രാവിലെ ഫോർച്യൂണറിൽ വന്നിറങ്ങുന്നത് തെരുവുകൾ തൂത്തുവാരാന്‍; തൊഴിലിനെ ദൈവമാക്കിയ ശേഷപ്പയുടെ വിജയഗാഥ
text_fieldsലക്ഷങ്ങൾ വിലമതിക്കുന്ന ഫോർച്യൂണർ കാറിൽ വന്നിറങ്ങി കയ്യിലൊരു ചൂലുമെടുത്ത് നഗരം തൂത്തുവാരുന്ന ഒരു മനുഷ്യനെ ദക്ഷിണ കന്നഡയിലെ ബ്രിസോഡിയിൽ കാണാം. സാമ്പത്തികനേട്ടങ്ങളിൽ അഹങ്കരിക്കാതെ തന്റെ ജോലി കൃത്യനിഷ്ടതയോടെ തുടരുന്ന ശേഷപ്പയാണ് നഗരത്തിലെ താരം. ജീവിതത്തിൽ ഏറെ കഷ്ടപ്പെട്ട് ജോലി ചെയ്ത് കൈവരിച്ച നേട്ടങ്ങളിൽ അഹങ്കാരത്തിന്റെ അംശ പോലും അദ്ദേഹം കലർത്തുന്നില്ലെന്നത് മറ്റൃൊരു യാഥാർഥ്യം. സ്വന്തമായിട്ട് ഒരു കാർ വാങ്ങിയിട്ടും അതേ കാറിൽ വന്നിറങ്ങി തന്റെ തൊഴിലിനെ ശേഷപ്പ ഇപ്പൊഴും മുറുകെ പിടിക്കുകയാണ്.
1996ൽ പ്രതിദിനം 50 രൂപ മാത്രം വേതനം ലഭിക്കുന്ന ഒരു സാധാരണ ജോലിക്കാരനായി തുടങ്ങിയ അദ്ദേഹത്തിന്റെ ജീവിതം ഏറെ ദാരിദ്ര്യവും നിരാശയും നിറഞ്ഞതായിരുന്നു. അപ്രതീക്ഷിതമായി തകർച്ചകൾ ഒടുവിൽ മദ്യപാനത്തിന് അടിമയായി ശേഷപ്പ മാറി. എന്നാൽ ബണ്ട്വാൾ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബെല്ലിയപ്പയുമായുള്ള കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയൊരു മാറ്റം സൃഷ്ടിക്കുകയായിരുന്നു. എസ്.ഐയുടെ വാക്കുകൾ വല്ലാതെ സ്വാധീനിച്ചതോടെ മദ്യം പൂർണമായും ഉപേക്ഷിച്ച് തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ ഓട്ടത്തിലായിരുന്നു പിന്നീട് ശേഷപ്പ.
പിതാവിന്റെ ഓർമകളാണ് ശേഷപ്പയുടെ ഏറ്റവും വലിയ ഇന്ധനം. അച്ഛൻ മരിച്ചപ്പോൾ അന്ത്യകർമങ്ങൾ നടത്താൻ പോലും അദ്ദേഹത്തിന്റെ കയ്യിൽ പണമുണ്ടായിരുന്നില്ല. സഹായിക്കാൻ ആരുമില്ലാതെ പിതാവിന്റെ മൃതദേഹം നേത്രാവതി നദിക്കരയിൽ സ്വയം അന്ത്യകർമങ്ങൾ ചെയ്ത് സംസ്കരിച്ചു. കഷ്ടപ്പാടുകളിൽ തളരാതെ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കണം എന്ന വലിയ തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിയത് ആ സംഭവത്തിന് ശേഷമായിരുന്നു.
പുലർച്ചെ 5 മണിക്ക് ചൂലുമായി തെരുവിലിറങ്ങുന്ന ശേഷപ്പ നഗരത്തിലെ മാലിന്യ നിർമാർജന വാഹനം ഓടിക്കുന്ന ജോലിയും ആത്മാർഥതയോടെ ഏറ്റെടുത്തു. കൃഷി, ക്ഷീരവികസനം, ഉച്ചയ്ക്ക് ശേഷമുള്ള അധിക ജോലികൾ എന്നിവയും ചെയ്താണ് ഇന്ന് കാണുന്ന ശേഷപ്പയായത്. തൊഴിലാണ് ദൈവം എന്ന തത്ത്വചിന്തയിൽ ഉറച്ചുവിശ്വസിച്ച അദ്ദേഹത്തിന് ഒരു ജോലിയും ചെറുതോ വലുതോ ആയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

