പെണ്‍കരുത്ത് @70
text_fields‘ഇടതുമാറി വലതുമാറി ചവിട്ടി പൊങ്ങി, വലിഞ്ഞമര്‍ന്നു നൂര്‍ന്നു, തിരിഞ്ഞുമാറി നിവര്‍ന്നു.’
വടകര നഗരത്തില്‍ കരിമ്പനപ്പാലത്തിനു കിഴക്ക് കായക്കിയില്‍ ഗോവിന്ദ് വിഹാറിലേക്ക് കടന്നുചെല്ലുമ്പോള്‍ വീട്ടുവളപ്പിലെ കളരിയില്‍നിന്ന് ഒരു പെണ്‍ശബ്ദം കേള്‍ക്കാം. കീര്‍ത്തികേട്ട കടത്തനാടന്‍ കളരിയുടെ പാരമ്പര്യംപേറുന്ന മീനാക്ഷി ഗുരുക്കളുടേതാണ് ആ കരുത്തുറ്റ ശബ്ദം. 70ാം വയസ്സിലും ഉശിരോടെ അടവും തടവും ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കുമ്പോള്‍ പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം കാണാം ആ ചലനങ്ങളില്‍. മെയ്പ്പയറ്റ്, കോല്‍ത്താരി, അങ്കത്താരി, ഒറ്റ എന്നുവേണ്ട എല്ലാ മുറകളും ഈ കൈകളില്‍ ഭദ്രം. സപ്തതിയിലും നിറഞ്ഞുനില്‍ക്കുന്ന ചുറുചുറുക്കിന്‍െറ രഹസ്യമെന്തെന്ന ചോദ്യത്തിന് മീനാക്ഷിയമ്മയില്‍നിന്ന് ഉടന്‍ ഉത്തരം ലഭിക്കും; കളരിപ്പയറ്റെന്ന്!
കളരിപ്പയറ്റിന്‍െറ ഈറ്റില്ലമായ പഴയ കടത്തനാടിന്‍െറ ഭാഗമാണ് ഇന്നത്തെ വടകര. വടക്കന്‍ പാട്ടിലെ വീരനായകന്മാരായ തച്ചോളി ഒതേനന്‍െറയും ഉണ്ണിയാര്‍ച്ചയുടെയും കഥകേട്ടുതന്നെയാണ് കടത്തനാട്ടിലെ എല്ലാ കുഞ്ഞുങ്ങളെയുംപോലെ മീനാക്ഷിയമ്മയുടെയും ബാല്യം വളര്‍ന്നത്. ഏഴാം വയസ്സില്‍ തുടങ്ങിയ അഭ്യാസം തടുത്തും കൊടുത്തും മുന്നേറി എഴുപതിലത്തെുമ്പോള്‍, കടത്തനാടന്‍ കളരിസംഘത്തിലെ നൂറിലേറെപ്പേരുടെ ഗുരുക്കളാണ് മീനാക്ഷിയമ്മ. ആറു മുതല്‍ 60 വയസ്സുവരെയുള്ളവര്‍ അക്കൂട്ടത്തിലുണ്ട്. നാട്ടുകാര്‍ മാത്രമല്ല, ദൂരെദിക്കിലുള്ളവരുമുണ്ട്.
പണ്ടൊക്കെ കളരിയില്‍ പോയി 1015 ആഴ്ചകളെങ്കിലും പരിശീലിക്കാത്തവരുണ്ടാവില്ല. താല്‍പര്യമുള്ളവര്‍ പിന്നെ കളരി വിടില്ല. പെണ്ണുങ്ങളുള്‍പ്പെടെ അക്കാലത്ത് കളരിയില്‍ സജീവമായിരുന്നു. പലതരം പണിയെടുക്കുന്നവര്‍ക്ക് ശാരീരികമായ കരുത്ത് പ്രധാനമായിരുന്നു. കാലം മാറിയപ്പോള്‍ രീതിയും മാറി. പെണ്ണുങ്ങള്‍ അധികമൊന്നും കളരിയിലേക്ക് വരാതായി. എല്ലാംകൊണ്ടും അനുകൂലമായ സാഹചര്യമായിരുന്നു തനിക്കെന്നും അത് കളരി മേഖലയില്‍ തുടരാന്‍ സഹായകമായെന്നും മീനാക്ഷിയമ്മ പറയുന്നു.
