കോര്‍ട്ടിനു പുറത്തെ ടെന്നിസ് ബാള്‍ വിജയം
text_fieldsപ്രകാശ് പദുകോണ്‍ ഇന്ത്യന്‍ ബാഡ്മിന്‍റണില്‍ അരങ്ങുവാഴുന്ന കാലം. അന്ന് അദ്ദേഹത്തിന്‍െറ പേരു കേള്‍ക്കാത്തവര്‍ നന്നേ വിരളം. എന്നാല്‍, മധ്യ കേരളത്തിലൊരു പെണ്‍കുട്ടി ആ പേര് കേട്ടിട്ടേ ഇല്ലായിരുന്നു. ക്രിക്കറ്റായിരുന്നു അവളുടെ പാഷന്‍. വിവാഹമുറപ്പിച്ച കാലത്ത് മാഗസിനിലെ പരസ്യത്തില്‍ പദുകോണിനെ അവള്‍ കണ്ടു. അപ്പോഴും കൗതുകം തോന്നിയില്ല. അതാരെന്ന് അന്വേഷിക്കാനും മിനക്കെട്ടില്ല. ചുരുങ്ങിയത് ദീപികയുടെ അച്ഛനാണ് അതെന്നെങ്കിലും അറിയണമായിരുന്നുവെന്ന് കാലങ്ങള്‍ കഴിഞ്ഞാണ് തോന്നിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം അവളെ കാത്തിരുന്നത് പദുകോണ്‍ ബ്രാന്‍ഡ് അംബാസഡറായ ഒരു കമ്പനിയുടെ സി.ഇ.ഒ പദവിയായിരുന്നു. ഒരു സെല്‍ഫ് ഡിസൈന്‍ഡ് സി.ഇ.ഒ. സ്വന്തം ഭാഷയില്‍ അതാണ് ലിസാ മായന്‍.
‘ക്ളാസിക് സ്പോര്‍ട്സ് ഗുഡ്സ് (പ്രൈ. ലിമിറ്റഡ്) എന്ന കമ്പനിയുടെ മേല്‍നോട്ടം വഹിക്കുന്നുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം അദ്ഭുതം തന്നെയാണ്. റിസ്കെടുക്കാനുള്ള മനസ്സും ഒപ്പം ഭര്‍തൃകുടുംബം നല്‍കിയ പ്രേരണയുമാണ് ബിസിനസ് രംഗത്ത് എന്‍െറ മുതല്‍മുടക്ക്’ -കണ്ണൂരിലെ തോട്ടടക്കടുത്ത ക്ളാസിക് സ്പോര്‍ട്സ് ഗുഡ്സ് കമ്പനിയിലെ തന്‍െറ മുറിയിലിരുന്ന് ലിസാ മായന്‍ പറഞ്ഞുതുടങ്ങി. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ഇന്ത്യന്‍ കളിക്കാരുടെ പരിശീലനത്തിനായി വിന്‍സന്‍ എന്ന ബ്രാന്‍ഡ് നെയ്മിലുള്ള 7000ത്തോളം ടെന്നിസ് ബാളുകളാണ് ദിനംപ്രതി ഇന്ന് കമ്പനി പുറത്തിറക്കുന്നത്.
