Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപ്രകാശം പരത്തിയ ഒരാള്‍

പ്രകാശം പരത്തിയ ഒരാള്‍

text_fields
bookmark_border
പ്രകാശം പരത്തിയ ഒരാള്‍
cancel

‘എനിക്കിപ്പോള്‍ 71 വയസ്സ് പൂര്‍ത്തിയായി. നിരവധി വെല്ലുവിളികളെ എനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. കടുത്ത പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുമുണ്ട്. എന്നിരുന്നാലും, മൊത്തത്തില്‍ നോക്കുമ്പോള്‍ എന്‍െറ ജീവിതത്തെക്കുറിച്ചും ചെറിയ നേട്ടങ്ങളെക്കുറിച്ചും ഞാന്‍ സംതൃപ്തനാണ്.’
അസ്ഗറലി എന്‍ജിനീയറുടെ ആത്മകഥയില്‍നിന്നുള്ള വാചകങ്ങളാണിത്. ആത്മകഥ പുറത്തുവന്ന് രണ്ടുകൊല്ലം തികയുമ്പോഴേക്കും അദ്ദേഹത്തിന്‍െറ അര്‍ഥപൂര്‍ണമായ ജീവിതത്തിന് പൂര്‍ണവിരാമവുമായി. എന്‍ജിനീയറുടെ ജീവിതവും ചിന്തയും എന്താണ് വരുംതലമുറകള്‍ക്കായി ബാക്കിവെച്ചത്?
ജീവിതവും എഴുത്തും തമ്മിലുള്ള അവിച്ഛിന്നമായ പാരസ്പര്യം എന്‍ജിനീയറുടെ സംഭവബഹുലമായ ജീവിതത്തിന്‍െറ അപൂര്‍വസവിശേഷതയായിരുന്നു. മാനവികതയും ബഹുസ്വരതയും വിമര്‍ശനാത്മകതയും സമഞ്ജസമായി സമ്മേളിക്കുന്ന ഒരു പ്രവര്‍ത്തനപഥമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. അതിന്‍െറ തുടക്കം അദ്ദേഹം ജനിച്ചുവളര്‍ന്ന, മുസ്ലിംകള്‍ക്കിടയില്‍ ക്രൂരമായ പുരോഹിതസ്വേച്ഛാധിപത്യം ഏറ്റവും ശക്തമായി നിലനില്‍ക്കുന്ന ദാവൂദീ ബോറ സമുദായത്തിലെ മത-സാമൂഹികപരിഷ്കരണത്തിനുള്ള ആഗോളപ്രസ്ഥാനമായിരുന്നു. വധശ്രമവും ക്രൂരമായ മര്‍ദനവും കുടുംബം ഒന്നടങ്കം നേരിടേണ്ടിവന്ന സാമൂഹികബഹിഷ്കരണവും അദ്ദേഹത്തിലെ പോരാളിയെ ഒട്ടും തളര്‍ത്തിയില്ല.
ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടിയുള്ള സമരമുഖമായിരുന്നു എന്‍ജിനീയറുടെ രണ്ടാമത്തെ പ്രവര്‍ത്തനമണ്ഡലം. അടിയന്തരാവസ്ഥയെ പരസ്യമായി ചോദ്യംചെയ്യാന്‍ ധൈര്യംകാണിച്ച ബുദ്ധിജീവികളുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ‘ക്ളാരിറ്റി’ വാരികയില്‍ അദ്ദേഹമെഴുതിയിരുന്ന സ്ഥിരം പംക്തി അടിയന്തരാവസ്ഥയുടെ ജനാധിപത്യവിരുദ്ധതയെ തുറന്നുകാണിച്ചു. കൃഷ്ണന്‍ ചന്ദര്‍, കെ.എം. അബ്ബാസ്, സര്‍ദാര്‍ ജാഫരി, ബല്‍രാജ് സാഹ്നി തുടങ്ങിയ ഇടതുപക്ഷ ബുദ്ധിജീവകള്‍ പോലും അടിയന്തരാവസ്ഥയെ പിന്തുണച്ചും ശ്ളാഘിച്ചും പരസ്യമായി രംഗത്തുവന്നപ്പോഴാണ് അവരുടെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ എന്‍ജിനീയര്‍ സ്വന്തം നിലപാട് വ്യക്തമാക്കിയത്.
