സ്കൂൾ അസംബ്ലിയിലെ മിഠായിയും വായനശാലയിലെ പായസവും
text_fieldsസ്വതന്ത്രഇന്ത്യ 79ാം സ്വാതന്ത്ര്യ ദിനാഘോഷത്തിലേക്ക് കടക്കുമ്പോൾ കുട്ടിക്കാലത്ത് സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം ഓർമകളിൽ തെളിഞ്ഞു വരുന്നു. എന്താണ് സ്വാതന്ത്ര്യം, എന്താണ് സ്വാതന്ത്ര്യദിനം എന്നറിയാത്ത പ്രായം. ആകെ അറിയാവുന്നത് ആഗസ്റ്റ് 15 ന് സ്കൂൾ അവധിയാണ്, സ്കൂളിൽ പോയാൽ മിഠായും പായസവും കിട്ടുമെന്നായിരുന്നു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ സങ്കേത എൽ.പി സ്കൂളിലായിരുന്നു സ്കൂൾ കാലഘട്ടത്തിന്റെ തുടക്കം.
ആഗസ്റ്റ് 15ന് രാവിലെ കുളിച്ചൊരുങ്ങി സന്തോഷത്തോടെ സ്കൂളിൽ പോകും. അന്നത്തെ കാലത്ത് ഒരു മിഠായി കിട്ടുക എന്നത് ഏറെ സന്തോഷം തരുന്ന കാര്യമായിരുന്നു. സ്കൂളിലെ അസംബ്ലിക്കിടയിലും ദേശീയ പതാക ഉയർത്തുമ്പോഴും ഹെഡ്മാസ്റ്ററുടെ പ്രസംഗ സമയത്തും ഒന്നും ശ്രദ്ധ അതിലായിരിക്കില്ല. മുഴുവൻ ശ്രദ്ധയും കൈയിലുള്ള മിഠായിലേക്കായിരിക്കും. പായസവും കുടിച്ച് നേരെ പോകുന്നത് തൊട്ടടുത്തുള്ള ഒളവറ വായനശാലയിലേക്കാണ്. അവിടെ അപ്പോഴേക്കും പായസം തയാറായിക്കാണും. അവിടെനിന്ന് ചോറ്റുപാത്രത്തിൽ പായസം നിറച്ച് വീട്ടിലേക്ക് കൊണ്ടുപോകും. പിന്നീട് ഇളംമ്പച്ചി യു.പി സ്കൂളിലേക്ക് മാറിയശേഷമാണ് സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെയും രാഷ്ട്ര നേതാക്കന്മാരെ പറ്റിയും എല്ലാം അറിയുന്നത്.
സ്കൂൾ അസംബ്ലിയിൽ ദേശീയ പതാക ഉയർത്തിയശേഷം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം അന്ന് റേഡിയോ വഴി കേൾപ്പിക്കുമായിരുന്നു. ഏഴാം ക്ലാസ് മുതൽ അഖിലകേരള ബാലജനസഖ്യത്തിന്റെ യോഗങ്ങളിലും ക്ലാസുകളിലും ഒക്കെ പങ്കെടുക്കാൻ തുടങ്ങി. ഒളവറ വായനശാലയിലെ ടാഗോർ ബാലജനസഖ്യത്തിൽ എല്ലാ ഞായറാഴ്ചകളിലെയും കൂടിച്ചേരൽ അറിവ് വികസിപ്പിച്ചു.
അന്നത്തെ കുട്ടികളുടെ മനസ്സിൽ സ്വാതന്ത്ര്യദിനം ഒരു വലിയ ദേശീയോത്സവം തന്നെയായിരുന്നു. രാഷ്ട്രത്തോടും രാഷ്ട്ര ശിൽപികളോടും ബഹുമാനവും ആദരവും കൂടിത്തുടങ്ങുന്ന ദിനം. ബാലജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട വിശേഷ ദിവസങ്ങളിൽ പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിക്കും. അതിലൊക്കെ ആവേശത്തോടെ പങ്കെടുക്കും. ഓരോ വർഷവും ആഗസ്റ്റ് 15, ജനുവരി 26, ഒക്ടോബർ രണ്ടുമൊക്കെ വരാനായി കാത്തിരിക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ഇന്നും കുട്ടിക്കാലത്തെ ആ നല്ല ഓർമ്മകൾ ആവേശമായി മനസ്സിൽ കിടക്കുന്നു. ഒരിക്കലും മടങ്ങിവരാത്ത മനോഹരമായ കാലം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.