Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപൊരുതി നേടിയ ജീവിതം

പൊരുതി നേടിയ ജീവിതം

text_fields
bookmark_border
പൊരുതി നേടിയ ജീവിതം
cancel

ജീവിതത്തിന്‍െറ ആഴക്കടലില്‍ ആത്മവിശ്വാസത്തിന്‍െറ തുഴയെറിഞ്ഞ് ജോണ്‍സനും ഉഷയും രചിക്കുന്നത് ലോകം നാളെ പാഠമാക്കേണ്ട ചരിത്രം. പരസഹായമില്ലാതെ ഒന്നനങ്ങാന്‍പോലും കഴിയാത്ത ജോണ്‍സന്‍ സ്വന്തമായി തൊഴില്‍ കണ്ടത്തെിയെന്നു മാത്രമല്ല, നൂറോളം ആളുകള്‍ക്ക് ജീവിതമാര്‍ഗം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. അന്ധനായ ഭര്‍ത്താവിന് കാണാന്‍ കഴിയാത്ത ലോകം തനിക്കും കാണേണ്ടെന്നുപറഞ്ഞ് ജീവിതകാലം മുഴുവന്‍ കണ്ണുകെട്ടി ജീവിച്ച ഗാന്ധാരിയെ ത്യാഗത്തിന്‍െറ സ്ത്രീരൂപമായാണ് കണക്കാക്കുന്നത്. അതിനു സമാനമാണ് ജോണ്‍സന്‍െറ പ്രാണസഖി ഉഷയുടെ ജീവിതം. വിധി തളര്‍ത്തിയിട്ടും തോല്‍ക്കാന്‍ തയാറാവാത്ത ജോണ്‍സന്‍െറ നിശ്ചയദാര്‍ഢ്യവും ഉഷയുടെ ആത്മസമര്‍പ്പണവും ഒത്തുചേര്‍ന്നപ്പോള്‍ ലോകം ഇവര്‍ക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു.

പോരാട്ടം തളര്‍ന്ന കാലുകളൂന്നി
പെരുവണ്ണാമൂഴി മഠത്തിനകത്ത് അബ്രഹാമിന്‍െറയും ഏലിക്കുട്ടിയുടെയും മകനായ ജോണ്‍സനെ ആറുമാസം തികയും മുമ്പുതന്നെ പോളിയോ രോഗം പിടികൂടി. ഇരുകാലുകളും കൈകളും തളര്‍ന്നെന്നു മാത്രമല്ല, മൊത്തം വളര്‍ച്ച മുരടിക്കുകയും ചെയ്തു. മറ്റുള്ളവരെ ആശ്രയിക്കാതെ ഒന്നനങ്ങാന്‍പോലും കഴിയാത്ത ജോണ്‍സനെ ഓര്‍ത്ത് പലരും സഹതപിച്ചു. തങ്ങളുടെ മരണശേഷം മകനെ ആര് നോക്കുമെന്ന വ്യസനത്തോടെയാണ് രക്ഷിതാക്കള്‍ കാലംകഴിച്ചുകൂട്ടിയിരുന്നത്. എന്നാല്‍, ജോണ്‍സനുമാത്രം തന്‍െറ കാര്യത്തില്‍ പേടിയുണ്ടായിരുന്നില്ല. ആരെയും അദ്ഭുതപ്പെടുത്തുന്ന ആത്മവിശ്വാസവും ഇച്ഛാശക്തിയും കൈമുതലാക്കി അവന്‍ ജീവിതത്തോട് പൊരുതി. മുമ്പ് സഹതപിച്ചവര്‍ ആ ജീവിതം കണ്ട് ആശ്ചര്യപ്പെട്ടു. സ്കൂളില്‍പോകാന്‍ സാധിക്കാത്ത ജോണ്‍സന്‍ വീട്ടിലിരുന്നുതന്നെ ജീവിക്കാന്‍ വഴികണ്ടത്തെുകയായിരുന്നു.

1991ല്‍ 22ാം വയസ്സില്‍ ജോണ്‍സന്‍ പെരുവണ്ണാമൂഴിയില്‍ എം.ടെക് ഇലക്ട്രോ ഇന്‍ഡസ്ട്രി ആരംഭിച്ചു. ഇലക്ട്രോണിക് ചോക് നിര്‍മിച്ചുതുടങ്ങിയ കമ്പനി എല്‍.ഇ.ഡി, സോളാര്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുകയാണിപ്പോള്‍. ബള്‍ബുകള്‍, എമര്‍ജന്‍സി ലൈറ്റ്, തെരുവുവിളക്ക്, സോളാര്‍ ഗാര്‍ഡന്‍ ലൈറ്റ്, സോളാര്‍ ഡി.സി പവര്‍പാക്ക്, ടേബ്ള്‍ ലാമ്പ്, ട്യൂബ്ലൈറ്റ്, സോളാര്‍ പവര്‍പ്ളാന്‍റ്, ഇന്‍വെര്‍ട്ടര്‍, കാര്‍ ഇന്‍റീരിയര്‍ ലൈറ്റ് ഇങ്ങനെ എല്‍.ഇ.ഡി, സോളാര്‍ ഉല്‍പന്നങ്ങള്‍ നിരവധിയാണ് ജോണ്‍സന്‍ മാര്‍ക്കറ്റിലത്തെിക്കുന്നത്.

