നിത്യഹരിത നായിക
text_fields‘നല്ല തങ്ക’യിലേക്ക് നായികയെത്തേടി ഇറങ്ങിയതായിരുന്നു കുഞ്ചാക്കോയും കെ.വി. കോശിയും. സംവിധായകന്‍ പി.വി. കൃഷ്ണയ്യരുമുണ്ട് കൂടെ. 1951ലെ പകല്‍ മങ്ങാന്‍ തുടങ്ങും നേരമാണ് അവര്‍ സുഹൃത്തായ കെ.എം.കെ. മോനോന്‍െറ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ടാക്കീസില്‍ എത്തിയത്. ത്യാഗരാജ ഭാഗവതര്‍ നടിച്ച പടത്തിന്‍െറ ആദ്യ കളി തുടങ്ങിയിരുന്നില്ല. ആളുകള്‍ വന്നുകൊണ്ടിരുന്നു. അപ്പോഴാണ് അകത്തുനിന്ന് പെണ്‍കുട്ടികളുടെ ചിരിയുയര്‍ന്നത്. മൂന്നുപേരുടെയും ശ്രദ്ധ അങ്ങോട്ടായി. കൂട്ടത്തില്‍ കൗമാരക്കാരിയായ സുന്ദരിയുടെ മുഖം അവരുടെ കണ്ണുകളിലുടക്കി. നായികക്ക് ചേര്‍ന്ന മുഖം. ആ പെണ്‍കുട്ടിയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞു. ടാക്കീസിന്‍െറ മാനേജരായ കയ്യാലം കൃഷ്ണപിള്ളയുടെ ഭാര്യയുടെ അനിയത്തിയാണ്. കോമളമെന്നാണ് പേര്. കൃഷ്ണപിള്ളയോട് സിനിമയിലേക്ക് വിടാമോ എന്ന് തിരക്കി.
സിനിമാ സ്നേഹിയായ കൃഷ്ണപിള്ള സന്തോഷത്തോടെയാണ് വീട്ടില്‍ വിഷയം അവതരിപ്പിച്ചത്. സിനിമയെന്നു പറഞ്ഞപ്പോഴേ എതിര്‍പ്പുയര്‍ന്നു. സിനിമയും നാടകവും മോശമെന്ന് സമൂഹം വിശ്വസിച്ചിരുന്ന നാളുകള്‍. അഭിനയിക്കാന്‍ താല്‍പര്യമില്ളെന്ന് കുഞ്ചാക്കോയെ അറിയിച്ചു. എന്നിട്ടും അവര്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ സ്റ്റില്‍സ് എടുക്കാന്‍ അനുവദിച്ചു. അപ്പോഴാണ് സഹോദരന്‍ ചന്ദ്രസേനന്‍ എതിര്‍പ്പുമായി എത്തിയത്. പിന്നെ അവര്‍ നിര്‍ബന്ധിച്ചില്ല. മിസ്. കുമാരിയെ നായികയാക്കി പടം തുടങ്ങി.
അടുത്ത വര്‍ഷം വി.ആന്‍ഡ് സി. പ്രൊഡക്ഷന്‍സ് ‘വനമാല’യെന്ന സിനിമയെടുക്കാന്‍ തീരുമാനിച്ചപ്പോഴും നായികയെ തേടിയത്തെിയത് കോമളത്തിന്‍െറ വീട്ടിലായിരുന്നു. ഇത്തവണ വീട്ടുകാര്‍ സമ്മതംമൂളി. അങ്ങനെ നെയ്യാറ്റിന്‍കര കോമളമെന്ന ആദ്യകാല താരത്തിന്‍െറ ഉദയമുണ്ടായി.
