പാട്ടുപാടി മരുമകൻ വൈറൽ
text_fieldsജെയ്സൽ
കോഴിക്കോട്: ‘‘നാട്ടുകാരേ പ്രിയ വോട്ടർമാരേ, ന്റെ മാമൻമാരെ ങ്ങള് ജയിപ്പിക്കണേ...’’ സഹോദരങ്ങൾ ഒരേ വാർഡിൽ മുഖാമുഖം അങ്കത്തിനിറങ്ങിയപ്പോൾ വൈറലായത് ഇരുവർക്കും ആശംസകളർപ്പിച്ച് പാട്ടുപാടിയ മരുമകൻ. നാട്ടിൽ സുസമ്മതരായ മാമൻമാർക്ക് വോട്ടഭ്യർഥിക്കുകയും വിജയാശംസ നേരുകയും ചെയ്ത് ജെയ്സൽ നെരോത്ത് പാടി പോസ്റ്റ് ചെയ്ത പാട്ടാണ് വൈറലായത്.
കിഴക്കോത്ത് പഞ്ചായത്ത് രണ്ടാം വാർഡിലാണ് സഹോദരങ്ങളായ പൂക്കോട്ട് ഇസ്ഹാഖും അയ്യൂബും മത്സരിക്കുന്നത്. ഇസ്ഹാഖ് യു.ഡി.എഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിലും അയ്യൂബ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ഗ്ലാസ് ചിഹ്നത്തിലുമാണ് മത്സരം.
തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കുമായി നിരവധി ഗാനങ്ങളും പാരഡി ഗാനങ്ങളും സംവിധാനം ചെയ്ത് റെക്കോഡ് ചെയ്തു കൊടുക്കലുണ്ട് എളേറ്റിൽ വട്ടോളിയിൽ വേവ് ക്രിയേഷൻ ആൻഡ് സൗണ്ട് എൻജിനീയറിങ് സ്റ്റുഡിയോ നടത്തുന്ന ജെയ്സൽ. നൂറുകണക്കിന് സ്ഥാനാർഥികൾക്ക് ഇതിനകം മ്യൂസിക് ട്യൂൺ ചെയ്തിട്ടുണ്ടെങ്കിലും വൈറലായത് മാമൻമാർക്കായി എഴുതി ശബ്ദം നൽകി റെക്കോഡ് ചെയ്ത ഗാനത്തിലൂടെയാണ്.
കക്ഷിരാഷ്ട്രീയത്തിനപ്പുറമാണ് കുടുംബ ബന്ധങ്ങളും സൗഹൃദങ്ങളുമെന്ന സന്ദേശം നൽകി തനിനാടൻ ശൈലിയിലാണ് ജെയ്സൽ പാട്ട് ചിട്ടപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടത്ത് മത്സരിച്ച പിണറായി വിജയനും പെരിന്തൽമണ്ണയിൽ മത്സരിച്ച നജീബ് കാന്തപുരത്തിനും ജെയ്സലും സംഘവും ഗാനം ചിട്ടപ്പെടുത്തി ട്യൂൺ ചെയ്ത് നൽകിയിരുന്നു. തങ്കയം ശശികുമാർ, ഷൈജു എകരൂൽ, നാഷാദ് പാറന്നൂർ, റഷീദ് പുന്നക്കൽ, ഷംസു എളേറ്റിൽ തുടങ്ങിയവരാണ് ജെയ്സലിന്റെ ടീം അംഗങ്ങൾ. സ്ഥാനാർഥികളായ ഇസ്ഹാഖിന്റെയും അയ്യൂബിന്റെയും സഹോദരി സൽമയുടെയും നെരോത്ത് മുഹമ്മദലിയുടെയും മകനാണ് ജെയ്സൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

