Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightസ്‌പോര്‍ട്‌സ്‌...

സ്‌പോര്‍ട്‌സ്‌ മെഡിസിനില്‍ ആയുര്‍വ്വേദത്തിന് വന്‍സാധ്യത

text_fields
bookmark_border
സ്‌പോര്‍ട്‌സ്‌ മെഡിസിനില്‍ ആയുര്‍വ്വേദത്തിന് വന്‍സാധ്യത
cancel

(ഭാരതീയ മര്‍മ്മശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തി പി.എച്ച്.ഡി. നേടിയ ഡോ. സി. സുരേഷ്‌കുമാര്‍ ഏഴു പതിറ്റാണ്ടിന്റെ ചികില്‍സാപാരമ്പര്യമുള്ള ത്രിവേണി നഴ്‌സിങ്ങ് ഹോമിന്റെ മാനേജിങ്ങ് ഡയറക്ടറാണ്. സാധാരണക്കാര്‍ക്കായി ചെലവുകുറഞ്ഞ ആയുര്‍വ്വേദചികില്‍സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ത്രിവേണിയുടെ ശാഖകള്‍ കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആയുര്‍വ്വേദഭിഷ്വഗരന്മാര്‍ക്കായി ഏര്‍പ്പെടുത്തിയ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ.സി.സുരേഷ്‌കുമാര്‍ പാരമ്പര്യമൂല്യങ്ങളെയും നൂതനശാസ്ത്രവിദ്യകളെയും കൂട്ടിയിണക്കിക്കൊണ്ടുള്ള വിദഗ്ധ ചികില്‍സകന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. കുതിച്ചുകൊണ്ടിരിക്കുന്ന കായികകേരളത്തിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ട് അദ്ദേഹം വിഭാവനം ചെയ്ത സ്‌പോര്‍ട്‌സ് മെഡിസിനെക്കുറിച്ച് ജെസി നാരായണനുമായി നടത്തിയ അഭിമുഖം)

ചോ: സിനിമാതാരങ്ങളും കായികരംഗത്തേക്കു കടന്നുവരുന്നത് നമ്മുടെ കായികചരിത്രത്തിലെ പുതിയൊരു ചുവടുവയ്പാണല്ലോ. ആയുര്‍വ്വേദപാരമ്പര്യത്തിന്റെയും ഗവേഷണങ്ങളുടെയും അടിത്തറയുള്ള താങ്കളുടെ കാഴ്ചപ്പാടില്‍ സ്‌പോര്‍ട്‌സ് മെഡിസിന് കേരളത്തില്‍ എത്രത്തോളം സാധ്യതയുണ്ട്?
ഉ: നമ്മുടെ തനതുകലാരൂപങ്ങളായ കഥകളിയും കളരിപ്പയറ്റുമൊക്കെ മര്‍മ്മചികില്‍സയിലൂടെ പുരോഗതി പ്രാപിച്ചവയാണ്. ഇതിന്റെ ചുവടുപറ്റിക്കൊണ്ട് കുതിച്ചുകൊണ്ടിരിക്കുന്ന കായികലോകത്തിനായി നമ്മുടെ ആയുര്‍വ്വേദം സാധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറന്നിരിക്കുകയാണെന്നു വേണം പറയാന്‍. പരിക്കുപറ്റിയവര്‍ക്കു നല്‍കുന്ന മര്‍മ്മചികില്‍സയ്ക്കപ്പുറം കരുത്തുറ്റ കായികതാരങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന പരീക്ഷണങ്ങളും രോഗപ്രതിരോധവുമടക്കം വിവിധ ആരോഗ്യസംരക്ഷണഉപാധികളെ കൂട്ടിയിണക്കിക്കൊണ്ട് സ്‌പോര്‍ട്ട്‌സ് മെഡിസിനിന് പുത്തന്‍ അധ്യായം കുറിക്കുകയാണ് കേരളീയ ആയുര്‍വ്വേദം.