ഏതാനും സിനിമകളില്‍ മാത്രമേ കോമളത്തെ മലയാളി കണ്ടിട്ടുള്ളൂ. എന്നാല്‍, മലയാള സിനിമാ ചരിത്രത്തില്‍ കോമളമെന്ന പേര് വേറിട്ടുതന്നെ നില്‍ക്കുന്നു. നിത്യഹരിത നായകന്‍ പ്രേം നസീറിന്‍െറ ആദ്യ നായിക, മലയാളത്തിലെ ആദ്യ വനചിത്രത്തിലെ പ്രധാന കഥാപാത്രം, ആദ്യ നിയോ റിയലിസ്റ്റിക് ചിത്രമായ ‘ന്യൂസ്പേപ്പര്‍ ബോയ്്’യിലെ മുഖ്യ വനിതാ കഥാപാത്രം തുടങ്ങി ചില നിയോഗങ്ങള്‍ കാലം അവര്‍ക്കായി കാത്തുവെച്ചതായിരുന്നു. പഴയ ബ്ളാക് ആന്‍ഡ് വൈറ്റിന്‍െറ നിറമുള്ള ഓര്‍മകളുമായി നെയ്യാറ്റിന്‍കര മരുത്തൂരിലെ രവി മന്ദിരത്തില്‍ പ്രേം നസീറിന്‍െറ നായികയുണ്ട്. ആദ്യ സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞാണ് അവര്‍ സംസാരം തുടങ്ങിയത്.
‘ചേട്ടന്‍ ടാക്കീസിന്‍െറ മാനേജരായതിനാല്‍ ഞങ്ങള്‍ സിനിമ കാണാന്‍ പോകുമായിരുന്നു. നടന്‍ രവികുമാറിന്‍െറ അച്ഛന്‍ കെ.എം.കെ. മേനോന്‍േറതായിരുന്നു ശ്രീകൃഷ്ണ ടാക്കീസ്. സിനിമക്ക് പോകുന്നത് അമ്മക്ക് ഇഷ്ടമായിരുന്നില്ല. എന്നാലും കരഞ്ഞുപിടിച്ച് ഞങ്ങള്‍ പോകും. അങ്ങനെ ഒരു ദിവസം പോയപ്പോഴായിരുന്നു കുഞ്ചാക്കോയും കോശിയും എന്നെ കണ്ടതും സിനിമയിലേക്ക് വിളിച്ചതും.’
പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായ പങ്കജാക്ഷ മേനോന്‍െറയും അധ്യാപികയായ കുഞ്ഞിയമ്മയുടെയും ഏഴു മക്കളില്‍ അഞ്ചാമത്തേതായ കോമളം നാടകത്തില്‍പോലും അഭിനയിച്ചിരുന്നില്ല. എന്നിട്ടും സിനിമ അവരെത്തേടിയത്തെുകയായിരുന്നു.
‘നെയ്യാറ്റിന്‍കര സെന്‍റ് തെരേസാസ് കോണ്‍വെന്‍റില്‍ ഇ.എസ്.എസ്.എല്‍.സി കഴിഞ്ഞുനില്‍ക്കുന്ന സമയമായിരുന്നു. എനിക്കന്ന് 18 വയസ്സായിട്ടുണ്ടാകും. സിനിമയും നാടകവും മോശമാണെന്ന മനോഭാവമായിരുന്നു നാട്ടുകാര്‍ക്ക്. സംഗീതം, നൃത്തം ഇവയോടും വിരോധമായിരുന്നു. പാട്ടും പഠിപ്പിക്കില്ല. വീട്ടുകാര്‍ക്കും ഇതേമനോഭാവം തന്നെ. അയ്യോ അവളെ സിനിമയില്‍ അയക്കില്ല എന്നൊക്കെ പറഞ്ഞ് ആ സിനിമ ഒഴിവാക്കി. അതുകഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് ‘വനമാല’യിലേക്ക് വിളി വന്നത്. മലയാളത്തിലെ ആദ്യ വനചിത്രമായിരുന്നു ‘വനമാല’. പേച്ചിപ്പാറ വനാന്തരങ്ങളില്‍ വെച്ചായിരുന്നു പകുതിയിലധികവും ചിത്രീകരിച്ചത്. ബാക്കി ഉദയാ സ്റ്റുഡിയോയില്‍ വെച്ചും. പില്‍ക്കാലത്ത് നിര്‍മാതാവും സംവിധായകനുമെല്ലാമാ യിത്തീര്‍ന്ന പി.എ. തോമസ് ആയിരുന്നു നായകന്‍. ആദ്യമായി കാമറയുടെ മുന്നില്‍ നിന്നപ്പോള്‍ പേടിയായിരുന്നു. അപ്പോള്‍ സംവിധായകന്‍ ജി. വിശ്വനാഥ് ധൈര്യം തന്നു: പേടിക്കേണ്ട, ആരെയും നോക്കേണ്ട, സംഭാഷണം പറഞ്ഞാമതി. അപ്പോള്‍ ഒരു തന്‍േറടമൊക്കെ വന്നു. ആദ്യ സംഭാഷണം ഇപ്പോഴും ഓര്‍മയുണ്ട്, ‘ഈ കാട്ടില്‍ ഞാന്‍ വളര്‍ത്തുന്ന ആന നിന്‍െറയോ? കള്ളാ..’ ആയിരം രൂപ പ്രതിഫലവും തന്നു.
