വർഗീസിന്റെ 60 വർഷത്തെ തീവണ്ടിയാത്ര; സ്നേഹാദരവുമായി സഹയാത്രികർ
text_fieldsകല്ലേലി വർഗീസ്
ചാലക്കുടി: ചാലക്കുടി-എറണാകുളം ട്രെയിൻ യാത്രയിൽ നീണ്ട 60 വർഷങ്ങൾ പിന്നിടുന്ന കല്ലേലി വർഗീസിന് സഹയാത്രക്കാരുടെ സ്നേഹാദരം. സഹയാത്രകരായിട്ടുള്ള സുഹൃത്തുക്കൾ, മുൻകാല യാത്ര സുഹൃത്തുക്കൾ, പാസഞ്ചർ അസോസിയേഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ വൻ വരവേൽപും സ്വീകരണവും ഒരുക്കുന്നു.
1965 ആഗസ്റ്റ് 30 മുതലാണ് കല്ലേലി വർഗീസിന്റെ എറണാകുളം തീവണ്ടി യാത്രകൾ ആരംഭിക്കുന്നത്. അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ക്ലർക്കായിരുന്നു അന്ന് വർഗീസ്. പിന്നീട് മട്ടാഞ്ചേരി മാർക്കറ്റിൽ ബ്രോക്കറായി മാറി. സ്വന്തം പരിശ്രമവും വിശ്വാസ്യതയും കൊണ്ടു വിപണിയിലെ സുപ്രധാന മുഖമായി വളർന്നു. ഇതിനിടെ വിനയവും വിനോദബോധവും നിറഞ്ഞ വ്യക്തിത്വം കൊണ്ടു അദ്ദേഹം ട്രെയിനിലെ എല്ലാ യാത്രക്കാരുടെയും പ്രിയങ്കരനായി മാറി. വർഗീസില്ലാത്ത യാത്ര സഹയാത്രികർക്ക് വലിയ നഷ്ടബോധം ഉണ്ടാക്കാറുണ്ട്.
77 വയസ്സിലും പുലർച്ച ചാലക്കുടി റെയിൽവേ സ്റ്റേഷനിൽനിന്നു കയറുന്ന ഇദ്ദേഹത്തെ എല്ലാവരും കാത്തിരിക്കും. വർഗീസിന്റെ എറണാകുളം യാത്രകൾക്ക് 60 വർഷം പൂർത്തിയാക്കുമ്പോൾ അദ്ദേഹത്തെ ആദരിക്കാൻ സഹയാത്രികരടക്കം ഒത്തുചേരുകയാണ്. ശനിയാഴ്ച രാവിലെ 6.45ന് ഗുരുവായൂരിൽനിന്ന് വരുന്ന പുഷ്പുള്ളിലെ സ്ഥിരം കംപാർട്മെൻറ് അലങ്കരിച്ച് അതിനുള്ളിൽ കേക്ക് മുറിച്ചും ഗാനമേള നടത്തിയുമാണ് ആഘോഷം. അതിന് മുമ്പ് ചാലക്കുടിയിലെ പ്ലാറ്റ് ഫോറത്തിൽ ചാലക്കുടി എം.എൽ.എയുടെ ആദരവും മധുരപലഹാര വിതരണവും നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.