അകവെളിച്ചമില്ലാതെ, നിഴലായ്..
text_fieldsഫാഷന്‍, വിനോദ സഞ്ചാരം, ആരോഗ്യം, വിശ്രമവേള, അലങ്കാരങ്ങള്‍, സംസ്കാരം, രാഷ്ട്രീയം എന്നിവയില്‍ ഓരോ വ്യക്തികള്‍ക്കുമുള്ള അഭിരുചികള്‍ വ്യത്യസ്തമാണ്. സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും ജീവിതത്തില്‍ പകര്‍ത്താനും പ്രായഭേദമന്യേ ആഗ്രഹിക്കുന്നവരാണ് അധികവും. ഇതിനായി ലൈഫ് സ്റ്റൈല്‍ മാഗസിനുകളെയാണ് ഭൂരിപക്ഷവും ആശ്രയിക്കുന്നത്. വര്‍ണ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ ഭാഷകളിലെ ലൈഫ് സ്റ്റൈല്‍ മാസികകള്‍ വിപണിയില്‍ ലഭ്യവുമാണ്. ഇതെല്ലാം കാഴ്ചയുള്ളവര്‍ക്കും ഭാഷ അറിയുന്നവര്‍ക്കും വേണ്ടിയാണ്.
എന്നാല്‍, കാഴ്ചയില്ലാത്തവര്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ ലൈഫ് സ്റ്റൈല്‍ പ്രതിമാസ മാഗസിക "വൈറ്റ് പ്രിന്‍റ്" മുംബൈയില്‍ പ്രസിദ്ധീകരണം തുടങ്ങി. മുംബൈ സ്വദേശിനിയും 24കാരിയുമായ ഉപാസന മകതിയാണ് ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ മാസികയുടെ സ്ഥാപകയും പ്രസാധകയുമാണ് ഉപാസന. കാഴ്ചയില്ലാത്തവര്‍ക്ക് പരിചിതമായ ഇംഗ്ളീഷ് ബ്രെയ് ലി ലിപിയില്‍ സംഗീതം, തമാശ, പാചക കുറിപ്പ്, ചെറുകഥകള്‍, ലേഖനങ്ങള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസത്തിനും വിനോദത്തിനും മാസികയില്‍ പ്രാധാന്യം നല്‍കുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ പുറത്തിറങ്ങുന്ന ഹിന്ദി ദിനപത്രം " റിലിയന്‍സ് ദൃഷ്ടി", മറാത്തി ദിനപത്രം "സ്പര്‍ശ് ദ്യാന്‍" എന്നിവയെയാണ് "വൈറ്റ് പ്രിന്‍റ്" മാതൃകയാക്കിയതെന്ന് ഉപാസന പറയുന്നു.
മുംബൈ കേംബ്രിഡ്ജ് ഗുരുകുലത്തിലും കേംബ്രിഡ്ജ് സ്കൂളിലും പ്രാഥമിക വിദ്യാഭ്യാസവും മിതിബായ്, പുനെ ജയ്ഹിന്ദ് കോളെജുകളില്‍ നിന്ന് ബിരുദവും നേടി. ക്യാനഡയിലെ ഒട്ടാവ സര്‍വകലാശാലയിലെ ജേര്‍ണലിസം പഠനത്തിന് ശേഷം മുംബൈയിലത്തെിയ ഉപാസന ക്രിസ് ക്രോസ് പി.ആര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇതിനിടെ, മെന്‍സ് എക്സ്പി ഡോട്ട് കോംമില്‍ ഫ്രീലാന്‍സായും പ്രവര്‍ത്തിച്ചു. ഈ സമയത്താണ് വെല്ലുവിളികളുള്ള പുതിയ മേഖലയിലേക്ക് തിരിയാന്‍ ഉപാസനയെ പ്രേരിപ്പിച്ചത്. ആരും കൈകാര്യം ചെയ്യാന്‍ മടിക്കുന്ന മേഖലകളെ കൈ പിടിയിലെതുക്കുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള എളിയ തുടക്കം മാത്രമാണ് ബ്രെയ്ലി ലിപിയിലുള്ള ലൈഫ് സ്റ്റൈല്‍ മാഗസിന്‍.
