പ്രീതി 34 -നോട്ടൗട്ട്
text_fieldsഎട്ടാം വയസ്സില്‍ തമിഴ്നാട് വനിതാ ക്രിക്കറ്റ് ടീമില്‍ അംഗം, സംസ്ഥാന അണ്ടര്‍ 19 ടീമില്‍ ക്യാപ്റ്റന്‍, സംസ്ഥാന നീന്തല്‍ ചാമ്പ്യന്‍, അമേരിക്കയിലെ ഏറ്റവും മികച്ച രണ്ടുശതമാനം വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇടംനേടിയ പെണ്‍കുട്ടി... ശലഭംപോലെ പറന്നുനടന്ന അവളുടെ ചിറകുകള്‍ പെട്ടെന്നൊരു ദിവസം മരവിക്കുന്നു! ദേശീയ ടീമിലിടം നേടി രാജ്യം അറിയുന്ന ക്രിക്കറ്റ് താരമാകുമെന്ന് ഏവരും പ്രവചിച്ചിരുന്ന പ്രീതി ശ്രീനിവാസന്‍ എന്ന പെണ്‍കുട്ടി 17 വര്‍ഷമായി കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട് വീല്‍ചെയറില്‍ ജീവിക്കുകയാണ്. വെറുതെ ജീവിക്കുകയല്ല, പ്രീതിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ലക്ഷ്യത്തിലേക്ക് അന്തസ്സോടെയുള്ള പ്രയാണം.
34കാരിയായ അവര്‍, തന്നെപ്പോലെ ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നവരെ, പ്രത്യേകിച്ചും സ്ത്രീകളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടെ രൂപവത്കരിച്ച ‘സോള്‍ഫ്രീ’ എന്ന ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ സ്ഥാപകയാണ്. വീല്‍ചെയറില്‍ ജീവിതം തളക്കപ്പെട്ട നിരവധി പേര്‍ക്ക് പ്രചോദനമേകുന്ന ഇച്ഛാശക്തിയുടെ ജീവിതം കൂടിയാകുന്നു അവരുടേത്.
1983ല്‍ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടുമ്പോള്‍ നാലു വയസ്സുകാരിയായ പ്രീതി വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ സര്‍ വിവിയന്‍ റിച്ചാര്‍ഡിന്റെ കടുത്ത ആരാധികയായിരുന്നു. വെസ്റ്റിന്‍ഡീസ് തോറ്റ ദു:ഖത്തില്‍ പനിപിടിച്ച പെണ്‍കുട്ടി.
ഏകസന്താനത്തെ നീന്തല്‍താരമാക്കാനായിരുന്നു പിതാവിന് താല്‍പര്യം. അച്ഛനു വേണ്ടി പ്രീതി നീന്തല്‍ പരിശീലിക്കുകയും 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രേക്കില്‍ സംസ്ഥാന തലത്തില്‍ ചാമ്പ്യനാവുകയും ചെയ്തു. എന്നാല്‍, ക്രിക്കറ്റായിരുന്നു അവളുടെ സ്വപ്നങ്ങളില്‍. ചെറിയ പ്രായത്തില്‍ തമിഴ്നാട് സംസ്ഥാന ക്രിക്കറ്റ് ടീമില്‍ അംഗമായി. ടീമിലെ മറ്റു അംഗങ്ങളായിരുന്നു കൊച്ചു പ്രീതിയുടെ വസ്ത്രങ്ങള്‍ അലക്കിയിരുന്നതും കാര്യങ്ങള്‍ നോക്കിയിരുന്നതും. പലര്‍ക്കും അറിയില്ലായിരുന്നു എട്ടു വയസ്സു മാത്രമാണ് അവളുടെ പ്രായമെന്ന്. പന്ത്രണ്ടാം വയസ്സില്‍ തന്നെക്കാള്‍ പതിനൊന്ന് വയസ്സ് കൂടുതലുള്ള, ഇപ്പോള്‍ തമിഴ്നാട് ടീമിന്‍െറ പരിശീലകയായ ഹേമ മാലിനിക്കൊപ്പം പ്രീതി ഓപണറായി ഇറങ്ങി.
