Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഗിന്നസ് ബീഗം

ഗിന്നസ് ബീഗം

text_fields
bookmark_border
ഗിന്നസ് ബീഗം
cancel

1995 ജൂണ്‍ 15. സമയം പുലര്‍ച്ചെ 2.00. കോരിച്ചൊരിയുന്ന മഴ, മലവെള്ളപ്പാച്ചിലില്‍ റോഡ് ഒലിച്ചുപോയില്ളെന്നു മാത്രം. താമസവീട്ടില്‍നിന്ന് പറക്കമുറ്റാത്ത മൂന്ന് പിഞ്ചു മക്കളെയും വിട്ട് വാതില്‍ പാതിചാരി ഡോക്ടര്‍ ഇറങ്ങി. തെരുവു വിളക്കില്ല, കൂരിരുട്ട്. ടോര്‍ച്ച് തെളിച്ച് വേഗത്തില്‍ നടന്നു. പെട്ടെന്ന് വലിയ പ്രകാശം പരന്നു. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് ലോറി ചീറിപ്പാഞ്ഞു വരുന്നതാണ്. ഇനിയും നടക്കണം. ലോറിക്കാരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഒരു കെട്ടിടത്തിന്‍െറ വിടവിലേക്ക് കയറി പതിഞ്ഞിരുന്നു. അര്‍ധരാത്രി ഒറ്റക്ക് ലോറിക്കാരുടെ കണ്ണില്‍ പെട്ടാലെന്താകുമെന്ന് ഒരു നിമിഷം ചിന്തിച്ചു. കണ്ണടച്ചാണ് ശ്വാസം പോലുംവിടാതെ ആ കൂരിരുട്ടില്‍ തലതാഴ്ത്തി കുനിഞ്ഞിരുന്നത്. ലോറി പോയെന്നുറപ്പിച്ചശേഷം വേഗത്തില്‍ വീണ്ടും നടന്നു. മുട്ടൊപ്പം വെള്ളം കയറിയതിനാല്‍ ആകെ നനഞ്ഞു. ഒന്നും വകവെക്കാതെ ആശുപത്രിയിലത്തെി. രക്തസ്രാവം തുടരുന്ന രോഗിക്ക് ഡോ. ലൈല ബീഗത്തെ കണ്ടതും പാതി രോഗം മാറി.

2002 നവംബര്‍ 15
ആശുപത്രിയിലേക്ക് ഫോണ്‍ സന്ദേശമത്തെി. ഡോക്ടറുടെ ഉമ്മ ആത്തിഖ ബീഗം (റിട്ട. പ്രധാനാധ്യാപിക) ഹൃദയാഘാതം മൂലം മരിച്ചു. ഉടന്‍ പുറപ്പെടുക. ഫോണ്‍ സന്ദേശം ലഭിച്ചത് ഭര്‍ത്താവ് എന്‍ജിനീയര്‍ നസ്റുല്ലക്കായിരുന്നു. ആദ്യം ഒന്നു സ്തംഭിച്ചുനിന്നു; ഡോക്ടര്‍ ലൈലയെ അന്വേഷിച്ചത്തെിയപ്പോള്‍ തിയറ്ററില്‍ ഓപറേഷന്‍ നടത്തുകയാണെന്ന് വിവരം കിട്ടി. അന്ന് നാല് ഓപറേഷനുകള്‍ക്കായിരുന്നു തിയറ്റര്‍ സജ്ജമാക്കിയത്.
ഉമ്മ മരിച്ചതറിയാതെ ഡോക്ടര്‍ ഓപറേഷന്‍ തുടര്‍ന്നു, ഒരക്ഷരം മിണ്ടാതെ നസ്റുല്ല ഓഫിസിലേക്ക്. വീണ്ടും കോട്ടയത്തുനിന്ന് ഫോണ്‍ വിളി. നിങ്ങളുടെ വരവറിഞ്ഞിട്ടുവേണം ഖബറടക്കത്തിനുള്ള സമയം തീരുമാനിക്കാന്‍. എപ്പോഴത്തെും?
ഫോണ്‍വെച്ച് നസ്റുല്ല വിയര്‍ത്തു. രണ്ടര മണിക്കൂറോളം ശ്വാസം പിടിച്ചുനിന്നു. അപ്പോഴേക്കും ഒ.പിയില്‍ നല്‍കിയ ടോക്കണ്‍ 100 കടന്നു. തിയറ്ററില്‍നിന്ന് ഇറങ്ങി...
ശ്വാസം പോലും വിടാതെ കാറില്‍ കയറി വിട്ടു. കഴിഞ്ഞ ദിവസം കൂടി ഉമ്മയുമായി സംസാരിച്ചതാണ്. ഒരു കുഴപ്പവുമില്ലായിരുന്നു. എല്ലാം പെട്ടെന്നായി. അതാണല്ളോ വിധി (പ്രിയപ്പെട്ട മാതാവ് മരിച്ചതറിയാതെ രണ്ടര മണിക്കൂര്‍ ഓപറേഷന്‍ തിയറ്ററില്‍)

