്ത ആഗ്രഹങ്ങളും ‘ഗൾഫ് മാധ്യമ’ വുമായി പങ്കുവെക്കുന്നു.
ഹക്കീം കൂട്ടായി
തൊണ്ണൂറുകളുടെ അവസാനത്തിലും 2000ന്റെ തുടക്കത്തിലും റേഡിയോ സജീവമായി കേട്ടിരുന്ന ഒരു തലമുറക്ക്, ഹക്കീം കൂട്ടായിയുടെ ശബ്ദം നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ആ ശബ്ദം കേട്ടാണ് പലരും ദിവസം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത്. മൂന്ന് പതിറ്റാണ്ട് മുമ്പാണ് ഹക്കീം കൂട്ടായി വാർത്താ അവതാരകനായി ആൾ ഇന്ത്യ റേഡിയോയിൽ ജോലിക്കു കയറുന്നത്.1997 നവംബർ 28ന് ഡൽഹിയിൽ മലയാളം വാർത്താ വായനക്കാരനായി എത്തിയ അദ്ദേഹം തിരുവനന്തപുരത്തും 25 വർഷത്തോളം കോഴിക്കോടും വാർത്താ ബഹുലമായ ജീവിതം നയിച്ചു.
28 വർഷത്തെ മികച്ച സേവനത്തിനു ശേഷം 2025 ഫെബ്രുവരി 28ന് ആകാശവാണിയിൽ നിന്ന് വിരമിച്ചു. റിട്ടയർമെന്റ് ജീവിതം കുറച്ചുകാലം മകളോടും കുടുംബത്തോടും ചിലവഴിക്കാൻ വേണ്ടിയാണ് ദുബൈയിൽ എത്തിയതെങ്കിലും സാധ്യതകൾ തുറന്നു കിടക്കുന്ന ദുബൈ പോലുള്ള പ്രവാസ ലോകത്തും തന്റെ ശബ്ദ സൗകുമാര്യം എങ്ങനെ പ്രയോജപെടുത്താനാവുമെന്ന ചിന്തയിലാണ്. വാർത്താ വായനയും റേഡിയോ ജീവിതവും തന്റെ ജീവിതത്തിൽ അലിഞ്ഞു ചേർന്നതാണ്. ഒരുകാലത്ത് ആശിച്ചു തേടിപ്പിടിച്ച വാർത്താ വായനാ ജോലിയോട് ഔദ്യോഗികമായി പടിയിറങ്ങേണ്ടി വന്നെങ്കിലും മനസ്സിലിപ്പോഴും വാർത്തയും അറിയിപ്പുകളും ബുള്ളറ്റിനുകളുമൊക്കെ തന്നെയാണെന്ന് ഹക്കീം പറയുന്നു.
ഈ ജോലിയോടും അതിലെ വ്യത്യസ്ത കളോടും മടുപ്പോ വിരസതയോ ഇന്നേവരെ തോന്നിയിട്ടില്ല. മാധ്യമ രംഗത്തും റേഡിയോ രംഗത്തും തന്റെതായ ശൈലിയിൽ അവതരണം തുടരണം. വാർത്താവതരണത്തിൽ മാത്രമല്ല അഭിനയം, സ്ക്രിപ്റ്റ്, വോയിസ് ഓവർ, അധ്യാപനം, സാംസ്കാരികപ്രവർത്തനം എന്നിങ്ങനെ വിവിധമേഖലകളിൽ കഴിവുതെളിയിച്ചിരുന്ന അദ്ദേഹത്തിന് പ്രവാസ ഭൂമി നല്ലൊരു വിള നിലം തന്നെ ആയിരിക്കുമെന്ന ആത്മ വിശ്വാസമുണ്ട്. റിട്ടയർമെന്റില്ലാത്ത ശബ്ദ മാധുര്യത്തിന് കൂട്ടായി ഭാര്യ ടി.കെ. സാബിറ ഒപ്പമുണ്ട്. ദുബൈയിൽ അധ്യാപികയായ പി.കെ. സഹല, അഡ്വ . പികെ മുഹമ്മദ് സാബിത്ത് എന്നിവരാണ് മക്കൾ.
ഉപ്പയുടെ റേഡിയോക്ക് കൂട്ടിരുന്ന കുട്ടിക്കാലം
റേഡിയോ ആഢ്യത്വത്തിന്റെ പ്രതീകമായൊരു കാലമുണ്ടായിരുന്നു. അപൂർവം വീടുകളിൽ മാത്രം റേഡിയോ കണ്ടുവന്നിരുന്ന കാലത്താണ് സിംഗപ്പൂരിലുള്ള മൂത്താപ്പ ഹക്കീമിന്റെ പിതാവിന് ഒരു റേഡിയോ നൽകിയത്. ഉപ്പ മുഴു സമയവും റേഡിയോയും കേട്ടിരിക്കും. പെട്ടിയിൽ നിന്നും കേൾക്കുന്ന പാട്ടും വാർത്തമാനങ്ങളും വീട്ടിൽ സ്ഥിരമായതോടെ ഹക്കീമും അതിൽ ആകൃഷ്ടനായി. റേഡിയോ യുടെ സ്ഥിരം ശ്രോതാവായി. അതിനുള്ളിൽ പാട്ടു പാടുന്നവരെയും വാർത്ത വായിക്കുന്നവരെയും കാണാൻ ജിജ്ഞാസയായി. കുട്ടിക്കാലത്ത് റേഡിയോവിൽ നിന്നും കേൾക്കുന്ന ശബ്ദങ്ങൾ സമ്മാനിച്ച ആകാംക്ഷയും ജിജ്ഞാസയുമാണ് തന്നെ ന്യൂസ് റീഡറാക്കിയതെന്ന് ഹക്കീം പറയുന്നു. പാട്ടുപെട്ടിക്കുള്ളിൽ കയറികൂടണമെന്ന് അന്ന് മനസ്സിൽ കുറിച്ചിട്ടതാണ്.