ഇതിനിടെ, കുടുംബം അമേരിക്കയിലേക്ക് ചേക്കേറിയപ്പോള്‍ പ്രീതി താല്‍ക്കാലികമായി ക്രിക്കറ്റിനോട് വിടപറഞ്ഞു. അച്ഛന്റെ ജോലിയുടെ സ്വഭാവം കാരണം മൂന്ന് വന്‍കരകളിലെ ഒമ്പത് സ്കൂളുകളിലായായിരുന്നു വിദ്യാഭ്യാസം. വ്യത്യസ്ത സംസ്കാരങ്ങളില്‍ ജീവിക്കാനായതുകൊണ്ടാകാം ജനങ്ങളുമായി ഏറ്റവും നന്നായി ഇടപഴകാന്‍ അവര്‍ക്ക് സാധിക്കുന്നത്. കായികരംഗത്ത് മാത്രമല്ല പഠനരംഗത്തും പ്രീതി തിളങ്ങി. ക്രിക്കറ്റെന്ന അടങ്ങാത്ത ആഗ്രഹം 1997ല്‍ പ്രീതിയെ ഇന്ത്യയില്‍ തിരികെയത്തെിച്ചു. തമിഴ്നാട് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ട പ്രീതി, ദേശീയ ടൂര്‍ണമെന്‍റില്‍ ടീമിനെ നയിക്കുകയും ചാമ്പ്യരാവുകയും ചെയ്തു. ഈ വിജയത്തോടെ പ്രീതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു, ദൂരദര്‍ശന്‍ പ്രീതിയുടെ അഭിമുഖം സംപ്രേഷണം ചെയ്തു.
ജീവിതം മാറ്റിമറിച്ച ഒരു ഷോക്
കായികരംഗത്ത് ഒരു സംസ്ഥാനത്തിന്റെ പ്രതീക്ഷയായി നില്‍ക്കവെ വിധി പ്രീതിയുടെ ജീവിതം മാറ്റിമറിച്ചു. ‘കോളജില്‍നിന്ന് വിനോദയാത്ര പോയ ഞങ്ങള്‍ പോണ്ടിച്ചേരിയിലെ ഒരു ബീച്ചില്‍ കളിക്കുകയായിരുന്നു. പെട്ടെന്ന് സമനില നഷ്ടപ്പെട്ട് ഞാന്‍ തിരമാലകള്‍ക്കിടയിലേക്ക് വീണു. നീന്തല്‍താരമായിരുന്നിട്ടും തല കീഴായി വെള്ളത്തില്‍ മുങ്ങി. ആ നിമിഷം ഒരു ഷോക് ശരീരത്തിലൂടെ കടന്നുപോയി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1998 ജൂലൈ ഏഴാം തീയതിയിലെ ആ നിമിഷാര്‍ധത്തില്‍ എന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു’ -പ്രീതി ആ സംഭവം ഓര്‍ത്തെടുത്തു. സുഷുമ്ന നാഡിക്ക് തകരാര്‍ സംഭവിച്ചതാണെന്ന് (SpinalCord Injury) വ്യക്തമായെങ്കിലും അച്ഛന്‍ അമേരിക്കയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, തന്റെ ശരീരത്തില്‍ സംഭവിച്ച മാറ്റം സ്ഥായിയാണെന്ന് ആ പെണ്‍കുട്ടി പതിയെ തിരിച്ചറിഞ്ഞു. രണ്ടു മാസങ്ങള്‍ക്കു ശേഷം വീല്‍ചെയറില്‍ പ്രീതി ചെന്നൈയില്‍ തിരിച്ചത്തെി.
