Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഷീ ടാക്സി...

ഷീ ടാക്സി നിരത്തിലിറങ്ങുമ്പോള്‍

text_fields
bookmark_border
ഷീ ടാക്സി നിരത്തിലിറങ്ങുമ്പോള്‍
cancel

യാത്രകളില്‍, പ്രത്യേകിച്ചും രാത്രിയാത്രകളില്‍ സ്ത്രീ നേരിടുന്ന അരക്ഷിതാവസ്ഥയുടെ കഥകളാണ് ജെന്‍ഡര്‍ പാര്‍ക്ക് സി.ഇ.ഒ പി.ടി.എം. സുനീഷിനെ പുതിയൊരു ചിന്തയിലേക്ക് നയിച്ചത്. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ഷീ ടാക്സി! സ്ത്രീകള്‍ക്കുവേണ്ടിയുള്ള പ്രത്യേക ടാക്സികള്‍ എവിടെയെല്ലാമുണ്ടെന്നായിരുന്നു ആദ്യത്തെ അന്വേഷണം. ദല്‍ഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലെല്ലാം ഉണ്ടെങ്കിലും അത് പുരുഷന്മാരുടെ ഉടമസ്ഥതയില്‍ പുരുഷന്മാര്‍ ഓടിക്കുന്നതാണെന്ന കണ്ടത്തെലില്‍ നിന്നാണ് കേരളത്തിലെ ‘ഷീ ടാക്സി’ ഗിയര്‍ മാറ്റിച്ചവിട്ടുന്നത്. സുരക്ഷിത യാത്ര എന്നതോടൊപ്പം സ്ത്രീകള്‍ക്ക് മുന്നിലേക്ക് പുതിയൊരു തൊഴില്‍മേഖലയാണ് ഇതിലൂടെ തുറക്കപ്പെട്ടത്.
‘പണ്ടൊക്കെ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെപ്പറ്റി നമുക്ക് ചിന്തിക്കാന്‍പോലുമാകുമായിരുന്നില്ല. എന്നാല്‍, സ്ത്രീകള്‍ പൊതുധാരയിലേക്ക് കൂടുതലായി കടന്നുവരാന്‍ തുടങ്ങിയതോടെ ഇതിന് മാറ്റമായിതുടങ്ങി. മറ്റു മേഖലകളിലെന്നപോലെ ഡ്രൈവിങ് രംഗത്തേക്കും അവരത്തെി. അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയെന്നത് ഭരണകൂടത്തിന്‍െറചുമതലയുമാണെന്ന സാമൂഹികനീതി മന്ത്രി എം.കെ. മുനീറിന്‍െറ ഉറച്ച പിന്തുണയാണ് സുനീഷിന്‍െറ കൈമുതല്‍. അവര്‍ മുന്നോട്ടു നീങ്ങിയപ്പോള്‍ തലസ്ഥാനനഗരിയില്‍ അഞ്ച് ഷീ ടാക്സിയും അഞ്ച് വനിതാ സാരഥികളും പ്രവര്‍ത്തനസജ്ജരായി. ഡിസംബര്‍ ഒന്നു മുതല്‍ ഇവ നിരത്തിലിറങ്ങി. ഡ്രൈവിങ്സീറ്റില്‍ ജെന്‍സി രമേശും റസിയാബീഗവും ആനിയും ആശാകുമാരിയും ഹീരയും.

തൊഴിലിന്‍െറ ഭാഗമായി ഓട്ടോറിക്ഷ മുതല്‍ ബസ് വരെ അപൂര്‍വം ചില സ്ത്രീകള്‍ ഓടിക്കുന്നുണ്ട്. പുരുഷന്മാരുടെ മാത്രം മേഖലയെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിലേക്ക് സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നു. ഇക്കാര്യത്തില്‍ സമൂഹത്തിന്‍െറ മനോഭാവം മാറുന്നതിന്‍െറ തെളിവാണിത്. അധികം വൈകാതെ വനിതകള്‍ ഓടിക്കുന്ന ടാക്സി കാറുകളോടും കൂടുതലാളുകള്‍ അനുകൂല മനോഭാവം പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.
