
ബെയ്ലി പാലവും വെള്ളാർമല സ്കൂളും (ചിത്രങ്ങൾ: പി. സന്ദീപ്)
ഉള്ളൊഴുക്കം
text_fieldsഒരു രാത്രി, ഒരു നാടെഴുതിയ കണ്ണീരിന്റെ ആ തോരാക്കഥയിൽ ചളിമണ്ണിന്റെ, നെഞ്ചുലക്കുന്ന ഗന്ധമുണ്ടായിരുന്നു. ആർത്തലച്ചെത്തിയ പാറക്കൂട്ടങ്ങൾക്കുതാഴെ അമർന്നുപോയ നിലവിളികളുണ്ടായിരുന്നു. കുത്തിയൊലിച്ചുവന്ന ഉരുൾത്തിരമാലകൾ ഒരുനിമിഷംകൊണ്ട് ഒരു നാടിന്റെ മേൽവിലാസത്തെത്തന്നെ തുടച്ചുമാറ്റുകയായിരുന്നു...ഒരു മയക്കത്തിനപ്പുറം, ഉറ്റവരെ ചേർത്തുപിടിച്ച്, കുഞ്ഞുകൈകളിൽ താരാട്ടിന്റെ താളമിട്ട് വീണ്ടും പ്രാണനിലേക്ക് ചേർക്കുന്ന നേരം... ആ തോരാമഴയിൽ അവരൊന്ന് നനഞ്ഞതേയുള്ളൂ, ഉരുൾധൂമത്തിന്റെ ആ ക്ഷാരഗന്ധം അവരൊന്ന് ഉള്ളിലേക്കെടുത്തതേയുള്ളൂ. പിറന്നുവീണ മണ്ണിന്റെ പുതപ്പുപുതച്ച് അവർ നിമിഷങ്ങൾകൊണ്ട് കണ്ണീരിന്റെ ഒരു പ്രളയക്കടലുണ്ടാക്കി. ആ കടലിന്റെയോരത്ത് കണ്ണീരുവറ്റി ഓർമകളുമായി ഇപ്പോഴും ചിലർ കാത്തിരിക്കുകയാണ്...
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ക്ലാസിൽ മലയാളം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ് മൻസൂർ മാഷ്. ക്ലാസിനിടെ വിദ്യാർഥികൾക്ക് മാഷ് ഒരു ജോലി നൽകി, മനസ്സിനെ ഏറെ സ്പർശിച്ച ഓർമകൾ ഡയറിക്കുറിപ്പായി പകർത്തിവെക്കണം. പേനയും പുസ്തകവുമെടുത്ത് അവരെഴുതിത്തുടങ്ങി. അൽപസമയം കഴിഞ്ഞ് ഡയറിക്കുറിപ്പുകൾ അവർ മാഷെയേൽപിച്ചു. എന്നാൽ, ഒരാൾ മാത്രം എഴുതിത്തീർന്നിരുന്നില്ല. ക്ലാസ്മുറിയിലെ മൂന്നാം ബെഞ്ചിൽ വിതുമ്പലോടെയിരുന്ന നഹ്ല നസ്റിൻ. ഏറെയെഴുതാനുണ്ടെന്ന് മനസ്സിലാക്കിയ മാഷ് ആ കുറിപ്പ് പൂർത്തിയാക്കാൻ അന്നു മുഴുവൻ നഹ്ലക്ക് നൽകി. പിറ്റേന്ന് ക്ലാസ് മുറിയിലെത്തിയ നഹ്ല ആ കുറിപ്പ് മാഷിനെയേൽപിച്ചു. തിരികെ സ്റ്റാഫ് മുറിയിലെത്തിയ മൻസൂർ മാഷ് ആ ഡയറിയുടെ പേജുകൾ ഓരോന്നായി മറിച്ചുതുടങ്ങി...
