ഒരുമിച്ച് കൈകോർത്തിങ്ങനെ 83 വർഷം, ലോകത്തിൽ ദൈർഘ്യമേറിയ ദാമ്പത്യജീവിതത്തിലേക്ക് നടന്ന് എലീനറും ലൈൽ ഗിറ്റൻസും
text_fieldsഇത് എലീനറും, ലൈൽ ഗിറ്റൻസും, ലോകത്തിൽ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യജീവിതം നയിച്ച ദമ്പതികൾ. ഇരുവരും ഇങ്ങനെ ദമ്പതികളായി, ഒരുമിച്ച് കൈകോർത്ത നടക്കാൻ തുടങ്ങിയിട്ട് 83 വർഷം പൂർത്തിയാകുന്നു.
ജീവിതത്തിൽ ഇത്രയും നാൾ ഒരുമിച്ച് കഴിഞ്ഞതിനെ പറ്റി ചോദിച്ചാൽ ഒറ്റ മറുപടിയേ നൽകാനുള്ളു, ‘പരസ്പരം ആത്മാർഥമായി സ്നേഹിക്കുക.’ അതുതന്നെയാണ് തങ്ങളുടെ ബന്ധത്തിന്റെയും രഹസ്യമെന്നും ഇരുവരും ചെറുചിരിയോടെ കൂട്ടിച്ചേർക്കും.
എലീനറിന് 107ഉം, ലൈൽ ഗിറ്റൻസിന് 108ഉം വയസാണ് പ്രായം. 100 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകളുടെ രേഖകൾ സൂക്ഷിക്കുന്ന ലോംഗെവിക്വസ്റ്റ് എന്ന വെബ്‌സൈറ്റ് ദമ്പതികളുടെ വിവാഹവിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചതോടെയാണ് ഇരുവർക്കും ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യജീവിതം നയിച്ച ദമ്പതികൾ എന്ന നേട്ടം സ്വന്തമായത്. 1942ലെ വിവാഹ സർട്ടിഫിക്കറ്റ്, യു.എസ് സെൻസസ് ഡാറ്റ, അനുബന്ധ രേഖകൾ എന്നിവ പരിശോധിച്ചാണ് ഇരുവർക്കും ബഹുമതി സമ്മാനിച്ചത്.
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യ ദമ്പതികളായിരുന്ന ബ്രസീലിൽ നിന്നുള്ള മനോയൽ ആഞ്ചലിം ഡിനോ (106), ഭാര്യ മരിയ ഡിസൂസ ഡിനോ (102) എന്നിവരുടെ മരണത്തെ തുടർന്നാണ് ഗിറ്റെൻസസിന് ഈ പദവി ലഭിച്ചത്. 85 വർഷത്തെ ദാമ്പത്യത്തിന് ശേഷമായിരുന്നു ആഞ്ചലിം ഡിനോയും മരിയ ഡിസൂസ ഡിനോയും ലോകത്തോട് വിട പറഞ്ഞത്.
ഒരു പ്രണയകാലത്തിന്റെ ഓർമ
1941-ൽ ഒരു കോളേജ് ബാസ്കറ്റ്ബോൾ മത്സരത്തിലാണ് എലീനറും ലൈലും ആദ്യമായി കണ്ടുമുട്ടിയത്. ലൈൽ ക്ലാർക്ക് അറ്റ്ലാന്റ യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിക്കുകയായിരുന്നു, എലീനറാകട്ടെ കളികാണാൻ ഗാലറിയിലും. ഇതിനിടെ, പ്രണയത്തിന്റെ സൗരഭ്യം.
1942 ജൂൺ നാലിന് ജോർജിയയിലെ സൈനിക പരിശീലനത്തിൽ നിന്ന് ലൈലിന് ലഭിച്ച മൂന്ന് ദിവസത്തെ അവധിക്കിടെ ഇരുവരും വിവാഹിതരായി. കലുഷിതമായ കാലത്ത് ലൈൽ യു.എസ് സൈന്യത്തിന്റെ 92-ആം ഇൻഫൻട്രി ഡിവിഷനിൽ ഇറ്റലിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എലീനർ തന്നെ വീണ്ടും ജീവനോടെ കാണുമോ എന്ന് പോലും ആശങ്കയുണ്ടായിരുന്നു എന്ന് ആശങ്കയുണ്ടായിരുന്നുവെന്ന് ലൈൽ പറയുന്നു.
ഇതിനിടെ, ആദ്യ കുഞ്ഞിനെ ഗർഭിണിയായിരിക്കെ എലീനർ ന്യൂയോർക്ക് നഗരത്തിലേക്ക് താമസം മാറി. അവിടെ അവൾ ലൈലിന്റെ കുടുംബത്തെ കണ്ടുമുട്ടി, സൈനീക സേവനത്തിന്റെ തിരക്കിനിടെ ഇരുവർക്കുമിടയിൽ പ്രണയവുമായി കത്തുകൾ സഞ്ചരിച്ചു. മിക്ക കത്തുകളും സൈന്യം സെൻസർ ചെയ്തുകളഞ്ഞിരുന്നുവെന്ന് ലൈൽ പറയുന്നു.
സംതൃപ്തം ദാമ്പത്യം
യുദ്ധാനന്തരം, ദമ്പതികൾ ന്യൂയോർക്കിൽ സ്ഥിരതാമസമാക്കി, സിവിൽ സർവീസ് പരീക്ഷ ഒരുമിച്ച് പാസായി, സർക്കാർ ജോലികൾ നേടി, എലീനറിന്റെ പ്രിയപ്പെട്ട സ്ഥലമായ ഗ്വാഡലൂപ്പിലേക്ക് ഉൾപ്പെടെ യാത്ര ചെയ്തു.
ഇതിനിടെ എലീനർ 69-ാം വയസ്സിൽ ഫോർഡാം സർവകലാശാലയിൽ നിന്ന് നഗര വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടി. മിയാമിയിൽ കഴിയുന്ന മകൾ ആഞ്ചലയുടെ സമീപത്തേക്ക് താമസം മാറുന്നതിന് മുമ്പ് ക്ലാർക്ക് അറ്റ്ലാന്റ പൂർവ്വ വിദ്യാർത്ഥി അസോസിയേഷനിലും സജീവമായിരുന്നു ഇരുവരും.
എലീനറിനൊപ്പം സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നുവെന്ന് ലൈൽ പറയുന്നു. ഒന്നിച്ചായിരിക്കുന്നതിൽ സന്തോഷം. യുദ്ധവും ലോകത്തിലെ വലിയ പ്രതിസന്ധികളും കടന്ന് നടന്ന അനുഭവങ്ങൾ ഓർക്കുമ്പോൾ സംതൃപ്തിയും. ജീവിതം ഇനിയും മനോഹരമായി മുന്നോട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