സ്‌പോര്‍ട്ട്‌സ് മെഡിസിന്‍ എന്നത് അത്രയെളുപ്പം നിര്‍വ്വചിക്കാന്‍ കഴിയുന്ന ഒന്നല്ല. ഭിഷഗ്വരന്മാരും ഗവേഷകരും അധ്യാപകരുമുള്‍പ്പെടുന്ന ഒരു വലിയ ശൃഖലയാണത്. രോഗചികില്‍സയ്ക്കപ്പുറത്തേക്ക് രോഗപ്രതിരോധത്തിന്റെ പ്രാധാന്യംകൂടി ഉള്‍പ്പെടുന്ന ആരോഗ്യവൈദ്യശാസ്ത്രവിഭാഗമാണ് 'സ്‌പോര്‍ട്ട്‌സ് മെഡിസിന്‍'. ലോകരാജ്യങ്ങളുടെ അമൂല്യസ്വത്താണല്ലോ കായികതാരങ്ങള്‍. കളിക്കളത്തില്‍ പരിക്കേറ്റു വീഴുന്ന ഒരു കായികതാരത്തെ എത്രയും വേഗം തിരിച്ചുകൊണ്ടുവരേണ്ടത് ആ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം നിര്‍ണ്ണായക ഘട്ടങ്ങളില്‍ ആയുര്‍വ്വേദം രക്ഷയുടെ കരങ്ങളുമായെത്തുമ്പോള്‍ സ്‌പോര്‍ട്ട്‌സ് മെഡിസിന് പുതിയ നിര്‍വ്വചനം എഴുതിച്ചേര്‍ക്കപ്പെടുകയാണ്. ആയുര്‍വ്വേദത്തിന്റെ ഈ പുത്തന്‍സംഭാവനകള്‍ ലോകകായികതാരങ്ങള്‍ക്ക് വന്‍മുതല്‍ക്കൂട്ടായി മാറുമെന്നുറപ്പാണ്.

ചോ: കളിക്കളത്തില്‍ പരിക്കുപറ്റുന്നവരെ അസ്ഥിരോഗവിഭാഗത്തിലല്ലേ സാധാരണ ചികില്‍സിക്കാറ്? ആയുര്‍വ്വേദത്തിന്റെ സാധ്യതകളെക്കുറിച്ച് വേണ്ടത്ര അവബോധം കായികമേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ലെന്നല്ലേ അതിനര്‍ത്ഥം?
ഉ: മല്‍സരങ്ങള്‍ക്കിടയിലും പരിശീലനവേളകളിലും കായികതാരങ്ങള്‍ക്ക് പരിക്കുപറ്റുന്നത് സാധാരണമാണ്. എന്നാല്‍ ഈ പരിക്കുകളെയെല്ലാം എല്ലുകള്‍ക്കോ പേശികള്‍ക്കോ സംഭവിക്കുന്ന ക്ഷതമായി മാത്രം കാണുന്ന ഒരു പ്രവണതയാണ് പൊതുവെയുള്ളത്. അതുകൊണ്ടുതന്നെ കളിക്കളത്തിലെ പരിക്കുകള്‍ അസ്ഥിരോഗവിഭാഗവുമായി കൂട്ടിക്കെട്ടാറാണ് പതിവ്. പരിക്കുപറ്റാന്‍ ഇടയാക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് ആരും അത്ര ഗൗനിക്കാറില്ല. അതുകൊണ്ടുതന്നെ വളരെ വിശാലമായ അര്‍ത്ഥത്തിലാണ് സ്‌പോര്‍ട്ട്‌സ് മെഡിസിന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ശാരീരികാരോഗ്യം, മാനസികാരോഗ്യം, കാലാവസ്ഥ തുടങ്ങിയവയൊക്കെ പരിക്കുപറ്റാനിടയാക്കുന്ന കാരണങ്ങളാണ്. അതിനാല്‍ കാര്‍ഡിയോളജി (ഹൃദ്രോഗവിഭാഗം), പര്‍മണോളജി (ശ്വാസകോശവിഭാഗം), ഓര്‍ത്തോപീഡിക്‌സ് (അസ്ഥിരോഗവിഭാഗം), സൈക്യാട്രി (മനോരോഗവിഭാഗം), വ്യായാമശാസ്ത്രം, ശസ്ത്രക്രിയാവിഭാഗം തുടങ്ങി ഒട്ടേറെ വിഭാഗങ്ങളടങ്ങിയ സ്‌പോര്‍ട്ട് മെഡിസിന്‍ ഒരു സമഗ്ര ആരോഗ്യമേഖലതന്നെയാണ്.

ചോ: നമ്മുടെ കായികചരിത്രത്തില്‍ ആയുര്‍വ്വേദത്തെ പ്രയോജനപ്പെടുത്തിയിരുന്നതായി വല്ല രേഖകളും ഉണ്ടോ?