മുണ്ടക്കൈ ജുമാമസ്ജിദിനടുത്ത് ആ പാറക്കെട്ടുകൾ ഇപ്പോഴുമുണ്ട്. ഇവിടെയായിരുന്നു നഹ്ലയുടെ തറവാട്. ഇവിടെയാണ് നൗഫൽ എന്ന മനുഷ്യൻ തലകുനിച്ചിരുന്നത്. തന്റെ കുടുംബത്തിനൊപ്പം ചെലവിടാൻ പറന്നുവന്ന അയാൾ ഇവിടെയിരുന്നാണ് ‘‘ഞാൻ എന്റെ വീട്ടിൽ ഒരുതവണകൂടി ഇരുന്നോട്ടേ’’ എന്ന് ലോകത്തോട് കരഞ്ഞു പറഞ്ഞത്. ആ മണ്ണിനുതാഴെ പൊലിഞ്ഞുപോയത് അയാളുടെ ജീവന്റെ ഭാഗമായ 11 പേരായിരുന്നു. അയാൾ നെയ്തെടുത്ത വീടും സ്വപ്നങ്ങളുമായിരുന്നു. ഈ മണ്ണിൽ അമർന്നുനിൽക്കുമ്പോൾ താഴെ ഇനിയും കണ്ടെത്താനാകാത്ത എത്രയോ പേരുടെ ജീവന്റെ ഞെക്കിഞെരക്കങ്ങൾ നെഞ്ചിൽ വിങ്ങലുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
‘‘പ്രകൃതിയുടെയും ഹൃദയങ്ങളുടെയും മനോഹാരിതകൊണ്ട് സമ്പന്നമായ കൊച്ചു ഗ്രാമമായിരുന്നു എന്റേത്, മുണ്ടക്കൈ. ഉപ്പയും ഉമ്മയും രണ്ട് ഇക്കാക്കമാരും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. മുണ്ടക്കൈ എന്ന ചെറിയ അങ്ങാടി. ഉമ്മയുടെയും ഉപ്പയുടെയും വീട് മുണ്ടക്കൈ തന്നെയാണ്. സന്തോഷത്തോടെയായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. എന്റെ അമ്മാവന്റെ മകളും ഞാനും തമ്മിൽ 40 ദിവസം മാത്രമായിരുന്നു വ്യത്യാസം. അതിനാൽ എനിക്കും അവൾക്കും ഒരുപോലെ പേരിട്ടു, നഹ്ല നസ്റിൻ, നഫ്ല നസ്റിൻ. ഒരുമിച്ച് ഒരേ സ്കൂളിലായിരുന്നു ഞങ്ങൾ. ഒരേ ബെഞ്ചിൽതന്നെ ഇരിക്കാൻ അവളെപ്പോഴും വാശിപിടിച്ചിരുന്നു. അവളായിരുന്നു എന്റെ എല്ലാം. ഞാൻ എന്തും തുറന്നുപറയുന്നത് അവളോടായിരുന്നു. 10ാം ക്ലാസ് കഴിഞ്ഞ് ഒരേ സ്കൂളിൽ പോകണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എന്നാൽ, ഞങ്ങൾക്ക് ഒരേ സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ല. അതിനുശേഷം അവളെന്നും കരച്ചിലായിരുന്നു. എന്റെ സ്കൂളിലേക്ക് ട്രാൻസ്ഫർ കൊടുക്കാമെന്ന് പറഞ്ഞ് ഞാനവളെ സമാധാനിപ്പിച്ചുകൊണ്ടിരുന്നു. എന്റെ വല്യുപ്പക്ക് 11 പേരമക്കളാണ്. അതിൽ ഏഴും പെൺമക്കൾ. എല്ലാവർക്കും ഒന്നോ രണ്ടോ വയസ്സു മാത്രം വ്യത്യാസം.
