ശാന്തിസ്വരൂപിലെ മലയാളിത്തിളക്കം
text_fieldsപഠനകാലത്ത് ഒരു വിഷയത്തോട് മാത്രം പ്രത്യേക താല്‍പര്യം തോന്നുക, ആ വിഷയംതന്നെ പഠിക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കുക, പിന്നെ ആ മേഖലയുമായി ബന്ധപ്പെട്ട ജോലിക്കായുള്ള മോഹം. പലപ്പോഴും, പരീക്ഷയുടെയും തുടര്‍പഠനത്തിനുള്ള അഡ്മിഷന്‍െറയുമെല്ലാം സങ്കേതങ്ങളില്‍ തട്ടിയാകും ആ മോഹയാത്രകളെല്ലാം അവസാനിക്കുക. പിന്നെ, ഗത്യന്തരമില്ലാതെ, ഇഷ്ടമില്ളെങ്കിലും ഏതെങ്കിലും ഒരു വിഷയം നാം തെരഞ്ഞെടുക്കും. യാന്ത്രികമായ ഒരു പഠനകാലത്തിനു ശേഷം ജോലി. ഏറക്കുറെ എല്ലാവരുടെയും കാര്യം ഇങ്ങനെയൊക്കെയാണ്.
ഡോ. യമുന കൃഷ്ണന്‍െറ കാര്യവും മറ്റൊന്നായിരുന്നില്ല. പിതാവിനെപ്പോലെ ആര്‍കിടെക്ടാകണമെന്നായിരുന്നു സ്കൂള്‍ പഠനസമയത്ത് യമുനയുടെ ആഗ്രഹം. അതിനുള്ള തയാറെടുപ്പുകളും അന്നേ യമുന തുടങ്ങിയിരുന്നു. പക്ഷേ, പരീക്ഷ ചതിച്ചു. ഹയര്‍സെക്കന്‍ഡറിയില്‍ കണക്കു പരീക്ഷ വില്ലനായി. ആര്‍കിടെക്ടിന് ചേരാന്‍ വേണ്ടത്ര മാര്‍ക്കില്ല. അങ്ങനെ മനസ്സില്ലാ മനസ്സോടെയാണ് ബിരുദത്തിന് രസതന്ത്രം തെരഞ്ഞെടുത്തത്. പതിയെ പ്രണയം അതിനോടായി. രസതന്ത്രത്തില്‍ ഗവേഷണം ഒരു വ്യാഴവട്ടം പിന്നിട്ടപ്പോഴേക്കും ഈ മലയാളിയെ തേടിയത്തെിയത് രാജ്യത്തെ ഏറ്റവും വലിയ ശാസ്ത്ര പുരസ്കാരമാണ്.
ഇത് ഡോ. യമുന കൃഷ്ണന്‍. ഈ വര്‍ഷത്തെ ശാന്തിസ്വരൂപ് ഭട്നഗര്‍ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട എട്ടു പേരില്‍ ഒരാള്‍; മലയാളി. ഇന്ത്യയിലെ ശാസ്ത്ര നൊബേലാണ് ശാന്തി സ്വരൂപ് ഭട്നഗര്‍ പുരസ്കാരം. ഇന്ത്യയിലെ പ്രമുഖ ശാസ്ത്ര ഗവേഷണ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സി.എസ്.ഐ.ആര്‍) അതിന്‍െറ സ്ഥാപകന്‍
ഡോ. ശാന്തി സ്വരൂപ് ഭട്കറുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്കാരം. 1957 മുതല്‍ നല്‍കി വരുന്ന അവാര്‍ഡിന് ഇതിനകം 450ലധികം പേര്‍ അര്‍ഹരായിട്ടുണ്ട്. മുമ്പ് ചുരുക്കം ചില മലയാളികള്‍ക്ക് മാത്രമാണ് ഇത് ലഭിച്ചിട്ടുള്ളത്. ആ അര്‍ഥത്തില്‍ യമുനയുടെ പുരസ്കാരലബ്ധി മലയാളത്തില്‍ വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അതുണ്ടായില്ല. ശാസ്ത്ര സംബന്ധിയായ കാര്യങ്ങളോടുള്ള മാധ്യമങ്ങളുടെ പൊതുസമീപനത്തിന്‍െറ ഭാഗമായി ഇതിനെ കണക്കാക്കാമോ?