ഉ: സംശയമില്ല. സ്‌പോര്‍ട്ട്‌സ് മെഡിസിന്‍ എന്ന ചികില്‍സാവിഭാഗം വളരെ പണ്ടുമതലേ ഉരുത്തിരിഞ്ഞ ഒരു ആശയമാണെന്നതിന് ചരിത്രത്തില്‍നിന്ന് നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. കായികവൈദ്യത്തിന് അടിസ്ഥാനമിടുന്നതില്‍ ഭിഷഗ്വരന്മാര്‍ നിര്‍വഹിച്ച പങ്കിനെക്കുറിച്ച് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കായികരംഗത്തിന്റെ ആവിര്‍ഭാവം മുതല്‍ത്തന്നെ അതായത് ഏതാണ്ട് 6000 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പരിക്കുകളുമായെത്തുന്ന കായികതാരങ്ങള്‍ക്കായി അന്നത്തെ ഭിഷഗ്വരന്മാര്‍ പ്രത്യേക ചികില്‍സാപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ഭിഷഗ്വരനായ എഡ്വിന്‍ സ്മിത്ത് കണ്ടെത്തിയ പാപ്പിറസ് റെക്കോര്‍ഡുകളില്‍നിന്നാണ് ഇതു സംബന്ധിച്ച രേഖകള്‍ ലഭിച്ചത്. മുറിവുകള്‍ക്കുള്ള ചികില്‍സയെ സംബന്ധിച്ച് ഇംഹോടെപ് (IMHOTEP) എഴുതിയ ലേഖനങ്ങളാണ് ഇതില്‍ പ്രധാനം. ബി.സി. ആയിരാമാണ്ടില്‍ കുങ് ഫുവി രചിച്ച ചൈനീസ് ഗ്രന്ഥത്തിലും ഹിന്ദുമതത്തിലെ അഥര്‍വ്വവേദത്തിലും ചികില്‍സയുടെ ഭാഗമാണ് വ്യായാമം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ചോ: ആയുര്‍വ്വേദമെന്നാല്‍ വാതത്തിനും പിത്തത്തിനുമുള്ള ചികില്‍സയോ മര്‍മ്മചികില്‍സയോ മാത്രമാണെന്നുള്ള ധാരണയാണ് പൊതുവെയുള്ളത്. കാലാനുസൃതമായ ചുവടുമാറ്റം നടത്തുന്നതില്‍ ആയുര്‍വ്വേദം പൊതുവെ വിമുഖത കാണിക്കാറുണ്ട്. താങ്കളുടെ അഭിപ്രായം?
ഉ: ശരിയാണ്. വാത-പിത്ത-കഫാദികളെ അടിസ്ഥാനപ്പെടുത്തിയാണ് ആയുര്‍വ്വേദ ചികില്‍സ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുതിയ ലോകം പുതിയ രോഗങ്ങളെയും പ്രശ്‌നങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. ഇവിടെ കാലത്തിനനുയോജ്യമായ മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ആയുര്‍വ്വേദം ഒരുപാട് പിന്നിലാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് കണ്ടുവരുന്ന പുതിയ ചലനങ്ങള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. അതിനുദാഹരണമാണ് കായികവൈദ്യമേഖലയിലേക്കുള്ള ഈ ശാസ്ത്രത്തിന്റെ ചുവടുവയ്പ്. ഒരു കായികതാരത്തിന്റെ ഉദയത്തിന് അടിസ്ഥാനപരമായി വേണ്ടത് എന്തെല്ലാമാണെന്ന കണ്ടെത്തല്‍ മുതല്‍ ആ വ്യക്തിയുടെ കായികഭാവി നിര്‍ണ്ണയിക്കുന്ന ഒട്ടേറെ വശങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട് ആയുര്‍വ്വേദം. കായികതാരമാവാന്‍ ആരോഗ്യമുള്ള ആര്‍ക്കും സാധിക്കും. എന്നാല്‍ മികച്ച പ്രകടനത്തിലൂടെ മുന്‍നിരയിലെത്തണമെങ്കില്‍ കായികതാരത്തിന് ചില സവിശേഷഗുണങ്ങള്‍ ഉണ്ടായിരിക്കണം. ആ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ആയുര്‍വ്വേദം നിര്‍വ്വചിച്ചിട്ടുണ്ട്.

ചോ: അതേക്കുറിച്ച് വിശദമാക്കാമോ?
ഉ: 'തിരിച്ചറിയലിന്റെ പത്തു കാര്യങ്ങള്‍' എന്ന ര്‍ത്ഥമുള്ള 'ദശാവിധ പരീക്ഷ' എന്ന ഗ്രന്ഥത്തില്‍ അവയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. മനുഷ്യശരീരം ഏതെങ്കിലുമൊരു അച്ചില്‍ വാര്‍ത്തെടുത്തതല്ല. ഓരോരുത്തരുടെയും ശരീരം ഓരോ രീതിയില്‍ വ്യത്യാസപ്പെട്ടിരിക്കും. വലുപ്പത്തിലും ശക്തിയിലും വിവിധ സ്വഭാവസവിശേഷതകളിലുമാണ് അവ പരസ്പരം വ്യത്യാസപ്പെട്ടിരിക്കുന്നത്. ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ കായികശേഷി കൂടുതലുള്ള വിഭാഗക്കാരെ കണ്ടെത്തുന്ന രീതി ആയുര്‍വ്വേദം കായികരംഗത്തിനു നല്‍കിയ വലിയൊരു സംഭാവനയാണ്. 'ദശാവിധ പരീക്ഷയില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ ഇവയാണ്.
