ഓര്‍മകള്‍ക്ക് മാരിവില്‍ച്ചന്തം
text_fieldsആലുവയിലെ മെലഡി എന്നു പേരുള്ള ഫ്ളാറ്റിലെ ബി-ആറില്‍ ജീവിതമെന്നാല്‍ സംഗീതമാണ്. സംഗീതം ജിവിതസപര്യയാക്കിയ പാട്ടുകാരിയും ആ പാട്ടുകാരിയെ സഖിയാക്കിയ കൂട്ടുകാരനും ചേരുമ്പോള്‍ അതങ്ങനെയാവാതിരിക്കാനും തരമില്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്‍െറ അമ്പിളിച്ചന്തത്തില്‍ നില്‍ക്കുന്ന സിതാരക്ക് ഈ വിഷുക്കാലം ഏറെ പുതുമ നിറഞ്ഞതാണ്. കാലമെത്ര കഴിഞ്ഞാലും സിതാരയുടെ മനസ്സില്‍ കുട്ടിക്കാലത്തെ വിഷു ഓര്‍മകള്‍ക്ക് മാരിവില്‍ച്ചന്തമാണ്. പാട്ടുപെട്ടിയുടെ ശ്രുതി മീട്ടിത്തുടങ്ങിയ കാലത്തെ വിഷുപ്പുലരികളാണ് ഈ കലാകാരി എന്നും ഹൃദയത്തോടു ചേര്‍ക്കുന്നത്.
‘നാട്ടുവീടുകളിലെ സാധാരണ കുട്ടികളുടേതു പോലെത്തന്നെയായിരുന്നു എന്‍െറ വിഷുക്കാലങ്ങളും. ഓര്‍ത്തുവെക്കാന്‍ പ്രത്യേക സംഭവങ്ങളൊന്നുമില്ലെങ്കിലും മനസ്സില്‍ നന്മയുടെ സുഗന്ധം നിറക്കുന്നതാണ് ആ ഓര്‍മകള്‍. ചന്ദനഗന്ധം പുരണ്ട അച്ഛമ്മയുടെ സ്നേഹവായ്പിന്‍െറയും കോടിമണം നിറഞ്ഞ അച്ഛച്ഛന്‍െറ വിഷുക്കൈനീട്ടത്തിന്‍െറയും തെളിഞ്ഞ ഓര്‍മയാണ് വിഷു. തിരക്കുകളുടെ ലോകത്ത് കഴിയുമ്പോഴും മടങ്ങിച്ചെല്ലാന്‍ ആഗ്രഹിക്കുന്ന കാലം. വിഷു വരുന്നതും കാത്ത് കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമായിരുന്നു ഞങ്ങള്‍.
വിഷുക്കാലമാകുമ്പോഴേക്കും പ്രകൃതിക്ക് വസന്തത്തിന്‍െറ കൂട്ടുതികഞ്ഞ സൗന്ദര്യമുണ്ടാകും. തറവാട്ടുവീട്ടില്‍ കുട്ടികള്‍ കുറെയുണ്ടായിരുന്നു. വിഷുത്തലേന്ന് ഞങ്ങളെല്ലാം ഒരുമിച്ചുകൂടും. അച്ഛമ്മയാണ് കണിയൊരുക്കുക. മയങ്ങിത്തുടങ്ങിയിട്ടുണ്ടാകുമെങ്കിലും ഉറക്കം വിട്ടുണര്‍ന്ന് ഞാനും അച്ഛമ്മക്കൊപ്പം കൂടും. ഓട്ടുതളികയില്‍ കൃഷ്ണവിഗ്രഹവും കോടി തറ്റുടുത്തതും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കൊന്നപ്പൂവും ഫലവര്‍ഗങ്ങളും കളിയടക്കയും അടുക്കിവെച്ച് കണിയൊരുക്കുന്നത് എത്രവട്ടം കണ്ടാലും കൗതുകമായിരുന്നു. എല്ലാം ഒരുക്കിക്കഴിഞ്ഞ് നിലവിളക്കുകൊളുത്തുമ്പോഴേക്കും രണ്ടാം യാമം പിന്നിട്ടിട്ടുണ്ടാകും.
