നാട്ടുകാരുടെ ചെക്കൂട്ട്യാട്ടൻ ഇനി ഓർമ
text_fieldsചെക്കൂട്ട്യാട്ടൻ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് പുറത്തിറങ്ങി കാണിക്കുന്നു (ഫയൽ ചിത്രം)
ബാലുശ്ശേരി: ബാലുശ്ശേരിയിലും പരിസരപ്രദേശത്തും കമ്യൂണിസ്റ്റ്-കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ച ചെക്കൂട്ട്യാട്ടൻ 106ാം വയസ്സിൽ വിടവാങ്ങുമ്പോൾ ഒരു കാലഘട്ടത്തിന്റെ പാർട്ടി പ്രവർത്തന പാരമ്പര്യത്തിന്റെയും കർഷക പ്രസ്ഥാന രൂപവത്കരണത്തിന്റെയും പ്രാദേശിക ചരിത്രത്തിനു കൂടിയാണ് തിരശ്ശീല വീഴുന്നത്. ബാലുശ്ശേരി അരീപ്രം മുക്കിലെ മണ്ണാന്റെ പിണങ്ങോട്ട് വീട്ടിൽ ചെക്കൂട്ടിയെന്ന നാട്ടുകാരുടെ ചെക്കൂട്ട്യാട്ടൻ കഴിഞ്ഞ വർഷം വരെ മണ്ണിൽനിന്ന് പൊന്നുവിളയിക്കാനുള്ള യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന കർഷകൻ കൂടിയായിരുന്നു.
എട്ടാം ക്ലാസിൽ പഠിപ്പ് നിർത്തി പിതാവ് രാരിച്ചനോടൊപ്പം പാടത്തും പറമ്പത്തും കൃഷിക്ക് സഹായിയായി നിന്നാണ് ചെക്കൂട്ട്യാട്ടൻ കൃഷിയിലേക്കുള്ള യാത്ര തുടങ്ങിയത്. 1942ൽ പാർട്ടി അംഗത്വം നേടി കമ്യൂണിസ്റ്റ് പ്രവർത്തകനായ ചെക്കൂട്ടി നന്മണ്ട മൂന്നാം പിലാക്കൂൽ കുഞ്ഞിരാമൻ മാസ്റ്ററുടെ വീട്ടിൽ ഒളിവിൽ പാർത്തിരുന്ന ഇ.എം എസ്സിനും എ.കെ.ജി ക്കും, ആവശ്യമായ സഹായങ്ങളെത്തിച്ചിരുന്നു. ഇ.കെ നായനാരുമായും ബന്ധമുണ്ടായിരുന്നു.
പഞ്ചായത്തിലേക്ക് രണ്ടു തവണ മത്സരിച്ച് തോറ്റെങ്കിലും മൂന്നാം തവണ 1979 ൽ ബാലുശ്ശേരി പഞ്ചായത്ത് അംഗമായും പ്രവർത്തിക്കാൻ അവസരം ലഭിച്ചു.കൂത്താളി, ജീരകപ്പാറ, എഴുകണ്ടി, എരമംഗലം മിച്ചഭൂമി സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദനവും ജയിൽ വാസവും അനുഭവിച്ചിച്ചുണ്ട്. വാർധക്യ സഹജമായ കാരണങ്ങളാൽ കഴിഞ്ഞ രണ്ടു മാസത്തോളമായി വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നിര്യാതനായത്. കെ.എം. സച്ചിൻ ദേവ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി എം. മെഹബൂബ്, കെ.എം. ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ പി.കെ. മുകുന്ദൻ, ഇസ്മായിൽ കുറുമ്പൊയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, സി.പി.എം ഏരിയ സെക്രട്ടറി ടി.കെ. സുമേഷ്, ലോക്കൽ സെക്രട്ടി പി.പി. രവീന്ദ്രനാഥ്, കെ. ബാലകൃഷ്ണൻ കിടാവ്, കെ. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
സംസ്ക്കാര ചടങ്ങുകൾക്കു ശേഷം അരീപ്രം മുക്കിൽ നടന്ന അനുശോചന യോഗത്തിൽ വാർഡ് അംഗം സി. വത്സല അധ്യക്ഷതവഹിച്ചു. വാർഡ് അംഗം യു.കെ. വിജയൻ, പി.സുധാകരൻ മാസ്റ്റർ, പി.പി. രവീന്ദ്രനാഥ്, എസ്.എസ്. അതുൽ, ബിജിലേഷ്, എ.വി. വത്സൻ മാസ്റ്റർ, കുന്നോത്ത് വാസു മാസ്റ്റർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