1970ലെ ഭീവണ്ടി കലാപം മുതല്‍ ഇന്ത്യയിലെ വര്‍ഗീയതാവിരുദ്ധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ എന്‍ജിനീയറുണ്ടായിരുന്നു. 1981ലെ ബിഹാര്‍ ഷരീഫ് കലാപം മുതല്‍ 2002ലെ ഗുജറാത്ത് കൂട്ടക്കൊല വരെ ഇന്ത്യയില്‍ നടന്ന വര്‍ഗീയ കലാപങ്ങളെ സൂക്ഷ്മ വിശകലനം നടത്തി റിപ്പോര്‍ട്ട് തയാറാക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ ആഗോളതലത്തില്‍തന്നെ ശ്ളാഘിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വവാദികളുടെ രാജ്യദ്രോഹത്തെ ധൈഷണികമായും സക്രിയമായും നേരിടുന്നതോടൊപ്പംതന്നെ മുസ്ലിംകള്‍ക്കിടയില്‍ രൂപപ്പെടുന്ന വര്‍ഗീയവും സങ്കുചിതവും നീതിവിരുദ്ധവുമായ നിലപാടുകളേയും കൂട്ടായ്മകളേയും അദ്ദേഹം ശക്തമായി എതിര്‍ത്തുപോന്നു. ഷാബാനു പ്രശ്നത്തില്‍ മുസ്ലിം സംഘടനകള്‍ സ്വീകരിച്ച, ലിംഗനീതിക്ക് നിരക്കാത്തതും ഇസ്ലാമിന്‍െറ നൈതിക മൂല്യങ്ങളെ അവഗണിക്കുന്നതുമായ പ്രതിലോമസമീപനത്തെ പ്രമാണബദ്ധമായി വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം രംഗത്തുണ്ടായിരുന്നു. അക്കാലത്ത് കോഴിക്കോട്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിലൂടെയായിരിക്കണം മലയാളി സമൂഹം എന്‍ജിനീയറെ ആദ്യമറിയുന്നത്. ഷാബാനു പ്രശ്നത്തെക്കുറിച്ചും മുസ്ലിം വ്യക്തിനിയമത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്‍െറ നിലപാടുകള്‍ മലയാളമാധ്യമങ്ങള്‍ അന്ന് പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. നിശിതമായ വിമര്‍ശങ്ങളും ധാരാളമുണ്ടായിരുന്നു.
മതപരിഷ്കരണവും വര്‍ഗീയതാ വിരുദ്ധപ്രസ്ഥാനവും പോലത്തെന്നെ എന്‍ജിനീയര്‍ സജീവമായി പ്രവര്‍ത്തിച്ച മറ്റൊരു മേഖല ദക്ഷിണേഷ്യന്‍ സമാധാനത്തിനു വേണ്ടിയുള്ള കൂട്ടായ്മകളായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ പ്രശ്നപരിഹാരവും സമാധാനസംസ്ഥാപനവും മരീചികയായി തുടരുന്ന കാലത്തോളം ദക്ഷിണേഷ്യക്ക് പുരോഗതി കൈവരിക്കാനാകില്ളെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സമാധാനശ്രമങ്ങളുടേയും ആശയവിനിമയത്തിന്‍െറയും ഭാഗമായി അദ്ദേഹം പലവട്ടം പാകിസ്താന്‍ സന്ദര്‍ശിക്കുകയുണ്ടായി. മതന്യൂനപക്ഷങ്ങള്‍ ആ രാജ്യത്ത് നേരിടുന്ന വിവേചനങ്ങള്‍ അദ്ദേഹത്തെ വളരെയേറെ വേദനിപ്പിച്ചിരുന്നു.
ഇസ്ലാമിനെ കാലോചിതവും പുരോഗമനപരവുമായി മനസ്സിലാക്കാനും പൗരോഹിത്യ സ്വാധീനത്തില്‍നിന്ന് വിമുക്തമാക്കാനുമുള്ള ശ്രമങ്ങളിലും ആഗോളതലത്തില്‍ത്തന്നെ എന്‍ജിനീയറുടെ സാന്നിധ്യമുണ്ടായിരുന്നു. ഒരു പണ്ഡിതനെന്ന നിലക്കുള്ള തന്‍െറ അഗാധവും വിവേകശാലിത സ്ഫുരിക്കുന്നതുമായ അറിവും ഒരാക്ടിവിസ്റ്റ് എന്ന നിലക്കുള്ള നയകുശലതയും ഈ രംഗത്ത് അദ്ദേഹം പൂര്‍ണമായി വിനിയോഗിച്ചു. മുഖ്യധാരാ ഇസ്ലാമിക പാണ്ഡിത്യവുമായി