2007 ആഗസ്റ്റ് 14
രാത്രി 1.30. കൂരിരുട്ട്. രണ്ടുസ്ത്രീകള്‍ റോഡിലൂടെ ഓടുന്നു. പിന്തുടര്‍ന്നത്തെിയ പൊലീസ് ജീപ്പ് നിര്‍ത്തി. അവരെയും ശ്രദ്ധിക്കാതെ ഓടി. ഡോ. ലൈലയാണെന്നറിഞ്ഞ എസ്.ഐ ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞുനോക്കി. വേണ്ടെന്ന് പറഞ്ഞ് ഓടിയ ഡോക്ടര്‍ക്ക് സുരക്ഷക്കെന്നോണം പൊലീസ് ജീപ്പും അകമ്പടിയായി... 20 വര്‍ഷമായി ആതുര സേവന രംഗത്ത്. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആസ്ഥാനമായ ചെമ്മാട് സേവനം തുടരുന്നു ഗൈനക്കോളജിസ്റ്റ് ഡോ. ലൈലാ ബീഗം (ലൈലാസ് ഹോസ്പിറ്റല്‍, ചെമ്മാട്).
1994 മാര്‍ച്ചില്‍ ചെമ്മാട് കൊണ്ടാണത്ത് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി എത്തി. 1999 വരെ ജോലിതുടര്‍ന്നു. അപ്പോഴേക്കും ജനഹൃദയങ്ങളില്‍ ഡോ. ലൈല സ്ഥാനംപിടിച്ചു. പെരുമാറ്റത്തിലെ എളിമ. രോഗി. ഡോക്ടര്‍ ബന്ധത്തിനപ്പുറമുള്ള സാഹോദര്യബന്ധം ഇതായിരുന്നു വളര്‍ച്ചയുടെ കാതല്‍. ജില്ലയിലോ അയല്‍ ജില്ലയിലോ പ്രമുഖ ആശുപത്രികള്‍ ഇല്ലാത്തതുകൊണ്ടല്ല ലൈല ഡോക്ടറെ തേടി വരുന്നവര്‍ അനുദിനം കൂടുന്നത്. അനുഭവത്തിന്‍െറയും സേവനത്തിന്‍െറയും വേറിട്ട വഴിയിലാണ് അവര്‍ സഞ്ചരിക്കുന്നത്. ആശുപത്രി, ഡോക്ടര്‍+രോഗി, ചികിത്സ= പണം എന്ന സമവാക്യം പൊളിച്ചെഴുതിയാണ് സേവനം. ചുരുങ്ങിയ ചെലവില്‍ മികച്ച പരിചരണം, ചികിത്സ എന്ന സങ്കല്‍പത്തിന് പിന്നിലുമുണ്ടൊരു രഹസ്യ അജണ്ട. പരമാവധി ബിസിനസിലൂടെ സമ്പാദ്യം പടുത്തുയര്‍ത്തുകയല്ല ലക്ഷ്യം. മരണാനന്തര ലോകത്ത് തക്ക പ്രതിഫലം ലഭിക്കുമെന്ന ഊര്‍ജമാണ് 20 വര്‍ഷമായി വിശ്രമമില്ലാതെ തുടരുന്ന സേവനത്തിന്‍െറ കരുത്ത് ഡോ. ലൈല പറയുന്നു. അതു തന്നെയാകാം അടിസ്ഥാന സൗകര്യം മാത്രമുള്ള ഇടുങ്ങിയ കെട്ടിടത്തിലെ അസൗകര്യങ്ങള്‍ അവഗണിച്ചും ഡോ. ലൈലയെ തേടി ദിവസവും നൂറുകണക്കിനാളുകള്‍ നാനാ ദിക്കില്‍ നിന്നും ഒഴുകി വരുന്നത്.
അങ്ങനെ 20 വര്‍ഷം കൊണ്ട് ഡോ. ലൈല ബീഗം കൈവരിച്ചത് അത്യപൂര്‍വ നേട്ടമാണെന്നും ആരുമറിഞ്ഞില്ല. ഒരു ഗ്രാമപഞ്ചായത്തില്‍ സേവനം ചെയ്ത് രണ്ടു പതിറ്റാണ്ടിനിടെ 41,176 പ്രസവമെടുത്തെന്നതാണീ നേട്ടം. ഗിന്നസ് റെക്കോഡിലേക്ക് നടന്നു കയറുന്ന അപൂര്‍വ നേട്ടമാണിതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
428 പ്രസവത്തില്‍ ഇരട്ടകളും മൂന്നെണ്ണം ട്രിപ്പ്ള്‍സുമാണെന്നത് കൗതുകകരം.
(1. ആസിയ ഇസ്മയില്‍ എരഞ്ഞിക്കല്‍ വീട്, മറ്റത്തൂര്‍, ഒതുക്കുങ്ങല്‍ (1998). 2. സുലൈഖ മുസ്തഫ (2002), 3. മൈമൂന മുഹമ്മദ് ബഷീര്‍ (2007) ഇവരാണ് ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയവര്‍)

