തെരുവു സര്‍ക്കസില്‍ നിന്ന് ജില്ലാ സ്കൂള്‍ ടീമിലേക്ക്
text_fieldsആളിക്കത്തുന്ന ഇരുമ്പിന്‍െറ അഗ്നിവളയം. പിന്നില്‍ ചൂരല്‍വടിയുമായി കണ്ണുരുട്ടി രണ്ടാനച്ഛന്‍. വളയം ചാടിക്കടന്നാല്‍ അടിയേല്‍ക്കാതെ രക്ഷപ്പെടാം. അല്ളെങ്കില്‍ കുഞ്ഞു ഗായത്രിയുടെ കുഞ്ഞു ശരീരത്തില്‍ ചൂരല്‍വടി പുളഞ്ഞുകയറും. തെരുവു സര്‍ക്കസിലെ ക്രൂരപീഡനങ്ങളില്‍ നിന്ന് എറണാകുളം ജില്ലാ സ്കൂള്‍ ഫുട്ബാള്‍ ടീമിന്‍െറ ക്യാപ്റ്റനായിത്തീര്‍ന്ന ഗായത്രിയുടെ ബാല്യത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഞെട്ടിക്കുന്നതാണ്. തൊടുപുഴയില്‍ എറണാകുളം ജില്ലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാന സ്കൂള്‍ സുബ്രതോ മുഖര്‍ജി കപ്പില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തെരുവില്‍ ഭീതിയോടെ സര്‍ക്കസ് കളിച്ചുനടന്ന ബാല്യം ഗായത്രി മറന്നു കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഗായത്രി കറുകുറ്റി സെന്‍റ് ജോസഫ്സ് ഗേള്‍സ് സ്കൂളിന്‍െറ ഫുട്ബാള്‍ ടീം ക്യാപ്റ്റനും ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയുമാണ്. 2010ല്‍ നാലുവര്‍ഷം മുമ്പ് ജനസേവയിലെത്തി.
മൈസൂരിലായിരുന്നു ഗായത്രിയുടെ ജനനം. പിതാവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചതിനെ തുടര്‍ന്ന് അമ്മയോടും രണ്ടാനച്ഛനോടുമൊപ്പമാണ് വളര്‍ന്നത്. തെരുവു സര്‍ക്കസുകാരനായിരുന്നു രണ്ടാനച്ഛന്‍. രാജ്യത്തെ വിവിധ തെരുവുകളില്‍ ഗായത്രിയെക്കൊണ്ടും ബന്ധുക്കളായ കുട്ടികളെക്കൊണ്ടും സര്‍ക്കസ് കളിപ്പിക്കുകയായിരുന്നു അയാള്‍ ചെയ്തിരുന്നത്. കൊടിയ പീഡനങ്ങളായിരുന്നു പരിശീലന കാലത്ത് ഗായത്രിക്ക് അനുഭവിക്കേണ്ടിവന്നത്.
ഉയരത്തില്‍ പൊക്കിക്കെട്ടിയ നേര്‍ത്ത ഇരുമ്പുദണ്ഡിലൂടെ നടക്കുക, അഗ്നിവളയത്തിലൂടെ ചാടിക്കടക്കുക, തലകുത്തി നടക്കുക എന്നീ പരിശീലനമുറകളാണ് ഗായത്രിയെക്കൊണ്ട് ചെയ്യിച്ചിരുന്നത്. ഒരുതവണ ഇരുമ്പുകമ്പിയിലൂടെ നടക്കുന്നതിനിടെ താഴേക്ക് വീണ് തലപൊട്ടി. തുടര്‍ന്ന് കളിക്കില്ളെന്ന് വാശിപിടിച്ചെങ്കിലും രണ്ടാനച്ഛന്‍െറ ക്രൂരതയോര്‍ത്ത് വീണ്ടും സര്‍ക്കസുമായി തെരുവീഥികള്‍ താണ്ടി. സര്‍ക്കസ് കളിച്ചുകിട്ടിയ പണം മദ്യപാനത്തിനാണ് രണ്ടാനച്ഛന്‍ ഉപയോഗിച്ചിരുന്നതത്രെ. ഭക്ഷണം പോലും തനിക്കും കൂടെയുള്ളവര്‍ക്കും തരില്ലായിരുന്നെന്ന് ഗായത്രി പറയുന്നു.
ഒരിക്കല്‍ ചേര്‍ത്തലയില്‍ തെരുവു സര്‍ക്കസിനായി രണ്ടാനച്ഛന്‍ ഗായത്രിയെയും കൂട്ടിയെത്തി. ഒരവസരം കിട്ടിയപ്പോള്‍ ഗായത്രിയും ബന്ധുവായ മഞ്ജുവും അശോകും ചേര്‍ന്ന് അവിടെ നിന്ന് മുങ്ങി. ട്രെയിനില്‍ ആലുവയില്‍ വന്നിറങ്ങിയ കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായപ്പോള്‍ ഒരു ഓട്ടോക്കാരന്‍ ജനസേവയില്‍ എത്തിക്കുകയായിരുന്നു. ജനസേവയിലെ ത്തിയ ഗായത്രി ഫുട്ബാളില്‍ മാത്രമല്ല, ജൂഡോ, ബാസ്കറ്റ്ബാള്‍ എന്നീ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഗായത്രിയെ കൂടാതെ ഐശ്വര്യ, രൂപ, നന്ദിനി, മഞ്ജു, ധനലക്ഷ്മി എന്നിവരാണ് സെന്‍റ് ജോസഫ്സ് സ്കൂള്‍ ടീമിന് സുബ്രതോ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനിറങ്ങിയത്.
ആദ്യ ദിവസം ജനനസര്‍ട്ടിഫിക്കറ്റ് ഇല്ളെന്ന കാരണത്താല്‍ അധികൃതര്‍ ജനസേവയിലെ കുട്ടികളെ കളിക്കാന്‍ അനുവദിച്ചില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് രണ്ടാം ദിവസം അനുമതി നല്‍കി. സെമിഫൈനലില്‍ കോഴിക്കോടുമായി ഏറ്റുമുട്ടിയെങ്കിലും വിജയിക്കാനായില്ല. എങ്കിലും തെരുവില്‍നിന്നെത്തി എറണാകുളം ജില്ലാ സ്കൂള്‍ ഫുട്ബാള്‍ ടീമിന്‍െറ ക്യാപ്റ്റനായി ഉയര്‍ന്ന ഗായത്രിക്ക് അല്‍പം പോലും നിരാശയില്ല. അടുത്ത ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ മത്സരത്തില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന ഉറപ്പിലാണ് ഗായത്രിയും കൂട്ടുകാരും മടങ്ങിയത്. തെരുവിലെ വെല്ലുവിളികളെ അതിജീവിച്ച ഗായത്രിയുടെ കണ്ണുകളില്‍ നിശ്ചയദാര്‍ഢ്യം തെളിഞ്ഞുകാണാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.