തിരുവനന്തപുരം സ്വദേശി ജെന്‍സി രമേശിന് വയസ്സ് 50. വിട്ടുകളയാത്ത ഊര്‍ജസ്വലതയാണ് ജെന്‍സിയുടെ കൈമുതല്‍. കാര്‍ ഡ്രൈവിങ് രംഗത്ത് 20 വര്‍ഷത്തെ പരിചയവുമുണ്ട്. സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ സ്ത്രീസുരക്ഷ എന്നതുമാത്രമല്ല ജെന്‍സിയെ ഷീ ടാക്സിയില്‍ ഡ്രൈവറാകാന്‍ പ്രേരിപ്പിച്ചത്. സ്വയം സംരംഭകത്വത്തിന്‍െറ ഭാഗമായി സ്ത്രീകള്‍ക്ക് ആവശ്യമായ വരുമാനം ആര്‍ജിക്കാമെന്നതും ഷീ ടാക്സിയുടെ ആകര്‍ഷണമാണെന്ന് അവര്‍ പറയുന്നു.
കൊല്ലം സ്വദേശിയായ റസിയാബീഗത്തിന് ഡ്രൈവിങ് ഒരു ‘പാഷന്‍’ ആണ്. ബന്ധുക്കളോടൊപ്പം ബംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ കാറോടിച്ചതിന്‍െറ 12 വര്‍ഷത്തെ പരിചയവുമുണ്ട്. ഇഷ്ടപ്പട്ട ജോലി ചെയ്യാമെന്നതോടൊപ്പം സ്വയം വരുമാനം കണ്ടത്തൊനാവുമെന്നതും റസിയക്ക് ഷീ ടാക്സിയോടുള്ള ആഭിമുഖ്യത്തിനിടയാക്കി. ഇത്രയുംകാലം പുരുഷന്മാര്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഒരു തൊഴില്‍മേഖല സ്ത്രീകള്‍ക്ക് മുന്നില്‍ തുറക്കപ്പെടുന്നതിന്‍െറ സന്തോഷവും മറച്ചുവെക്കുന്നില്ല റസിയ. ദുബൈയിലെ പിങ്ക് ടാക്സിയുടെ ഭാഗമാകണമെന്നത് റസിയയുടെ സ്വപ്നമായിരുന്നു. എന്നാല്‍, സ്വന്തം നാട്ടില്‍ സ്ത്രീകള്‍ സ്ത്രീകള്‍ക്കായി നടത്തുന്ന കാര്‍ സര്‍വീസിന്‍െറ ഭാഗമായതില്‍ അതിയായ സന്തോഷമുണ്ടെന്നും ഈ 34കാരി പറയുന്നു.
59കാരിയായ ആനി ആദ്യകാല വനിതാ ഓട്ടോഡ്രൈവറാണ്. തൃശൂര്‍ സ്വദേശിയായ അവര്‍ പണ്ട് മറ്റുള്ളവരുടെ ഓട്ടോറിക്ഷ വാടകക്കെടുത്ത് ഓടിച്ചിരുന്ന കാലം മുതല്‍ കാത്തുപോന്ന ഒരു സ്വപ്നമുണ്ട്, സ്വന്തമായൊരു വണ്ടിയെടുത്ത് ഓടിക്കുക എന്ന്. ഷീ ടാക്സിയിലൂടെ ആ സ്വപ്നസാഫല്യത്തിന്‍െറ ഊഷ്മളത അനുഭവിച്ചതായി ഡ്രൈവിങ്ങില്‍ 41 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ആനി പറയുന്നു.