പ്രീതിക്കു വേണ്ടിയായിരുന്നു പിന്നെ മാതാപിതാക്കളുടെ ജീവിതം. ഊര്‍ജസ്വലയായിരുന്ന മകള്‍ക്ക് അനങ്ങാന്‍പോലും പരസഹായം വേണ്ടിവരുന്നു! ജോലി ഉപേക്ഷിച്ച് ആ പിതാവ് മകളെ പരിചരിച്ചു. 2000ല്‍ തിരുവണ്ണാമലയില്‍ വീടുവെച്ചു. 2007ല്‍ ഹൃദയാഘാതം മൂലം മരിക്കുന്നതുവരെ പ്രീതിയുടെ അരികിലെപ്പോഴും അച്ഛനുണ്ടായിരുന്നു. പുറംലോകവുമായി അധികം ബന്ധം പുലര്‍ത്താതെ ജീവിച്ചിരുന്ന ആ വീട് ഗൃഹനാഥന്റെ മരണത്തോടെ തീര്‍ത്തും ഒറ്റപ്പെട്ടു. സാമ്പത്തിക ഭദ്രത ഉണ്ടായിരുന്നെങ്കിലും പിന്നീടുള്ള രണ്ടു വര്‍ഷങ്ങളില്‍ മൂന്നു സ്ത്രീകള്‍, പ്രീതിയും അമ്മയും അമ്മൂമ്മയും സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിച്ചു. പ്രീതി ആളുകളെ കാണാനും സംവദിക്കാനും ആരംഭിച്ചു. തന്നെപ്പോലെ നട്ടെല്ലിന് ക്ഷതമേറ്റ് ജീവിതത്തിന്റെ അരികുകളിലേക്ക് മാറ്റിക്കിടത്തപ്പെട്ട മനുഷ്യരുമായി സംസാരിച്ചു. രാജ്യത്ത് ഇത്തരം ആരോഗ്യാവസ്ഥയിലുള്ള മനുഷ്യരോട് സമൂഹവും സര്‍ക്കാറും പുലര്‍ത്തുന്ന മനോഭാവം പ്രീതിയെ ഞെട്ടിച്ചു.
‘എനിക്ക് സാമ്പത്തിക പ്രശ്നങ്ങളില്ലായിരുന്നു. അതിരില്ലാത്ത സ്നേഹവുമായി മാതാപിതാക്കളുമുണ്ടായിരുന്നു. പക്ഷേ, എന്താണ് തങ്ങള്‍ക്ക് സംഭവിച്ചതെന്നു പോലും അറിയാതെ വീല്‍ചെയറില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ നിരവധിയാണ്. പലരും രോഗാവസ്ഥയെക്കുറിച്ച് അവബോധമില്ലാതെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ മരിക്കുന്നു. ഈ അവസ്ഥയില്‍ കഴിയുന്ന സ്ത്രീകളുടെ അവസ്ഥയാണ് ഏറ്റവും പരിതാപകരം. പൊടുന്നനെ കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ട സ്ത്രീകളെ ശാപമായാണ് കുടുംബവും സമൂഹവും കാണുന്നത്. സ്ത്രീകളില്‍ കൂടുതലും ആത്മഹത്യയില്‍ ശരീരത്തെ ഉപേക്ഷിക്കുകയാണ്. സുഷുമ്ന നാഡിക്ക് ക്ഷതമേറ്റവരുടെ പുനരധിവാസത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ തിരിച്ചറിവുകളാണ് കാരണമായത്’.
ആത്മ മുക്തി
മനുഷ്യന്‍ ജീവിതത്തിന് അര്‍ഥം കണ്ടത്തെുന്നത് എപ്പോഴാണ്? ‘ഒന്ന് അനങ്ങാന്‍പോലുമാകാതെ സ്വന്തം ശരീരത്തിന്റെ തടവറയിലകപ്പെട്ട് ഭൂമി ഒരു നരകമായിത്തീര്‍ന്ന മനുഷ്യരെ സംരക്ഷിക്കുമ്പോള്‍...’ പ്രീതി മറുപടി നല്‍കി. ചലനശേഷി നഷ്ടപ്പെട്ടവരെ നീണ്ടകാലത്തേക്ക് സംരക്ഷിക്കുന്ന കേന്ദ്രങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രീതി ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ അവശതയനുഭവിക്കുന്നവരെ, പ്രത്യേകിച്ചും സ്ത്രീകളെ ആത്മഹത്യയില്‍നിന്ന് രക്ഷിച്ച് ദിശാബോധം നല്‍കി ശരീരം അനുവദിക്കുന്ന തൊഴില്‍ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം.