ശാന്തി സ്വരൂപ് പുരസ്കാരം നല്‍കപ്പെടുന്നത് യഥാര്‍ഥ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കാണ്. അഥവാ, നമ്മുടെ രാജ്യത്ത് നടക്കുന്ന ശാസ്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ്. ഗവേഷണത്തിനും ഉന്നത പഠനത്തിനുമായി പാശ്ചാത്യരാജ്യങ്ങളിലേക്ക് കടക്കുകയും പിന്നെ ആ രാജ്യക്കാരായി മാറുകയും ചെയ്യുന്നതാണ് ഇന്ത്യയിലെ നൊബേല്‍ ജേതാക്കളടക്കമുള്ള പ്രബലരായ പല ശാസ്ത്രജ്ഞരുടെയും കീഴ്വഴക്കം. ശാസ്ത്ര ഗവേഷണത്തിന് നമ്മുടെ രാജ്യത്തെ സൗകര്യങ്ങള്‍ പര്യാപ്തമല്ളെന്ന വാദത്തെ ഊട്ടിയുറപ്പിക്കുന്നുണ്ട് ഈ കീഴ്വഴക്കം. നൊബേല്‍ ലഭിച്ചിട്ടുള്ള ഖുരാനയും ഡോ. ചന്ദ്രശേഖറുമെല്ലാം ആ ഗണത്തില്‍ പെടും. ആകെ അപവാദമായി പറയാനുള്ളത് സി.വി. രാമന്‍ മാത്രം. ഈ സാഹചര്യത്തില്‍ ഇവിടെ നടക്കുന്ന ഗവേഷണങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിലും അവയെ അടിസ്ഥാനമാക്കി പുരസ്കാരങ്ങള്‍ നല്‍കുന്നതിനും വലിയ പ്രസക്തിയുണ്ട്. ആ അര്‍ഥത്തിലും ഭട്നഗര്‍ പുരസ്കാരം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
ഡോ. യമുനയിലേക്ക് തിരിച്ചുവരാം. ബംഗളൂരുവിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ (എന്‍.സി.ബി.എസ്)അസിസ്റ്റന്‍റ് പ്രഫസറായ യമുന ഇതിനകംതന്നെ ശാസ്ത്ര സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ്. രസതന്ത്രത്തിലും ബയോളജിയിലും ഒരുപോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇവരുടെ പഠനങ്ങളൊക്കെയും. ബയോകെമിസ്ട്രി, ബയോഇന്‍ഫര്‍മാറ്റിക്സ് തുടങ്ങിയ നൂതന ശാസ്ത്രശാഖകളില്‍ നിര്‍ണായക മുന്നേറ്റങ്ങള്‍ക്ക് നിദാനമായ ഒട്ടേറെ പഠനങ്ങള്‍ ഇവരുടെ നേതൃത്വത്തില്‍ ഉണ്ടായിട്ടുണ്ട്. ജീവന്‍െറ അടിസ്ഥാന ഘടകങ്ങളായിട്ടുള്ള ന്യൂക്ളിക് ആസിഡുകളെ ചുറ്റിപ്പറ്റിയാണ് ഈ ഗവേഷണങ്ങള്‍ മുന്നേറുന്നത്. ന്യൂക്ളിക് ആസിഡുകളുടെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നല്‍കിയതിനാണ് ശാന്തിസ്വരൂപ് പുരസ്കാരവും ലഭിച്ചിരിക്കുന്നത്. നമ്മുടെ ശരീര കോശങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നാണ് ന്യൂക്ളിക് ആസിഡുകള്‍. പ്രധാനമായും