20 വര്‍ഷം മുമ്പാണ് വെസ്റ്റേണ്‍ ഇന്ത്യ പൈ്ളവുഡ്സിന്‍െറ മാനേജിങ് ഡയറക്ടര്‍ പി.കെ. മുഹമ്മദിന്‍െറ മകന്‍ മായന്‍ മുഹമ്മദിന്‍െറ ഭാര്യയായി ലിസ കണ്ണൂരിലെത്തുന്നത്. എറണാകുളം സ്വദേശിയായ അവര്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബൈയില്‍. പ്ളസ് ടു കഴിഞ്ഞ് കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. വെറുതെ വീട്ടിലിരിക്കാതെ എന്തെങ്കിലും ജോലിചെയ്യാന്‍ ഭര്‍തൃവീട്ടുകാര്‍ പ്രേരിപ്പിച്ചു. ഒരിക്കല്‍ മായനോട് അക്കാര്യം പറഞ്ഞപ്പോള്‍ നമ്മുടെ വിശാലമായ പറമ്പില്‍ എന്തെങ്കിലും ചെയ്യൂ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. അപ്പോഴൊന്നും സ്വന്തം കമ്പനിയില്‍ ജോലി ചെയ്യുന്ന കാര്യത്തെക്കുറിച്ച് മായന്‍ മിണ്ടാറില്ല. ഒന്നുരണ്ടുതവണ അവിടെ പോയിട്ടുള്ളതല്ലാതെ അത് ലിസയുടെയും അക്കൗണ്ടിലുണ്ടായിരുന്നുമില്ല. അപ്പോഴേക്കും കുട്ടികളായി; അവരുടെ കാര്യങ്ങളുമായി തിരക്കായി. സ്പോര്‍ട്സ് ഗുഡ്സും ആക്സസറീസുകളും നിര്‍മിക്കുന്ന കമ്പനികള്‍ ഇന്ത്യയില്‍ തന്നെ കുറവായിരുന്നു അക്കാലത്ത്. കേരളത്തിന്‍െറ ഭൂപടത്തിലെ ഇത്തിരിപ്പോന്നൊരു നാട്ടില്‍ നിന്ന് അങ്ങനെയൊരു സാധ്യതയെപ്പറ്റി പി.കെ. മുഹമ്മദ് ആലോചിച്ചതിന്‍െറ ഫലമായി പൈ്ളവുഡ്സ് ഉല്‍പാദനരംഗത്തു മാത്രം കൈവെച്ചിരുന്ന വെസ്റ്റേണ്‍ ഇന്ത്യ സ്പോര്‍ട്സ് ഉല്‍പന്നങ്ങളുടെ നിര്‍മാണത്തിലേക്കും ചുവടുവെച്ചു.
തൂവലില്‍ നിന്ന് ബാളിലേക്ക്
ടെന്നിസ് റാക്കറ്റ് നിര്‍മാണത്തിനായി 1987ലാണ് വിന്‍മാക്സ് സ്പോര്‍ട്സ് ആക്സസറീസ് തുടങ്ങിയത്. ലോക സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയും ചൈനീസ് ഉല്‍പന്നങ്ങളുടെ മുന്നേറ്റവും ടെന്നിസ് റാക്കറ്റിന്‍െറ വിപണനത്തിന് തിരിച്ചടിയായി. തുടര്‍ന്ന് കമ്പനിക്ക് റാക്കറ്റ് നിര്‍മാണം നിര്‍ത്തേണ്ടിവന്നു. കമ്പനിയിലുണ്ടായിരുന്ന ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാനായി കമ്പനി കാരംസ് ബോര്‍ഡും ചെസ് ബോര്‍ഡും നിര്‍മിക്കാന്‍ തുടങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഷട്ട്ല്‍ കോര്‍ക്കിന്‍െറ നിര്‍മാണവും ആരംഭിച്ചു. തായ്വാനില്‍ നിന്നായിരുന്നു അന്ന് ഷട്ട്ല്‍ നിര്‍മിക്കുന്നതിനുള്ള തൂവലുകള്‍ ഇറക്കുമതി ചെയ്തത്. അക്കാലത്തായിരുന്നു കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രകാശ് പദുകോണിനെ നിയമിക്കുന്നത്. ആയിടക്ക് വിദേശരാജ്യങ്ങളില്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചതിനാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ നിരോധിച്ചു. തൂവലിന്‍െറ വരവ് നിലച്ചതോടെ ഷട്ട്ല്‍ കോര്‍ക് നിര്‍മാണം പ്രതിസന്ധിയിലായി. അതോടെ ഷട്ട്ല്‍ കോര്‍ക് നിര്‍മാണവും നിര്‍ത്തി. 1987ല്‍ തന്നെയാണ് ക്ളാസിക് സ്പോര്‍ട്സ് ഗുഡ്സ് പ്രൈ. ലിമിറ്റഡും തുടങ്ങിയത്. ഇവിടെ നിന്ന് പുറത്തുവന്നത് ടെന്നിസ് ബാളും ക്രിക്കറ്റ് ടെന്നിസ് ബാളുമായിരുന്നു. പേസര്‍ ടെന്നിസ് ബാളും വിന്‍സന്‍ ടെന്നിസ് ബാളും ഡബ്ള്‍ടുവും വിപണിയിലിറങ്ങി. കര്‍ണാടകയായിരുന്നു പ്രധാന മാര്‍ക്കറ്റ്.