ജീവിതച്ചെലവേറിയ കാലത്ത് അധിക വരുമാനമില്ളെങ്കില്‍ കുടുംബം മുന്നോട്ടു കൊണ്ടുപോകുക ബുദ്ധിമുട്ടാണെന്നാണ് തിരുവനന്തപുരം സ്വദേശി ആശാകുമാരിയുടെ കാഴ്ചപ്പാട്. ഗൃഹനാഥന്മാരെ മാത്രം ആശ്രയിച്ച് കഴിഞ്ഞാല്‍ നിത്യച്ചെലവുതന്നെ ദുരിതപൂര്‍ണമാകും. ഈ സമയത്താണ് ഷീ ടാക്സി പോലുള്ള ആകര്‍ഷണീയമായൊരു തൊഴില്‍സാധ്യത മുന്നില്‍ വന്നത്. അതു സ്വീകരിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ളെന്നാണ് ഡ്രൈവിങ്ങില്‍ 18 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഈ 45കാരിയുടെ പ്രതികരണം.
വര്‍ഷങ്ങളായി മറ്റുള്ളവരെ ഡ്രൈവിങ് പഠിപ്പിച്ച് പരിചയമുള്ള പി. ഹീരക്കിത് സ്വയംപര്യാപ്തതയുടെ പാഠമാണ്. ഡ്രൈവിങ് അധ്യാപികയായി ജീവിച്ചിരുന്ന കാലത്തൊന്നും ലഭിക്കാത്ത സാമ്പത്തിക സുരക്ഷിതത്വം ഷീ ടാക്സി ഉറപ്പുനല്‍കുന്നതായി തിരുവനന്തപുരം സ്വദേശിയായ ഈ 38കാരി പറയുന്നു.
ടെക്നോപാര്‍ക്ക് ജീവനക്കാരിയായ ലക്ഷ്മിക്ക് ഷീ ടാക്സി ഒരു നവ്യാനുഭവമായിരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി താമസസ്ഥലമായ തിരുവനന്തപുരം മണ്ണമൂലയില്‍നിന്ന് കഴക്കൂട്ടം വരെ ഡ്രൈവര്‍ ആനിയുടെ കാറില്‍ ജോലിസ്ഥലത്തേക്ക് നടത്തിയ സവാരി. ജീവിതത്തിലിതുവരെ യാത്രാവേളയില്‍ ഇത്രയും സുരക്ഷിതത്വവും സന്തോഷവും തോന്നിയില്ല എന്നാണ് ലക്ഷ്മിയുടെ പ്രതികരണം. ഏറെ ജീവിതപരിചയമുള്ള ആനിയുടെ ഡ്രൈവിങ് അതിശയിപ്പിക്കുന്നതായിരുന്നെന്നും അവര്‍ പറഞ്ഞു.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡാണ് പിങ്കും വെളുപ്പും നിറം ചാര്‍ത്തിയ കാറുകള്‍ നല്‍കി ജെന്‍ഡര്‍ പാര്‍ക്കുമായി ഈ പദ്ധതിയില്‍ സഹകരിക്കുന്നത്. ജി.പി.എസ്, അത്യാധുനിക മീറ്ററുകള്‍, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജാഗ്രതാസന്ദേശത്തിനുള്ള സംവിധാനം, വിനോദോപാധികള്‍ തുടങ്ങി ആഡംബരവും സുരക്ഷിതത്വവും ചേര്‍ത്തുവെച്ചതാണ് ഷീ ടാക്സി.
വനിതാ ഡ്രൈവര്‍മാര്‍ക്ക് മാരുതി ഡ്രൈവിങ് സ്കൂള്‍ ആവശ്യമായ പരിശീലനം നല്‍കി. വനിതാ ഗുണഭോക്താക്കളെ കണ്ടത്തെി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മുഖേന കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്നതും ജെന്‍ഡര്‍ പാര്‍ക്കാണ്. അതോടൊപ്പം വനിതാ ഡ്രൈവര്‍മാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്വയംസംരക്ഷണത്തിനുള്ള പരിശീലനവും നല്‍കും.
ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചുള്ള റെയിന്‍ കണ്‍സേര്‍ട്ട് ടെക്നോളജീസ് ലിമിറ്റഡാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്‍റര്‍ വഴി ഷീ ടാക്സി സേവനം നിയന്ത്രിക്കുക. മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമിന് ടാക്സി കാറുകളുമായി ബന്ധപ്പെടാനുള്ള സംവിധാനമുണ്ട്. പൊലീസിന്‍െറയും മോട്ടോര്‍ വാഹന വകുപ്പിന്‍െറയും കണ്‍ട്രോള്‍ റൂമുകളുമായും ഷീ ടാക്സി കണ്‍ട്രോള്‍ റൂം ബന്ധിപ്പിച്ചിരിക്കും.
വനിതാ സംരംഭകര്‍ക്ക് പ്രതിമാസം 20,000 രൂപ വരെയെങ്കിലും വരുമാനം ലഭ്യമാകുംവിധത്തിലുള്ള വാണിജ്യസംരംഭമായാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് സുനീഷ് പറഞ്ഞു. കാറുകളുടെ വശങ്ങളില്‍ പരസ്യം പതിച്ചും കാറിനുള്ളിലെ എല്‍.സി.ഡിയില്‍ പരസ്യം പ്രദര്‍ശിപ്പിച്ചും കൂടുതല്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍തന്നെ 27 സ്ത്രീ അപേക്ഷകരായിരുന്നു ഈ സംരംഭത്തിന് ബന്ധപ്പെട്ടത്. പുരുഷന്മാര്‍ നിയന്ത്രിക്കുന്ന ഒരു മേഖലയിലേക്കുള്ള വനിതകളുടെ കടന്നുവരവുകൂടിയാണിത്. തുടക്കത്തില്‍തന്നെ ഇതിന്‍െറ ഭാഗമാകാന്‍ മുന്നോട്ടുവന്ന ആത്മവിശ്വാസമുള്ള സാധാരണക്കാരായ വനിതാ ഡ്രൈവര്‍മാര്‍ അതാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ മേഖലയിലുള്‍പ്പെടെ ഡ്രൈവിങ് എന്നത് പുരുഷകേന്ദ്രീകൃതമായ ഒരു തൊഴിലാണെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം അഭിപ്രായപ്പെടുന്നു. കൂടുതല്‍ സ്ത്രീകള്‍ക്ക് ഈ മേഖലയിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കുമെന്നും കേരളത്തിലെ നിരത്തുകളില്‍ ഇത് പുതിയൊരു ഡ്രൈവിങ് സംസ്കാരത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഡ്രൈവ് ചെയ്യുന്നവരാണ് സ്ത്രീകളെന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. കൂടുതല്‍ സ്ത്രീകള്‍ പൊതുഗതാഗത ശൃംഖലയിലേക്ക് കടന്നുവരുന്നതിലൂടെ ഗതാഗതപ്രശ്നങ്ങളും ഗതാഗതനിയമലംഘനങ്ങളും കുറയുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രതാരം മഞ്ജു വാര്യരാണ് ഷീ ടാക്സിയുടെ ഗുഡ്വില്‍ അംബാസഡര്‍. ലിംഗസമത്വമെന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പിന് കീഴില്‍ രൂപവത്കരിച്ച ജെന്‍ഡര്‍ പാര്‍ക്കിന്‍െറ നൂതന സംരംഭത്തിന് സന്നദ്ധസേവനമായാണ് മഞ്ജു വാര്യര്‍ പ്രചാരകയാകുന്നത്. പദ്ധതിയെപ്പറ്റി മനസ്സിലാക്കിയ അവര്‍ ഗുഡ്വില്‍ അംബാസഡറാകാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.