ഇച്ഛാശക്തി വിധിയെ തോല്‍പിച്ചപ്പോള്‍ 2013 ആഗസ്റ്റില്‍ പബ്ലിക് ചാരിറ്റബ്ള്‍ ട്രസ്റ്റ് ‘സോള്‍ഫ്രീ’ (www.soulfree.org) രൂപംകൊണ്ടു. ഗ്രാമപ്രദേശങ്ങളില്‍നിന്നും രോഗികളെ കണ്ടത്തെണമായിരുന്നു. സോള്‍ഫ്രീയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അറിഞ്ഞ് വളന്റിയര്‍മാരായി എത്തിയവരെ ഇതിനായി അയച്ചു. സേവനസന്നദ്ധരായ ഡോക്ടര്‍മാര്‍, ഫിസിയോതെറപ്പിസ്റ്റുകള്‍ എന്നിവരുമായി ബന്ധപ്പെട്ടു. തങ്ങളുടെ ശാരീരികാവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തുകയാണ് ആദ്യ പടി. അവരെപോലെ താനും ഒരു നിമിഷാര്‍ധത്തില്‍ വീല്‍ചെയറിലകപ്പെട്ടതാണെന്ന് പ്രീതി അവര്‍ക്ക് പറഞ്ഞുകൊടുക്കും.
സ്വയം തൊഴില്‍ പരിശീലനത്തിന്‍േറതാണ് അടുത്തഘട്ടം. കൈ മാത്രം ചലിപ്പിക്കാനാകുന്നവര്‍ക്ക് അഭിരുചികള്‍ക്കനുസരിച്ച് പെയ്ന്‍റിങ്, തുന്നല്‍, കളിമണ്‍പാത്ര നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കും. കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടവരെ ശബ്ദം ഉപയോഗിക്കുന്ന ഓഡിയോ പുസ്തകങ്ങള്‍ തയാറാക്കല്‍, ഡബ്ബിങ്, കോള്‍ സെന്‍റര്‍ ജോലി തുടങ്ങിയവ പരിശീലിപ്പിക്കും. ഉറ്റവര്‍ ഉപേക്ഷിച്ചവരെ പ്രത്യേക പരിശീലനം നേടിയവരുടെ പരിചരണത്തില്‍ നീണ്ടകാലം സംരക്ഷിക്കാനുള്ള ഇടമാണ് പ്രീതിയുടെ ലക്ഷ്യം. അഥവാ അവശതയനുഭവിക്കുന്ന വിഭാഗത്തിന് ആത്മ മുക്തി തേടാന്‍ ഒരിടം.
‘എനിക്കിപ്പോള്‍ വ്യക്തിപരമായ അഭിലാഷങ്ങളില്ല. ഈ ലക്ഷ്യസാക്ഷാത്കാരത്തിനായി പരിശ്രമിക്കുമ്പോള്‍ ജീവിതത്തിന് അര്‍ഥമുണ്ടാകുന്നു’ -ജീവിതത്തിന്റെ പാതി വീല്‍ചെയറില്‍ കഴിഞ്ഞ പ്രീതി ശ്രീനിവാസന്‍ പുഞ്ചിരിയോടെ പറഞ്ഞു.