ബിസിനസ് ലോകത്തേക്ക്
2001ല്‍ മായന്‍ വെസ്റ്റേണ്‍ ഇന്ത്യയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്തു. ലിസയോട് കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു. എന്താണ് ജോലി എന്നു ചോദിച്ചപ്പോള്‍ കാര്യമായൊന്നും പറഞ്ഞുമില്ല. അവിടെ എന്താണ് നടക്കുന്നതെന്ന് കണ്ടുപഠിക്കാന്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ കമ്പനിയില്‍ വരാന്‍ തുടങ്ങി. അന്ന് 35 പേരാണ് ജോലിക്കാരായി ഉണ്ടായിരുന്നത്. കൂടാതെ ഒരു സൂപ്പര്‍വൈസറും വനിതാ ക്ളര്‍ക്കും. ഒരുദിവസം മൂന്ന് സ്ത്രീത്തൊഴിലാളികള്‍ ലിസയെ കാണാനെ ത്തി. എന്തോ ലക്ഷ്യമുണ്ടെന്ന് അവരുടെ വരവില്‍ തന്നെ വ്യക്തം. എന്നാല്‍, അവര്‍ ഒന്നും പറഞ്ഞില്ല. ജോലിക്കാരില്‍ കൂടുതലും സ്ത്രീകളായതിനാല്‍ എപ്പോഴും ആശ്രയിക്കാന്‍ പറ്റുന്ന മേധാവിയെ അവര്‍ ആഗ്രഹിച്ചു. ആ സ്ഥാനത്തേക്ക് അവര്‍ ലിസയെ കണ്ടു. എല്ലാ കാര്യങ്ങളും പഠിപ്പിക്കാമെന്നവര്‍ ഏറ്റു.
അവരുടെ ആവശ്യം നിരാകരിക്കാന്‍ എന്തുകൊണ്ടോ തോന്നിയില്ല. തൊഴിലാളികളുമായി ഇടപഴകി. പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിന് ശ്രമം തുടങ്ങി. മാനേജരുമായി ഇക്കാര്യം സംസാരിച്ചു. കമ്പനി തുടങ്ങിയിട്ട് കുറച്ചുവര്‍ഷമായെങ്കിലും ഉല്‍പാദനത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. അതും ചര്‍ച്ചാവിഷയമായി. ഇരുവരും ചേര്‍ന്ന് കമ്പനിക്കാര്യത്തില്‍ ഒരു ഫ്രെയിംവര്‍ക് ഉണ്ടാക്കി. ഓരോന്നും പ്രത്യേക യൂനിറ്റുകളായി തിരിച്ചു. ഇലക്ട്രിക്കല്‍ ജോലികള്‍ക്കും പ്ളംബിങ് ജോലികള്‍ക്കും വെസ്റ്റേണ്‍ ഇന്ത്യയെ ആയിരുന്നു കമ്പനി ആശ്രയിച്ചിരുന്നത്. ആ ജോലികള്‍ കമ്പനി ജോലിക്കാരെക്കൊണ്ടു തന്നെ ചെയ്യിക്കാന്‍ തുടങ്ങി. അതിനുള്ള കൂലി പ്രത്യേകം നല്‍കി. ജോലിക്കാര്‍ക്ക് ഉത്സാഹമായി. ഏതു സെക്ഷനിലെ ജോലി ചെയ്യാനും അവര്‍ പ്രാപ്തരായി.