ഹക്കീം കൂട്ടായി
കുടുംബത്തോടൊപ്പം
നാട്ടുകാർ ആഘോഷമാക്കിയ ആദ്യ ദിനം..
ന്യൂഡൽഹി ആകാശവാണി നിലയത്തിൽ 97 നവംബർ 28 ന് ജോലിക്കു കയറിയെങ്കിലും ആദ്യ വാർത്താ പ്രക്ഷേപണം ഡിസംബർ നാലിനായിരുന്നു . വൈകുന്നേരത്തെ മലയാളം വാർത്ത. ആദ്യമായി വാർത്ത വായിച്ച ദിവസം നാട്ടുകാർ വലിയ ആഘോഷത്തോടെയാണ് വരവേറ്റത്. നാടിന്റെ അഭിമാന മുഹൂർത്തം. കൂട്ടായി അങ്ങാടിയിൽ വലിയ സ്പീക്കർ സെറ്റ് കെട്ടി ഉച്ചഭാഷിണിയിൽ ആ വാർത്താ വായന നാട് മുഴുവൻ കേട്ടു. പടക്കം പൊട്ടിച്ചും ആർത്തു വിളിച്ചും കയ്യടിച്ചും ആളുകൾ ആഘോഷിച്ചു. ഒരു സാധാരണ ഗ്രാമത്തിൽനിന്നൊരാൾ ഡൽഹിയിൽ നിന്നും വാർത്ത വായിക്കാനായത് വലിയ നേട്ടമായാണ് നാട്ടുകാർ കണ്ടത്. 2000 ഡിസംബറിൽ ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി. ഒരു മാസത്തിനു ശേഷം കോഴിക്കോടെത്തി. തുടർന്നിങ്ങോട്ട് കോഴിക്കോട് വാർത്താ വിഭാഗത്തിന്റെ അവിഭാജ്യ ഘടകമായി.
വാർത്തകൾക്കിടയിലെ മറക്കാത്ത അനുഭവങ്ങൾ
കടലുണ്ടി തീവണ്ടി ദുരന്തമുണ്ടായ 2021 ജൂൺ 22ന് പതിവിലും വ്യത്യസ്തമായി കോഴിക്കോട് നിലയം രാത്രി 10.30ന് സ്പെഷ്യൽ ബുള്ളറ്റിൻ പ്ലാൻ ചെയ്തു. നല്ല മഴയുള്ള രാത്രി. ബുള്ളറ്റിന് സമയം അടുത്തിട്ടും വിവരങ്ങൾ ശേഖരിക്കാൻ പോയ എ.ഐ.ആർ ലേഖകരെ കുറിച്ചൊരു വിവരവുമില്ല. മൊബൈൽ ഫോൺ ലഭ്യമാകുന്നില്ല. ബന്ധപ്പെടാൻ മറ്റു മാർഗങ്ങളും ഇല്ല. ടെൻഷൻ കൂടി. സമയം അടുത്തിട്ടും വായിക്കാൻ ഒരു വിവരം കയ്യിലില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന സമയം. പിന്നീട് എവിടെ നിന്നൊക്കെയോ കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ച് വാർത്ത എയറിൽ പോയപ്പോഴാണ് ആശ്വാസമായത്. ലേഖകർ പോയ വാഹനം അപകടത്തിൽപെട്ടതും മൊബൈൽ ഓഫായതും പിന്നീടാണ് അറിഞ്ഞത്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ മരണ വാർത്തയും 2004ലിലെ സൂനാമി വാർത്തയും വായിക്കേണ്ടി വന്നതും മറക്കാനാവാത്ത ഓർമയായി നിലനിൽക്കുന്നു.
ആകാശവാണിയിലേക്ക്..
ഒരു തൂപ്പുകാരനായെങ്കിലും റേഡിയോയിൽ ജോലി കിട്ടണമെന്നായിരുന്നു ആദ്യ കാല ആഗ്രഹം. കൗമാരത്തോടൊപ്പം ആഗ്രഹവും വളർന്നു. റേഡിയോയിലേക്കുള്ള പരീക്ഷ എഴുതാൻ കുറഞ്ഞ യോഗ്യത ഡിഗ്രിയാണെന്നതിനാൽ അത് നേടിയെടുക്കാൻ ശ്രമമായി. അങ്ങനെയാണ് ജേർണലിസത്തിൽ ബിരുദമെടുത്തത്. പല വർഷങ്ങളിലായി ആറു തവണയാണ് ആകാശവാണിയിലേക്കുള്ള പരീക്ഷയെ നേരിട്ടത്. ആറിലും പരീക്ഷ പാസാവുകയും ഇന്റർവ്യൂ നേരിടുകയും ചെയ്തു. പക്ഷേ അഞ്ചു തവണയും സെലക്ഷൻ കിട്ടിയില്ല. ഒടുവിൽ 97ൽ ജോലിയിൽ പ്രവേശിച്ചു. മലപ്പുറത്ത് നിന്നും ആ കാലത്തെ ഏക വാർത്താ വായനക്കാരൻ കൂടിയായിരുന്നു ഹക്കീം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.