തനിക്കുണ്ടായിരുന്ന ആശയസംഘര്‍ഷത്തോടൊപ്പംതന്നെ, സാഹോദര്യപൂര്‍ണവും പരസ്പരബഹുമാനത്തിലൂന്നിയതുമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ അദ്ദേഹം എക്കാലത്തും ശ്രദ്ധാലുവായിരുന്നു. സംവാദത്തിലും വിമര്‍ശത്തിലും നിലനിര്‍ത്തേണ്ട സുജനമര്യാദയുടെയും പ്രതിപക്ഷ ബഹുമാനത്തിന്‍െറയും ഭാഷാപരമായ മിതത്വത്തിന്‍െറയും ഉത്തമ മാതൃകയായിരുന്നു അദ്ദേഹം. പ്രസ്തുത ഗുണങ്ങള്‍ ഇസ്ലാമിക സാംസ്കാരികതയുടെ ചരിത്ര പൈതൃകമാണെന്ന് അദ്ദേഹം നിരന്തരമായി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്രയും സജീവവും ബഹുതല സ്പര്‍ശിയുമായ രാഷ്ട്രീയ സാമൂഹിക സക്രിയതക്കിടയിലും വിസ്മയാവഹമായ ധൈഷണിക സംഭാവനകള്‍ നല്‍കാനും എന്‍ജിനീയര്‍ക്ക് കഴിഞ്ഞത് അപൂര്‍വമായ നേട്ടമാണ്. എഴുതിയതും എഡിറ്റ് ചെയ്തതുമായ അമ്പതിലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്‍േറതായി പുറത്തുവന്നിട്ടുണ്ട്. ഇവയെ പൊതുവെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഇസ്ലാമിനെ പുരോഗമനപരമായും സമകാലികമായും അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ് ഇവയിലൊരു വിഭാഗം. ബഹുസ്വരത, ലിംഗനീതി, രാജ്യതന്ത്രം, സാമ്പത്തികനീതി, സാമൂഹിക നീതി, മതവും മാനവവിമോചനവും തുടങ്ങിയ വിവിധ വിഷയങ്ങളെ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍വായനക്ക് വിധേയമാക്കുന്ന ഈ ഗ്രന്ഥങ്ങള്‍ മതം മദമാവരുതെന്നും മാനവികതയും നൈതികയും സഹിഷ്ണുതയുമാണ് ഇസ്ലാമിന്‍െറ അകക്കാമ്പെന്നും ശക്തമായി വാദിക്കുന്നു. ഇസ്ലാമിനുള്ളിലുള്ള സകലവിഭാഗീയതകള്‍ക്കുമതീതമായി, അതേസമയം ചരിത്ര നിരപേക്ഷമോ ഭൂതരതീജടിലമോ ആവാതെ, വിഷയങ്ങളെ സമീപിക്കുന്നതാണ് എന്‍ജിനീയറുടെ രീതി. അഗാധമായ സാമൂഹിക ശാസ്ത്ര പാണ്ഡിത്യവും മതപ്രമാണങ്ങളിലും ഇസ്ലാമിക ചരിത്രത്തിലുമുള്ള അവഗാഹവും ഇവയില്‍ സമ്മേളിക്കുന്നു. ‘അപ്പവും സമത്വവും സ്വാതന്ത്ര്യവു’മാണ്, ശൈഥില്യവും അസഹിഷ്ണുതയും അപമാനവീകരണവുമല്ല ഇസ്ലാം എന്ന് എന്‍ജിനീയര്‍ അടിവരയിടുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ മതനിരപേക്ഷതയെയും വര്‍ഗീയതയെയും വിലയിരുത്തുകയും ബഹുസ്വര സംസ്കാരത്തിന്‍െറ അനിവാര്യത ഊന്നിപ്പറയുകയും ചെയ്യുന്ന ഗ്രന്ഥങ്ങളാണ് രണ്ടാമത്തെ വിഭാഗം. ഇവയില്‍ സൈദ്ധാന്തികവും ദാര്‍ശനികവുമായ പഠനങ്ങളുണ്ട്. വര്‍ഗീയകലാപങ്ങളെക്കുറിച്ചുള്ള സവിസ്തരങ്ങളായ പഠനങ്ങളുണ്ട്. ചരിത്ര വിശകലനങ്ങളുണ്ട്. ന്യൂനപക്ഷാവകാശങ്ങളെയും ഇന്ത്യയിലെ മുസ്ലിംകളെയും കുറിച്ചുള്ള വിശദമായ അപഗ്രഥനങ്ങളുണ്ട്. ജനാധിപത്യത്തിന് മതനിരപേക്ഷതയുടെ അഭാവത്തില്‍ അതിജീവനം അസാധ്യമാണെന്നും വര്‍ഗീയത ഇന്ത്യയുടെ ഭദ്രതക്ക് നേരെയുള്ള ഏറ്റവും ഗുരുതരമായ ഭീഷണിയാണെന്നും അവ സ്ഥാപിക്കുന്നു.