അതുകഴിഞ്ഞ് 1952ല്‍ ആത്മശാന്തി. ജോസഫ് തളിയത്തായിരുന്നു സംവിധാനം. മദ്രാസില്‍ വെച്ച് ഷൂട്ടിങ്. മിസ് കുമാരിയും ഞാനും ജ്യേഷ്ഠത്തിയും അനുജത്തിയുമായി അഭിനയിച്ചു. ശാരദ എന്നായിരുന്നു എന്‍െറ കഥാപാത്രത്തിന്‍െറ പേര്. നല്ല പടമായിരുന്നു, നന്നായി ഓടുകയും ചെയ്തു. അതിനു ശേഷമാണ് ‘മരുമകളി’ല്‍ അഭിനയിച്ചത്. എന്‍െറ മൂന്നാമത്തെ ചിത്രം; പ്രേം നസീറിന്‍െറ ആദ്യത്തേതും.
അന്ന് പ്രേംനസീര്‍ ആയിട്ടില്ല. അബ്ദുല്‍ ഖാദറായിരുന്നു. ഒരു കൊച്ചുപയ്യന്‍. നിര്‍മാതാവ് പോള്‍ കല്ലിങ്കല്‍ പരസ്പരം പരിചയപ്പെടുത്തി. ഞങ്ങള്‍ അഭിവാദ്യം ചെയ്തു. അതു കഴിഞ്ഞ് റിഹേഴ്സല്‍. പിന്നെ ഷൂട്ട് തുടങ്ങി.’
പ്രേംനസീറിനൊപ്പം ആദ്യ രംഗം
‘ഞാന്‍ രണ്ടു മൂന്ന് പടങ്ങളില്‍ അഭിനയിച്ചതല്ളേ. നസീര്‍ ആദ്യമായിട്ടായിരുന്നു. ചെറിയ പയ്യനാണെങ്കിലും നമുക്ക് അങ്ങോട്ട് ബഹുമാനം തോന്നുന്ന പ്രകൃതമായിരുന്നു അബ്ദുല്‍ ഖാദറിന്‍േറത്. അധികം സംസാരമൊന്നും ഇല്ല. അഹങ്കാരമൊന്നും ഇല്ലാത്ത, ഒരു നല്ല കുടുംബത്തിലെ കുട്ടി. അതായിരുന്നു നസീര്‍. ഞാനും റിസര്‍വ്ഡ് ആയിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കും. വലിയ സുഹൃദ് ബന്ധത്തിനൊന്നും പോവില്ല. സേലത്തായിരുന്നു ഷൂട്ടിങ്. ഞങ്ങളൊന്നിച്ച് ആദ്യമായി അഭിനയിച്ചത് ഒരു പ്രേമരംഗമായിരുന്നു. ഒരു പാട്ടും ഉണ്ടായിരുന്നു. പാട്ട് രംഗം അഭിനയിക്കുമ്പോള്‍ രസകരമായ സംഭവമുണ്ടായി. ചിത്രീകരണത്തിനിടെ എന്‍െറ മുടി പാറി നസീറിന്‍െറ വായിലേക്കത്തെും. രണ്ടു മൂന്നു തവണ ശ്രമിച്ചിട്ടും സീന്‍ ഓക്കെയായില്ല. അവസാനം മുടി കെട്ടിവെച്ചാണ് ആ രംഗം പൂര്‍ത്തിയാക്കിയത്. ഒരുപാട് രംഗങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് പിരിയാന്‍ നേരത്താണ് ഞങ്ങള്‍ നേരിട്ട് സംസാരിക്കുന്നത്. തനിക്ക് ഒന്നരക്കുഞ്ഞുണ്ടെന്ന് നസീര്‍ പറഞ്ഞു. ആദ്യം എനിക്കത് മനസ്സിലായില്ല. പിന്നെയാണ് കല്യാണം കഴിച്ച കാര്യം മനസ്സിലായത്...’
