അറിയുക, എപ്പോഴും ‘പീപ്പിൾ പ്ലീസർ’ ആകാൻ കഴിയില്ല
text_fieldsഎപ്പോഴും മറ്റുള്ളവരുടെ താൽപര്യങ്ങൾക്ക് നിങ്ങളുടെ താൽപര്യങ്ങളെക്കാൾ പ്രാധാന്യം നൽകുന്ന വ്യക്തിയാണോ? മറ്റുള്ളവരോട് ‘നോ’ പറയാൻ ബുദ്ധിമുട്ടുള്ളയാളാണോ? എങ്കിൽ നിങ്ങളൊരു ‘പീപ്പിൾ പ്ലീസർ’ ആയിരിക്കാൻ എല്ലാ സാധ്യതയുമുണ്ട്.
ആളുകൾ മുഷിഞ്ഞുകാണുന്നത് ഭയന്ന് എല്ലാവരെയും സന്തോഷിപ്പിക്കാൻ പെടാപ്പാടുപെടുന്നവരെയാണ് ‘പീപ്പിൾ പ്ലീസർ’ എന്നു വിളിക്കാറ്. തന്നെ ആളുകൾ അവഗണിക്കും അല്ലെങ്കിൽ അവരുമായി തർക്കത്തിൽ ഏർപ്പെടേണ്ടിവരും എന്നെല്ലാമുള്ള ഭയത്തിൽ നിന്നാണ് ഇത്തരം സ്വഭാവം ഉടലെടുക്കുന്നത്. ‘പീപ്പിൾ പ്ലീസർ’ സ്വഭാവമുള്ളവരാണെങ്കിൽ അതിൽ നിന്ന് മറികടക്കാൻ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാം:
• നിങ്ങൾക്ക് എല്ലാവരാലും ഇഷ്ടപ്പെടുന്നയാളാകാൻ കഴിയില്ല. മറ്റുള്ളവരുടെ അംഗീകാരത്തിനായി എപ്പോഴും വെമ്പുന്നവരാണ് ‘പീപ്പിൾ പ്ലീസർ’. മറ്റുള്ളവരുടെ പ്രതീക്ഷക്കനുസരിച്ചാണ് ഇവർ സ്വയം മാർക്കിടുന്നത്. എല്ലാവരുടെയും താൽപര്യം നേടാൻ ഒരിക്കലും കഴിയില്ലെന്ന് മനസ്സിലാക്കണം.
• മറ്റുള്ളവർ പ്രധാനമായും അനുയോജ്യമായും കരുതുന്ന കാര്യങ്ങളിൽ സമയവും പണവും ചെലവഴിക്കുന്നവരായിരിക്കും ‘പീപ്പിൾ പ്ലീസർ’. നിങ്ങളുടെ താൽപര്യം നിശ്ചയിക്കേണ്ടത് നിങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കുക.
• മറ്റുള്ളവർ നിങ്ങളെ പരിഗണിക്കുന്ന രീതി നിശ്ചയിക്കുന്നത് നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ചിന്തയും വികാരവും അവഗണിക്കപ്പെടുന്നുവെന്ന് തോന്നിയാൽ തുറന്നുപറയാൻ മടിക്കരുത്. അതിരുകൾ നിശ്ചയിക്കണം, എങ്കിൽ മാത്രമേ നിങ്ങളിൽ നിന്ന് കാര്യം കാണാൻ നടക്കുന്നവർക്ക് മുന്നിൽ എഴുന്നേറ്റ് നിൽക്കാനാകൂ.
• എന്നും സ്വന്തം ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടേത് മുന്നിൽ വെച്ചാൽ സ്വയം പരാജയം ലക്ഷ്യം വെക്കുക എന്നാണർഥം. എപ്പോഴും ലഭ്യമാണെന്ന് വന്നാൽ നിങ്ങളുടെ സമയത്തിന് ആരും വില തരില്ല.
• അതിരു വരക്കാൻ ഏറ്റവും നല്ല വഴി, നിങ്ങളുടെ പ്രതീക്ഷയും ആവശ്യവും തുറന്നു പ്രകടിപ്പിക്കുകയാണ്. ‘പീപ്പിൾ പ്ലീസർ’ സ്വന്തം ആവശ്യം തുറന്നുപറയാൻ മടിക്കും. മറ്റുള്ളവർക്ക് ഇഷ്ടപ്പെടില്ല എന്ന ഭയമാണവരിൽ. അതുകൊണ്ടുതന്നെ മറ്റുള്ളവർ അപമാനിക്കുകയോ അവഗണിക്കുകയോ ചെയ്താൽ ഇവർ പ്രതികരിക്കാൻ മടിക്കുന്നു. നിങ്ങളുടെ അതിരുകളിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നത് അവഗണിക്കാതെ, അവരോട് അടുത്ത തവണ വിനയത്തോടെ കാര്യം പറയുക.
• സ്വന്തത്തിനുവേണ്ടി എഴുന്നേറ്റുനിന്നാലും ചിലർ നിങ്ങളുടെ അതിരുകൾ ബഹുമാനിക്കില്ല. ചില ബന്ധങ്ങൾ നഷ്ടപ്പെടുന്നത് വേദനജനകമാണെങ്കിലും അതു മാത്രമായിരിക്കും ചിലപ്പോൾ പരിഹാരം. പ്രയോജനമില്ലാത്തതെന്ന് മനസ്സിലാക്കാനും അവിടം വിടാനുമുള്ള വഴിയാണ് അതിർവരമ്പ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.