കഴിഞ്ഞ കൊല്ലം സ്കൂൾ തുറന്നതുമുതൽ കനത്ത മഴയായിരുന്നു. മഴക്കാലത്ത് ഞങ്ങളെല്ലാവരും തറവാട്ടിലാണ് കിടക്കുക. എന്നാൽ എന്റെ ബാപ്പ വിദേശത്തുനിന്ന് വന്നതിനാൽ ഞങ്ങൾ കുടുംബ വീട്ടിലേക്ക് പോയില്ല. അവർ ഇങ്ങോട്ടും വന്നില്ല. ജൂലൈ 29ന് അമ്മാവന്റെ മകൻ രാവിലെ വന്ന് അങ്ങോട്ട് ചെല്ലാൻ ഒരുപാട് നിർബന്ധിച്ചു. പോയില്ല. അവൻ എന്നെ അത്രയും വിളിച്ചതല്ലേ, ഒന്ന് പോയി നോക്കാം എന്നുതോന്നി രാത്രിയായപ്പോൾ തറവാട്ടിലെത്തി. എല്ലാവരും നമസ്കരിക്കുകയായിരുന്നു. ചെറിയ സഹോദരിമാർ പ്രാർഥനയിലാണ്. ഖുർആൻ ഓതാൻ അറിയാത്ത അവർ അത് ഓതുമ്പോൾ ഞാൻ ചോദിച്ചു, എന്തിനാ ഇത് എന്ന്. നല്ല മഴയല്ലേ, പേടിയാവുന്നു, ഉരുൾ പൊട്ടാതിരിക്കാൻ പടച്ചോനോട് പറയാണ് എന്നവർ പറഞ്ഞു. ഞാനവരെ വാരിപ്പുണർന്ന് ചുംബിച്ചു. സ്കൂൾ മാറ്റത്തിനുള്ള അപേക്ഷ കൊടുക്കാൻ നാളെ പോകണമെന്ന് നഫ്ല പറഞ്ഞു. സലാം പറഞ്ഞ് ഞാൻ തിരിച്ച് വീട്ടിലേക്കു വന്നു.
മഴ കനത്തുപെയ്യുന്നുണ്ടായിരുന്നു. പുറത്തുനിന്ന് വലിയ ശബ്ദം കേട്ടു. ആ ശബ്ദം അടുത്തേക്ക് വരുന്നുണ്ടെന്ന് മനസ്സിലായപ്പോൾ വാതിൽ തുറന്നു. വീട് കുലുങ്ങുന്നുണ്ടായിരുന്നു. പാത്രങ്ങളും കുപ്പികളും താഴെവീണ് പൊട്ടുന്നു. ചളിയുടെ മണം അകത്തേക്ക് കയറി. വീട്ടിൽനിന്ന് ഞങ്ങൾ ഇറങ്ങി ഓടി. ഓട്ടത്തിനിടെ തറവാട്ടിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു. ആരും കേട്ടില്ല. അടുത്തുള്ള ഒരു വീട്ടിലേക്ക് ഞങ്ങൾ ഓടിക്കയറി. മഴ കുറഞ്ഞപ്പോൾ അവരെ നോക്കാൻ ഉപ്പച്ചിയും ഇക്കാക്കമാരും പോയി. എന്നാൽ, റോഡ് മുഴുവൻ ചളി വന്ന് അടഞ്ഞിരുന്നു. അവിടെയുള്ള ഒരു ക്രിസ്ത്യൻ പള്ളിയുടെ മുകളിൽനിന്നും നോക്കിയപ്പോൾ തൊട്ടപ്പുറത്തെ പള്ളിയുടെ മുകളിൽവരെ മണ്ണ് നിൽക്കുന്നത് കണ്ടു. ആ പള്ളിയുടെ മുന്നിലാണ് എന്റെ തറവാട്. അവരെല്ലാവരും പോയിക്കാണും എന്നുതോന്നി. എന്നാൽ, ആരോടും ഒന്നും പറഞ്ഞില്ല.
പള്ളിയിൽ സുബ്ഹി ബാങ്ക് ഇല്ലാത്ത, സുബ്ഹി നമസ്കാരം ഇല്ലാത്ത ഒരു പകൽ പുലർന്നു. അന്തരീക്ഷം കറുത്ത പുകകൊണ്ട് മൂടിയിരിക്കുന്നു. കാണുന്ന കണ്ണുകളിലെല്ലാം ഭയം നിറഞ്ഞിരിക്കുന്നു. തറവാട് നിന്നിരുന്ന ഭാഗത്ത് ഇപ്പോൾ ഒന്നുമില്ലെന്ന് മനസ്സിലായത് നേരം വെളുത്തപ്പോഴാണ്. അവർ എല്ലാവരും എവിടെയോ കയറിനിൽക്കുന്നുണ്ടെന്ന് ആരോ ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ ആ കുന്നിൽനിന്ന് ഇറക്കാൻ ഹെലികോപ്ടർ വരുന്നുണ്ടെന്നറിഞ്ഞു. കുന്നിൽ നിർത്താൻ കഴിയാത്തതിനാൽ അത് തിരിച്ചുപോയി. വൈകുന്നേരം നാലു മണിയായപ്പോൾ രക്ഷിക്കാൻ ഇനി ആരും വരില്ലെന്നും അവിടെ ഇനി ഒരുദിവസം കൂടി നിൽക്കൽ അസാധ്യമാണെന്നും മനസ്സിലാക്കി, പതുക്കെ എല്ലാവരും രണ്ടു കിലോമീറ്റർ നടന്ന് ചൂരൽമലയിലെത്തി. നടന്നുവരുമ്പോൾ ഒരുപാട് മൃതദേഹങ്ങൾ കണ്ടു. അതിനിടെ ഉപ്പച്ചി പറഞ്ഞു, ഉമ്മച്ചിയുടെ വീട്ടുകാരും പോയി എന്ന്. അതുകൂടി അറിഞ്ഞപ്പോൾ എല്ലാവരും ആർത്ത് കരയാൻ തുടങ്ങി.
ഞങ്ങളെ ആരൊക്കെയോ ആംബുലൻസിൽ കയറ്റി. എന്തെന്നറിയാതെ നിൽക്കുകയായിരുന്നു ഞാനും ഉമ്മയും. ആംബുലൻസ് നേരെ പോയത് മേപ്പാടി പള്ളിയിലേക്കായിരുന്നു. അവിടെ ഒരുപാട് ആളുകൾ തടിച്ചു കൂടിയിരുന്നു. അതിനിടയിൽ വെള്ള വസ്ത്രം ധരിച്ച മാലാഖയെപ്പോലെ രണ്ടു മയ്യിത്ത് കിടക്കുന്നു. എല്ലാരും ഞങ്ങളെ നോക്കുന്നുണ്ട്. അടുത്തെത്തിയപ്പോൾ മനസ്സിലായി, അത് ഉപ്പാപ്പയും ഉമ്മാമ്മയും ആയിരുന്നു. അതുവരെ അവർ എവിടെയോ മാറിനിൽക്കുന്നുണ്ടെന്ന് കരുതിയ ഞങ്ങൾക്ക് അതൊരു അടി കിട്ടിയപോലെയായിരുന്നു. അതിനിടെ ഉമ്മ കുഴഞ്ഞുവീണു.
അപ്പോഴാണ് പഞ്ചായത്തിലേക്ക് വരാൻ പറഞ്ഞ് ഫോൺ വന്നത്. അവിടെ എളാപ്പയുടെ മകന്റെ ശരീരം കിടത്തിയത് കണ്ടു. ആ വീടും വീട്ടിലുള്ളവരും ഇല്ലാതായെന്ന് മനസ്സിലായി. അപ്പുറത്ത് അവന്റെ ഉമ്മയുമുണ്ടായിരുന്നു. വിദേശത്തുനിന്ന് അമ്മാവൻ വിളിച്ചുകൊണ്ടേയിരിക്കുന്നു. എന്തുപറയണം എന്നറിയാതെ ഫോണെടുത്തു. ഞങ്ങൾ സേഫ് ആണെന്ന് പറഞ്ഞു. അമ്മാവന്റെ വീട്ടുകാരെ തിരക്കിയപ്പോൾ അവരെല്ലാം മരിച്ചു എന്ന് പറയാനുള്ള ധൈര്യമില്ലാത്തതിനാൽ അവരും ഇവിടെയുണ്ട് എന്ന് പറഞ്ഞു. എന്നാൽ, എല്ലാമറിഞ്ഞ് അമ്മാവൻ നാട്ടിലേക്ക് വന്നു. മൂന്ന് മക്കളും ഭാര്യയും ഉമ്മയും ഉപ്പയും ജ്യേഷ്ഠനും ജ്യേഷ്ഠന്റെ ഭാര്യയും മക്കളുമടക്കം കുടുംബത്തിലെ ആരെയും ദുരന്തം ബാക്കിയാക്കിയിട്ടില്ല. അമ്മാവനെ കണ്ടതും എല്ലാവരും കരയാൻ തുടങ്ങി. ഓരോ ശരീരം വരുമ്പോഴും ഉറ്റവരുടേതാണോ എന്ന് നോക്കും. അപ്പോഴാണ് ഒരു മയ്യിത്ത് കൊണ്ടുവന്നത്. 40 വയസ്സുള്ള ഒരാളാണെന്ന് വിളിച്ചുപറയുന്നുണ്ട്. എന്നാൽ, അത് കണ്ട ഉടനെ അതെന്റെ നഫ്ല ആണെന്ന് തിരിച്ചറിഞ്ഞു. 40 വയസ്സില്ല, 16 വയസ്സ് മാത്രമാണെന്ന് പറഞ്ഞു. ആ മയ്യിത്തിന്റെ കമ്മൽ കണ്ടപ്പോൾ ഞാനുറപ്പിച്ചു, നഫ്ല തന്നെ. തേങ്ങലോടെ ആ ശരീരം സ്വീകരിച്ച് മറവ് ചെയ്തു.
എന്റെ ക്ലാസ് മുറിയാണ് എന്റെ അന്നത്തെ വീട്. ആ ദിവസങ്ങൾ മുഴുവൻ മരവിച്ചതുപോലെയായിരുന്നു. കൈകളും കാലുകളും തലകളും ഇല്ലാത്ത ശരീരങ്ങൾ കണ്ടിട്ടും പേടിയില്ലായിരുന്നു. കാണാതായ 16 ഉറ്റവരെ തിരയാൻ ഇനി ഞങ്ങൾ ആറു പേർ മാത്രമാണുള്ളത്. അതിനിടെ മുണ്ടക്കൈ കാണണം എന്നുപറഞ്ഞ് ഞങ്ങൾ അവിടെനിന്നിറങ്ങി. തറവാടിന്റെ മുന്നിൽ ഒരുപാട് രക്ഷാപ്രവർത്തകർ നിൽക്കുന്നു. അവരിൽനിന്നും കുറച്ചകന്ന് ഒരാൾ ഇരിക്കുന്നു. അത് അമ്മാവൻ, നൗഫൽ ആയിരുന്നു. ഞങ്ങളെ കണ്ടതും കരയാൻ തുടങ്ങി. കുറച്ചുനേരം ഞാൻ എന്റെ വീട്ടിൽ ഇരിക്കട്ടെ എന്ന് പറഞ്ഞായിരുന്നു ആ പാറകൾക്ക് മുകളിൽ ഇരിക്കുന്നത്. സഹോദരിമാരുടെ കളിപ്പാട്ടങ്ങൾ, മറ്റൊരു സഹോദരിക്ക് ലഭിച്ച ഉപഹാരങ്ങൾ, ഞങ്ങളുടെ ഫോട്ടോകൾ, ബാഗുകൾ, പുസ്തകങ്ങൾ എല്ലാം ചളിയിൽ മൂടിക്കിടക്കുന്നു. 11 പേർ ഒരുമിച്ചുള്ള ഫോട്ടോ കിട്ടിയപ്പോഴാണ് 11 പേരമക്കൾ നാലായി കുറഞ്ഞിരുന്നു എന്ന് തിരിച്ചറിയുന്നത്. ഏഴ് പെൺമക്കളിൽ ഇനി ഞാൻ മാത്രം...’’