ജനിതക വിവരങ്ങളെ കൈമാറുന്നതും കോഡ് ചെയ്യുന്നതുമെല്ലാം ന്യൂക്ളിക് ആസിഡുകളാണ്. പലപ്പോഴും ശാസ്ത്രലോകത്തിന് പിടിതരാത്ത സമസ്യകള്‍ ഒളിഞ്ഞുകിടക്കുന്ന മേഖലയിലേക്കാണ് യമുന കൃഷ്ണനും സംഘവും ചെന്നത്തെിയത്. കോശത്തിലെ ഈ നിഗൂഢ മേഖലകളെക്കുറിച്ചറിയാന്‍ ഇവര്‍ നാനോ സെന്‍സറുകള്‍ രൂപകല്‍പന ചെയ്തു. അതുപയോഗിച്ച്, കോശത്തിനകത്ത് നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റുമുള്ള നിര്‍ണായക വിവരങ്ങള്‍ അറിയാനായി. നാനോ ടെക്നോളജി രംഗത്തും ഡി.എന്‍.എ ഗവേഷണ മേഖലയിലും ഏറെ നിര്‍ണായകമായ വിവരങ്ങള്‍ ഈ സെന്‍സറുകള്‍ നല്‍കിയേക്കും. അതിനാല്‍, അന്തര്‍ദേശീയ ശാസ്ത്ര സമൂഹത്തില്‍ ഇതിനോടകംതന്നെ യമുനയുടെ ഗവേഷണ വിഷയം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ ജീവന്‍െറ രഹസ്യം തേടിയുള്ള മനുഷ്യന്‍െറ യാത്രയില്‍ മുന്‍നിരയിലുണ്ട് യമുനയും.
യാദൃച്ഛികമായിട്ടാണ് പഠനവിഷയമായി രസതന്ത്രം സ്വീകരിച്ചതെങ്കിലും പിന്നീട് അത് തന്‍െറ ജീവിതത്തിന്‍െറ ഭാഗമായി മാറുകയായിരുന്നുവെന്ന് യമുന പറയുന്നു. ജന്മംകൊണ്ട് മാത്രമാണ് മലയാളി. വളര്‍ന്നതും പഠിച്ചതുമൊക്കെ ചെന്നൈയില്‍. അവിടെ മദ്രാസ് ക്രിസ്ത്യന്‍ കോളജിലായിരുന്നു ബിരുദവും ബിരുദാനന്തര ബിരുദവും. തുടര്‍ന്ന്, ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് ഗവേഷണ ബിരുദം നേടി. ശേഷം പോസ്റ്റ് ഡോക്ടറല്‍ ഫെലോക്കായി കേംബ്രിജിലത്തെി. അവിടെ, ഇന്ത്യക്കാരനായ ശങ്കര്‍ ബാലസുബ്രഹ്മണ്യനായിരുന്നു ഗൈഡ്. ഇപ്പോള്‍ പുരസ്കാര നേട്ടത്തില്‍ യമുന ഏറ്റവും കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോടാണ്. അതുവരെ തീര്‍ത്തും യാന്ത്രികമായി നടന്നിരുന്ന തന്‍െറ ഗവേഷണങ്ങള്‍ക്ക് കൃത്യമായ ദിശ നിര്‍ണയിച്ചത് അദ്ദേഹത്തിന്‍െറ നിര്‍ദേശങ്ങളായിരുന്നുവെന്ന് യമുന ഓര്‍ക്കുന്നു. കേംബ്രിജില്‍നിന്ന് നേരെ മടങ്ങിയത് എന്‍.സി.ബി.എസിലേക്കാണ്. ബയോളജിയുടെ പരിസരത്തുനിന്ന് രസതന്ത്രത്തില്‍ ഗവേഷണം നടത്താനുള്ള ആ തീരുമാനത്തിന് പിന്നിലും ബാലസുബ്രഹ്മണ്യം സാറായിരുന്നു. ആ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു.
