നാലുപതിറ്റാണ്ടിന്റെ പ്രവാസം മതിയാക്കി ‘സക്കീർ ഭായ്’ നാടണയുന്നു
text_fieldsസക്കീർ ഹുസൈനും കുടുംബവും
മനാമ: 43 വർഷത്തെ ഓർമകളും പേറി ‘സക്കീർ ഭായ്’ എന്ന് പരിചയക്കാർ സ്നേഹത്തോടെ വിളിക്കുന്ന സക്കീർ ഹുസൈൻ പ്രവാസം മതിയാക്കി കണ്ണൂരിലേക്ക് യാത്ര തിരിക്കുകയാണ്; കൂടെ പ്രിയതമ ഫൗസിയയും. 1982ലെ തിളക്കുന്ന ഒരു ആഗസ്റ്റ് മാസത്തിലാണ് സക്കീർ ഹുസൈൻ പവിഴ ദ്വീപിലേക്ക് വന്നിറങ്ങിയത്. തിരിച്ചുപോകുന്നത് മറ്റൊരു ആഗസ്റ്റ് മാസമെന്നതും ഒരുപക്ഷേ, യാദൃച്ഛിമാകാം. അക്കാലത്ത് ബഹ്റൈൻ വളർച്ചയുടെ കാലഘട്ടത്തിലേക്ക് കാലെടുത്തു വെക്കുന്ന സമയമാണ്.
മനാമയിലെ ഡിപ്ലോമാറ്റിക്കിൽ കുറച്ച് ഉയർന്ന കെട്ടിടങ്ങൾ മാത്രമാണ് അന്നുണ്ടായിരുന്നത്. സ്വന്തം കണ്ണുകൾക്ക് മുന്നിലായിരുന്നു പിന്നീട് ബഹ്റൈന്റെ വളർച്ച. ഇത്രയും കാലത്തെ ബഹ്റൈനിലെ പ്രവാസത്തിനിടയിൽ ഒരുപാട് പേരുടെ പ്രയാസങ്ങൾക്ക് ആശ്വാസമേകാനും പ്രശ്നങ്ങൾ ദൂരീകരിക്കുന്നതിൽ ഒരു ചെറിയ പങ്കുവഹിക്കാനും കഴിഞ്ഞുവെന്നതാണ് സക്കീർ ഹുസൈന് ഏറ്റവും വലിയ സമ്പാദ്യമായി കാണുന്നത്. സലഫി പ്രസ്ഥാനവുമായുള്ള ബന്ധം പല പ്രമുഖരുമായും അടുത്തിടപഴകാനും അദ്ദേഹത്തെ സഹായിച്ചു.
ഹിദ്ദ് അൽ ഹിദായ സെന്റർ മലയാള വിഭാഗമായിരുന്നു പ്രധാന പ്രവർത്തന മേഖല. ബഹ്റൈൻ ഫാർമസി, ജാഫർ ഫാർമസി, ബി.ടി.ടി.സി, ബഹ്റൈൻ ഗ്യാസ്, പി. ഹരിദാസ് സൺസ് എന്നീ സ്ഥാപനങ്ങളിൽ വിവിധ കാലങ്ങളിൽ ജോലി ചെയ്തതിന്റെ നിറമുള്ള ഓർമകൾ എന്നും കൂടെയുണ്ടാകുമെന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
മൂത്ത മകൻ ഫവാസ് സക്കീർ ഒരു ഓസ്ട്രിയൻ കമ്പനിയിൽ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ മാനേജർ ആയും രണ്ടാമത്തെ മകൻ ഫഹദ് സക്കീർ ബഹ്റൈൻ ഫാർമസി മാർക്കറ്റിങ് വിഭാഗത്തിലും ജോലി ചെയ്തുവരുന്നു. വിശ്രമകാലം നാട്ടിൽ സമാധാനത്തോടെ കഴിയാനാണ് സക്കീർ ഹുസൈന്റെയും പ്രിയതമയുടെയും ആഗ്രഹം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.