മതനിരപേക്ഷ ഭാരതത്തിന്‍െറ അതിജീവനത്തെക്കുറിച്ച് ഒരു ജീവിതം മുഴുവനും ഉത്കണ്ഠപ്പെടുകയും മൈത്രീഭാവവും സാമുദായിക സൗഹാര്‍ദവും പുലരുന്ന നല്ളൊരു ഭാവിക്കുവേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ ഒരു പൗരനെയാണ് അസ്ഗറലി എന്‍ജിനീയറുടെ മരണത്തിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇന്ത്യന്‍ മുസ്ലിംകളുടെ അന്തസ്സാര്‍ന്ന പൗരജീവിതം ഉറപ്പുവരുത്താനായി ഏറ്റവും കൂടുതല്‍ പ്രയത്നിച്ച -ധൈഷണികമായും സക്രിയമായും- എന്‍ജിനീയറെ പക്ഷേ, മുഖ്യധാരാ മുസ്ലിം സംഘടനകളും നേതാക്കളും അവഗണിക്കുകയും അവഹേളിക്കുകയുമാണ് ചെയ്തുപോന്നത്. അദ്ദേഹത്തിന്‍െറ ഇസ്ലാം വിഷയകമായ രചനകളെ ബൗദ്ധികമായി ഖണ്ഡിക്കുന്നതിന് പകരം അദ്ദേഹത്തെ വ്യക്തിപരമായി നിന്ദിക്കാനും ഉദ്ദേശ്യശുദ്ധിയെയും കൂറിനെയും ചോദ്യം ചെയ്യാനുമാണ് അവര്‍ മുതിര്‍ന്നത്. അക്കാര്യത്തിലൊരു ഖേദപ്രകടനം മരണവേളയില്‍പോലും ഒരുഭാഗത്തുനിന്നും ഉണ്ടായതുമില്ല.
അക്കാര്യത്തില്‍ എന്‍ജിനീയര്‍ ഒരിക്കലും വേദനിച്ചിരിക്കാനിടയില്ല. കാരണം, ആരാണ് സത്യവിശ്വാസി(മുഅ്മിന്‍)യെന്നും ആരാണ് സത്യനിഷേധി(കാഫിര്‍)യെന്നും അദ്ദേഹത്തിന് വ്യക്തമായറിയാമായിരുന്നു.
‘ഇസ്ലാം സ്വീകരിക്കാത്തവന്‍ കാഫിറും സ്വീകരിച്ചവന്‍ എല്ലായ്പ്പോഴും മുഅ്മിനുമാണെന്ന് പറയുന്നതില്‍ കാര്യമില്ല. യഥാര്‍ഥ കാഫിര്‍ തനിക്ക് വേണ്ടി മാത്രം, തന്‍െറ ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്നവനാണ്. സത്യം, നീതി, കനിവ്, മനുഷ്യന്‍െറ അന്തസ്സ് തുടങ്ങിയ ജീവിതത്തിന്‍െറ മൗലികമൂല്യങ്ങളുടെ കാര്യത്തില്‍ അയാള്‍ അലംഭാവം കാണിക്കുന്നു. സ്വന്തം സൗകര്യങ്ങള്‍ക്കും അധികാര പ്രമത്തതക്കും വേണ്ടി അയാള്‍ മറ്റുള്ളവരുടെമേല്‍ കഷ്ടപ്പാടുകള്‍ അടിച്ചേല്‍പിക്കുന്നു. അയാള്‍ ഈ ലോകത്ത് ജീവിക്കുന്നു. യഥാര്‍ഥ മുഅ്മിനാകട്ടെ, ഒൗപചാരികമായി ഇസ്ലാം മതം സ്വീകരിക്കുന്നയാള്‍ മാത്രമല്ല, അയാളുടെ ജീവിതം സത്യത്തിന് വേണ്ടിയുള്ള നിരന്തര സമരമാണ്. അസത്യവുമായി സന്ധിചെയ്യാന്‍ അയാള്‍ വിസമ്മതിക്കുന്നു. കനിവിന്‍െറ ആള്‍രൂപമാണയാള്‍. മറ്റുള്ളവരുടെ വേദനകള്‍ക്ക് ശമനം നല്‍കാനയാള്‍ എപ്പോഴും സജീവമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇസ്ലാമിന്‍െറ പ്രവാചകന്‍ ഖുര്‍ആന്‍ വിവരിക്കുന്നതുപോലെ, പ്രപഞ്ചത്തിന്‍െറ കാരുണ്യമാണ്.’(അസ്ഗറലി എന്‍ജിനീയറുടെ ആത്മ കഥയില്‍ നിന്ന്).
അസ്ഗറലി എന്‍ജിനീയറുടെ ജീവിതം കാരുണ്യവും കനിവും പ്രതിബദ്ധതയുമായിരുന്നു. അദ്ദേഹത്തിന്‍െറ മതവിശ്വാസം അതിരുകളില്ലാത്ത ഹൃദയവിശാലതയായാണ് അദ്ദേഹത്തിനു ചുറ്റും പ്രകാശം പരത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story