പുതിയ ‘കിഡ്‌ഫ്ലൂവൻസർ’ ബൂം: കുഞ്ഞുങ്ങളെ ഓൺലൈൻ താരങ്ങളാക്കുന്ന അമ്മമാർ അറിയാൻ
text_fieldsഭംഗിയുള്ള വസ്ത്രങ്ങൾ ധരിച്ച് പോസ് ചെയ്യുന്ന, നായ്ക്കുട്ടികളുമായി കളിക്കുന്ന, ഏറ്റവും പുതിയ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന കുട്ടികൾ നിങ്ങളുടെ സോഷ്യൽ മീഡിയ ഫീഡിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ടെങ്കിൽ ഒരു കാര്യം തിരിച്ചറിയുക, നിങ്ങൾ ‘കിഡ്‌ഫ്ലുവൻസറു’കളുടെ ലോകത്തേക്ക് പ്രവേശിച്ചിരിക്കുന്നു!
സെലിബ്രിറ്റികൾ അവരുടെ കുട്ടികളെ പാപ്പരാസികളിൽ നിന്ന് രക്ഷപ്പെടുത്താൻ തിടുക്കപ്പെടുന്ന അതേ കാലത്തു തന്നെയാണ്, മറ്റൊരു കൂട്ടം മാതാപിതാക്കൾ അവരുടെ കുഞ്ഞുങ്ങളെ ഓൺലൈൻ താരങ്ങളാക്കി മാറ്റാൻ പാടുപെടുന്നത്. ഉദാഹരണത്തിന്, ചെന്നൈയിൽ നിന്നുള്ള ആറ് വയസ്സുള്ള ടിയാന എലിസബത്ത് ജോർജിന് ഇൻസ്റ്റാഗ്രാമിൽ 9,52,000 ഫോളോവേഴ്‌സ് ഉണ്ട്. അവിടെ അവൾ അമ്മയുടെ മേക്കപ്പ് മുതൽ പ്രിയപ്പെട്ട സ്റ്റേഷനറി ഇനങ്ങൾ വരെയുള്ള നവ അനുഭവങ്ങളുടെ വിഡിയോകൾ പോസ്റ്റ് ചെയ്യുന്നു.
1.6 ദശലക്ഷം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള സാറ സയാന, വരുൺ ധവാനും വാമിക ഗബ്ബിക്കുമൊപ്പം ‘ബേബി ജോണിലൂ’ടെ അഭിനയരംഗത്തേക്ക് പ്രവേശിച്ച താരമാണ്. സ്റ്റാർ പ്ലസിലും സോണി ടി.വിയിലും സ്ഥിരം മുഖമായ തന്മയ് ഋഷി ഷാ ഷാരൂഖ് ഖാൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയ ബോളിവുഡ് താരങ്ങളുമൊത്തുള്ള യാത്രാ ഫോട്ടോകളും സെൽഫികളും കൊണ്ട് തന്റെ ഫീഡ് നിറക്കുന്നു.
അതേസമയം, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സെലിബ്രിറ്റി ഷെഫായ നിഹാൽ രാജ്, ‘പോപ്‌സിക്കിൾസ്’ നിർമിക്കുന്ന വിഡിയോ വൈറലായതിന് ശേഷം നാലു വയസ്സു മാത്രമുള്ളപ്പോൾ പ്രശസ്തിയുടെ പടവുകൾ കയറി. രണ്ടു വർഷത്തിന് ശേഷം ‘ദി എല്ലെൻ ഡിജെനെറസ്’ ഷോയിൽ അവൻ താരമായി.
കുഞ്ഞിലേ തന്നെ സംഗീത യാത്ര ആരംഭിച്ച ‘റോക്ക് ആർട്ടിസ്റ്റ്’ മേഗൻ രാകേഷ്, തന്റെ നേട്ടത്തിന്റെ നാഴികക്കല്ലുകൾ രേഖപ്പെടുത്തുന്നതിനാണ് മാതാപിതാക്കൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയതെന്ന് പറയുന്നു. മേഗൻ വീട്ടിലിരുന്ന് തന്നെ പഠിക്കുന്നു. ഹോൺബിൽ ഫെസ്റ്റിവൽ, റോക്ക്‌ടോബർഫെസ്റ്റ് പോലുള്ള വമ്പൻ സംഗീത പരിപാടിക്കിടയിൽ സ്വന്തം സൗകര്യത്തിനും താൽപര്യത്തിനും അനുസരിച്ച് പഠനം മുന്നോട്ടു കൊണ്ടുപോവുന്നു. 11കാരിയുടെ അമ്മയായ പ്രിയങ്ക ഖുറാന പറയുന്നത് തന്റെ ജോലികളും മകളുടെ ഗൃഹപാഠവും പൂർത്തിയാക്കിയതിനുശേഷം മാത്രമേ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാറുള്ളൂ എന്നാണ്.