പുലരിയെത്തും മുമ്പാണ് കണി കാണല്‍. സമൃദ്ധിയുടെ ലോകത്തേക്കുള്ള മിഴിതുറക്കലായിരുന്നു അത്. പ്രഭാതം പടിക്കലെത്തിക്കഴിഞ്ഞാല്‍ കുളിച്ചൊരുങ്ങി പുതുവസ്ത്രമണിഞ്ഞ് പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങുകയായി. പുതുമണം മാറാത്ത നോട്ടുകളുമായി അച്ഛച്ഛന്‍ വിഷുക്കൈനീട്ടം തരാന്‍ കാത്തുനില്‍പ്പുണ്ടാവും.
പ്രഭാത ഭക്ഷണം കഴിഞ്ഞാല്‍പ്പിന്നെ ബന്ധുവീടുകള്‍ സന്ദര്‍ശിക്കലാണ് ഞങ്ങള്‍ കുട്ടിക്കൂട്ടങ്ങളുടെ അടുത്ത പരിപാടി. മുതിര്‍ന്നവരോട് വിഷുക്കൈനീട്ടം കണക്കുപറഞ്ഞ് വാങ്ങിക്കാനും മടിക്കാറില്ല. വീട്ടുകാര്‍ ഭക്ഷണമൊരുക്കുന്നതിന്‍െറ തിരക്കുകളില്‍ മുഴുകുമ്പോള്‍ ഞങ്ങള്‍ കളികളുടെ ലോകത്തായിരിക്കും. ഉണ്ണാന്‍ വിളി വരുമ്പോഴാണ് നേരം അറിയുന്നതു തന്നെ. വിഭവസമൃദ്ധമായ സദ്യയുണ്ടുകഴിഞ്ഞാല്‍ ആഘോഷം കൊടിയിറങ്ങാന്‍ നേരമായെന്ന് മനസ്സ് ചൊല്ലും. ബാക്കിവരുന്ന പടക്കവുമായി തൊടിയിലേക്കിറങ്ങുകയായി വീണ്ടും. വൈകുന്നേരമാവുമ്പോഴേക്കും മനസ്സില്‍ സങ്കടത്തിന്‍െറ മഴമേഘങ്ങള്‍ ഉരുണ്ടുകൂടും. ആഘോഷം കഴിഞ്ഞല്ലോ... പിന്നെ നീണ്ട കാത്തിരിപ്പാണ് അടുത്ത വിഷുക്കാലത്തിനായി...’- സിതാര പറയുന്നു.
ജീവിതം സംഗീതത്തിന്‍െറ ലോകത്തേക്ക് പറിച്ചുനട്ടപ്പോള്‍ തിരക്കുകളില്‍ കുരുങ്ങി ആഘോഷകാലങ്ങളില്‍ വീട്ടിലുണ്ടാവുന്ന പതിവുതെറ്റിത്തുടങ്ങിയെന്ന പരിഭവം സിതാര മറച്ചുവെക്കുന്നില്ല. ഈ വിഷുക്കാലത്ത് കൊച്ചിയിലായിരിക്കും സിതാരയും ഭര്‍ത്താവ് സജീഷും (അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ് സജീഷ്). പുതുതലമുറയിലെ സംഗീതസംവിധായകരുടെ കൂടെയുളള ആഘോഷത്തില്‍ പത്തരമാറ്റാകും ആ സ്വരമാധുരി.
റിയാലിറ്റി ഷോ താരമായിരുന്ന സിതാര, 2007ല്‍ അതിശയന്‍ എന്ന സിനിമയിലെ ‘പമ്മിപ്പമ്മി വന്നേന്‍...’ എന്ന ഗാനത്തോടെയാണ് സിനിമാലോകത്തേക്ക് ചുവടുവെക്കുന്നത്. ഇതുവരെ 60ലേറെ പാട്ടുകള്‍ പാടിക്കഴിഞ്ഞു. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സെല്ലുലോയ്ഡിലെ ‘ഏനുണ്ടോടീ അമ്പിളിച്ചന്തം...’ തന്നെ. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്‍െറ ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ അതിന് ജീവന്‍പകര്‍ന്ന സംഗീതം സിതാരയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. സിനിമയില്‍ പ്രശസ്തയായതോടെ ഗസല്‍വേദികളിലും തിരക്കായി ഈ ഗായികക്ക്. നാടന്‍പാട്ടുകളോട് ഏറെ പ്രിയമുള്ള ഗായിക നാടന്‍പാട്ടിന്‍െറ ചുവയുള്ള പാട്ടുപാടിത്തന്നെയാണ് അവാര്‍ഡ് സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം.
ഷാര്‍ജ വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകനായ ഡോ. കൃഷ്ണകുമാറിന്‍െറയും സാലിയുടെയും മകള്‍ ജനിച്ചത് കലാപാരമ്പര്യമുള്ള കുടുംബത്തിലാണ്. വളരെ ചെറുപ്പത്തിലേ സംഗീതവും നൃത്തവും പഠിച്ചു തുടങ്ങി. പാലാ സി.കെ. രാമചന്ദ്രന്‍ നായര്‍, രാമനാട്ടുകര സതീശന്‍ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കള്‍. നൃത്തവും സംഗീതവും ഒരുമിച്ചു കൊണ്ടുപോയിരുന്ന സിതാരക്ക് കല ജീവിതം തന്നെയാണ്. കലാമണ്ഡലം വിനോദിനിയാണ് നൃത്തരംഗത്ത് ഗുരു. കലയുടെ ലോകത്ത് രണ്ടു പതിറ്റാണ്ട് പാരമ്പര്യമുള്ള ഗായിക സംഗീത പഠനം തുടരുകയാണ്. കൊല്‍ക്കത്ത രബീന്ദ്ര ഭാരതി സര്‍വകലാശാലയിലെ എം.എ. മ്യൂസിക് വിദ്യാര്‍ഥിയാണിപ്പോള്‍.
ഗസലും ശാസ്ത്രീയ സംഗീതവും ഒരുപോലെ വഴങ്ങുന്ന സിതാരക്ക് ഹിന്ദുസ്ഥാനിയോട് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട്. കര്‍ണാടക സംഗീതം പഠിച്ചിരുന്ന സിതാര ഇടക്കാലത്ത് ഹിന്ദുസ്ഥാനിയിലേക്ക് ചുവടുമാറുകയായിരുന്നു. സാരംഗി വാദകന്‍ ഉസ്താദ് ഫയാസ്ഖാന്‍െറയും കോഴിക്കോട് ബാബുരാജ് മ്യൂസിക് അക്കാദമിയിലെ വിജയസേനന്‍െറയും കീഴിലാണ് ഹിന്ദുസ്ഥാനി പഠനം.
കോഴിക്കോട് ഫാറൂഖ് കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ രണ്ടുതവണ കാലിക്കറ്റ് സര്‍വകലാശാലാ കലാതിലകമായ ഈ മലപ്പുറത്തുകാരിയെ തേടി വയലാര്‍ സാംസ്കാരികവേദി പുരസ്കാരം, മുഹമ്മദ് റഫി അവാര്‍ഡ്, ദൃശ്യ ടി. വി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും എത്തി.
സജീഷും സിതാരയും കബീര്‍ ഇബ്രാഹിമും എഴുതിയ വരികള്‍ക്ക് സിതാര ഈണമിട്ട ഗസല്‍ ആല്‍ബം ഉടന്‍ പുറത്തിറങ്ങും. എത്നിക് ഈണങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള ഒരു ആല്‍ബം പുറത്തിറക്കാനുമുള്ള ഒരുക്കത്തിലാണ്. സിനിമ മുഖ്യലക്ഷ്യമായി കരുതുന്നില്ലെങ്കിലും അവസരങ്ങള്‍ കളയില്ലെന്നാണ് സംഗീതലോകത്ത് ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്ന പാട്ടുകാരിയുടെ പക്ഷം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.