കവിതകളും ജീവചരിത്രവും കൊണ്ട് ബാഷ്പാഞ്ജലി അർപ്പിച്ച സാഹിത്യ ലോകം; മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 80ാം ചരമവാർഷികം ഇന്ന്
text_fieldsമുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
കൊടുങ്ങല്ലൂർ: രാജ്യത്തിന് കൊടുങ്ങല്ലൂർ സംഭാവന ചെയ്ത ഏറ്റവും വലിയ സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ 80ാം ചരമ വാർഷികം ഇന്ന് ആഘോഷിക്കുമ്പോൾ കവിതകളും ജീവചരിത്രങ്ങളും കൊണ്ട് ബാഷ്പാഞ്ജലി അർപ്പിച്ച സാഹിത്യ ലോകത്തിന്റെ സംഭാവനകളും ശ്രദ്ധേയം. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ച് 16ഓളം ജീവചരിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. 100ഓളം കവിതകളും അദ്ദേഹത്തെക്കുറിച്ച് രചിക്കപ്പെട്ടിട്ടുണ്ട്. ലോകത്തുതന്നെ അപൂർവമായാണ് ഒരു പോരാളിയെ ഇത്രയധികം കവിതകളും ജീവചരിത്രങ്ങളും കൊണ്ട് ഓർമിപ്പിക്കപ്പെട്ടിട്ടുള്ളത്. എസ്.കെ. പൊറ്റക്കാട്ടും എൻ.പി. മുഹമ്മദും എം. റഷീദും അടക്കമുള്ളവർ അബ്ദുറഹ്മാൻ സാഹിബിന്റെ ജീവചരിത്രം രചിച്ചിട്ടുണ്ട്.
പി. ഭാസ്കരനും ഒ.എൻ.വിയും പി. കുഞ്ഞിരാമൻനായർ, ഇടശ്ശേരി ഗോവിന്ദൻനായരും വൈലോപ്പിള്ളി ശ്രീധരമേനോനും അടക്കമുള്ളവർ അബ്ദുറഹ്മാന്റെ ജീവിതം വാഴ്ത്തിപ്പാടിയ കവികളിൽ ഉൾപ്പെടുന്നു. മലയാളത്തിന്റെ മഹാകവികൾ മുതൽ പുതിയ കാലത്തെ യുവകവികൾ വരെ ആ ത്യാഗോജ്ജ്വല ജീവിതത്തിന് ആരാധനാപൂർവം അക്ഷര ഗരിമയേകി. കൊടുങ്ങല്ലൂർ കാവിൽ കടവിൽ വിയ്യൂർ ജയിലിൽനിന്ന് ചങ്ങലയിൽ ബന്ധിതനായി പൊലീസ് അകമ്പടിയോടെ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് വഞ്ചിയിൽ വന്നിറങ്ങിയത് കുട്ടിക്കാലത്ത് നേരിൽ കണ്ട കൊടുങ്ങല്ലൂരിന്റെ പ്രിയ കവിയും ഗാനരചയിതാവും ചലച്ചിത്രക്കാരനുമായ പി. ഭാസ്കരൻ ഹൃദയാരാധനയോടെ എഴുതിയ വരികൾ
‘‘കാലിൽച്ചങ്ങല, കയ്യിലാമ, മുടലിൽ നീളൻ ഖദർ ജുബ്ബ, തൻ ഫാലംതൊട്ടു ശിരസ്സു മൂടി വിലസും വെള്ളഖ്ഖദർത്തൊപ്പിയും കൂസാതുള്ള നടത്തവും ഇരുവശം തോക്കും പിടിച്ചാദരം വീശീടും മുഖമാർന്നു നടകൊണ്ടീടുന്ന പൊലീസുമായ്...’’ എന്നാണ് തുടങ്ങുന്നത്. അഴീക്കോട്ടെ വീട്ടിൽ രോഗാവസ്ഥയിൽ കഴിയുന്ന മാതാവിനെ കാണാനാണ് ആ ധീരയോദ്ധാവ് എത്തിയത്. അബ്ദുറഹിമാൻ സാഹിബിന്റെ ബന്ധുവും എഴുത്തുകാരനുമായ കാതിയാളം അബൂബക്കർ എഡിറ്റ് ചെയ്ത് പ്രമുഖ കവികളുടെ 41 കവിതകളുടെ സമാഹാരമായ ‘അബ്ദുഹിമാൻ കവിതകൾ’ പുസ്തകവും കവി ബക്കർ മേത്തല എഡിറ്റ് ചെയ്ത അദ്ദേഹത്തിന്റെ കവിത കൂടി ഉൾപ്പെടുന്ന ‘ആരും പാടിപോകും നിന്നെ കുറിച്ച്’ എന്ന പുതിയ കവികളുടേത് കൂടി ഉൾപ്പെടുന്ന 60ഓളം കവിതകളുടെ സമാഹാരവും സാഹിബിനെക്കുറിച്ചുള്ള കവിതകളുടെ അമൂല്യ സമ്പാദനമാണ്.