1. പ്രകൃതി 2. സാര
3. അസ്ഥിസാര 4. മജ്ജസാര
5. സംഹനനം 6. പ്രമനം
7. സത്മയ 8. സത്വം
9. വ്യായാമശക്തി 10. ഗ്രൂമിങ്ങ്
ഇതില്‍ ആദ്യത്തെ വിഭാഗമായ 'പ്രകൃതി' എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒരു വ്യക്തിയുടെ ശരീരപ്രകൃതിയാണ്. ഒരാളുടെ കായികക്ഷമതയുടെ അടിസ്ഥാനം അയാളുടെ ശരീരപ്രകൃതിയാണ്. ഇതുപ്രകാരം ആധുനികവൈദ്യശാസ്ത്രം മനുഷ്യവര്‍ഗ്ഗത്തെയാകെ മൂന്നു ടൈപ്പുകളായി തിരിച്ചിട്ടുണ്ട്. എന്‍ഡോമോര്‍ഫ് (Endomorph), മിസോമോര്‍ഫ് (Mesomorph), എക്‌റ്റോമോര്‍ഫ്(Ectomorph)എന്നിവയാണവ. ഇതിനു സമാനമായി ആയുര്‍വ്വേദവും മനുഷ്യരാശിയെ അടിസ്ഥാനപരമായി മൂന്നായി തരംതിരിച്ചിരിക്കുന്നു. 'വാത', 'പിത്ത', 'കഫ' എന്നീ പ്രകൃതികളായാണ് ഇവിടെ തിരിച്ചിരിക്കുന്നത്. അണ്ഡബീജസങ്കലനവേളയില്‍ത്തന്നെ നടക്കുന്ന ഈ വര്‍ഗ്ഗീകരണമാണ് മരണംവരെ അവന്റെ ജീവിതധര്‍മ്മത്തിനാകെ അടിത്തറ പാകുന്നത്. ഈ മൂന്നു പ്രകൃതിയും എല്ലാ മനുഷ്യരിലുമുണ്ടെങ്കിലും ഇതില്‍ ഏതെങ്കിലുമൊന്ന് മറ്റുള്ളവയേക്കാള്‍ കൂടുതല്‍ പ്രകടമാവും. ബീജത്തിന്റെയും അണ്ഡത്തിന്റെയും പ്രത്യേകത, കാലാവസ്ഥ, പഞ്ചമഹാഭൂതങ്ങള്‍ എന്നിവയൊക്കെ ശരീരപ്രകൃതിയെ രൂപപ്പെടുത്തുന്നതില്‍ സ്വാധീനിക്കുന്നുണ്ട്.
'സാര' എന്നാല്‍ സാരാംശം അഥവാ സര്‍വ്വപ്രധാനം എന്നാണ് അര്‍ത്ഥം. മനുഷ്യശരീരത്തില്‍ ഏഴുതരം ധാതുക്കളുണ്ട്. ആയുര്‍വ്വേദവിധിപ്രകാരം ശരീരത്തിലെ ഏറ്റവും ശുദ്ധമായ ഭാഗമാണിത്. ധാതുക്കളുടെ സാന്നിധ്യമനുസരിച്ച് വ്യക്തികളെ എട്ടായി തിരിച്ചിക്കുന്നു. ത്വക്ക് സാര, രക്ത സാര, മാംസ സാര, മിതോ സാര, അസ്ഥി സാര, മജ്ജ സാര, സുക്ര സാര, സത്വ സാര എന്നിവയാണ് എട്ടു വിഭാഗങ്ങള്‍. ഇവയുടെ സാന്നിദ്ധ്യം ശരീരത്തില്‍ എത്രമാത്രമുണ്ടെന്ന് കണ്ടെത്തുകയും ഇതില്‍ ആധിപത്യം ഏതിനാണെന്നു മനസിലാക്കുകയും ചെയ്യുന്നതുവഴി വ്യക്തി ഏതു പ്രകൃതക്കാരനാണെന്നു മനസിലാകുന്നു. കായികക്ഷമതയുള്ള വ്യക്തിയെ കണ്ടെത്തുന്നതില്‍ ഈ സൂചകങ്ങള്‍ വളരെയേറെ സഹായിക്കുന്നുണ്ട്.
