ചാക്കു ജീവിതം
text_fieldsകോഴിക്കോട് ബീച്ചില്‍ തെക്കെ കടല്‍പാലത്തിന് സമീപം രാവിലെ പത്തു പത്തരയോടെ എത്തുകയാണെങ്കില്‍ വെള്ള പൊടിപടലം നീലാകാശത്തേക്കു നിലക്കാതെ പറക്കുന്നതുകാണാം. അടുത്തേക്കു ചെല്ലുമ്പോള്‍ അറിയാം അത് ചാക്കുകളില്‍ നിന്നുയരുന്നതാണെന്ന്. ചാക്കുകള്‍ അന്തരീക്ഷത്തില്‍ പുളയുന്നതും കാണാം. ഒന്നുകൂടി മുന്നോട്ടു ചെന്നാല്‍ പുളയുന്ന ചാക്കുകള്‍ക്കടിയില്‍ കറുത്ത് മെല്ലിച്ച് എല്ലുന്തി നെഞ്ചിന്‍കൂട് പുറത്തേക്കുന്തി പൊടിയില്‍കുളിച്ചൊരാള്‍ ചാക്കുകള്‍ വായുവില്‍ ചുഴറ്റുന്നതു കാണാം. ഇതാണ് പള്ളിക്കണ്ടി നൈനാന്‍വളപ്പ് പടന്നയില്‍ കുടുംബത്തിലെ വീരാന്‍കോയ. കുറച്ചകലെ പെങ്ങളുടെ മകന്‍ അബ്ദുല്‍ ലത്തീഫും.
വീരാന്‍കോയക്ക് ഇപ്പോള്‍ വയസ്സ് 62. നാലാം ക്ളാസുവരെ പഠിച്ചു.വീട്ടിലെ ദാരിദ്ര്യം കാരണം ബാപ്പ പറഞ്ഞു, സ്കൂളില്‍ പോയത് മതീന്ന്. അങ്ങനെ ബാപ്പയുടെ കൂടെ കൂടിയതാണ്. ഇപ്പോ 52 കൊല്ലായി നൂല്‍ചാക്ക് വൃത്തിയാക്കുന്ന പണി തുടങ്ങീട്ട്. വീരാന്‍കോയയെ കൂടാതെ പടന്നയില്‍ കുടുംബത്തിലെ 18 അംഗങ്ങളുണ്ടായിരുന്നു ഈ പണിക്ക്. ‘ഞങ്ങടെ കുടുംബത്തിന്‍െറ കുത്തകയായിരുന്നു ഈ തൊഴില്‍. വേറൊരു തറവാട്ടുകാരും ഇപ്പണിക്ക് മുതിര്‍ന്നിട്ടില്ല. സത്യം പറഞ്ഞാ ഇത്പ്പോ പടന്നയില്‍ കുടുംബത്തിന്‍െറ കുലത്തൊഴിലാന്നു പറയാം’^ വീരാന്‍കോയ ഒരു നിമിഷം നിര്‍ത്തി. കടലിന്‍െറ അഗാധതയിലേക്ക് കണ്ണുംനട്ടിരുന്നു. നനുനനുത്ത കടല്‍ക്കാറ്റ് ഞങ്ങളെ തഴുകി മണല്‍പരപ്പിന് മുകളിലൂടെ പട്ടണത്തിലേക്ക് നീങ്ങി. അശാന്തമായ തിരയുടെ ശബ്ദം വെറുതെ മനസ്സിനൊരു നൊമ്പരം സമ്മാനിക്കുന്നതുപോലെ. പെട്ടെന്ന് ഒരു പരുന്ത് പാറിവന്ന് മണല്‍പരപ്പില്‍ മാളമുണ്ടാക്കുന്ന ഒരു കുഞ്ഞു ഞണ്ടിനെ എടുത്ത് പറന്നുപോയി. മൗനത്തിന് വിരാമമിട്ട് വീരാന്‍കോയ തുടര്‍ന്നു.
‘അന്ന് പതിനെട്ടാളുകള്‍ ഈ കടലോരത്ത് വരിവരിയായിനിന്നിട്ടാ പണിയെടുക്കുന്നത്. 100 ചാക്ക് വൃത്തിയാക്കിയാല്‍ കിട്ടുന്നത് ഒരണ. ഒരാള് 200 ചാക്കോളം ഒരു ദിവസം വൃത്തിയാക്കാറുണ്ട്. എന്നെ അതീമെ കൂട്ടണ്ട. ഞാനന്ന് ചെറുതല്ളെ. പറ്റുന്നതുപോലൊക്കെ ചെയ്യും. ഇത് ഉണങ്ങിക്കിട്ടണങ്കില്‍ ഒരാഴ്ച പിടിക്കും. പഞ്ചാബ്, ഹരിയാന ,ആന്ധ്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ചാക്ക് വരുന്നത്. മൈദ, റവ, ഗോതമ്പ്മാവ്, പഞ്ചസാര, ബെല്ലം എന്നിവയുടെ ചാക്കുകളാണ് അധികവും ഉണ്ടാവുക. പൊടിത്തരങ്ങള്‍ വരുന്ന ചാക്കുകളൊക്കെ വൃത്തിയാക്കാന്‍ കുറച്ച് എളുപ്പാണ്.
പക്ഷെ ബെല്ലപ്പൊടി നൂല്‍ചാക്കിലായാല് തട്ട്യാലൊന്നും പോവൂല. അത് കഴുകി വൃത്ത്യാക്കെന്നെ വേണം. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്. പണി കൂടുതലുള്ളതും മഴക്കാലത്തുതന്നെ. വെയിലുള്ള സമയത്ത് ചാക്കിലെ പൊടി തട്ടണം. കഴുകിവെച്ച ചാക്കുകള്‍ ഉണക്കിയെടുക്കണം. ബെല്ലത്തില്‍ ഈര്‍പ്പം പിടിച്ചാല്‍ നൂല്‍ചാക്കില് ഒട്ടിപിടിക്കും. ഇത് കഴുകിക്കളയാന്‍ വലിയ പാടാണ്. ചിലപ്പോള്‍ പൊടിത്തരങ്ങള്‍ക്കും ഇത് ബാധിക്കും. കോഴിക്കോട് വലിയങ്ങാടി ചാക്ക് ബസാറില്‍നിന്ന് (ഗണ്ണി സ്ട്രീറ്റ്) തലച്ചുമടായിട്ടാ ചാക്ക് കടപ്പുറത്തേക്കത്തെിക്കുക. ഗോഡൗണില്‍ അട്ടിയിട്ട ചാക്കുകള്‍ തലയില്‍വെക്കുമ്പോള്‍തന്നെ ചൂടുപിടിച്ച് തല കനച്ച് തുടങ്ങും.
കാരണം, അട്ടിക്കിടുന്ന നൂല്‍ചാക്കുകള്‍ക്ക് ചൂടു കൂടും. ