പാരന്റൽ കൺട്രോൾ ഹാക്ക് ചെയ്യുന്ന കുട്ടികൾ
text_fieldsകുട്ടിയെ ഡിവൈസുകളിലെ പാരന്റൽ കൺട്രോളിനെ ‘ഏൽപിച്ച്’ സൂപ്പർ ബിസി ജീവിതത്തിൽ തന്നെ തുടരുന്ന രക്ഷിതാക്കൾ അറിയുക, കുട്ടിയുടെ കാര്യം സേഫല്ല എന്ന്. കാരണം, തങ്ങളുടെ സ്ക്രീൻ ടൈം സെറ്റിങ്സ് തിരുത്താനും അരുതാത്ത ഉള്ളടക്കങ്ങൾ കാണാനും മിനിമം ബുദ്ധിയുള്ള കുട്ടികൾക്കെല്ലാം കഴിയും. രക്ഷിതാക്കളുമായുള്ള പരസ്പര വിശ്വാസം തെറ്റിക്കാൻ അവർക്ക് അവസരം നൽകുക കൂടിയാണ് പാരന്റൽ കൺട്രോൾ സംവിധാനങ്ങളെ മാത്രം ആശ്രയിച്ചുള്ള ഡിജിറ്റൽ പാരന്റിങ് എന്ന് മുന്നറിയിപ്പു നൽകുന്നു, പ്രമുഖ അമേരിക്കൻ ഡിജിറ്റൽ പാരന്റിങ് കോച്ച് എലിസബത്ത് മിലോവിഡോവ്.
പാരന്റൽ കൺട്രോളിലെ അപ്ഡേഷനുകൾ മനസ്സിലാക്കൽ മാത്രമല്ല, പരസ്പര വിശ്വാസം ഊട്ടിയുറപ്പിക്കാൻ കുട്ടികളുമായുള്ള ആശയവിനിമയത്തിനായി സമയം നിക്ഷേപിക്കണമെന്നും അവർ നിർദേശിക്കുന്നു. സെറ്റിങ്സിനേക്കാൾ പ്രധാനമാണ്, ഡിജിറ്റൽ ലോകത്തെ പെരുമാറ്റ മര്യാദയെപ്പറ്റി അവരോട് ആശയവിനിമയം നടത്തുകയെന്നത്.
‘‘നമ്മുടെ കുട്ടികളെ എല്ലാത്തിൽനിന്നും നിയന്ത്രിക്കലോ പേടിപ്പിച്ചു നിർത്തുകയോ അല്ല പ്രധാനം. മികച്ച തീരുമാനങ്ങളെടുക്കാൻ അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. വളരെ ചെറിയ പ്രായത്തിൽ തന്നെ അവരെ ഇതിനായി ഒരുക്കണം. രക്ഷിതാക്കൾ മുറിയിലില്ലെങ്കിൽ എങ്ങനെയാണ് ഓൺലൈൻ പെരുമാറ്റമെന്ന് അവരെ പറഞ്ഞു ശീലിപ്പിക്കണം. അതാണ് ഡിജിറ്റൽ രക്ഷാകർതൃത്വം’’ -മിലോവിഡോവ് പറയുന്നു. എത്ര നിങ്ങൾ നിയന്ത്രണം വരുത്തിവെച്ചാലും ചില ഉള്ളടക്കങ്ങൾ കുട്ടികൾ കാണുക തന്നെ ചെയ്യും. അതിനോടുള്ള പ്രതികരണം എന്തായിരിക്കണമെന്ന് അവരെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കുന്നു.
വൈഫൈ റൂട്ടർ
ഡിജിറ്റൽ സുരക്ഷയുടെ ആദ്യ പടിയാണ് വൈഫൈ റൂട്ടർ. അനാവശ്യ വെബ്സൈറ്റുകളും അത്തരം ഉള്ളടക്കങ്ങളും ഇവിടെ വെച്ചുതന്നെ ബ്ലോക്ക് ചെയ്യാം. റൂട്ടർ/സർവിസ് പ്രൊവൈഡറുടെ വെബ്സൈറ്റിൽ ഇതിനുള്ള സ്റ്റെപ് ബൈ സ്റ്റെപ് ഗൈഡ് ഉണ്ടാകും. അതേസമയം, വൈഫൈക്ക് പുറമെ കുട്ടിയുടെ ഫോണിൽ മൊബൈൽ ഡേറ്റ ഉണ്ടെങ്കിൽ ഇതുകൊണ്ടൊന്നും പ്രായോജനമുണ്ടാകില്ല.
പാരന്റൽ കൺട്രോൾ പ്ലാറ്റ്ഫോമുകൾ അറിഞ്ഞിരിക്കുക
സമയാസമയങ്ങളിൽ വരുന്ന പാരന്റൽ കൺട്രോൾ അപ്ഡേഷനുകൾ പറഞ്ഞുതരുന്ന വിവിധ പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്, അവ അറിഞ്ഞുവെക്കുക. സന്നദ്ധ സംഘടനകൾ നടത്തുന്ന Internet Matters പോലുള്ളവ ഉദാഹരണം. (ഇന്ത്യയിൽ: ദേശീയ ബാലാവകാശ കമീഷൻ, യുനിസെഫ് ഇന്ത്യ, ആരംഭ് ഇന്ത്യ തുടങ്ങിയവയുടെ വെബ്സൈറ്റുകൾ)
സെറ്റിങ്സ് പതിവായി പരിശോധിക്കുക
അടിസ്ഥാനപരമായി, നിയമങ്ങൾ പാലിക്കാൻ ഇഷ്ടമുള്ളവരാണ് കുട്ടികൾ. എന്നാലവർക്ക് പ്രായം കൂടിവരുമ്പോൾ നിങ്ങൾ ചെയ്തുവെച്ച നിയന്ത്രണങ്ങൾ മറികടക്കാൻ അവർക്ക് പ്രേരണയുണ്ടായേക്കാം. അതിനാൽ അപ്ഡേറ്റുകളും മറ്റും ശ്രദ്ധിക്കുക.
സ്ക്രീൻ ടൈമിലല്ല കാര്യം
അഞ്ചുമിനിറ്റേ കുട്ടി ഓൺലൈനായിരുന്നതെങ്കിലും അപകടത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് സ്ക്രീൻ ടൈം ചുരുക്കിയതുകൊണ്ടു മാത്രം പ്രയോജനമില്ല. ഫോണിൽ നിന്ന് ഹോംവർക്ക് നിർദേശങ്ങൾ എടുക്കുന്ന കുട്ടികളുടെ സ്ക്രീൻ ടൈം നാം എങ്ങനെ കണക്കാക്കും ? അൽപം സങ്കീർണമാണ് കാര്യങ്ങളെന്ന് മനസ്സിലാക്കാം. എന്താണ് പിന്നെയൊരു വഴി? കുട്ടി നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ ? നന്നായി ഉറങ്ങുന്നുണ്ടോ? സ്കൂളിലും പഠനത്തിലും നന്നായി പോകുന്നുണ്ടോ? രക്ഷിതാവുമായി നല്ല നിലയിൽ പെരുമാറുന്നുവോ? കൂട്ടുകാരുമായി എങ്ങനെ? ഇതൊക്കെ ഓകെയാണെങ്കിൽ കാര്യങ്ങൾ ഓകെയാണെന്ന് സമാധാനിക്കുകയാണ് ഒരു വഴി. ഒപ്പം, മറ്റു നിയന്ത്രണങ്ങളും ആശയവിനിമയവും കുറ്റമറ്റതാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.