റൺ ജേക്കബ് റൺ
text_fieldsജേക്കബ് തങ്കച്ചൻ
ജേക്കബ് ഓട്ടം തുടരുകയാണ്. മാരത്തണുകളിൽ നിന്ന് മാരത്തണുകളിലേക്ക്. ഓരോ മാരത്തണുകളിലും സാന്നിധ്യം അറിയിക്കുന്നതിന് പിന്നിൽ ജേക്കബ് തങ്കച്ചന് എപ്പോഴും ഒരു ലക്ഷ്യമുണ്ടാവും. ഒരു പക്ഷെ, അത് സമൂഹത്തിന് എന്തെങ്കിലും സന്ദേശങ്ങൾ പകർന്ന് നൽകാനാവാം. അല്ലെങ്കിൽ അത്തരം സംരംഭങ്ങൾ നടത്തുന്നവരെ പിന്തുണക്കുന്നതിനാവും. ഇത്തവണ വരും തലമുറക്ക് അക്ഷരവെളിച്ചം എത്തിക്കാനുള്ള സംരംഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ജേക്കബിന്റെ ഓട്ടം. നേപ്പാളിൽ സ്കൂൾ നിർമാണത്തിന് പിന്തുണയേകാൻ ലക്ഷ്യമിട്ട് ജെംസ് മോഡേൺ അക്കാദമിയും ദുബൈ കെയേഴ്സും ചേർന്ന് സംഘടിപ്പിച്ച ‘റൺ നേപ്പാളി’ൽ പങ്കെടുത്ത ജേക്കബ് അഞ്ച് ദിവസം കൊണ്ട് ഓടിത്തീർത്തത് യു.എ.ഇയുടെ ഏഴ് എമിറേറ്റുകളാണ്. ആകെ 250 കിലോമീറ്റർ നീളമാണ് അദ്ദേഹം ഓടിത്തീർത്തത്.
2016 മുതൽ കായിക രംഗത്തുള്ള ജേക്കബ് സ്പൈസ് കോസ്റ്റ് മാരത്തോൺ കൊച്ചി, അബൂദബി മാരത്തോൺ, കോയമ്പത്തൂർ മാരത്തോൺ, റാക് ഹാഫ് മാരത്തോൺ എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. 2020ൽ ജേക്കബ് ഫസ്റ്റ് അയേൺ മാൻ (1.2 മൈൽ നീന്തൽ, 56 മൈൽ ബൈക്ക് റൈഡ്, 13.2 മൈൽ ഓട്ടം) വിജയകരമായി പൂർത്തീകരിച്ചിരുന്നു. കൂടാതെ ഊട്ടി അൾട്രാ മാരത്തോൺ, വാഗമൻ അൾട്രാ മാരത്തൺ എന്നിവയിലും പങ്കെടുത്തു. 70 കിലോ മീറ്റർ അൾട്രാ മാരത്തൺ ജെബൽ ജെയ്സ് രണ്ട് പ്രാവശ്യം ഓടി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. 161 കിലോമീറ്റർ ജൈസാൽമർ മാരത്തണിലും ഇദ്ദേഹം പങ്കെടുത്തു.
ഐ.ടി ബിസിനസ്സ് നടത്തുന്ന ജേക്കബിന് പ്രോത്സാഹനമായി ഭാര്യ ജെസ്സി, എവറസ്റ്റ് ബേസ് ക്യാമ്പ് യാത്ര നടത്തിയ ഏകമകൻ ജോൺ ജേക്കബ് എന്നിവരും കൂടെയുണ്ട്. അച്ഛന്റെ പാത പിന്തുടരുന്ന മകൻ നടത്തിയ എവറസ്റ്റ് ബേസ് ക്യാമ്പ് യാത്രയും വാർത്തയിൽ ഇടം പിടിച്ചിരുന്നു. ഏത് പ്രതികൂല സാഹചര്യത്തേയും നേരിടാൻ മനസിനെ പാകപ്പെടുത്താൻ ഇത്തരം സാഹസിക യാത്രകൾ സഹായിക്കുമെന്നാണ് ജേക്കബിന്റെ പക്ഷം. ആരോഗ്യമുള്ള, ലഹരി വിമുക്തമായ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ജേക്കബ് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.