'അസ്ഥിസാര' വിഭാഗക്കാര്‍ക്ക് നല്ല കായികതാരങ്ങളാവാന്‍ സാധിക്കുമെന്ന് ആയൂര്‍വ്വേദം ഉറപ്പുനല്‍കുന്നുണ്ട്. കാരണം അസ്ഥി സാര വിഭാഗത്തില്‍പ്പെട്ടവരുടെ അസ്ഥികള്‍ക്ക് നല്ല ബലമുണ്ടായിരിക്കും. കൈമുട്ട്, കണങ്കാല്‍, തോള്‍, താടി എന്നിവിടങ്ങളിലെ സന്ധികള്‍ ഉയര്‍ന്നുനില്‍ക്കുന്നത് ഇവരുടെ ഒരു പ്രത്യേകതയാണ്. കട്ടിയുള്ള നഖങ്ങളും ഉന്തിയ പല്ലുകളുമാണ് മറ്റൊരു പ്രത്യേകത. വേദനയും ക്ഷീണവുമൊക്കെ നേരിടാനുള്ള പ്രത്യേക കഴിവ് ഇവര്‍ക്കുണ്ട്. മെല്ലിച്ച ശരീരപ്രകൃതമാണെങ്കിലും ഉറച്ചതും ബലമുള്ളതുമായ പേശികള്‍ ഇവരെ കരുത്തരാക്കുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ കഠിനാദ്ധ്വാനം, യുദ്ധം, കായികമല്‍സരങ്ങള്‍ എന്നിവയില്‍ ഇവര്‍ മുന്നിലായിരിക്കും.
മജ്ജയുമായി ബന്ധപ്പെട്ട ചില സവിശേഷതകളുള്ളവരാണ് 'മജ്ജസാര' വിഭാഗക്കാര്‍. ചെറിയ ശരീരവും ബലമേറിയ അസ്ഥികളും സന്ധികളുമുള്ള ഇവര്‍ക്ക് നല്ല സഹനശേഷിയുമുണ്ട്. ശരീരത്തിന് എപ്പോഴും സ്‌നിഗ്ദ്ധസ്വഭാവമുള്ള ഇവര്‍ എപ്പോഴും ചുറുചുറുക്കുള്ളവരായി കാണപ്പെടുന്നു. ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കാനുള്ള ആഗ്രഹം ഇവരില്‍ പ്രകടമായിരിക്കും. നല്ല ശാരീരിക ഊര്‍ജ്ജവും വിവിധതരം കഴിവുകളും അറിവുമുള്ള പ്രകൃതമാണിവര്‍ക്ക്. മറ്റുള്ളവരുടെ ആദരവു നേടാനുള്ള ഒരു പ്രവണത ഇവരുടെ ഒരു പ്രത്യേകതയാണ്. കായികരംഗത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ ഇവര്‍ക്ക് അനായാസം സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
ആരും മതിപ്പുകല്‍പ്പിക്കുന്ന ശരീരവടിവുള്ളവരെ ആയുര്‍വ്വേദത്തില്‍ 'സഹനനം' (Compactness) എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. നിരയായ അസ്ഥിഘടനയും വികസിച്ച പേശികളുമുള്ള ഇവര്‍ കായികനേട്ടങ്ങള്‍ കൈവരിക്കാന്‍ പ്രാപ്തരാണ്. ഒതുക്കമുള്ള ഇവരുടെ ശരീരം കായികക്ഷമതയുടെ ചൂണ്ടുപലകയാണ്. ശരീരത്തിന്റെ ഏതു ഭാഗത്താണോ ഇത്തരം കഴിവുകള്‍ കൂടുതലുള്ളത് ആ ഭാഗംകൊണ്ട് കായികനേട്ടങ്ങളുണ്ടാക്കാന്‍ ഇവര്‍ക്കാകും. ഉദാഹരണത്തിന് ഭാരോദ്വഹനം, സ്പ്രിന്റ് ഇനങ്ങള്‍ എന്നിവയില്‍ ഒതുക്കമുള്ള ശരീരപ്രകൃതക്കാര്‍ മുന്നിലെത്താറുണ്ട്.
'പ്രമനം' എന്നാല്‍ അളവ് ആണ്. കായികക്ഷമതയുടെ അളവുകോലായി ആയുര്‍വ്വേദം കണ്ടെത്തിയ പ്രമന വിഭാഗത്തില്‍ അവയവങ്ങള്‍ തമ്മിലുള്ള അനുപാതമാണ് അളക്കപ്പെടുന്നത്. അവയവങ്ങളുടെ നീളം, വീതി, ഉയരം എന്നിവയുടെ അനുപാതം കൃത്യമാണെങ്കില്‍ അയാള്‍ക്ക് അസാമാന്യമായ കായികക്ഷമതയുണ്ടായിരിക്കുമെന്ന് ആയുര്‍വ്വേദം പറയുന്നു. ഒത്ത ശരീരമുള്ള ഒരാള്‍ക്ക് കുറിയ കാലുകളാണുള്ളതെങ്കില്‍ അത്‌ലറ്റ്‌സില്‍ തിളങ്ങാന്‍ അയാള്‍ക്ക് കഴിയില്ല. ഇതുപോലെയാണ് ഓരോ അവയവത്തിന്റെ കാര്യവും.