വീര മുസൽമാൻ -പി. കുഞ്ഞിരാമൻനായർ, മുഹമ്മദ് അബ്‌ദുറഹിമാൻ -ഇടശ്ശേരി ഗോവിന്ദൻനായർ, അബ്ദുറഹ്മാൻ -വൈലോപ്പിള്ളി ശ്രീധരമേനോൻ, നേതാവേ, നമസ്കാരം -എൻ. കോയിത്തട്ട, ഭീഷ്‌മപർവം -ജി. കുമാരപിള്ള, ദൈവദൂതൻ -പാലാ നാരായണൻനായർ, വീരസ്മരണ -എം.പി. അപ്പൻ, കായവ്യൂഹം -കെ.പി. നാരായണ പിഷാരോടി, മായാത്ത ചിത്രങ്ങൾ -പി. ഭാസ്‌കരൻ, അഗ്നിയും നിലാവും -തിരുനല്ലൂർ കരുണാകരൻ, കമ്പിയാപ്പീസിൽ -കോഴിക്കോടൻ, മരണമില്ലാത്ത മനുഷ്യൻ -അക്കിത്തം, ധീരതേ നിന്നെക്കുറിച്ചൊന്നു പാടട്ടെ -പുതുശ്ശേരി, ഉപ്പിന്റെ ഉപ്പ് -കെ. അയ്യപ്പപ്പണിക്കർ, ഓർമയുടെ സുഗന്ധം -ഒ.എൻ.വി. കുറുപ്പ്, പ്രണാമം -കെ.എസ്.പി. കർത്താ, അബ്ദുഹിമാൻ, അങ്ങയെപ്പറ്റി ഒരു വാചാപ്രസംഗം -പഴവിള, നുണയല്ലിക്കഥ -പി.ടി അബ്‌ദുറഹിമാൻ, ഉദയസൂര്യൻ -ഇയ്യങ്കോട് ശ്രീധരൻ, പിന്നെയും പിറന്നാലും -കെ. സച്ചിദാനന്ദൻ, ധീരധിക്കാരങ്ങൾക്ക് നായകൻ -കുഞ്ഞപ്പ പട്ടാന്നൂർ, നിഷ്‌കളങ്ക സ്നേഹത്തിന്നുവാടി -മുരളീധരൻ ആനാപ്പുഴ, പെരുമാൾ -മുല്ലനേഴി തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ‘അബ്ദുഹിമാൻ കവിതകൾ’ എന്ന പുസ്തകത്തിന്റെ അവതാരിക എഴുതിയത് സുകുമാർ അഴീക്കോടാണ്. ‘ഹ്രസ്വമായ ഒരു ജീവിതമായിരുന്നല്ലോ അദ്ദേഹത്തിന്റേത്. ആ ഹ്രസ്വത നമ്മുടെ നിർഭാഗ്യമായിരുന്നു. എങ്കിലും മഹാകവി പാടിയതുപോലെ “അർത്ഥദീർഘം” ആയിരുന്നു ആ അല്‌പായുസ്സ്. അരനൂറ്റാണ്ടുപോലും നീളമില്ലാതിരുന്ന ആ ജീവിതം ഇന്ത്യയുടെ സമരാങ്കണങ്ങളിലെല്ലാം വെട്ടിത്തിളങ്ങി’ എന്ന് സുകുമാർ അഴീക്കോട് കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