ഇന്ത്യയിലെ ശാസ്ത്ര ഗവേഷണ മേഖലയെക്കുറിച്ച് ഏറെ പറയാനുണ്ട് യമുനക്ക്. ലോകത്തെവിടെയെങ്കിലും സ്ത്രീപുരുഷ സമത്വം നിലനില്‍ക്കുന്നുവെങ്കില്‍ അത് ശാസ്ത്ര ഗവേഷണ രംഗങ്ങളില്‍ മാത്രമാണെന്ന് അവര്‍ പറയുന്നു. തന്‍െറ 12 വര്‍ഷത്തെ അനുഭവം ഇതാണ് തെളിയിക്കുന്നത്. ഇക്കാലയളവിനുള്ളില്‍ ഒരു തരത്തിലുള്ള വിവേചനവും നേരിടേണ്ടിവന്നിട്ടില്ല. പിന്നെ, ചില വെല്ലുവിളികളൊക്കെയുണ്ട്. അതൊക്കെ കരിയറിന്‍െറ ഭാഗമായി കണ്ടാല്‍ മതി. വിദ്യാര്‍ഥികള്‍ക്കൊപ്പം ജീവിക്കുമ്പോഴാണ് നമ്മുടെ ഗവേഷണങ്ങളും ശാസ്ത്രാന്വേഷണങ്ങളുമൊക്കെ കൂടുതല്‍ സജീവമാകുന്നത്. കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടാകുമ്പോഴാണ് അന്വേഷണം കൂടുതല്‍ ആഴങ്ങളിലേക്ക് ചെന്നത്തെുന്നത്. അതിനാല്‍, വളരെ ബോധപൂര്‍വം തന്‍െറ വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിക്കുന്നതായി യമുന പറയുന്നു.
ദശകം പിന്നിട്ട ഗവേഷണ ജീവിതത്തിനിടെ നിരവധി അംഗീകാരങ്ങള്‍ യമുനയെ തേടിയത്തെി. ഇന്ത്യന്‍ നാഷനല്‍ സയന്‍സ് അക്കാദമിയുടെ യുവശാസ്ത്ര പുരസ്കാരം, യങ് ബയോടെക്നോളജിസ്റ്റ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ ദേശീയ ശാസ്ത്ര പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള യമുന ഗവേഷണ രംഗത്തു മാത്രമല്ല, ഒരു അധ്യാപിക എന്ന നിലയിലും ഇപ്പോള്‍ ശ്രദ്ധേയയാണ്. നിരവധി അന്താരാഷ്ട്ര വേദികളില്‍ ഇവര്‍ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
മലബാറുകാരിയാണെങ്കിലും കുട്ടിക്കാലത്തുതന്നെ ചെന്നൈയിലത്തെിയതിനാല്‍ മലയാളത്തിന്‍െറ വലിയ ഓര്‍മകളൊന്നും യമുനക്കില്ല. പിതാവ് കോഴിക്കോട്ടുകാരനായ പി.ടി. കൃഷ്ണന്‍ ചെന്നൈയില്‍ അറിയപ്പെടുന്ന ആര്‍കിടെക്ട് ആണ്. കാലിഫോര്‍ണിയ സര്‍വകലാശാലയുള്‍പ്പെടെയുള്ള ഉന്നത കലാലയങ്ങള്‍ അദ്ദേഹത്തെ ഓണററി ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. മാതാവ് മിനി കൃഷ്ണന്‍ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസില്‍ ട്രാന്‍സ്ലേഷന്‍സ് എഡിറ്ററാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി വിദ്യാഭ്യാസ സംബന്ധിയായ പുസ്തകങ്ങളുടെ നിര്‍മാണത്തിലാണിവര്‍. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി. നേരത്തേ കേന്ദ്ര സാഹിത്യ അക്കാദമിയിലും ഫിലിം സെന്‍സര്‍ ബോര്‍ഡിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏക സഹോദരി മാധവി കൃഷ്ണന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ സൂറിച് സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രഫസറാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.