കടത്തനാട്ടില്‍ ഇന്നുകാണുന്ന നിരവധി കളരി ആശാന്മാര്‍ക്ക് ജന്മം നല്‍കിയത് കടത്തനാട്ട് കളരിസംഘമായിരുന്നു. പേരുകേട്ട കടത്തനാട് രാഘൂട്ടി ഗുരുക്കളുടെ സഹധര്‍മിണി കൂടിയാണ് മീനാക്ഷിയമ്മ. ചെറുപ്രായത്തില്‍തന്നെ 10 വര്‍ഷം കളരി പരിശീലിച്ചിരുന്നു. അങ്ങനെയാണ് രാഘൂട്ടി ഗുരുക്കളുടെ മനസ്സില്‍ ഇടംനേടുന്നതും സഹധര്‍മിണിയാവുന്നതും. ദാമ്പത്യം, മക്കള്‍, വീട് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിവന്നതോടെ കളരിപ്പയറ്റില്‍നിന്ന് ദീര്‍ഘകാലം അകന്നുനില്‍ക്കേണ്ടിവന്നു.
45 വര്‍ഷത്തോളം കളരിയില്‍നിന്ന് മാറിനിന്ന മീനാക്ഷി ആറു വര്‍ഷം മുമ്പ് ഭര്‍ത്താവിന്‍െറ നിര്‍ദേശപ്രകാരമാണ് വീണ്ടും കച്ചകെട്ടി കളരിയിലിറങ്ങിയത്. മൂന്നു വര്‍ഷം മുമ്പ് അദ്ദേഹം മരിച്ചതോടെ കളരിസംഘത്തിന്‍െറ ചുമതലയുമേറ്റെടുത്തു. സഹായത്തിന് രാഘൂട്ടി ഗുരുക്കളുടെ ശിഷ്യരുമുണ്ട്. രാവിലെ ആറു മുതല്‍ എട്ടുവരെയുള്ള പരിശീലനത്തിന് മറ്റു ഗുരുക്കന്മാരോടൊപ്പം മീനാക്ഷിയമ്മയുമുണ്ടാകും. വൈകീട്ട് അഞ്ചിനു തുടങ്ങുന്ന പരിശീലനം രാത്രി വരെ നീളും. 63 വര്‍ഷം പിന്നിട്ട ഈ കളരിസംഘത്തില്‍നിന്ന് ആയോധനകല പഠിച്ചിറങ്ങിയവര്‍ക്ക് കൈയും കണക്കുമില്ല. വീട്ടുകാര്യങ്ങളോടൊപ്പം കളരിയിലെ പരിശീലനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ ഇപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് മീനാക്ഷിയമ്മ പറയുന്നു.
കളരി പഠിപ്പിക്കാന്‍ ഫീസ് വാങ്ങുന്ന ഏര്‍പ്പാട് കടത്തനാട് കളരിസംഘത്തിനില്ല. രാഘൂട്ടി ഗുരുക്കളുടെ നന്മയാണത്. മീനാക്ഷിയമ്മയും ദക്ഷിണ മാത്രമേ വാങ്ങൂ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കളരിപ്പയറ്റ് അഭ്യസിക്കാന്‍ വരാറുണ്ടെങ്കിലും സാധാരണയായി പെണ്‍കുട്ടികള്‍ 15 വയസ്സോടെ പയറ്റുനിര്‍ത്താറാണ് പതിവ്. എന്നാല്‍, മീനാക്ഷിയമ്മ ഗുരുക്കള്‍ സ്ഥാനം ഏറ്റെടുത്തതോടെ പല പ്രദേശത്തുനിന്നും യുവതികള്‍ കളരി പഠിക്കാന്‍ വരുന്നുണ്ട്.