സ്പോൺസർ ചെയ്ത പോസ്റ്റുകൾ മുതൽ പണമടച്ചുള്ള സഹകരണങ്ങൾ വരെ ഇവരെ പ്രസിദ്ധരാക്കുന്നു. കലാലയ ബിരുദം നേടുന്നതിന് എത്രയോ മുമ്പുതന്നെ വരുമാനം നേടുന്നവരായി മാറുന്നു. എന്നാൽ, ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും മാതാപിതാക്കളോ സഹായികളോ ആണ് കൈകാര്യം ചെയ്യുന്നത്. മുതിർന്നവരുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ.
രസകരമാണ്, പക്ഷെ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
കുട്ടികളുടെ നിഷ്കളങ്കതയും ആധികാരികതയും പ്രേക്ഷകർ കൂടുതലായി വിശ്വസിക്കുന്നുവെന്ന് കൗൺസിലിങ് സൈക്കോളജിസ്റ്റ് ഡോ. റിമ്പ സർക്കാർ പറയുന്നു. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികളെ അവർ കൂടുതൽ വിശ്വാസ്യതയുള്ളവരായി കരുതുന്നു. അതുകൊണ്ടാണ് പരസ്യദാതാക്കളും ബ്രാൻഡുകളും ആ വിശ്വാസത്തെ ആകർഷണ ഘടകമാക്കാൻ തിടുക്കപ്പെടുന്നത്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിന്റെ തുടക്കകാലത്തെ പ്രശസ്തി ഇരുതല മൂർച്ചയുള്ള വാളായി മാറിയേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്ക് വിധേയരാകുന്ന കുട്ടികൾ പലപ്പോഴും ലൈക്കുകളും കമന്റുകളും ഉപയോഗിച്ച് മിഥ്യാഭിമാനബോധം വളർത്തിയെടുക്കുന്നുവെന്നും അവർ നിരീക്ഷിക്കുന്നു.
സൈബറിടത്തിൽനിന്നും ലഭിക്കുന്ന ‘ഡോപാമൈൻ ലൂപ്പ്’ വൈകാരിക നിയന്ത്രണത്തെ ബാധിക്കുകയും അത് പ്രസക്തി നഷ്ടപ്പെടുമോ എന്ന ഭയത്തിലേക്കും ഉത്കണ്ഠയിലേക്കും നയിക്കുകയും ചെയ്തേക്കാം. പ്രത്യേകിച്ച് വൈകാരിക പക്വത വികസിച്ചുകൊണ്ടിരിക്കുന്ന പ്രായത്തിൽ ഓൺലൈൻ വ്യക്തിത്വത്തിൽ നിന്ന് അവരുടെ യഥാർത്ഥ വ്യക്തിത്വത്തെ വേർപെടുത്താൻ അവർ പാടുപെടുമെന്നും റിമ്പ സർക്കാർ മുന്നറിയിപ്പു നൽകുന്നു.
നെഗറ്റീവ് കമന്റുകൾ, സ്വകാര്യതാ ലംഘനങ്ങൾ, നിരന്തരമായ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കൽ എന്നിവ ആത്മാഭിമാനത്തെ കൂടുതൽ ദുർബലപ്പെടുത്തിയേക്കാം. ഒരു കുട്ടി വിമർശനത്തെ ഉള്ളിലേക്കെടുക്കുകയോ വെറും ദൃശ്യപരതയെ ജീവിതത്തിന്റെ മൂല്യവുമായി തുലനം ചെയ്യുകയോ ചെയ്യുന്ന അപകടത്തിൽ പതിച്ചേക്കാം. കുട്ടികളെ അനുയായികളുടെ എണ്ണത്തിനനുസരിച്ചല്ല, മറിച്ച് ആരാണെന്ന് സ്വയം വിലമതിക്കാൻ രക്ഷാകർത്താക്കൾ അവരെ പര്യാപ്തരാക്കുകയാണ് വേണ്ടതെന്നും ഡോ. സർക്കാർ നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

