തുഴത്താളത്തിലെ പെരുമയുമായി ചമ്പക്കുളം ബേബി
text_fieldsചമ്പക്കുളം ബേബി
അമ്പലപ്പുഴ: ബേബിക്ക് പ്രായം 81 കഴിഞ്ഞെങ്കിലും ശബ്ദത്തില്‍ 16കാരനാണ്. വഞ്ചിപ്പാട്ടില്‍ അദ്ദേഹത്തെ മറികടക്കാന്‍ ആര്‍ക്കുമായിട്ടില്ലെന്ന് പറയാം. പായലേ വിട.....പൂക്കളേ...വിട....എന്നന്നേക്കും വിട... എന്ന പരസ്യത്തിന് ശബ്ദം നല്‍കിയത് ചമ്പക്കുളം ബേബിയാണ്.
വള്ളംകളിയുടെ ഓര്മ കുട്ടനാട്ടുകാരില്‍ എത്തുമ്പോള്‍ ആദ്യം നാവിന് തുമ്പിലെത്തുന്നത് ചമ്പക്കുളം ബേബിയെന്ന അമ്പലപ്പുഴ തെക്ക് ആശാഭവനില്‍ കെ.പി. ബേബിയെയാണ് (81). ഒരു കളിക്കാരനായല്ല, വള്ളംകളിയുടെ ആവേശമായാണ്അദ്ദേഹം നിറയുന്നത്. ലീഡിങ് ക്യാപ്റ്റനായും വഞ്ചിപ്പാട്ടുകാരനായും കുട്ടനാടിന്റെ താരമായിരുന്നു ചമ്പക്കുളം ബേബി. വഞ്ചിപ്പാട്ടില്‍ കുട്ടനാട്, ആറന്മുള ശൈലികളില്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നതും ഇദ്ദേഹമായിരുന്നു.
സ്കൂള്‍ കലോത്സവങ്ങളില്‍ ഒരു കാലത്ത് വിധികര്‍ത്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ എം.ജി യൂനിവേഴ്സിറ്റി കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ എറണാകുളം സെന്റ് തെരേസാസ് കോളജിലെ ടീമിന് പരിശീലനം നല്കി.
വള്ളം ഉളികുത്ത്, നീറ്റിലിറക്ക് തുടങ്ങിയ ചടങ്ങുകളില്‍ ബേബിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്. അംബേദ്ക്കര്‍ ചുണ്ടന്‍വള്ളത്തിന്റെ ക്യാപ്റ്റന്‍, ബോട്ട് ക്ലബ് സംസ്ഥാന പ്രസിഡന്റ്, ചമ്പക്കുളം വള്ളത്തിന്റെ വൈസ് ക്യാപ്റ്റന്‍, കുട്ടനാട് ബോട്ട് ക്ലബ് ലീഡിങ് ക്യാപറ്റന്, ആനാരി ചുണ്ടനിലെ പരിശീലകന് എന്നിങ്ങനെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ ബോട്ട് റേസിൽ ഇന്ത്യന്‍ എ ടീമിന്റെ താളക്കാരനായിരുന്നു.
14 രാജ്യങ്ങളില്‍ നിന്നുള്ള വള്ളങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നു. ഇന്ത്യന്‍ എ, ബി ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടത്. വിജയികള്‍ക്ക് സമ്മാനം നല്‍കാനെത്തിയ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി ചടങ്ങില്‍ ചമ്പക്കുളം ബേബിക്ക് തങ്കപ്പതക്കം നല്‍കിയിരുന്നു. ഫോക്ലോർ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ ലഭിച്ചിട്ടുണ്ട്.
സ്വന്തമായി എഴുതിയ വഞ്ചിപ്പാട്ടുകളുടെ രണ്ട് സി.ഡി ‘ആര്‍പ്പോയ്’ പേരില്‍ ഇറക്കിയിട്ടുണ്ട്. വഞ്ചിപ്പാട്ടില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയെങ്കിലും ജില്ലയിലെ വള്ളംകളി സംഘാടകര്‍ ഇദ്ദേഹത്തെ മറക്കുകയാണ്.
നിലത്തെഴുത്ത് കളരി നടത്തിയിരുന്ന അപ്പൂപ്പന് ചാക്കോ ആശാനില്‍ നിന്ന് വഞ്ചിപ്പാട്ടിന്റെ ഈണം നുകരുന്നത് ഏഴാം വയസ്സിലാണ്. അദ്ദേഹത്തില്‍നിന്ന് അമരകോശം, വാക്യം, വരപ്പേറ്, നീതിസാരം തുടങ്ങിയവ സ്വായത്തമാക്കി. പിതാവ് തോമസും വലിയ വഞ്ചിപ്പാട്ട് കലാകാരനായിരുന്നു. 1968ലാണ് ആദ്യത്തെ വള്ളംകളിയില്‍ പങ്കെടുക്കുന്നത്. അന്ന് പ്രായം 23 മാത്രം.
പൂക്കൈത ആറ്റില്‍ നടന്ന ആയില്യം, മകം വള്ളംകളിയില്‍ അന്നത്തെ ചെമ്പകശേരി സ്കൂളിനുവേണ്ടിയാണ് തുഴഞ്ഞത്. പിന്നീടുള്ള പല വള്ളംകളികളിലും ലീഡിങ് ക്യാപ്റ്റനായിട്ടുണ്ട്. ചമ്പക്കുളം വള്ളത്തിലാണ് അധികവും ലീഡിങ് ക്യാപ്റ്റനായിട്ടുള്ളത്. സ്വന്തമായി വഞ്ചിപ്പാട്ടും എഴുതിയിട്ടുണ്ട്. തുഴയെറിയാന്‍ ആരോഗ്യം അനുവദിക്കില്ലെങ്കിലും കുട്ടനാട്ടുകാരുടെ ആവേശത്തില്‍ പങ്കുചേരാന്‍ ഇത്തവണയും ചമ്പക്കുളം ബേബി പുന്നമടയില്‍ ഉണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.