നഹ്ല നസ്റിനും നഫ്ല നസ്റിനും
പുത്തുമലയുടെ നെഞ്ചിൽ അവരുറങ്ങുന്നു
പുത്തുമലയുടെ താഴ്വാരത്തെ ചരുവിൽ ഒരുമിച്ച് ഒരിടത്ത് ഉറങ്ങുന്നുണ്ട് നഹ്ലയുടെയും നൗഫലിന്റെയും പ്രിയപ്പെട്ടവർ. നഹ്ല അവിടെ വന്നിരുന്നു. തന്റെ പ്രിയപ്പെട്ടവർക്കൊപ്പം പ്രാർഥനകളോടെ ചേർന്നിരുന്നു. കുറേ വിതുമ്പിക്കരഞ്ഞു. പഴയ വിശേഷങ്ങൾ പറഞ്ഞു. ഏറെനേരം ആ ചാറ്റൽമഴയിൽ കണ്ണീരിനൊപ്പം നനഞ്ഞുകുതിർന്നു. ഒരുമിച്ച് ഒരേ സ്കൂളിൽ പഠിക്കാമെന്ന് അവൾ മുമ്പുകൊടുത്ത വാക്കുപാലിക്കാൻ കഴിയാത്തതിന്റെ പരിഭവങ്ങൾ പങ്കുവെച്ചു. എപ്പോഴും ഉറ്റ സുഹൃത്തായി നീ മാത്രമായിരിക്കുമെന്ന് അവൾ നഫ്ലക്ക് ഉറപ്പുകൊടുത്തു. ഇനിയും വരാമെന്നുപറഞ്ഞ് പുത്തുമലയുടെ താഴ്വാരത്തുനിന്നും മടങ്ങി. പോകുന്നതിനുമുമ്പ് അവൾക്കേറെ ഇഷ്ടമുള്ള പൂക്കൾ അവളുടെ മടിയിൽ വെച്ച് ഒന്നു പുഞ്ചിരിച്ചു.
നഫ്ലയുടേതുൾപ്പെടെ നൗഫലിന്റെ കുടുംബം ഉറങ്ങുന്ന ഖബറുകൾ
അതിജീവനത്തിന്റെ ജൂലൈ 30
ജൂലൈ 30 വയനാടിന് നെഞ്ചുലച്ച ദിനമായിരുന്നു. എല്ലാവരും നഷ്ടപ്പെട്ട നൗഫലിന് ആ ദിനം പക്ഷേ അങ്ങനെ മായ്ച്ചുകളയാനാവില്ല. ആ ദിനത്തിന്റെ പേരിൽതന്നെ അതിജീവനത്തിന്റെ അധ്യായം കുറിക്കുകയായിരുന്നു നൗഫൽ. ആരുമില്ലാതിരുന്ന നൗഫലിനൊപ്പം ഒരു നാടുതന്നെ ചേർന്നുനിന്നു. അങ്ങനെ മേപ്പാടി-തൊള്ളായിരംകണ്ടി റോഡിൽ നൗഫൽ ഒരു പുതിയ സ്ഥാപനം തുറന്നു. അതിന് ഒരു പേരുമിട്ടു ‘ജൂലൈ 30 റസ്റ്റാറന്റ് ആൻഡ് ബേക്സ്’. കടക്കുള്ളിൽ ഓർമകളുടെ മിടിപ്പുമായി മാഞ്ഞുപോകാത്തൊരു മുണ്ടക്കൈ അങ്ങാടിയുമുണ്ട്. പച്ചവിരിച്ച ആ പഴയ മുണ്ടക്കൈ. എന്റെ കടക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല എന്ന് നൗഫൽ പറയുമ്പോൾ ആ ശബ്ദത്തിൽ നഷ്ടപ്പെടലിന്റെ നോവും അതിജീവനത്തിന്റെ പ്രതീക്ഷകളുമുണ്ടായിരുന്നു. ഗൾഫിലെ ജോലി നിർത്തി നാട്ടിൽ ബേക്കറി തുടങ്ങി ഇവിടെ ജീവിക്കാമെന്ന് എപ്പോഴും പറഞ്ഞിരുന്ന ഭാര്യ സജ്നക്ക് ഇതിനപ്പുറം ഒന്നും ഇനി നൗഫലിന് നൽകാനില്ല. സംസാരത്തിനിടെ കടയുടെ മുന്നിൽ നിൽക്കുന്ന നൗഫലിനെ നോക്കുമ്പോൾ കൂടുതൽ തെളിഞ്ഞു കണ്ട ‘ജൂലൈ 30’ എന്നെഴുതിയ ബോർഡിൽ ഒളിഞ്ഞിരിക്കുന്ന പ്രതീക്ഷയുടെ സൂര്യനെക്കാണാം. ആവിപറക്കുന്ന ചായക്കപ്പിൽ അറിയാതെയെഴുതിയ ‘ആഫ്റ്റർ’ എന്ന വാക്കും. അതിജീവനത്തിന്റെ ആ വാക്കുകൾ ഇങ്ങനെ ചേർത്തുവായിക്കാം, ‘ആഫ്റ്റർ ജൂലൈ 30, വെയ്റ്റിങ് ഫോർ സൺറൈസ്’.