ജനനം, പഠനം, കുടുംബം
കോട്ടയം ജില്ലയിലെ വൈക്കം എട ചെമ്പ് (കാട്ടിക്കുന്ന്) റിട്ട. ഹെഡ്മാസ്റ്റര്‍ മുട്ടില്‍ മുഹമ്മദിന്‍െറയും ആത്തിഖ ബീഗം ടീച്ചറുടെയും രണ്ടാമത്തെ മകളായി സാധാരണ കുടുംബത്തിലാണ് ഡോ. ലൈലയുടെ ജനനം. പനക്കല്‍ എല്‍.പി സ്കൂള്‍, കെ.പി.എം ഹൈസ്കൂള്‍ പൂത്തോട്ടം, സെന്‍റ് തെരേസാസ് കോളജ് എറണാകുളം എന്നിവിടങ്ങളില്‍ സ്കൂള്‍ കോളജ് പഠനം. കോട്ടയം ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍നിന്ന് ഡി.ജി.ഒ നേടി. 1994 വരെ സര്‍ക്കാര്‍ ആശുപത്രിയില്‍ സേവനം. 1994 മാര്‍ച്ചില്‍ തിരൂരങ്ങാടിയില്‍ സ്വന്തമായി ആശുപത്രി തുടങ്ങി സേവനം തുടരുകയാണ്.
ഭര്‍ത്താവ്: എന്‍ജിനീയര്‍ നസ്റുല്ല. മകള്‍: ഡോ. സുമിയ (ഗൈനക്കോളജിസ്റ്റ്), നാദിര്‍ (എന്‍ജിനീയറിങ് വിദ്യാര്‍ഥി, കൊല്ലം ടി.കെ.എം കോളജ്), അയ്ഷ (എം.ബി.ബി.എസ് വിദ്യാര്‍ഥിനി എം.ഇ.എസ് പെരിന്തല്‍മണ്ണ). മരുമകന്‍: ഡോ. അജില്‍ അബ്ദുല്ല (ശിശുരോഗ വിദഗ്ധന്‍, നാഷനല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്).
ലക്ഷ്യം: പഠിച്ച കാര്യങ്ങള്‍ ദൗത്യമേല്‍പിച്ച വ്യക്തി എന്ന നിലക്ക് ചെറിയ പ്രതിഫലം പറ്റി വലിയസേവനം നല്‍കുക. ആത്യന്തിക ലക്ഷ്യം ദൈവ പ്രീതി; പ്രതിഫലം മാത്രം. 24 മണിക്കൂറും സേവന പാതയില്‍.