ഇളംപ്രായത്തിലേ കളരിപ്പയറ്റ് പരിശീലിക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം പകരുമെന്നാണ് മീനാക്ഷിയമ്മയുടെ അനുഭവസാക്ഷ്യം. സ്ത്രീകളായാലും പുരുഷന്മാരായാലും കളരി അഭ്യസിക്കുന്നവരെ എളുപ്പം തിരിച്ചറിയാന്‍ കഴിയും. കളരിപ്പയറ്റിന്‍െറ എല്ലാ മുറകളും പഠിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം ഏറെയാണ്. എന്നാല്‍, ഇക്കാലത്ത് പലരും പ്രദര്‍ശനത്തിനായി മാത്രമാണ് കളരിപ്പയറ്റ് അഭ്യസിക്കുന്നതെന്ന് അവര്‍ പരിഭവപ്പെടുന്നു.
പ്രാഥമിക മുറയായ മെയ്പ്പയറ്റ് പഠിക്കാന്‍ തന്നെ മൂന്നു കൊല്ലമെങ്കിലും വേണം. 15 വര്‍ഷം തുടര്‍ച്ചയായി പരിശീലിച്ചാലേ യഥാര്‍ഥ അഭ്യാസിയാകൂ. മീനാക്ഷിയമ്മയുടെ നാലു മക്കളും കളരി അഭ്യസിച്ചവരാണ്. പഴയകാലത്തെപ്പോലെ കളരികള്‍ ഏറെയൊന്നും ഇന്നില്ല. ഉള്ളവയുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ പറയുന്നുണ്ടെങ്കിലും ഒന്നും പ്രായോഗികമാവുന്നുമില്ല. പ്രകൃതിയോടിണങ്ങിയ ഈ ആയോധനകല കൈമോശം വന്നുപോവില്ളെന്ന ശുഭാപ്തിവിശ്വാസമാണ് മീനാക്ഷിയമ്മക്കുള്ളത്.
കേരളത്തില്‍ പെണ്‍ഗുരുക്കന്മാര്‍ ഏറെയുണ്ടിന്ന്. ബാലുശ്ശേരി ശ്രീശാസ്താ കളരിസംഘത്തിനെ നയിക്കുന്നത് 44 വയസ്സുകാരിയായ ഹേമലതയാണ്. പേരാമ്പ്ര കടത്തനാട് ചേകോര്‍ കളരിസംഘത്തിലെ സവിതയും ഷിതയും ഷൈനിയും എറണാകുളം കടുത്തുരുത്തി സി.വി.എന്‍ കളരിസംഘത്തിലെ നിഷയും കായക്കൊടി ധന്വന്തരി കളരിയിലെ അജിതയും പയിമ്പ്ര കൈരളി സംഘത്തിലെ അനുവും കണ്ണൂര്‍ വളപട്ടണം ശ്രീഭാരത് കളരി സംഘത്തിലെ സീമയും അനീഷയും തുടങ്ങി നിരവധി പേര്‍ കളരി പരിശീലനരംഗത്ത് സജീവമായുണ്ട്്. നേരത്തേ പൊതുവേ സ്ത്രീകള്‍ മാറിനിന്നിരുന്നെങ്കിലും ഇപ്പോള്‍ കൂടുതല്‍ പേര്‍ കളരിയിലേക്ക് വരുന്നതായാണ് അനുഭവമെന്ന് ഇവര്‍ പറയുന്നു. തെക്കന്‍, വടക്കന്‍ ശൈലികളിലായാണ് പരിശീലിപ്പിക്കുന്നതെങ്കിലും കളരി നല്‍കുന്ന ആരോഗ്യത്തിന്‍െറയും ആത്മവിശ്വാസത്തിന്‍െറയും കഥയാണെല്ലാവര്‍ക്കും ഒരേ സ്വരത്തില്‍ പറയാനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.