നൗഫൽ കടയുടെ മുന്നിൽ
നമ്പറുകൾ മാത്രമായവർ
മുണ്ടക്കൈ ദുരന്തത്തിൽ ഓർമയായവർ അന്ത്യവിശ്രമംകൊള്ളുന്ന പുത്തുമലയുടെ താഴ്വാരച്ചെരിവിലെത്തുമ്പോൾ ദൂരെനിന്നുതന്നെ കുറേ നമ്പറുകൾ പതിപ്പിച്ച ചെറുതൂണുകൾ തെളിഞ്ഞുകാണാം. N23, C20, C198, N34... ഇങ്ങനെ നൂറുകണക്കിന് തൂണുകൾ. അതിനുകീഴെയുള്ള മൺകൂനകളിൽ തെരുവപ്പുല്ലുകൾ മുളച്ചുപൊന്തിയിരിക്കുന്നു. ദുരന്തത്തിൽ മരിച്ച, തിരിച്ചറിയാനാവാത്ത മൃതശരീരങ്ങളുടെ ഭാഗങ്ങൾ അടക്കം ചെയ്തിരിക്കുകയാണ് ഈ നമ്പറുകൾക്കു കീഴിൽ. അത് ഇങ്ങനെ വായിക്കാം; N23 -നിലമ്പൂരിൽനിന്നു ലഭിച്ച 23ാമത്തെ മൃതദേഹ ഭാഗം, C20 -ചൂരൽമലയിൽനിന്നു ലഭിച്ച 20ാമത്തെ മൃതദേഹ ഭാഗം. തിരിച്ചറിഞ്ഞവരിൽ പലരും അവരുടെ പേരെഴുതിയ ഫലകങ്ങൾ കുഴിമാടത്തിൽ സ്ഥാപിച്ചിരിക്കുന്നു. ഒരേ പേരിൽതന്നെ കാണാം ഒന്നിലധികം കുഴിമാടങ്ങൾ. കണ്ടെടുത്ത ശരീരഭാഗങ്ങൾ മറവുചെയ്തശേഷം നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഫലം വന്നപ്പോൾ ഒരാളുടെ ശരീരത്തിന്റെ പല ഭാഗങ്ങൾ പല കുഴിമാടങ്ങളിലായതുകൊണ്ടാണിത്. പല കുഴിമാടങ്ങളിലും പ്രാർഥനകളുമായി പലരും വന്നുപോകുന്നു.
