എഴുത്തും വായനയുമാണ് എസ്.ആർ.കെ. പിള്ളക്ക് ജീവിതം
text_fieldsഎസ്.ആർ.കെ. പിള്ള
തിരുവനന്തപുരം: 95ന്റെ നിറവിലും പതിനെട്ടാമത്തെ പുസ്തകത്തിന്റെ രചന ലോകത്താണ് എസ്. രാമകൃഷ്ണപിള്ളയെന്ന എസ്.ആർ.കെ. പിള്ള. രവീന്ദ്രനാഥ ടാഗോർ, പ്രശാന്ത് നാരായണൻ, വിതുര സുധാകർ, സുധി ദേവയാനി, കെ. കലാധരൻ, എം.ജി ജ്യോതിഷ്, ശംഭുമിത്ര, സജിത മഠത്തിൽ, രഘൂത്തമൻ.. തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നാടകക്കാരെയും നാടകാവതരണത്തെയും തെരുവുനാടകം പോലുള്ള കലകളെയും വായനക്കാർക്ക് പരിചയപ്പെടുത്തുന്ന സമഗ്രമായ പുസ്തകം ഒരുക്കുകയാണ് അദ്ദേഹം.
‘അരങ്ങ്, അവതരണം, അവതാരകർ’ എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ തെക്കുകര സ്വദേശിയായ എസ്.ആർ.കെ. പിള്ള കുട്ടിക്കാലം മുതൽ കേട്ടുവളർന്നത് അമ്മ കൊക്കാട്ട് കാർത്ത്യായനിപ്പിള്ളയുടെ പഴഞ്ചൊല്ലുകളും കഥകളുമാണ്. ആ ആഖ്യായന രീതി നയിച്ചത് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്കും. രണ്ട് നോവലുകൾ ഉൾപ്പെടെ 17 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കുട്ടിക്കാലത്ത് നാട്ടിലെ ശ്രീമൂലവിലാസം ലൈബ്രറിയിലെ കൈയെഴുത്തുമാസികകളിൽ ഉത്സവങ്ങളെപ്പറ്റിയും വഴിപാടുകളെക്കുറിച്ചും തോറ്റംപാട്ടുകളെക്കുറിച്ചുമൊക്കെ കുറിപ്പുകളെഴുതി.
ഉത്സവപ്രേമി കൂടിയായ അച്ഛൻ വേമ്പനാട്ട് ശങ്കരപ്പിള്ളയ്ക്കൊപ്പം നടത്തിയ യാത്രകൾ ക്ഷേത്രകലകളിൽ പ്രത്യേക താത്പര്യം ജനിപ്പിച്ചു. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് എത്തിയതോടെയാണ് എസ്.ആർ.കെ പിള്ള എഴുത്തിനെ ഗൗരവത്തിലെടുത്തത്. വായന ഡിജിറ്റലിലേക്ക് മാറിയ ഇക്കാലത്തും വാർധക്യത്തിലും ശാരീരികപ്രതിസന്ധികള്ക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേര്‍ത്തുപിടിക്കുകയാണ് തിരുമല ജയ്നഗറിൽ താമസിക്കുന്ന എസ്.ആർ.കെ പിള്ള. എഴുത്തും വായനയുമാണ് ആരോഗ്യരഹസ്യമെന്നാണ് അദ്ദേഹം പറയുന്നത്.
കൃതികളില്‍ ചന്ദനഹള്ളി ഭഗവതി എന്ന ഇതിഹാസ നോവല്‍ ഏറെ വായനക്കാരെ ആകര്‍ഷിച്ചതാണ്. രൂപവതി, പൗരാണികം പരിണാമം, രൂപം സ്വരൂപം, മോചനം, നടകാഭിനയം, സൂത്രധാരാ ഇതിലെ ഇതിലെ, നാടക ചരിത്രം, മജ്ജയില്ലാത്ത മനുഷ്യര്‍, മൂക്കിനു താഴെ, മരിക്കാത്ത പ്രേതങ്ങള്‍, പിശാചുകളുടെ സ്വന്തം നാട്, 000 കഴിഞ്ഞ് 16, മുച്ചുണ്ടിക്ക് മൂന്നുലക്ഷം എന്നിവയാണ് മറ്റ് പ്രധാന രചനകൾ. കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ഡല്‍ഹി നാഷണൽ സ്കൂള്‍ ഓഫ് ഡ്രാമയില്‍ സഹപാഠിയായിരുന്നു മലയാള സിനിമയുടെ കാരണവരായ നടൻ മധു.
കേന്ദ്രസർക്കാരിന്റെ വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഗീതനാടക വിഭാഗത്തിൽ സീനിയർ ഗസറ്റഡ് ഓഫീസറായി വിരമിച്ച എസ്.ആർ.കെ പിള്ള കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന ഭാര്യ ശാരദാപിള്ളയ്ക്കൊപ്പം വിശ്രമ ജീവിതം എഴുതിയും വായിച്ചും നാടകം കണ്ടും ആസ്വദിക്കുകയാണ്. മകൾ അർച്ചന സുരേഷ് മലേഷ്യയിലാണ്. മകൻ അഭിലാഷ് പിള്ള തൃശൂർ സ്കൂൾ ഒാഫ് ഡ്രാമ ഡയറക്ടറാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.