ഈ നിഴൽമുഖങ്ങൾക്ക് എന്തൊരു ചേലാണ്?
text_fieldsവിനീത് ആലിലയിൽ ചെയ്ത ഷാഡോ ആർട്ട്
കോട്ടയം: വെട്ടിനിർത്തിയിരിക്കുന്ന പേപ്പർതുണ്ടുകൾ ആദ്യം കണ്ടാലൊന്നും മനസ്സിലാവില്ല. പക്ഷേ, പ്രകാശരശ്മികൾ കടക്കുമ്പോൾ മുന്നിൽ തെളിയുന്നത് ചേലുള്ള ചിത്രങ്ങളാകും. 35കാരനായ കാരാപ്പുഴ ഇല്ലിപ്പറമ്പിൽ വിനീത് ബാലകൃഷ്ണനാണ് നിഴലുകളുടെ പിന്നിൽ മായാജാലം ഒളിപ്പിക്കുന്ന കലാസൃഷ്ടിയുമായി വിസ്മയം ഒരുക്കുന്നത്.
മനസ്സിലുള്ള ചിത്രം കൂട്ടിയും കിഴിച്ചും വെള്ളക്കടലാസിലേക്ക് വെട്ടിയെടുക്കുന്നതാണ് ആദ്യ കടമ്പ. ഏറെ ക്ഷമ ആവശ്യമുള്ള പ്രക്രിയയാണിത്. പിന്നീട് പടികളായി അവ കൂട്ടിച്ചേർത്ത് ചിത്രം ആക്കുന്നു. പിന്നിലൂടെ പ്രകാശം കടത്തിവിടുമ്പോൾ മനോഹരമായ നിഴൽചിത്രങ്ങൾ തെളിയും. ചായക്കൂട്ടുകളോ നിറങ്ങളോ വേണ്ട. ചിത്രത്തിന് പൂർണത നൽകാൻ നിഴൽതന്നെ ധാരാളം.
രണ്ടു വർഷത്തോളമായി വിനീത് ഷാഡോ ആർട്ട് ചെയ്യുന്നുണ്ട്. ഏകദേശം 700ലധികം ചിത്രങ്ങളാണ് വിനീതിന്റെ കരവിരുതിൽ പൂർണതയിലേക്ക് എത്തിയത്. ജോലിക്കിടെ ആകസ്മികമായാണ് വിനീത് ഷാഡോ ആർട്ടിലേക്ക് ചുവടുവച്ചത്. പേപ്പറിലേക്ക് മഷി നീക്കുന്നതിനിടെ വെളിച്ചത്തിൽ കണ്ട നിഴലുകളെ പ്രത്യേക രൂപങ്ങളിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ മറ്റൊരു സാധ്യത തെളിഞ്ഞു.
വരക്കാനുള്ള സ്വതസിദ്ധമായ കഴിവിലൂടെ അതു കൂടുതൽ വികസിപ്പിച്ചു. ആറു മാസമെടുത്താണ് ഷാഡോ ആർട്ടിൽ ചുവടുറപ്പിച്ചത്. പേപ്പറുകളിൽ മാത്രമല്ല, ഇലകളിലും ഷാഡോ ആർട്ട് ചെയ്യുന്നുണ്ട്. ഇലയുടെ മീതെ ഉദ്ദേശിക്കുന്ന ചിത്രം വരച്ച് ഞരമ്പുകളും മറ്റും നീക്കംചെയ്ത് വെളിച്ചത്തിന് മീതെ ഉയർത്തിയാൽ ഭംഗിയുള്ള സൃഷ്ടി റെഡി.
ഫ്രീലാൻസ് ഇന്റീരിയർ ഡിസൈനറായ വിനീത് തൊഴിലിനൊപ്പം കലാസിദ്ധിയെയും ഒരുമിച്ചു കൊണ്ടുപോകുകയാണ്. മൂന്നു മണിക്കൂർ മുതൽ ഒന്നര ദിവസം വരെ സമയമെടുത്ത് ചെയ്ത ആർട്ടുകളുണ്ട്. 2024 പുറത്തിറങ്ങിയ ‘മഞ്ഞുമ്മേൽ ബോയ്സ്’സിനിമയുടെ ക്ലൈമാക്സ് രംഗമാണ് വിനീത് ഏറെ സമയമെടുത്തു ചെയ്തത്. ഒന്നര ദിവസമെടുത്തു ചിത്രം പൂർത്തീകരിക്കാൻ. ഈ ചിത്രം യഥാർഥ കഥാപാത്രമായ കുട്ടന് നൽകുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.