വെള്ളാർമലയുടെ സ്വന്തം
ചൂരൽമലക്കാർക്കും മുണ്ടക്കൈയിലുള്ളവർക്കും വെള്ളാർമല സ്കൂൾ നാടിനെ ആദ്യക്ഷരം പഠിപ്പിച്ച വിദ്യാലയം മാത്രമായിരുന്നില്ല. സ്നേഹ സൗഹൃദങ്ങളുടെ ഒത്തുചേരലിടംകൂടിയായിരുന്നു ഇവിടം. നാടിന്റെ ഉത്സവങ്ങൾക്ക് തിരിതെളിയുന്നത് ഇവിടെനിന്നായിരുന്നു. പ്രളയകാലത്തു മുഴുവൻ ഈ വെള്ളാർമല സ്കൂളാണ് അന്നാട്ടുകാരുടെ സംരക്ഷിത കേന്ദ്രമായി മാറിയത്. ഏത് പ്രതിസന്ധിയെയും ചെറുത്തുതോൽപിക്കാമെന്ന ഉറപ്പിന്റെ ഇടംകൂടിയായിരുന്നു അത്. 2024 ജൂലൈ 28നും 29നും ആർത്തലച്ച് ചൂരൽമലയിലും മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും പെയ്തിറങ്ങിയ മഴയിലും അധികമൊന്നും അന്നാട്ടുകാർ പേടിച്ചിരുന്നില്ല. പുന്നപ്പുഴ ചതിക്കാറില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ കയറിനിൽക്കാൻ വെള്ളാർമല സ്കൂളുണ്ടെന്നുമുള്ള ധൈര്യമുണ്ടായിരുന്നു അവർക്ക്. എന്നാൽ, അന്ന് പെയ്തിറങ്ങിയ മഴ അവർ കരുതിയതിലും കൂടുതലായിരുന്നു. പുഞ്ചിരിമട്ടത്തുനിന്നു തുടങ്ങി പലതവണയായി പൊട്ടിയിറങ്ങിയ ഉരുളിൽ ഒരു നാടൊന്നാകെ കുത്തിയൊലിച്ച് താഴെ വെള്ളാർമലയിലേക്കൊഴുകി. ഉരുൾ ഇരമ്പിയാർത്തുവന്ന് വെള്ളാർമല സ്കൂളിന്റെ ഒരുഭാഗം കവർന്നു. എന്നാൽ, അതിന്റെ വലിയൊരുഭാഗം ഉരുളുകളെ ഓരോന്നിനെയും പ്രതിരോധിച്ച് നിലകൊണ്ടു. ആ ഉരുൾ പ്രളയം ചൂരൽമല അങ്ങാടിയെ മുഴുവൻ വിഴുങ്ങാതെ പോയത് വെള്ളാർമല സ്കൂളിന്റെ ചെറുത്തുനിൽപുകൊണ്ട് മാത്രമായിരുന്നെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ചെറുത്തുനിൽപിന്റെ, അതിജീവനത്തിന്റെ നേർസാക്ഷ്യമായി വെള്ളാർമല സ്കൂൾ ഇപ്പോഴും നിലകൊള്ളുന്നു.
പുന്നപ്പുഴ ഇപ്പോഴും കുത്തിയൊലിച്ചൊഴുകുകയാണ്. ഒരുനാടിനെ തുടച്ചെടുത്ത ഉരുളിന്റെ ചളിമണം ഇന്നും അതിന്റെ കരയിൽ പരക്കുന്നുണ്ട്. ഒരു ചാൽമാത്രമായിരുന്ന പുഴ ഒരു രാത്രി ഇരമ്പിയാർക്കുന്ന പ്രളയക്കടലായി മാറി പുഞ്ചിരിമട്ടത്തെയും മുണ്ടക്കൈയെയും ചൂരൽമലയെയും തുടച്ചുനീക്കുമ്പോൾ നിലവിളികൾ ഉരുളിന്റെ ആർത്തനാദത്തിൽ അമർന്നുപോയിരുന്നു. ചൂരൽമല അങ്ങാടിക്കരികെ പ്രതീക്ഷയുടെ ബെയ്ലി പാലം ഇപ്പോഴും നാടിന്റെ ജീവിതപ്പലകയായി നിൽപുണ്ട്. അതിനരികെ ഒരു നാടിന്റെ സൗഹാർദത്തിന്റെ ചിഹ്നമായ ചൂരൽമല ശിവക്ഷേത്രത്തിന്റെ അവശേഷിപ്പുകളും. എല്ലാത്തിനും മൂകസാക്ഷിയായി ഒരാൽമരവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.