നൊമ്പരമായി ആ ചിത്രം; പാപ്പയുടെ അനുഗ്രഹം ഏറ്റുവാങ്ങിയ ചിത്രകാരന്
text_fieldsതാൻ വരച്ച ചിത്രം ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
സമ്മാനിക്കുന്ന ചിത്രവുമായി ജയന്. മാര്‍പാപ്പയുടെ ചിത്രം പിറകില്‍
ഇരിങ്ങാലക്കുട: ഒരുപാട് പ്രാര്‍ഥിച്ചു, ഇനി എനിക്കുവേണ്ടി സ്വര്‍ഗത്തില്‍ ഫ്രാന്‍സിസ് പാപ്പ പ്രാര്‍ഥിക്കും. താന്‍ വരച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം മാര്‍പാപ്പക്കു സമ്മാനിക്കുന്ന ഫോട്ടോ കൈകളിലെടുത്തുകൊണ്ട് ഇരിങ്ങാലക്കുട പൊറത്തിശേരി അഭയഭവനിലെ അന്തേവാസി ജയന് ഏറെ വേദനയോടെ പറഞ്ഞ വാക്കുകളാണിത്. ഒരുനാള്‍ ഞാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രം വരച്ചു. പിന്നീട് ഈ ചിത്രം പരിശുദ്ദ പിതാവിന്റെ കരങ്ങളില്‍ എത്തി. ഏറെ ഭാഗ്യത്തോടയാണ് ഞാനിതിനെ കാണുന്നത്.
മാര്‍പാപ്പ അസുഖ ബാധിതനായതറിഞ്ഞ നിമിഷം മുതല്‍ ഒരുപാട് പ്രാര്‍ഥിച്ചു. ഇനി എനിക്കുവേണ്ടി ഫ്രാന്‍സിസ് പാപ്പ സ്വര്‍ഗത്തില്‍ പ്രാര്‍ഥിക്കുമെന്ന് ജയന് പറഞ്ഞു. ജന്മനാ കൈകാലുകള്‍ക്ക് സ്വാധീനമില്ലാത്ത, നിവര്‍ന്നിരിക്കാന്‍ പോലും സാധിക്കാത്ത വ്യക്തിയാണ് കെ.എസ്. ജയന്. 2014 മേയ് 21നാണ് സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വെച്ച് ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ ഫ്രാന്‍സിസ് പാപ്പാക്കു ജയന് വരച്ച ചിത്രം കൈമാറിയത്.
കുറിച്ചിത്താനം ഉഴവൂര്‍ കരോട്ടുകുമരംപറമ്പത്ത് സോമസുന്ദരന്‍ പിള്ളയുടെയും കമലാക്ഷിയമ്മയുടെയും ഇളയപുത്രനാണ് ജയന്. 31 വര്‍ഷം മുമ്പ് 1994 ജനുവരി മൂന്നിനാണു കൂട്ടുകാരന് രമേശ് ജയനെന്ന 32കാരനെ പൊറത്തിശേരി അഭയഭവനിലെത്തിച്ചത്. ശരീരത്തെ വിധി തളര്‍ത്തിയെങ്കിലും ജയനിലെ കലാകാരനെ തോല്‍പ്പിക്കാന്‍ വിധിക്കായില്ല. കൈയില്‍ ഒരു ചെറിയ കടലാസും പേനയും ലഭിച്ചാല്‍ ജയന് വരച്ചുതുടങ്ങും. നിര്‍മല ഭാസി സന്യാസ സഭാസമൂഹമാണ് പോറത്തിശേരി അഭയഭവനില്‍ ജയന് എല്ലാ പരിചരണവും നല്‍കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.