Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപെരുന്നാളിന്‍്റെ...

പെരുന്നാളിന്‍്റെ വളകിലുക്കം

text_fields
bookmark_border
പെരുന്നാളിന്‍്റെ വളകിലുക്കം
cancel

വള, വള, വള, വളേ... പത്തുനാല്‍പതു വര്‍ഷങ്ങളായി ഒരുമനയൂരിന്‍െറ ഇടവഴികളില്‍ ഈ വിളി ഉയര്‍ന്നുകേള്‍ക്കുന്നു. ഇത് സരോജിനിയമ്മ. പാലക്കാട്ടുകാര്‍ ‘മാമി’യെന്നു വിളിക്കുന്ന സരോജിനിയമ്മ എല്ലാ വര്‍ഷവും പെരുന്നാളിന് വളക്കുട്ടയും തലയിലേറ്റി എത്തുന്നു. പാലക്കാട്ടുനിന്ന് വള വാങ്ങി നേരെ ഗുരുവായൂരിലേക്ക് വണ്ടി കയറും. ഗുരുവായൂരില്‍ രാത്രി തലചായ്ക്കാന്‍ 20 രൂപയാണ്. കുളിയും തേവാരവുമെല്ലാം പുറത്ത്. അന്ന് ഗുരുവായൂരപ്പനെ തൊഴും. പിറ്റേന്ന് ചേറ്റുവയിലേക്ക് പുറപ്പെടും. അവിടെനിന്ന് മൂന്നാംകല്ല്, വില്യംസ്, ചാവക്കാട് എന്നിവിടങ്ങളിലെല്ലാം. മൂന്നാം പെരുന്നാളോടുകൂടി തിരിച്ചുപോവുകയും ചെയ്യും.

പണ്ട് പെരുന്നാളടുത്താല്‍ വളക്കാരെയും കാത്തിരിക്കലാണ്. വള, വളേ... എന്നുള്ള വിളികേട്ടാല്‍ വീട്ടിനുള്ളില്‍നിന്ന് കുട്ടികളും മുതിര്‍ന്നവരും പുറത്തിറങ്ങും. ആഹ്ളാദത്തോടെ ചുറ്റും കൂടും. മൈലാഞ്ചിയിട്ട കൈകള്‍ ഓരോന്നായി നീളും. ഇന്ന് അങ്ങാടിയില്‍ പലതരം വളകളുണ്ട്. അതുകൊണ്ടുതന്നെ ഈ പതിവുകളും അപ്രത്യക്ഷമാകുന്നു. എന്നാല്‍, സരോജിനിയമ്മ എല്ലാ വര്‍ഷവും ഈ പതിവ് തുടരുന്നു.
ഉണ്ണാനും ഉടുക്കാനും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നെന്ന് അമ്മ പറയുന്നു. ഇന്നിപ്പോള്‍ സമ്പാദിച്ചാല്‍ കഴിക്കാം. പക്ഷേ, ഒന്നിനും വേണ്ട. ചെറുപ്രായത്തില്‍ സ്കൂളില്‍ പോകാന്‍ ആശയുണ്ടായിരുന്നെങ്കിലും പോയില്ല. അച്ഛനും അമ്മയും പാടത്തും മറ്റും പണിക്കുപോകും. മക്കളില്‍ മൂത്തവളായ സരോജിനിയമ്മ താഴെയുള്ളവരെ നോക്കി വീട്ടിലിരുന്നു. 11ാം വയസ്സില്‍ കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് കൂലിപ്പണിക്കാരനായിരുന്നു. നന്നായി സമ്പാദിക്കുകയും നന്നായി കുടിക്കുകയും ചെയ്തിരുന്നു. പക്ഷേ, തന്നെ ഒരിക്കലും ഉപദ്രവിച്ചിരുന്നില്ല. അഞ്ചാറു മക്കളെ പെറ്റു. ആ ബന്ധം നല്ല രീതിയില്‍ മുന്നോട്ടുപോയത് തന്‍െറ സഹനവും ക്ഷമയും കൊണ്ടുതന്നെയാണെന്നും പറയുമ്പോള്‍ അമ്മക്ക് ഇരട്ടി ആത്മവിശ്വാസമാണ്.

25ാം വയസ്സില്‍ തുടങ്ങിയതാണ് സരോജിനിയമ്മ ഈ കുട്ട ചുമക്കാന്‍. അന്ന് ഈ വഴിക്കെല്ലാം വരുമ്പോള്‍ പേടിയാകും എന്ന് സരോജിനിയമ്മ പറയുന്നു. ഒരു വീട് കഴിഞ്ഞാല്‍ പിന്നെ പാടങ്ങളാണ്. പക്ഷേ, ഒരു വീട്ടിലേക്ക് കടന്നാല്‍ അതുവഴി കുറേ വീടുകളിലേക്ക് പോകാം. ഇപ്പോള്‍ ഓരോ വീടിനും ഓരോ ഗേറ്റും മതില്‍ക്കെട്ടുകളുമാണ്. അതുകൊണ്ട് ഓരോ വീട്ടിലേക്കും വേറെ വേറെ കയറിയിറങ്ങണം. ഇന്നും പെരുന്നാളിന് കണ്ടില്ളെങ്കില്‍ ഇവിടത്തുകാര്‍ക്ക് വലിയ സങ്കടമാണെന്ന് സരോജിനിയമ്മക്കറിയാം. അത് ആണായാലും പെണ്ണായാലും ശരി. വള വാങ്ങിയില്ളെങ്കിലും ഒരു നൂറുരൂപാ നോട്ട് കൈയില്‍ വെച്ചുകൊടുക്കാന്‍ പലരും സന്മനസ്സു കാണിക്കുന്നു.