ശരീരത്തിന്റെ ഏറ്റവും കഠിനമായ പരിമിതികള്‍ക്കിടയിലും പ്രീതി പഠനം തുടരുന്നുണ്ട്. സുഹൃത്തുക്കളുടെ പ്രോത്സാഹനത്തില്‍ ഈ വര്‍ഷം മെഡിക്കല്‍ സൈക്കോളജിയില്‍ ബിരുദം നേടി. തുടര്‍ന്ന് കൗണ്‍സലിങ് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദത്തിന് മദ്രാസ് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തെ സമീപിച്ചെങ്കിലും പ്രവേശം നിഷേധിക്കപ്പെട്ടു. മൂന്നാം നിലയില്‍ നടത്തുന്ന കോണ്‍ടാക്ട് ക്ളാസിന് എത്തിപ്പെടാനാവില്ലെന്നും ശാരീരിക വൈകല്യമുള്ളവര്‍ക്ക് പ്രത്യേക സംവിധാനമില്ലെന്നുമായിരുന്നു വാദം. ഇത് ദേശീയ മാധ്യമങ്ങളിലടക്കം ഏറെ ചര്‍ച്ചയായി. തുടര്‍ന്ന് ഭാരതിയാര്‍, അണ്ണാമലൈ സര്‍വകലാശാലകളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
രാവിലെ ഒമ്പത് മണിയോടെ പ്രീതി ഉണരും. 10 മണിക്ക് വീല്‍ചെയറിലേക്ക് മാറും. തുടര്‍ന്ന് ഒരു വെബ്സൈറ്റിനുവേണ്ടി കണ്ടന്‍റ് റൈറ്ററായി ജോലി ചെയ്യും. പൂര്‍ണമായും സ്പീച്ച് റെകഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്. 11 മണി മുതല്‍ അഞ്ചു മണിവരെയാണിത്. ആഴ്ചയില്‍ മൂന്നുദിവസം ഫിസിയോതെറപ്പിയുണ്ട്. ആഴ്ചാവധി മുഴുവന്‍ ഇപ്പോള്‍ സോള്‍ഫ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്. കൂടാതെ, പ്രചോദന പ്രസംഗങ്ങള്‍ക്കും കൗണ്‍സലിങ്ങിനും വേണ്ടിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും ക്ഷണം സ്വീകരിക്കും. ചെറിയ അണുബാധ മതി ജീവന്‍തന്നെ അപകടത്തിലാകാന്‍ എന്ന മുന്നറിയിപ്പ് അവഗണിച്ചും പ്രീതി പുറപ്പെടും. രണ്ടു തവണ മരണത്തെ മുഖാമുഖം കാണുകയുണ്ടായെന്ന് പ്രീതി പറഞ്ഞു. ‘രണ്ടു തവണയും മസ്തിഷ്കാഘാതം സംഭവിക്കാതെ രക്ഷപ്പെട്ടത് അദ്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇപ്പോഴും പൂര്‍ണ മാനസികാരോഗ്യത്തോടെ ജീവിക്കുന്നു എന്നതാണ് ചിലത് ചെയ്തുതീര്‍ക്കാനുണ്ടെന്ന ഏറ്റവും വലിയ തിരിച്ചറിവ്’ -ഉറച്ച ശബ്ദത്തില്‍ പ്രീതി പറഞ്ഞുനിര്‍ത്തി.
ഇക്കഴിഞ്ഞ ലോക വികലാംഗ ദിനത്തില്‍ ചെന്നൈയിലെ ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷന്‍ മെഡിസിനിലേക്ക് പ്രീതിക്ക് ക്ഷണമുണ്ടായിരുന്നു. പ്രീതിയുമായി ഓണ്‍ലൈനില്‍ സംസാരിക്കുമ്പോള്‍, തന്നെ കേള്‍ക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ പറയേണ്ട കാര്യങ്ങള്‍ ഗൃഹപാഠം ചെയ്യുന്ന തിരക്കിലായിരുന്നു അവര്‍. പ്രീതിയെ പരിചയപ്പെടുത്തിയ ഗ്രന്ഥകാരനും യാത്രികനുമായ സുഹൃത്ത് പറഞ്ഞത്, ഇത്രമേല്‍ പോസിറ്റിവ് എനര്‍ജി പകരുന്ന മറ്റൊരാളെ കണ്ടിട്ടില്ളെന്നാണ്. ഭൂമിയിലെ ഓരോ മനുഷ്യനും ഓരോ നിയോഗമുണ്ടെന്ന് പറയുന്നത് ഇവിടെ സത്യമാകുന്നു.
rafeequemoideen@madhyamam.in

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.