പ്രതിരോധിക്കാനുള്ള സഹജമായ കഴിവിനെയാണ് 'സത്മയ' എന്നു പറയുന്നത്. ഒരു പ്രത്യകതരം ശരീരപ്രകൃതമുള്ളവരാണ് സത്മയ വിഭാഗക്കാര്‍. ചരകസംഹിതയില്‍ പറയുന്നതുപ്രകാരം 'സത്മയ' നാലു തരമുണ്ട്. അതില്‍ 'ഒകാസത്മയ' എന്ന വിഭാഗത്തിലുള്ളവര്‍ക്ക് കായികരംഗം സ്വായത്തമാക്കാന്‍ എളുപ്പമാണ്. കാരണം ഇവര്‍ക്ക് ഒരേ പ്രവര്‍ത്തി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യാന്‍ യാതൊരു പ്രയാസവുമില്ല. നിരന്തരമായ പരിശീലനമാണല്ലോ ഒരു കായികതാരത്തെ വിജയത്തിലേക്കെത്തിക്കുന്ന പ്രധാന ഘടകം. ആവര്‍ത്തനനിരതമായ പരിശീലനമുറകളെ ഒരു കലയായി കാണാന്‍ കഴിയുന്നവരാണ് 'സത്മയ'യില്‍ ഉള്‍പ്പെട്ട വ്യക്തികള്‍. അതിനാല്‍ ഈ വിഭാഗത്തിന് 'വ്യായാമ സത്മയ' എന്നും പേരുണ്ട്.
ആധുനികവൈദ്യശാസ്ത്രം ശരീരവും മനസും തമ്മിലുളള ബന്ധത്തിന് ഒട്ടേറെ നിര്‍വ്വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. മനുഷ്യന്‍ കൈവരിക്കുന്ന ഏതൊരു നേട്ടത്തിനും അവന്റെ മാനസികബലത്തിന് അതീവപ്രാധാന്യമുണ്ട്. മനസ് ദുര്‍ബലമായാല്‍ ശരീരവും അശക്തമായിത്തീരും. അതിനാല്‍ ഒരു നല്ല കായികതാരത്തിന് മാനസികബലം അത്യന്താപേക്ഷിതമാണ്. മാനസികശേഷിയുടെ അടിസ്ഥാനത്തില്‍ മനുഷ്യരെ മൂന്നായി തരംതിരിച്ചിട്ടുള്ളതായി ആയുര്‍വ്വേദസംഹിതകളില്‍ കാണപ്പെടുന്നു. 'പ്രവാരപുരുഷ' അഥവാ സുപ്പീരിയര്‍, 'മധ്യമപുരുഷ' അഥവാ ആവറേജ്, 'അവാരപുരുഷ' അല്ലെങ്കില്‍ താണനിലയിലുള്ളത് എന്നിവയാണ് അവ.
ഒരു കായികതാരത്തെ സംബന്ധിച്ചിടത്തോളം വ്യായാമം ഒഴിവാക്കാനാവാത്ത സപര്യയാണ്. വ്യായാമം തീര്‍ച്ചയായും കഠിനവും ശ്രമകരവുമായിരിക്കും. ഇത്തരമൊരു ഉദ്യമത്തിലേക്ക് ഇറങ്ങിത്തിരിക്കാന്‍ എല്ലാവര്‍ക്കും ധൈര്യമുണ്ടാവുകയില്ല. വയസ്സ്, സാര, ആഹാരം, മാനസിക ഉറപ്പ് ഇവയൊക്കെ ഒരാളുടെ ശാരീരിക ക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങളെല്ലാം ഒത്തിണങ്ങിയവര്‍ക്കാണ് ശാരീരികമായ വ്യായാമം ചെയ്യുന്നതിനുള്ള കഴിവുണ്ടാവുക. ആയുര്‍വ്വേദത്തിന്റെ കണ്ണില്‍ അങ്ങനെയുള്ളവരാണ് വ്യായാമശക്തിയുടെ ഗണത്തില്‍ പെടുന്നത്.
ഏതൊരു പ്രൊഫഷണലിനെയുംപോലെ കായികതാരങ്ങള്‍ക്കും തങ്ങളുടെ കഴിവുകള്‍ നിലനിര്‍ത്തിക്കൊണ്ടുപോകണമെങ്കില്‍ ചില ചിട്ടകള്‍ ആവശ്യമാണ്. ഇതിനെയാണ് 'ഗ്രൂമിങ്ങ്' എന്നു പറയുന്നത്. കൃത്യമായ പരിശീനത്തിന് ജീവിതചിട്ടകള്‍ അനിവാര്യവുമാണ്. ആയുര്‍വ്വേദത്തെ സംബന്ധിച്ച് കൃത്യനിഷ്ഠ, പഥ്യമുറകള്‍ എന്നിവയൊക്കെ അതീവപ്രാധാന്യമുള്ളവയാണ്. എപ്പോള്‍ ഉണരണം, ദിനകൃത്യങ്ങള്‍ എങ്ങനെ ചെയ്യണം, എപ്പോള്‍ ചെയ്യണം, എന്തു കഴിക്കണം, എന്തെല്ലാം ഒഴിവാക്കണം എന്നിവയിലൊക്കെ കൃത്യനിഷ്ഠയുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് ശാരീരിക-മാനസികക്ഷമതകള്‍ ഉണ്ടാവുമെന്നാണ് ആയുര്‍വ്വേദം വിവക്ഷിക്കുന്നത്. കളിക്കളത്തില്‍വച്ചു സംഭവിക്കുന്ന പരിക്കുകളില്‍നിന്ന് അതിവേഗം മുക്തി നേടാനും ഇത്തരം ദിനചര്യകളും ഋതുചര്യകളും സഹായിക്കുന്നു. സ്‌നാനം, അഭ്യംഗം, ഉദ്വവര്‍ത്തനം എന്നീ ചികില്‍സാവിധികളിലൂടെ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കുന്നു.