അപരിചിത നഗരങ്ങളില്‍ അസമയത്ത് ഒറ്റക്ക് സഞ്ചരിക്കേണ്ടിവരുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടറിയാമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. പെട്ടെന്ന് സ്വീകരിക്കപ്പെടുന്ന ആശയമാണ് ഇതെന്ന് ഉറപ്പുണ്ടെന്നും ധൈര്യപൂര്‍വം ഈ മേഖലയിലേക്ക് കടന്നുവന്ന വനിതാ ഡ്രൈവര്‍മാരോട് ബഹുമാനമുണ്ടെന്നും അവര്‍ പറഞ്ഞു.
പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ദിവസത്തില്‍ ഏത് സമയത്തും മൊബൈലിലൂടെയും ഓണ്‍ലൈനിലൂടെയോ ഷീ ടാക്സി ബുക് ചെയ്യാനാകും. ഒറ്റക്കോ കുടുംബസമേതമോ യാത്രചെയ്യാനുദ്ദേശിക്കുന്ന വനിതകള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ വഴി ഉപഭോക്തൃ സേവന വിഭാഗത്തില്‍ ബന്ധപ്പെടാം. അവിടെനിന്ന് ഒരു തിരിച്ചറിയല്‍ നമ്പറും യാത്ര പോകാനുള്ള ടാക്സി കാറിന്‍െറ നമ്പറും ഉപഭോക്താവിന് ലഭിക്കും. ഇതിനായി മൂന്നക്ക നമ്പര്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. ഓരോ വാഹനവും മീറ്റര്‍ സംവിധാനമുള്ളതും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി പണമടക്കാനുള്ള ഇലക്ട്രോണിക് പേമെന്‍റ് സംവിധാനത്തോടുകൂടിയതുമാണ്.
അതിനിടെ, തിരുവനന്തപുരത്തെ സ്ത്രീസൗഹൃദ നഗരമാക്കാന്‍ സിറ്റി പൊലീസിന്‍െറ നേതൃത്വത്തില്‍ പിങ്ക് ഓട്ടോറിക്ഷകളും നിരത്തിലിറങ്ങി. പ്രത്യേക സ്റ്റിക്കര്‍ പതിച്ചും പുരുഷന്മാരായ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയുമാണ് തിങ്കളാഴ്ച മുതല്‍ പിങ്ക് ഓട്ടോകള്‍ നിരത്തിലിറങ്ങിയത്.
ആദ്യഘട്ടത്തില്‍ തമ്പാനൂര്‍, ഫോര്‍ട്ട്, മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ 50 വീതം ഓട്ടോകളാണ് സജ്ജമാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്കുമായിരിക്കും മുന്‍ഗണന. പിങ്ക് ഓട്ടോയിലെ ഡ്രൈവര്‍മാരുടെ വിശദവിവരം പൊലീസ് കണ്‍ട്രോള്‍ റൂമിലും വനിതാ ഹെല്‍പ്ലൈനിലും എല്ലാ പൊലീസ് സ്റ്റേഷനുകളിലും സൂക്ഷിച്ചിട്ടുണ്ട്.
പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100, വനിതാ ഹെല്‍പ്ലൈന്‍ നമ്പറായ 1091 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ ഓട്ടോ സവാരിക്കത്തെും. പൊലീസ് വയര്‍ലെസ് സംവിധാനം ഉപയോഗിച്ചും ആവശ്യക്കാര്‍ക്ക് വാഹനം ലഭ്യമാക്കും. യാത്രാവേളകളിലാണ് സ്ത്രീകള്‍ സുരക്ഷാഭീഷണി നേരിടുന്നതെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണ് പിങ്ക് ഓട്ടോ പദ്ധതി നടപ്പാക്കുന്നത്. നഗരത്തിലെ ഓട്ടോഡ്രൈവര്‍മാരില്‍നിന്ന് തെരഞ്ഞെടുത്ത 150 പേരെയാണ് ഇതിനായി നിയോഗിച്ചത്. അതത് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തനം.
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story