പാട്ട് തുന്നിയ കുപ്പായം
text_fieldsഷിഹാബ് അലീഫ് പാട്ടു പാടി ഷർട്ട് തയ്ക്കുന്നു
കാഞ്ഞിരപ്പള്ളി: തയ്യൽ മെഷീന്റെ താളത്തിനൊപ്പം ചുണ്ടിൽ നിന്നുതിരുന്ന പാട്ട് അവസാനിക്കുമ്പോഴേക്കും ഒരു ഷർട്ട് തയ്ച്ച് തീർന്നിരിക്കും ഷിഹാബ്. സംഗീതവും തയ്യൽ മെഷീനിൽ കൊരുത്ത സൂചിയും ചേർത്ത് കന്നുപറമ്പിൽ ഷിഹാബ് അലിഫ് എന്ന കലാകാരൻ ഇതുവരെ തുന്നിയെടുത്ത് 25ലധികം ഷർട്ടുകൾ. 32 വർഷമായി തയ്യൽ ജോലി ചെയ്യുന്ന ഷിഹാബ് 2019 ലാണ് ആദ്യമായി പാട്ടിനൊപ്പം ഷർട്ട് തയ്ച്ച് തീർത്തത്.
72 ഷർട്ടിൽ പ്രാക്ടീസ് ചെയ്ത ശേഷമാണ് ആദ്യ വിജയം. പാട്ടിന്റെയും തയ്യലിന്റെയും സമയം ഒരു പോലെ കൊണ്ടുപോവുകയെന്നതാണ് ഇതിലെ പ്രധാന കടമ്പയെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുമിനിറ്റ് 19 സെക്കൻഡുകൾ കൊണ്ട് ഓർക്കസ്ട്രയുടെ അകമ്പടിയിൽ പാട്ട് പാടി ഷർട്ട് തയ്ച്ചിട്ടുണ്ട്. ‘ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ’ എന്ന ചലച്ചിത്ര ഗാനവും ‘മുടി പൂക്കൾ വാടിയാലെൻ ഓമനേ’ എന്ന ഓണപ്പാട്ടും എല്ലാം ഷർട്ടിന് അകമ്പടിയായിട്ടുണ്ട്.
ഷർട്ടിനാവശ്യമായ അളവിൽ തുണി വെട്ടി വെച്ചശേഷമാണ് പാട്ടിനൊപ്പം തയ്ക്കുന്നത്. തയ്യൽ രംഗത്തുള്ളവർക്ക് പ്രചോദനവും പ്രോത്സാഹനവുമായാണ് ഇത് ചെയ്യുന്നതെന്ന് ഷിഹാബ് പറഞ്ഞു. കാഞ്ഞിരപ്പള്ളി കോക്കാപ്പള്ളിൽ റോഡിൽ സ്വന്തമായി അലിഫ് യൂനിഫോംസ് എന്ന തയ്യൽ സ്ഥാപനം നടത്തുകയാണ് ഷിഹാബ്. 10 ജീവനക്കാരുള്ള സ്ഥാപനത്തിൽ പ്രധാനമായും സ്കൂൾ യൂനിഫോമുകളാണ് തയ്ക്കുന്നത്.
നിരവധി ടി.വി. ഷോകൾ ചെയ്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ഉപ ജില്ല കലോത്സവം നിരവധി തവണ ഉദ്ഘാനം ചെയ്തിട്ടുണ്ട് ഈ കലാകാരൻ. വേറിട്ട കഴിവിന് ‘ജപ്പാൻ ജൂക്കി മിഷ്യൻ’ അവാർഡ് ലഭിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ജനമൈത്രി പൊലീസും നിരവധി സാംസ്കാരിക സംഘടനകളും പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
ബോബി ചെമ്മണ്ണൂരിന് നേരിട്ട് പാട്ടു പാടി ഷർട്ട് തയച്ച് കൊടുത്തപ്പോൾ ഇത് എട്ടാമത്തെ ലോക അത്ഭുതമെന്നാണ് ബോബി പറഞ്ഞത്. നാട്ടിലെ അറിയപ്പെടാത്ത കലാകാരന്മാരെ പരിചയപ്പെടുത്തുന്ന ‘എന്റെ നാടിന്റെ കലാകാരന്മാർ’ എന്ന ഫേസ്ബുക്ക് പേജും ഷിഹാബിന്റേതാണ്.
ഇരട്ട സഹോദരനായ ഓട്ടോ തൊഴിലാളി മുജീബ് അഞ്ചു വർഷം മുമ്പ് വിടപറഞ്ഞത് ഇന്നും തീരാ ദു:ഖമായി മനസിൽ അവശേഷിക്കുന്നു. കാഞ്ഞിരപ്പള്ളി സെൻറ് ആൻറണീസ് കോളജ് അധ്യാപികയായ രഹ്നയാണ് ഭാര്യ. മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അൻസഫ്, പത്താം ക്ലാസ് വിദ്യാർഥിയായ ആസിഫ് എന്നിവരാണ് മക്കൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.