ഈ പറഞ്ഞ പത്തു സൂചകങ്ങളും കായികതാരത്തെ കണ്ടെത്താനും ഈ രംഗത്തുള്ള അയാളുടെ ഭാവി നിര്‍ണ്ണയിക്കാനും സഹായിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ നേരത്തെ പറഞ്ഞത് സ്‌പോര്‍ട്ട്‌സ് മെഡിസിന് വിശാലകാഴ്ചപ്പാടാണുള്ളതെന്ന്.

ചോ: കായികതാരങ്ങളുടെ ഭക്ഷണവും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണല്ലോ. സംസ്ഥാനസ്‌കൂള്‍ കായികമേളയ്‌ക്കെത്തിയ മല്‍സരാര്‍ത്ഥികള്‍ വിശന്നും ദാഹിച്ചും നില്‍ക്കുന്ന ചിത്രം നമ്മള്‍ കണ്ടതാണ്. കായികതാരങ്ങളുടെ ആഹാരത്തെക്കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
ഉ: പാരമ്പര്യമായി ലഭിച്ച കഴിവും നിരന്തരമായ പരിശീലനവും പോഷകസമൃദ്ധമായ ആഹാരവുമാണ് ഒരു വ്യക്തിയുടെ കായികപ്രകടനത്തെ സ്വാധീനിക്കുന്ന മൂന്ന് അടിസ്ഥാന ഘടകങ്ങള്‍. നല്ല ഭക്ഷണം കഴിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്ക് കായികശേഷി ലഭിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ മോശം ഭക്ഷണം കായികതാരത്തിന്റെ പരിശീലനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പേശീബലം കൈവരുന്നതിനും കായികശേഷി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന ഭക്ഷണം ഏതൊക്കെയാണെന്ന് ആയുര്‍വ്വേദം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഭക്ഷണത്തിന്റെ സ്വഭാവം, തയ്യാറാക്കുന്ന രീതി, യോജിപ്പ്, അളവ്, സ്ഥലം, സമയം, പഥ്യാഹാരനിയമങ്ങള്‍, ഭക്ഷണത്തിന്റെ പ്രകൃതി എന്നിങ്ങനെ എട്ട് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആയുര്‍വ്വേദത്തിലെ ആരോഗ്യഭക്ഷണം വിഭാവനം ചെയ്തിട്ടുള്ളത്.
വിവിധ ഭക്ഷ്യവിഭവങ്ങളില്‍നിന്നും കായികതാരങ്ങള്‍ക്കിണങ്ങുന്ന ആഹാരമേതെന്ന് കണ്ടെത്താനായി ആയുര്‍വ്വേദത്തില്‍ ഒട്ടേറ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ധാന്യങ്ങളില്‍ ചുവന്നസാലി അരി, പയറു വര്‍ഗ്ഗങ്ങളില്‍ ചെറുപയര്‍, ഉപ്പില്‍ കറിയുപ്പ്, ഔഷധസസ്യങ്ങളില്‍ ജീവന്തി, മാംസങ്ങളില്‍ മാനിറച്ചി, പക്ഷിയിറച്ചിയില്‍ തിത്തിരിപ്പക്ഷി, ഉരഗങ്ങളില്‍ ഇഗ്വാന എന്നിങ്ങനെ പോകുന്നു പ്രസ്തുത ഭക്ഷ്യഇനങ്ങള്‍. അതുപോലെ മല്‍സ്യങ്ങളില്‍ രോഹിതയും പഴവര്‍ഗ്ഗങ്ങളില്‍ അമലകയും കുടിനീരിന് മഴവെള്ളവും, പാലിന് പശുവിന്‍പാലും, മൃഗക്കൊഴുപ്പുകളില്‍ നറുനെയ്യും, സസ്യയെണ്ണകളില്‍ എള്ളെണ്ണയും മധുരത്തിന് തേനുമാണ് ആരോഗ്യദായകമെന്ന നിലയില്‍ ആയുര്‍വ്വേദം കണ്ടെത്തിയിരിക്കുന്നത്.