ബാലാമണി വളയും പ്ളയിന്‍ വളയുമാണ് അമ്മയുടെ സ്ഥിരം വളകള്‍. മറ്റു വളകളെക്കുറിച്ചൊന്നും അമ്മക്ക് വലിയ അറിവുകളില്ല.
കെട്ടിക്കഴിഞ്ഞ പെണ്ണൊന്ന് വീട്ടിലിരിപ്പുണ്ട്. ഒന്നും മൂന്നും വയസ്സായ രണ്ടു കുട്ടികളും. ദിവസവും കുടിച്ചുവന്നു ബഹളം വെക്കുന്ന ആളുടെ അടുത്ത് എങ്ങനെ വിശ്വസിച്ചുനിര്‍ത്തും? അമ്മക്ക് വയസ്സായെന്നും പ്രാരബ്ധങ്ങളാല്‍ അമ്മ വേദനിക്കുന്നുണ്ടെന്നും അവള്‍ക്കറിയാം. അതുകൊണ്ടുതന്നെ ഇടക്കവള്‍ പറയും. ‘അമ്മേ, ഈ വളക്കുട്ട ഇനി ഞാന്‍ ചുമന്നുകൊള്ളാം. അമ്മ കുട്ടികളെ നോക്കി വീട്ടിലിരിക്ക്’. എന്നാല്‍, കുട്ടികളെ നോക്കാന്‍ അമ്മക്കു വയ്യ. മാത്രമല്ല, വളവിറ്റു തിരിച്ചുവരുമ്പോള്‍ ഇരുട്ടാകും. വല്ലവനും വന്നു കൈയില്‍ കയറിപ്പിടിച്ചാല്‍ പോയില്ളേ മകളേ... സരോജിനിയമ്മക്ക് ഈ കാലത്തെ ആളുകളെയും പേടിയാണ്. അതുകൊണ്ട് മകളോട് അമ്മക്ക് മറുപടിയുണ്ട്. ‘നടന്നാലും നടന്നാലും തീരാത്ത വഴികളും സ്ഥലങ്ങളും നിങ്ങളെ കാത്തുകിടപ്പുണ്ട്, നിങ്ങള്‍ക്കുപോകാനും വില്‍ക്കാനും. പക്ഷേ, അത് ഇപ്പോഴല്ല അമ്മക്ക് പറ്റാതാകുമ്പോള്‍’. ഒരു മകന്‍ ചെറിയൊരു കൂര പണി തീര്‍ത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അതും ആയിട്ടില്ല. താഴെയുള്ള മകളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. അതിനുള്ള തുക ഒപ്പിക്കുന്ന ഓട്ടത്തിലാണ് അമ്മയിപ്പോള്‍. ബ്രാഹ്മണരായതിനാല്‍ താഴ്ന്ന ജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും ഇല്ലാതെപോയെന്ന് അമ്മ പരിഭവിക്കുന്നു.

വേദനകള്‍ അധികരിക്കുമ്പോള്‍ ചിലപ്പോള്‍ കരുതും വല്ല മരുന്നും കഴിച്ച് ഒന്നുമറിയാതെ ചെറിയ കൂരക്കു കീഴില്‍ ചുരുണ്ടുകിടന്നാലോ എന്ന്. മക്കളെ ഓര്‍ക്കുമ്പോള്‍ അമ്മ തന്നെ അതു വേണ്ടെന്നുവെക്കും. അച്ഛനില്ലാത്ത മക്കള്‍ക്ക് ഇനി താനേയുള്ളൂ എന്ന ചിന്ത അമ്മക്ക് ധൈര്യം പകരുന്നു.
എന്തുതന്നെയായാലും നന്നായി ചിരിക്കുകയും വേദനകള്‍ അറിയിക്കാതെ നന്നായി പെരുമാറുകയും മറ്റുള്ളവരെ സാന്ത്വനിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന അമ്മയോട് ഇവിടത്തുകാര്‍ക്ക് ഒരു അപേക്ഷയുണ്ട്. വള വിറ്റില്ളെങ്കിലും വാങ്ങിച്ചില്ളെങ്കിലും എല്ലാ വര്‍ഷവും പെരുന്നാളിന് അമ്മ വരണം. കാരണം, മനം മടുപ്പിക്കുന്ന ഇന്നത്തെ കാഴ്ചകള്‍ക്കും സ്വരങ്ങള്‍ക്കുമിടയില്‍ പഴമയുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളായി ഇങ്ങനെ ഓരോന്നേ അവശേഷിക്കുന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story