എസ്.വി. റോഡ്, കൃപാ നഗറിലെ വിലെപാര്‍ലെ വെസ്റ്റിലാണ് ഉപാസനയുടെ താമസം. ഉപാസനയുടെ ഒരു കിടപ്പുമുറിയുള്ള ഫ്ളാറ്റാണ് മാസികയുടെ ഓഫിസായി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ സ്ഥലം വേണ്ടി വന്നപ്പോള്‍ സ്വീകരണമുറി രണ്ടായി വിഭജിച്ചു. മാസികയുടെ പബ്ളിഷര്‍, എഴുത്തുകാര്‍, എഡിറ്റര്‍, കണ്ടന്‍റ് മാനെജര്‍ തുടങ്ങി ഒന്നിലധികം മേഖലകളില്‍ ഉപാസനയും അടുത്ത രണ്ട് സുഹൃത്തുക്കളും ഒരേ സമയം പ്രവര്‍ത്തിക്കുന്നു. മാസികയുടെ നിര്‍മാണ ചെലവ് കുറക്കുന്നതിന്‍െറ ഭാഗം കൂടിയാണിത്. സ്വയം ലേഖനങ്ങള്‍ തായാറാക്കുന്നത് കൂടാതെ, മാസികക്ക് വേണ്ട ഉള്ളടക്കങ്ങള്‍ ബ്ളോഗര്‍മാരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സ്വീകരിക്കുന്നു.
കാഴ്ചയുള്ളവര്‍ക്ക് വായിക്കുവാന്‍ ധാരാളം പ്രസിദ്ധീകരണങ്ങളുണ്ടെന്ന തിരിച്ചറിവാണ് പുതിയ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്ന് ഉപാസന സാക്ഷ്യപ്പെടുത്തുന്നു. എന്ത് കൊണ്ട് കാഴ്ചയില്ലാത്തവര്‍ക്ക് ഒരു മാസിക ആയിക്കൂടാ എന്ന ചിന്തയായി. കാഴ്ച ശേഷിയാത്ത 12 മില്യണ്‍ ഇന്ത്യന്‍ പൗരന്മാരില്‍ 56 ലക്ഷം പേര്‍ സാക്ഷരരാണ്. വിഷയം അടുത്ത സുഹൃത്തുകളുടെ മുന്‍പില്‍ അവതരിപ്പിച്ചു. സുഹൃത്തുക്കള്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തതോടെ മാഗസിന്‍ പുറത്തിറക്കുന്നതിനായി പഠനം തുടങ്ങി. ഇതിനിടെ, മുഴുവന്‍ ശ്രദ്ധ ആവശ്യമെന്ന് തോന്നിയതോടെ മൂന്ന് മാസത്തിന് ശേഷം പി.ആര്‍ ജോലിക്ക് ഉപാസന വിട നല്‍കി. അവസാനം "വൈറ്റ് പ്രിന്‍റ്" എന്ന മാഗസിക 2013 മെയ് മാസം യാഥാര്‍ഥ്യമായെന്നും ഉപാസന വിശദീകരിക്കുന്നു.
മനുഷ്യന്‍െറ അഭിരുചികള്‍ 64 പേജില്‍ ഉള്‍കൊള്ളിച്ചാണ് "വൈറ്റ് പ്രിന്‍റ്" വിപണിയില്‍ എത്തിക്കുന്നത്. ബംഗളൂരുവിലെ സന്നദ്ധസംഘടന ഐ.ഡി.എല്‍ ബൈ്ളന്‍ഡ് ബാന്‍ഡുമായുള്ള അഭിമുഖം, കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഓഡിയോ ബുക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍, വേനല്‍ കാലത്തെ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍, ഗാര്‍ഹിക പാചകവിധികള്‍, രമ്യ സേതുരാമന്‍െറ ചെറുകഥകള്‍ എന്നിവയാണ് ആദ്യ ലക്കത്തിലെ ഉള്ളടക്കങ്ങള്‍. മാസികയുടെ പ്രചാരണത്തിനായി പ്രത്യേക ഫേസ് ബുക്ക്, ട്വിറ്റര്‍ പേജുകള്‍ ഉപാസന തുറന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ "വൈറ്റ് പ്രിന്‍റ്" വലിയ ചര്‍ച്ചാ വിഷയമായി കഴിഞ്ഞു.
മുംബൈ ആസ്ഥാനമായി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദ് ബൈ്ളന്‍ഡ് (എന്‍.എ.ബി) ആണ് രചനകള്‍ ബ്രെയ് ലി ലിപിയിലേക്ക് മാറ്റുന്നത്. പ്രിന്‍റിങ് ചെലവ് 15 രൂപ വരുന്ന മാസികയുടെ വില 30 രൂപ. 300 രൂപാ നിരക്കില്‍ വാര്‍ഷിക വരിസംഖ്യയായും മാസിക ലഭ്യമാണ്. മാസികക്ക് ലഭിക്കുന്ന പരസ്യങ്ങള്‍ ബ്രെയ് ലി ലിപിയിലേക്ക് മാറ്റാനുള്ള ഗവേഷണത്തിലാണ് ഉപാസനയും സംഘവും. കാഴ്ചയില്ലാത്തവര്‍ക്കായി ഒരു ദിനപത്രമാണ് തന്‍െറ സ്വപ്നമെന്നും ഏതാനും വര്‍ഷത്തിനുള്ളില്‍ അത് സഫലമാകുമെന്നും ഉപാസന വിശ്വസിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.