ചോ: കായികതാരങ്ങള്‍ക്കുള്ള ചികില്‍സാപദ്ധതിയെക്കുറിച്ചുകൂടി വിശദീകരിക്കാമോ?
ഉ: കായികതാരങ്ങളുടെ ചികില്‍സയെ സംബന്ധിച്ച് ആയുര്‍വ്വേദം വ്യക്തമായ ഘടനതന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. മൂന്നു പ്രധാന ഘട്ടങ്ങളിലൂടെയാണ് ഈ ചികില്‍സാപദ്ധതി നടപ്പാക്കുന്നത്. ശുദ്ധമാക്കല്‍, ദോഷശമനം, രോഗാവസ്ഥയ്ക്കുള്ള ചികില്‍സ എന്നിവയാണ് ആ മൂന്നു ഘട്ടങ്ങള്‍. പഞ്ചകര്‍മ്മ എന്നത് ശുദ്ധമാക്കല്‍ എന്ന പ്രക്രിയയാണ്. അഞ്ചുതരമായി തിരിച്ചിട്ടുള്ള പഞ്ചകര്‍മ്മയില്‍ വമനം, വിരേചനം, സ്‌നേഹവസ്തി, കഷായവസ്തി, നസ്യം എന്നിവ ഉള്‍പ്പെടുന്നു.
കായികതാരങ്ങളുടെ ചികില്‍സ സംബന്ധിച്ച ഗവേഷണങ്ങളില്‍നിന്ന് പ്രതീക്ഷയുണര്‍ത്തുന്ന പല കണ്ടെത്തലുകളും പുറത്തുവന്നിട്ടുണ്ട്. ചില ഔഷധച്ചെടികള്‍ അത്ഭുതകരമായ ഫലമുളവാക്കുന്നവയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞതോടെ കായികതാരങ്ങളുടെ ശരീരബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പുതിയ ചികില്‍സകള്‍ക്ക് തുടക്കം കുറിച്ചു. സൈനികരുടെ ശരീരബലം വര്‍ദ്ധിപ്പിക്കാനും ശാരീരികവും മാനസികവുമായ ക്ഷീണം അകറ്റാനുമായി പ്രാചീനകാലം മുതലേ ഔഷധസസ്യങ്ങള്‍ പ്രയോജനപപ്പെടുത്തിയിരുന്നു. 'മഹാകഷായങ്ങള്‍' എന്നറിയപ്പെടുന്ന ആ ഔഷധങ്ങളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഇന്ന് കായികതാരങ്ങള്‍ക്കായി ആയുര്‍വേദം ചികില്‍സാപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പത്തെണ്ണം (പ്രിമിനീയം) പേശീവര്‍ദ്ധനവിനും, പത്തെണ്ണം (ജീവനീയം) ഓജസ് വര്‍ദ്ധിപ്പിക്കുന്നതിനും പത്തെണ്ണം (ബാലകാര) ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പത്തെണ്ണം (ശ്രമഹാര) ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇവയിലെല്ലാം ശരീരത്തിന്റെയും മനസിന്റെയും ഊര്‍ജ്ജനില ഉയര്‍ത്തുന്ന നിരവധി ഘടകങ്ങളുണ്ട്. ഈ മരുന്നുകളിലൊന്നും സ്റ്റിറോയിഡുകള്‍ അടങ്ങിയിട്ടില്ല എന്നതാണ് എടുത്തുപറയേണ്ടതായ ഒരു ഗുണം. മാത്രമല്ല ശരീരത്തിലെ ജൈവഹോര്‍മോണുകളുടെയും എന്‍സൈമുകളുടെയും ഉല്‍പ്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ദ്രാക്ഷ, പിണ്ഡകാര്‍ജുറ, പ്രിയാല, ബാര്‍ബറ, , ദഡിമ, ഉശാക്ക, ഇക്ഷു, യവ, ഷഷ്ടിക, ഫലഗ തുടങ്ങി ഒട്ടേറെ ഔഷധങ്ങള്‍ ഈ വിഭാഗത്തില്‍ എടുത്തുപറയാനുണ്ട്.
കായികരക്ഷ സംബന്ധിച്ച പഠനങ്ങള്‍ക്കൊന്നും ആയുര്‍വ്വേദത്തില്‍ വേണ്ടത്ര ശ്രദ്ധ നേടാനായിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അതേസമയം കായികരംഗത്തിന്റെ ഉന്നമനത്തിനായി ആയുര്‍വ്വേദം വികസിപ്പിച്ചെടുത്ത വിവിധ പദ്ധതികള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വേണ്ടത്ര അംഗീകാരം ലഭിക്കുന്നപക്ഷം കേരളം 'ആയുര്‍വ്വേദത്തിന്റെ നാട്' എന്ന നിലയില്‍ ലോകഭൂപടത്തില്‍ പുതിയൊരു സ്ഥാനംകൂടി നേടുമെന്നതില്‍ സംശയമില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story