തോല്‍ക്കാതെ ജോണ്‍സണ്‍
ആദ്യം പോളിയോവിന്‍െറ രൂപത്തിലാണ് ജോണ്‍സന്‍ പരീക്ഷിക്കപ്പെട്ടത്. പിന്നീട് അഗ്നി മറ്റൊരു വെല്ലുവിളി നടത്തിയെങ്കിലും അവിടെയും വിജയം ജോണ്‍സനുതന്നെയായിരുന്നു. 1998ല്‍ പെരുവണ്ണാമൂഴിയിലെ തന്‍െറ സ്ഥാപനം അഗ്നിക്കിരയായപ്പോള്‍ വന്‍ നഷ്ടമാണ് ജോണ്‍സന് സംഭവിച്ചത്. ഇവിടെ ജോണ്‍സന്‍ തളര്‍ന്നെന്നു കരുതിയ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. സ്ഥാപനം തന്‍െറ വീട്ടിലേക്കുതന്നെ മാറ്റിയാണ് ജോണ്‍സന്‍ രണ്ടാംഘട്ട പ്രവര്‍ത്തനം തുടങ്ങിയത്. ഇപ്പോള്‍ നിര്‍മാണത്തിലും മാര്‍ക്കറ്റിങ്ങിലും ഉള്‍പ്പെടെ നൂറോളം പേര്‍ എം.ടെക്കിനെ ആശ്രയിച്ച് കഴിയുന്നു. വീടിന്‍െറ മൂന്ന് മുറി വര്‍ക്ക്ഷോപ്പായി മാറ്റി. പാക്കിംഗ് ഉള്‍പ്പെടെ ഏതു മള്‍ട്ടിനാഷനല്‍ കമ്പനിയുടെ ഉല്‍പന്നത്തോട് കിടപിടിക്കാന്‍ പറ്റുന്ന ഉല്‍പന്നമാണ് ജോണ്‍സന്‍ ഉല്‍പാദിപ്പിക്കുന്നത്. ജോണ്‍സനില്‍നിന്ന് പരിശീലനം ലഭിച്ച ആളുകള്‍ക്ക് വീടുകളില്‍ അസംസ്കൃത വസ്തുക്കള്‍ എത്തിച്ചുകൊടുത്ത് ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വാങ്ങുന്നു. ഇന്ത്യക്ക് അകത്തും പുറത്തുംനിന്ന് അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നു. കോഴിക്കോടും മറ്റും അസംസ്കൃത വസ്തുക്കള്‍ ഓര്‍ഡര്‍ കൊടുക്കാന്‍ ജോണ്‍സനും ഭാര്യയും പോകുന്നു.

ഉഷസ്സായി വന്ന ഉഷ
ഈ സ്നേഹത്തിനുമുന്നില്‍ മതവും വൈകല്യവും മാറിനിന്നു. ഉഷയുടെ സ്നേഹം കാണുമ്പോള്‍ ‘മാംസനിബദ്ധമല്ല രാഗ’മെന്ന് കവി പാടിയത് തെറ്റല്ളെന്ന് ബോധ്യപ്പെടും. പൂര്‍ണ വൈകല്യബാധിതനും അന്യമതസ്ഥനുമായ ഒരാളെ വിവാഹം ചെയ്യാനെടുത്ത ഉഷയുടെ തീരുമാനമറിഞ്ഞ് പലരും നെറ്റിചുളിച്ചു. പിന്തിരിപ്പിക്കാനും ശ്രമം നടത്തി. എന്നാല്‍, തന്‍െറ തീരുമാനത്തില്‍നിന്ന് അണുവിട വ്യതിചലിക്കാന്‍ അവര്‍ ഒരുക്കമല്ലായിരുന്നു. ജോണ്‍സനെ കണ്ടപ്പോള്‍ ആദ്യം തോന്നിയത് സഹതാപമായിരുന്നു. പിന്നീട്, അത് ആരാധനക്കു വഴിമാറി. ലോകം കീഴടക്കാന്‍ കെല്‍പുള്ള ഈ മനുഷ്യന് ഒരു തുണ അത്യാവശ്യമാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു. അങ്ങനെ ഉഷ ജോണ്‍സന്‍െറ പ്രിയതമയായി മഠത്തിനകത്ത് വീട്ടിലത്തെി.

