ലീഡര്‍ഷിപ്പ് വില്ലേജിലെ നിശ്ശബ്ദ വിപ്ലവം
text_fieldsഇത് ലൈല സൈന്‍. കോഴിക്കോട് ജില്ലയിലെ ഫറോക്ക് ചുങ്കത്തെ പരേതനായ തലേക്കരപാണ്ടിയില്‍ സൈനുദ്ദീന്‍െറയും സൈനബയുടെയും അഞ്ച് മക്കളില്‍ ഇളയവള്‍. ജേണലിസത്തില്‍ പി.ജി ഡിപ്ളോമയും മലയാളം സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും സാമൂഹിക ശാസ്ത്രത്തില്‍ ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യതയെന്നതിനാല്‍ ഒരു സാധാരണ പെണ്‍കുട്ടിയുടേതുപോലെ ചെറിയ ചെറിയ ലക്ഷ്യങ്ങളായിരുന്നു അവള്‍ക്കുമുണ്ടായിരുന്നത്. അധ്യാപനത്തിലോ മാധ്യമ പ്രവര്‍ത്തനത്തിലോ ഭാവി കണ്ടെത്തണമെന്നായിരുന്നു അത്.
എന്നാല്‍, ലൈലയുടെ നിയോഗം മറ്റൊന്നായിരുന്നു. പിന്നാക്ക ജില്ലയായ വയനാട്ടിലെ കുരുന്നുകളെ വെളിച്ചത്തിന്‍െറ പുതിയ തീരങ്ങളിലേക്ക് നയിക്കലായിരുന്നു അത്. ഏഴുവര്‍ഷത്തിനിപ്പുറം ഐക്യരാഷ്ട്രസഭയുടെ അഗീകാരം ലൈലയെ തേടിയെത്തുമ്പോള്‍ പ്രവര്‍ത്തനമികവിനുള്ള നേര്‍സാക്ഷ്യമാകുന്നു അത്.
ഇനി കഥയിലേക്ക്...
വയനാട്ടിലെത്തിയതോടെയാണ് ലൈലയുടെ ജീവിതവും കാഴ്ചപ്പാടും മാറിയത്. അപ്രതീക്ഷിതമായിരുന്നു ആ വഴിത്തിരിവ്. 2005ല്‍ ഹൈസ്കൂള്‍ അധ്യാപികയുടെ താല്‍ക്കാലിക ജോലിക്കായാണ് വയനാട്ടിലെത്തുന്നത്. ക്ളാസ്മുറിയിലെത്തുന്ന സാധാരണക്കാരായ കുട്ടികളുടെ ആത്മവിശ്വാസക്കുറവും ഭൗതിക ചുറ്റുപാടുകളും പഠനത്തെ ബാധിക്കുന്നതായി ലൈല കണ്ടെത്തി. സാമ്പ്രദായിക പഠനരീതിയുടെ കെട്ടുപാടുകളില്‍നിന്ന് കുട്ടികളെ മോചിപ്പിക്കാനായിരുന്നു പിന്നത്തെ ശ്രമം. എന്നാല്‍, സാഹചര്യങ്ങള്‍ അത്രക്ക് അനുകൂലമായിരുന്നില്ല.
ഈ സമയത്താണ് സമാന മനസ്കനായ കല്‍പ്പറ്റ സ്വദേശിയായ അനില്‍ ഇമേജിനെ കണ്ടുമുട്ടുന്നത്. ഇരുവരും ഒരേവഴിക്ക് ചിന്തിക്കുന്നവരായതിനാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തടസ്സമൊന്നുമുണ്ടായില്ല. അങ്ങനെ അനില്‍ ഇമേജിന്‍െറ ആദ്യ സംരംഭമായ ‘അക്കാദമി ഫോര്‍ റിസര്‍ച് ആന്‍ഡ് കമ്യൂണിക്കേഷ’നു കീഴില്‍ ‘ലീഡര്‍ഷിപ് വില്ലേജ് ’എന്ന പദ്ധതി പിറന്നു. ഇവര്‍ ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതികള്‍ ഇന്ന് യു.എന്നിന്‍െറ അംഗീകാരത്തിലെത്തി നില്‍ക്കുകയാണ്.
ലീഡര്‍ഷിപ് വില്ലേജിലെത്തുന്ന കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കാറില്ല. അഞ്ചാം ക്ളാസ് മുതല്‍ ഡിഗ്രി കോഴ്സുകള്‍ ചെയ്യുന്നവര്‍ വരെ ഇവിടുത്തെ വിദ്യാര്‍ഥികളാണ്. ശനി, ഞായര്‍ ദിവസങ്ങളിലും വേനലവധിക്കാലത്തും മുഴുവന്‍ സമയ ക്ളാസുകളും മറ്റു ദിവസങ്ങളില്‍ വൈകുന്നേരങ്ങളിലുമാണ് ലീഡര്‍ഷിപ് വില്ലേജില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്.