‘മരുമകള്‍’ക്കു ശേഷം ‘സന്ദേഹി’ എന്ന ചിത്രത്തില്‍ അഭിനയിച്ചു. മദിരാശിയില്‍ വെച്ചായിരുന്നു ഷൂട്ടിങ്. എഫ് നാഗൂറായിരുന്നു നിര്‍മാണവും സംവിധാനവും. എം.ജി.ആറിന്‍െറ ജ്യേഷ്ഠനായ എം.ജി. ചക്രപാണി നായകന്‍. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിര്‍മിച്ച ചിത്രമായിരുന്നു ‘സന്ദേഹി’. മലയാളത്തില്‍ ഞാന്‍ നായിക. തമിഴിലും തെലുങ്കിലും നായിക എം.വി. രാജമ്മ. അവര്‍ അക്കാലത്തെ വലിയ ഹീറോയിന്‍ ആണ്. എന്‍.ടി .രാമറാവുവും ആ സിനിമയില്‍ ഉണ്ടായിരുന്നു. ഈ പടം കഴിഞ്ഞ് ഞാന്‍ ബോംബെയിലുള്ള സഹോദരന്‍െറ അടുക്കലേക്കാണ് പോയത്. ഏതാനും ആഴ്ച കഴിഞ്ഞപ്പോള്‍ നാട്ടില്‍നിന്നും ഒരു ടെലിഗ്രാം വന്നു. ഒരുകൂട്ടം കോളജ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഒരു സിനിമയെടുക്കുന്നു. അതില്‍ അഭിനയിക്കാനുള്ള ക്ഷണമായിരുന്നു. പി. രാമദാസ് സംവിധാനം ചെയ്യുന്ന സിനിമ ന്യൂസ് പേപ്പര്‍ ബോയ്. മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം. സംവിധാകന്‍ രാമദാസ് അടക്കമുള്ള മിക്കവരും കോളജ് വിദ്യാര്‍ഥികള്‍. എല്ലാവവരും 22ന് താഴെ പ്രായമുള്ളവര്‍. മെറിലാന്‍ഡ് സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിങ്. സാങ്കേതികപ്രവര്‍ത്തകരെ കണ്ടപ്പോള്‍ എനിക്ക് അതിശയവും സംശയവും ഇവര്‍ക്ക് പടമെടുക്കാനാകുമോ എന്ന്. ഞാനും ആര്‍.എസ്. കുറുപ്പുമായിരുന്നു ജോടികള്‍. ഞങ്ങളുടെ കുടുംബത്തിന്‍െറ കഥ. ഞങ്ങളുടെ മൂത്തമകന്‍ ന്യൂസ്പേപ്പര്‍ ബോയ്, 55ല്‍ ആ പടം റിലീസ് ചെയ്തു. എന്നാല്‍ ആ സിനിമയോടെ എന്‍െറ സിനിമാജീവിതം അവസാനിച്ചു.’
നല്ല സിനിമകളുടെ ഭാഗമായി എന്നിട്ടും സിനിമ ഉപേക്ഷിച്ചു
വേറെയും അവസരങ്ങള്‍ വന്നിരുന്നു. പോയില്ല. എന്‍െറ കൂടെ വരാന്‍ ആളില്ലായിരുന്നു. സ്കൂളില്‍നിന്ന് ലീവെടുത്താണ് അമ്മ കൂടെ പോന്നിരുന്നത്. സഹോദരന്മാരൊക്കെ പുറത്ത് ഉദ്യോഗത്തിലാണ്. അച്ഛന്‍ മരിച്ചു. അപ്പോള്‍ കുടുംബത്തിനകത്ത് തന്നെ എതിരഭിപ്രായം ഉണ്ടായിരുന്നു. സിനിമയല്ളേ. പോകാന്‍ പാടില്ല എന്നൊക്കെ.