സിസേറിയന്‍ പ്രസവനിരക്ക് 10 ശതമാനത്തില്‍ താഴെ
സംസ്ഥാന ഗവ. ആശുപത്രികളില്‍ സിസേറിയന്‍ പ്രസവങ്ങളുടെ നിരക്കില്‍ ഞെട്ടിക്കുന്ന വര്‍ധന പുറത്തുവന്ന കാലത്ത് ഡോ. ലൈല ബീഗം കണക്കുകളെ തോല്‍പിച്ചു. ആകെ പ്രസവ കേസുകളില്‍ ശരാശരി പകുതിയോളവും സിസേറിയനാണെന്ന റിപ്പോര്‍ട്ടുകളത്തെുടര്‍ന്ന് ആരോഗ്യവകുപ്പ് അന്വേഷണവും തുടരുകയാണ്. 100ഓളം ഡോക്ടര്‍മാര്‍ക്ക് വകുപ്പ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയത് വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ ആശുപത്രിയേക്കാള്‍ സ്വകാര്യ ആശുപത്രിയില്‍ സിസേറിയന്‍ നിരക്ക് കൂടുതലാണെങ്കിലും കൃത്യമായ കണക്ക് ആരോഗ്യ വകുപ്പിന്‍െറ കൈവശമില്ല.
30 ശതമാനത്തില്‍ കൂടുതല്‍ പ്രസവം ശസ്ത്രക്രിയ വഴിയാകുന്നത് അസ്വാഭാവികമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ പ്രസവ കേസില്‍ പരാമവധി 15 ശതമാനമേ സിസേറിയന്‍ ആകാവൂ എന്നാണ് കണക്ക്. എന്നാല്‍, കേരളത്തിലെ ഗവ. ആശുപത്രികളില്‍ 2013 ജൂലൈയില്‍ നടന്ന പ്രസവങ്ങളുടെ കണക്ക് താഴെ. 30 ശതമാനത്തില്‍ താഴെ സിസേറിയന്‍ നിരക്കുള്ളത് മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകള്‍ മാത്രം. 50 ശതമാനം കടന്ന് നാല് ജില്ലകളില്‍. അഞ്ചു ജില്ലകളില്‍ 40 ശതമാനത്തിന് മുകളിലാണ് സിസേറിയന്‍ നിരക്ക്.സര്‍ക്കാര്‍സ്വകാര്യ ആശുപ്രതികളില്‍ സിസേറിയന്‍ നിരക്ക് കുത്തനെ വര്‍ധിക്കുമ്പോഴും ചെമ്മാട് ലൈലാസ് ആശുപത്രിയില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ നടന്ന ആകെ പ്രസവനിരക്കായ 29,641ല്‍ സിസേറിയന്‍ പ്രസവം 2921 ആണ് 10 ശതമാനത്തില്‍ താഴെ. ഇതും വിശ്വാസ്യതക്കുള്ള അംഗീകാരമായി.
ആശുപത്രിയില്‍ 17 വര്‍ഷം മുമ്പ് വന്ന തിരുവനന്തപുരം സ്വദേശിനി എസ്. നിഷ (ഫാര്‍മസിസ്റ്റ്) ഉള്‍പ്പെടെ ഒരു സംഘ പ്രവര്‍ത്തനത്തിന്‍െറ വിജയമാണിതെന്നും തുറന്നുപറയാന്‍ ഡോ. ലൈല മടിക്കുന്നില്ല. കെല്‍ട്രോണില്‍ എന്‍ജിനീയറായിരുന്ന നസ്റുല്ല ജോലി വിട്ടാണ് ഭാര്യ ലൈലക്കൊപ്പം ആതുരസേവനത്തിനിറങ്ങിയത്. പാവപ്പെട്ടവരുടെ ഡോക്ടറെന്ന ഖ്യാതി നേടിയ ഡോ. ലൈലയെ ഗിന്നസ് ബുക് ഓഫ് റെക്കോഡിലേക്ക് എത്തിക്കാന്‍ വിവിധ ആരോഗ്യ സംഘടനകളുടെ പ്രതിനിധികള്‍ കൂട്ടായ്മ ഒരുക്കി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story