ഉല്‍പാദനം കൂട്ടുന്നതിന് ഓവര്‍ടൈം പണിയെടുക്കുക എന്നതായിരുന്നു ലിസ മുന്നോട്ടുവെച്ച ഫോര്‍മുല. അധികം ചെയ്യുന്ന ഓരോ മണിക്കൂറിനും പ്രത്യേകം കൂലി. ആദ്യകാലങ്ങളില്‍ അവരുടെ ജോലി കഴിയുന്നതുവരെ ലിസയും ഒപ്പം നിന്നു. അതോടെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഏറ്റവും സൗകര്യപ്രദമായി ജോലി ചെയ്യാമെന്ന വിശ്വാസം വന്നു. അവരുടെ ഉത്സാഹം വര്‍ധിച്ചു, ഉല്‍പാദനവും. 3000 ബാളുകള്‍ ഉണ്ടാക്കിയ സ്ഥാനത്ത് നാലായിരവും അയ്യായിരവും ബാളുകള്‍ ലഭിച്ചു. ജോലിക്കാരുടെ എണ്ണം 56 ആയി വര്‍ധിപ്പിച്ചു. അപ്പോഴും 90 ശതമാനവും സ്ത്രീകള്‍ തന്നെ. ഇപ്പോള്‍ ദിനംപ്രതി 7000ത്തോളം ബാളുകള്‍ ഉല്‍പാദിപ്പിക്കുന്നു. ലിസയുടെ നിര്‍ദേശവും ഇടപെടലും ഒന്നുകൊണ്ടുമാത്രമായിരുന്നു ഈ മാറ്റം.
കമ്പനിയിലെ മാറ്റങ്ങള്‍ ബിസിനസ് സംബന്ധിച്ച യാത്രയിലായിരുന്നതിനാല്‍ മായന്‍ അറിഞ്ഞിരുന്നില്ല. തിരിച്ചുവന്നപ്പോള്‍ എല്ലാം ആത്മാര്‍ഥമായി ഏറ്റെടുത്തു നടത്തുന്ന ലിസയെയാണ് കണ്ടത്. അതായിരുന്നു അദ്ദേഹം ആഗ്രഹിച്ചതും. ബിസിനസിലെ താല്‍പര്യം മനസ്സിലാക്കിയ ലിസക്ക് കമ്പനിക്കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. കമ്പനിയുടെ നന്മക്കായി എന്തു തീരുമാനവും കൈക്കൊള്ളാന്‍ പൂര്‍ണസ്വാതന്ത്ര്യം നല്‍കി. വെസ്റ്റേണ്‍ ഇന്ത്യയിലെ ഉപയോഗശൂന്യമായ പൈ്ളവുഡ് കഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടപ്പോള്‍ അത് എങ്ങനെ ഉപയോഗയോഗ്യമാക്കാമെന്ന ചിന്തയുണ്ടായി. അങ്ങനെയാണ് വിന്‍സര്‍ ആര്‍ട്സ് ആന്‍ഡ് സെയില്‍സ് എന്ന യൂനിറ്റ് പിറന്നത്. തടികൊണ്ടും ഗ്ളാസ് കൊണ്ടുമുള്ള മനോഹരമായ ആര്‍ട്ട്, ഫ്രെയിം വര്‍ക്കുകളാണ് ഇവിടെ ചെയ്യുന്നത്. കണ്ണൂരിന്‍െറ ഉള്‍പ്രദേശമായിട്ടും ആവശ്യക്കാര്‍ ഇവിടം തേടിപ്പിടിച്ചെത്തുന്നു.
ബിസിനസ് രംഗത്ത് വിജയിക്കാന്‍ കുറുക്കുവഴികളില്ല. ഉയര്‍ച്ചതാഴ്ചകള്‍ സ്വാഭാവികമായതിനാല്‍ എന്തും നേരിടാനുള്ള മനസ്സുറപ്പാണ് ആദ്യം വേണ്ടത്. സാഹചര്യങ്ങള്‍ ചൂഷണം ചെയ്യാനുള്ള കഴിവും. അവനവന്‍െറ ബുദ്ധിയും അല്‍പം പ്രയോഗിച്ചാല്‍ പിന്നെ വിജയം തേടിയെത്തും... ഇതാണ് ബിസിനസ് കാര്യത്തില്‍ ലിസയുടെ സൂത്രവാക്യം. നാലുകോടിയോളം രൂപയാണ് ക്ളാസിക് സ്പോര്‍ട്സ് ഗുഡ്സ് എന്ന കുഞ്ഞു കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്. വിപണി ഇന്ത്യക്കു പുറത്തേക്ക് വ്യാപിപ്പിക്കണമെന്നത് വലിയ സ്വപ്നം. അന്താരാഷ്ട്ര വിപണിയില്‍ വലിയ മത്സരമുണ്ടെങ്കിലും മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.