‘ഭക്തകുചേല’ എടുക്കുന്ന സമയത്ത് സെറ്റെല്ലാം ഇട്ട് സുബ്രഹ്മണ്യം മുതലാളി എനിക്ക് ആളെ അയച്ചു. ദേവകിയായി അഭിനയിക്കാനായിരുന്നു ക്ഷണം. ഞാന്‍ പോയില്ല. എന്‍െറ ഭാഗ്യമില്ലായ്മ. അന്ന് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിരുന്നെങ്കില്‍ ഇന്ന് ഞാന്‍ അറിയപ്പെടുന്ന വലിയൊരു വ്യക്തിയായിരുന്നേനെ. എന്‍െറ തലവിധി അങ്ങനെയായിരുന്നു. പിന്നീട് ഞാന്‍ വളരെയധികം ദു$ഖിച്ചു. മരിക്കുവോളം ആ ദു$ഖം എന്നിലുണ്ടാകും. പ്രശസ്തയാവണമെന്ന് അന്ന് തോന്നിയില്ല. വീട്ടില്‍ വെറുതെ കഴിഞ്ഞു കൂടി. വര്‍ഷങ്ങള്‍ കഴിഞ്ഞ് നമ്മുടെ മലയാള സിനിമ വളര്‍ന്ന് വലിയ വലിയ ആര്‍ടിസ്റ്റുകള്‍ വന്നു. മലയാളം ഇങ്ങനെയൊക്കെ വളരുമെന്നോ ഭാവി ഉണ്ടാകുമെന്നോ അന്ന് അറിയില്ലായിരുന്നു. സിനിമയെയും നാടകത്തെയും അവഹേളിച്ച് അവജ്ഞയോടെ കാണുന്ന കാലമായിരുന്നല്ളോ. അതിനിടയില്‍ കുടുംബത്തിലും പലതുമുണ്ടായി. അമ്മയുടെ മരണം. താമസിച്ചുള്ള എന്‍െറ വിവാഹം. അദ്ദേഹം മരിച്ചു. അച്ഛന്‍െറ അനന്തരവന്‍ ചന്ദ്രശേഖര മേനോനാണ് എന്നെ വിവാഹം കഴിച്ചത്. പെട്ടെന്ന് മരിച്ചു. അതിലും മുന്നോട്ടുപോകാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല.
ഒരിക്കല്‍ മധു ‘ആരാധന’ എന്നൊരു സിനിമ സംവിധാനംചെയ്യുന്നു എന്ന് വാര്‍ത്ത കണ്ടു. അപ്പോള്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി, വേഷംകിട്ടിയാല്‍ നന്നായിരുന്നുവെന്നു കാണിച്ച്. മധുവിന്‍െറ മറുപടി വന്നു. ആ സിനിമയില്‍ ചെറിയൊരു വേഷം ലഭിക്കുകയും ചെയ്തു.
വീണ്ടും നസീറിനെ കാണുന്നു
ആദ്യ സിനിമക്കു ശേഷം ഞാന്‍ നസീറിനെ കണ്ടിട്ടേയില്ലായിരുന്നു. പക്ഷേ, നസീറിന്‍െറ പടങ്ങളൊക്കെ കാണും. വര്‍ഷം കുറെ കഴിഞ്ഞു. ഒരു ദിവസം അപ്രതീക്ഷിതമായി എനിക്കൊരു കത്തുകിട്ടി. തുറന്നു നോക്കുമ്പോള്‍ നസീറും ഭാര്യ ഹബീബയും ഒപ്പിട്ട ഒരു കാര്‍ഡ്. മകന്‍ ഷാനവാസിന്‍െറ വിവാഹമാണ്. ആ സമയത്ത് ഞാന്‍ ഫീല്‍ഡില്‍ ആരുമല്ല. നസീറാണെങ്കില്‍ പ്രശസ്തിയുടെ ആകാശംമുട്ടി നില്‍ക്കുന്നവ്യക്തിയും. എനിക്ക് സന്തോഷവും അതിശയവും തോന്നി. പോകണമോ വേണ്ടയോ, എന്നെ തിരിച്ചറിയുമോ എന്നൊക്കെയുള്ള ചിന്തയായി. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതാണല്ളോ.. സുബ്രഹ്മണ്യം ഹാളിലായിരുന്നു വിവാഹം. അവിടെയത്തെുമ്പോള്‍ നിറയെ ആളുകളാണ്. ഞാനും കൂടെയുണ്ടായിരുന്ന എന്‍െറ ബന്ധുവായ പയ്യനും അകത്തേക്ക് നടന്നു. നസീര്‍ കുറച്ചകലെ പത്രക്കാരുമൊക്കെയായി സംസാരിച്ച് നില്‍ക്കുന്നത് കണ്ടു. എന്നെ ഒന്നു നോക്കി നസീര്‍. ഞാന്‍ നമസ്തേ പറഞ്ഞു. അദ്ദേഹത്തിന് എന്നെ മനസ്സിലായി. ഉടനെ എന്‍െറയടുത്തേക്ക് വന്നു. ഈ വരുന്നത് ആരെന്ന് അറിയാമോ? ഇത് എന്‍െറ ആദ്യ നായികയാണ്. നെയ്യാറ്റിന്‍കര കോമളം. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷവും എന്നെ മനസ്സിലായി നസീറിന്. അതിനു ശേഷമാണ് നസീറിന്‍െറ ആദ്യ നായികയെന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. എന്നെയും ആറന്മുള പൊന്നമ്മച്ചേച്ചിയെയും കൂടെനിര്‍ത്തി നസീര്‍ ഫോട്ടോയും എടുത്തു. പിന്നീട് ഒരിക്കല്‍ക്കൂടി നസീറിനെ കണ്ടു. എറണാകുളത്ത് ഒരു സ്വീകരണ ചടങ്ങില്‍ വെച്ച്. അന്നും വളരെ സ്നേഹത്തോടെ പെരുമാറി.
നസീറിന്‍െറ മരണവിവരം കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. നിറയെ അഭിനയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയല്ളേ. കുറച്ചു കഴിഞ്ഞപ്പോള്‍ ദൂരദര്‍ശന്‍െറ വണ്ടിവന്നു. നസീറിന്‍െറ മരണത്തെക്കുറിച്ച് എന്‍െറ പ്രതികരണം അറിയാനാണ് അവര്‍ വന്നത്. വാസ്തവത്തില്‍ അന്നു ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.
ആദ്യകാല നടിമാര്‍ അഭിനയം തുടരാതിരുന്നത്
അന്ന് വളരെ കുറച്ചു സിനിമകളാണ് ഇറങ്ങുന്നത്. പിന്നെ എല്ലാ കാര്യത്തിനും മദ്രാസില്‍ പോകണം. മെറിലാന്‍ഡും ഉദയായും, അവരുടെ പടങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള നടീനടന്മാരെ വെച്ച് എടുക്കുമെന്നല്ലാതെ ധാരാളം ചിത്രങ്ങള്‍ അന്നില്ലായിരുന്നു. 6070 ആയപ്പോഴേക്കും സിനിമ വളര്‍ന്നു. സാങ്കേതികമായും മുന്നേറ്റമുണ്ടായി. ഷീലയും ശാദരദയും ജയഭാരതിയും കുറെ കാലം നിന്നില്ളേ. 60നു ശേഷം വന്ന തലമുറ നിന്നു. ഞങ്ങളുടെ കാലത്ത് എത്ര പേരെടുത്താലും അവജ്ഞയേയുണ്ടായിരുന്നുള്ളൂ..
സഹോദരന്‍ രവിയുടെ ഭാര്യ നളിനകുമാരിയും കുടുംബവുമാണ് കോമളത്തിന് കൂട്ട്. സിനിമാ സംഘടനയായ അമ്മയില്‍നിന്ന് കൈനീട്ടവും സര്‍ക്കാര്‍ വക പെന്‍ഷനും കിട്ടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഏതാനും സീരിയലുകളില്‍ കോമളം അഭിനയിച്ചു. ആവര്‍ത്തനം, പിതൃവനം അപരാധി. ആ പെണ്‍കുട്ടി നീയായിരുന്നെങ്കില്‍ എന്നൊരു സിനിമയിലും അടുത്തിടെ വേഷമിട്ടു. ‘ഇപ്പോഴാണ് എന്നെ എല്ലാവരും അറിയാന്‍ തുടങ്ങിയത്. നസീറിന്‍െറ ആദ്യ നായികയെന്ന പേരില്‍ ഇന്നത്തെ കുട്ടികള്‍ എന്തൊരു ഫങ്ഷന്‍ വന്നാലും എന്നെ വിളിക്കുകയും ആദരിക്കുകയും ചെയ്യുന്നു.’

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.