പെരുവണ്ണാമൂഴി മുടിയന്‍ചാലില്‍ ജോന്‍സന്‍ അമ്മ കാര്‍ത്യായനിക്കൊപ്പം താമസിക്കുമ്പോഴാണ് ഉഷ കമ്പനിയില്‍ ഇലക്ട്രോണിക് ചോക് നിര്‍മിക്കാനത്തെുന്നത്. അമ്മ മരിച്ചതോടെ തനിച്ചായ ജോണ്‍സന് മുന്നോട്ടുള്ള ജീവിതത്തിന് ഒരു തുണ അത്യാവശ്യമായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഉഷ തന്‍െറ ജീവിതം അദ്ദേഹത്തിന് സമര്‍പ്പിക്കുകയായിരുന്നു. ജോണ്‍സന്‍-ഉഷ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മൂത്തവന്‍ ജെയൂണ്‍ ഒമ്പതാം ക്ളാസിലും ഇളയവന്‍ ജെഷൂണ്‍ അഞ്ചാം ക്ളാസിലും പഠിക്കുന്നു. ഒഴിവുദിവസങ്ങളില്‍ മക്കളും ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നു.

തളരാത്ത മനസ്സിന്‍െറ പോരാട്ടം
താന്‍ സ്ഥാപനം നടത്തുന്നത് ലാഭത്തിനുവേണ്ടി മാത്രമല്ല, എന്തെങ്കിലും നന്മ ചെയ്യാന്‍കൂടിയാണ് എന്ന് പ്രഖ്യാപിക്കുന്ന ജോണ്‍സന്‍, അദ്ദേഹത്തിന്‍െറ പരിമിതിക്കകത്തുനിന്നുകൊണ്ട് നിര്‍ധനര്‍ക്ക് സഹായമത്തെിക്കുന്നു. വെങ്ങപ്പറ്റ ഗവ. ഹൈസ്കൂളിലെ ‘സ്മിതം സ്നേഹസാന്ത്വന വേദി’ വൈദ്യുതി ലഭിക്കാത്ത വീടുകളിലെ കുട്ടികള്‍ക്ക് സോളാര്‍ എമര്‍ജന്‍സി ലൈറ്റ് സൗജന്യമായി നല്‍കിയിരുന്നു. ജോണ്‍സന്‍ നിര്‍മിച്ച സോളാര്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. സോളാര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചതും ജോണ്‍സന്‍ തന്നെ.

തന്‍െറ വീടിന് സമീപത്തുകൂടി ഒഴുകുന്ന ഓനിപ്പുഴയില്‍ അറവുമാലിന്യം തള്ളുന്നതിനെതിരെ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍പോയ ജോണ്‍സന്‍ അവിടെ കണ്ടത് മെഴുകുതിരി വെട്ടത്തില്‍ എഴുതുന്ന പൊലീസുകാരനെയാണ്. അപ്പോള്‍തന്നെ അദ്ദേഹം ഒരു എമര്‍ജന്‍സി പൊലീസ് സ്റ്റേഷന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞദിവസം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. രോഗം ശരീരത്തെ തളര്‍ത്തിയെങ്കിലും പൂര്‍ണാരോഗ്യമുള്ള ഒരു മനസ്സുമായി സാമൂഹിക സേവനരംഗത്തും ഇദ്ദേഹം സജീവമാണ്.

ഭൂമിയിലെ മാലിന്യം തുടച്ചുനീക്കുക, മുഴുവന്‍ വീടുകളിലും സോളാര്‍ വെളിച്ചമത്തെിക്കുക തുടങ്ങിയ ലക്ഷ്യവുമായി സംസ്ഥാനതലത്തില്‍ ‘സത്വ’ എന്ന സംഘടനക്ക് രൂപംനല്‍കിയ ജോണ്‍സന്‍ തന്‍െറ നാട്ടിലൂടെ ഒഴുകുന്ന ഓനിപ്പുഴ മലിനമാക്കുന്നതിനെതിരെയും രംഗത്തത്തെി. ‘രക്ഷ’ എന്ന പേരില്‍ സംഘടന ഉണ്ടാക്കിയ ജോണ്‍സന്‍ പുഴയുടെ രക്ഷകനാവുകയായിരുന്നു. ഉത്തരവാദപ്പെട്ടവര്‍പോലും നാടിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഒഴിഞ്ഞുമാറുമ്പോള്‍ ജോണ്‍സന്‍ രോഗശയ്യയിലും നാടിന്‍െറ കാവല്‍ക്കാരനാവുകയാണ്.

ജീവചരിത്രമൊരുങ്ങുന്നു
ജോണ്‍സന്‍െറയും ഉഷയുടെയും ജീവിതം ലോകമറിയണമെന്ന തിരിച്ചറിവില്‍ വെങ്ങപ്പറ്റ ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍ ജി. രവി ജോണ്‍സന്‍െറ ജീവചരിത്രം തയാറാക്കിയിരിക്കുകയാണ്. എഴുത്ത് പൂര്‍ത്തീകരിച്ച് അത് പ്രസിദ്ധീകരണത്തിന് കൊടുത്തിരിക്കുകയാണിപ്പോള്‍. 45 വര്‍ഷമായി ജോണ്‍സന്‍ നേരിട്ട വെല്ലുവിളികളും അതിജീവനവും വിശദമായി പ്രതിപാദിക്കുന്നതാണ് ജീവചരിത്ര ഗ്രന്ഥം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story