വേനലവധിക്കാലത്ത് നടത്തുന്ന സ്പോക്കണ്‍ ഇംഗ്ളീഷ് കോഴ്സിനും പേഴ്സനല്‍ ഡെവലപ്മെന്‍റ് കോഴ്സിനും ചേരുന്ന വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന 500 മുതല്‍ 1000 രൂപ വരെയുള്ള ഫീസാണ് ഇവരുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നത്. കൂടാതെ ലൈലയും അനില്‍ ഇമേജും വിവിധ സ്ഥാപനങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും വ്യക്തിത്വ വികസന ക്ളാസെടുക്കുന്നതില്‍ നിന്നും ലഭിക്കുന്ന തുകയും ലീഡര്‍ഷിപ് വില്ലേജിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കും.
പരസ്യംനല്‍കി കുട്ടികളെ ചേര്‍ക്കുന്ന പതിവൊന്നുമില്ലെങ്കിലും കേട്ടറിഞ്ഞ് ലീഡര്‍ഷിപ് വില്ലേജിലേക്ക് ധാരാളം പേരാണെത്തിയത്. തമ്മില്‍ തമ്മില്‍ പഠിച്ചും പകര്‍ന്നും അവര്‍ വളര്‍ന്നു. നന്മയും സ്നേഹവും ആത്മവിശ്വാസവും കൈമാറി ലൈലയും കുട്ടികളും ജീവിതം മാറ്റിയെഴുതി. സമൂഹത്തില്‍ നിന്നകന്നു പോകുന്ന നന്മകള്‍ കുട്ടികളിലൂടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ലൈലയെയും സഹപ്രവര്‍ത്തകരെയും വ്യത്യസ്തരാക്കുന്നത്.
ആദ്യ അംഗീകാരം
ഐക്യരാഷ്ട്രസഭ ഇന്ത്യയിലെ സന്നദ്ധ പ്രവര്‍ത്തകരെ കുറിച്ച് പുറത്തിറക്കിയ ‘Volunteering in India contexts, Perspectives Disources’ എന്ന പുസ്തകത്തില്‍ പ്രതിപാദിച്ച ഏക മലയാളിയാണ് ലൈല. വയനാട്ടിലെ പിന്നാക്ക ഗ്രാമങ്ങളിലെ കുട്ടികളെ വിദ്യക്കൊപ്പം സാമൂഹിക നന്മയും ആത്മവിശ്വാസവും നല്‍കി നല്ല പൗരന്മാരാക്കുകയെന്ന ലൈലയുടെ ലക്ഷ്യത്തിന് ലഭിക്കുന്ന ആദ്യത്തെ അംഗീകാരമാണ് ഐക്യരാഷ്ട്ര സഭ നല്‍കിയത്. ഗ്രാമീണ വിദ്യാഭ്യാസ മാധ്യമ മേഖലകളിലെ ലൈലയുടെ പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങളടങ്ങിയ ജീവിതരേഖയാണ് ഐക്യരാഷ്ട്രസഭയുടെ പ്രശംസക്ക് പാത്രമായത്.
‘പിന്നാക്ക ജില്ലയായ വയനാട്ടിലെ വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും ജീവിതത്തില്‍ അറിവും ദിശാബോധവും നല്‍കി പരിവര്‍ത്തനം നടത്താന്‍ ലൈലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അവരുടെ ലീഡര്‍ഷിപ് വില്ലേജിന് പ്രാപ്തിയുണ്ട്.’- ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ പുസ്തകത്തില്‍നിന്നാണ് ഈ വാക്കുകള്‍.
ജനാധിപത്യ സംവിധാനങ്ങളെ പഠിച്ചെടുക്കാനായി അസമിലെ കുട്ടികള്‍ നടത്തുന്ന ശിശു പഞ്ചായത്ത്, ലഹരി മരുന്നുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന നാഗാലാന്‍ഡിലെ ഫുതോയ്-എച്ച്-ചോഫി, ഗ്രാമീണരുടെ തുല്യതാ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ബിഹാറിലെ ദലിത് യുവാവ് സന്തോഷ്കുമാര്‍, ഗ്രാമസഭകളുടെ ശാക്തീകരണത്തിനായി മധ്യപ്രദേശില്‍ പ്രവര്‍ത്തിക്കുന്ന സന്ദീപ് സക്സേന, മികച്ച മാധ്യമ സാക്ഷരത പ്രചരിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ അണിനിരക്കുന്ന ദ പീസ് ഗോങ് എന്ന പത്രം, സ്വയം തൊഴിലിലൂടെ സാമൂഹിക പരിവര്‍ത്തനത്തിന് പരിശ്രമിച്ച് 12,000ത്തോളം സന്നദ്ധ പ്രവര്‍ത്തകരെ സേവനത്തിന്‍െറ പാതയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ഹരി കെ. ബിശ്വാസ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് ലൈലയും ഐക്യരാഷ്ട്രസഭയുടെ പുസ്തകത്തില്‍ ഇടം നേടിയത്.
ലോകത്തിലെ മുന്‍നിര ലീഡര്‍ഷിപ് സ്ഥാപനമായ ടോസ്റ്റ്മാസ്റ്റേഴ്സിന്‍െറ സൗദി ഗവര്‍ണര്‍ ലൈലയുടെ വയനാട്ടിലെ ലീഡര്‍ഷിപ് വില്ലേജ് സന്ദര്‍ശിക്കുകയും ഉപഹാരം നല്‍കുകയും ചെയ്തിരുന്നു.
വ്യത്യസ്തമാം പാഠശാല
ലിവിങ് ലൈബ്രറിയിലൂടെ കുട്ടികളിലെ അപകര്‍ഷതാ ബോധം ഇല്ലാതാക്കാനും വിദ്യകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും സഹായിക്കുന്ന തരത്തിലാണ് ഇവര്‍ ലീഡര്‍ഷിപ് വില്ലേജ് ക്രമീകരിച്ചിട്ടുള്ളത്. പല മേഖലകളിലെ പ്രമുഖരെ സ്ഥാപനത്തിലെത്തിക്കുന്ന ലിവിങ് ലൈബ്രറിയെന്ന വേറിട്ട ആശയത്തിന്‍െറ പരീക്ഷണം ഇതില്‍ പ്രധാനമായിരുന്നു. പ്രമുഖ ചിത്രകാരന്‍ പാരിസ് മോഹനന്‍ അടക്കമുള്ള നിരവധി പേരെ ലിവിങ് ലൈബ്രറിയില്‍ എത്തിക്കാനും ഇവര്‍ക്കായി. മൈക്രോസോഫ്റ്റ് ആന്‍ഡ് എസ്.എ.പി ലാബ്സ് ഇന്ത്യ എന്ന കമ്പനിയിലെ 11 സീനിയര്‍ മാനേജര്‍മാര്‍ വയനാട്ടിലെത്തി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ കുട്ടികളെ സ്ഥാപനത്തിലേക്ക് ക്ഷണിക്കുകയുമുണ്ടായി.
സന്നദ്ധ സേവനത്തിലൂടെ സമാധാനവും പുരോഗതിയും എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ നോഡല്‍ ഏജന്‍സിയായ യുനൈറ്റഡ് നേഷന്‍സ് വളന്‍റിയേഴ്സിന്‍െറ സഹായത്തോടെയാണ് ലൈലയും സഹപ്രവര്‍ത്തകരും വിദ്യാഭ്യാസ വിപ്ളവം സൃഷ്ടിക്കുന്നത്. ‘സന്നദ്ധ സേവനം പുരോഗതിയിലേക്ക് ’ എന്ന യു.എന്‍.വിയുടെ (യുനൈറ്റഡ് നേഷന്‍ വളന്‍റിയേഴ്സ്) തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.
ഗ്രാമീണ സര്‍വകലാശാലയിലേക്ക് ചുവടുവെപ്പ്
വയനാട്ടില്‍ ഗ്രാമീണ സര്‍വകലാശാല എന്നതാണ് ലൈലയുടെയും സഹപ്രവര്‍ത്തകരുടെയും ലക്ഷ്യം. കാര്‍ഷിക വൃത്തി, തച്ചുശാസ്ത്രം, പത്ര പ്രവര്‍ത്തനം, പരിസ്ഥിതി സാങ്കേതികം , കല, സംഗീതം, നാടകം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ ഉള്‍ചേര്‍ന്നതാകും ഗ്രാമീണ സര്‍വകലാശാല. ഈ ലക്ഷ്യം 2018ഓടെ പൂര്‍ത്തീകരിക്കാനാവുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.
രവീന്ദ്രനാഥ ടാഗോര്‍ ഫൗണ്ടേഷന്‍െറയും യു.എന്‍.വി സഹകരണത്തോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശിശു പഞ്ചായത്ത്, പീസ് ഗോങ് എന്നീ സംരംഭങ്ങളും ലൈലയുടെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ ആരംഭിച്ചിട്ടുണ്ട്. ഇതുകൊണ്ടും ഈ കൊച്ചുസംഘത്തിന്‍െറ സ്വപ്നങ്ങള്‍ അവസാനിക്കുന്നില്ല. അവര്‍ യാത്ര തുടരുകയാണ്, നേരറിവിലൂടെ ജീവിതത്തിന്‍െറ ശാന്ത തീരങ്ങളിലേക്ക്...

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.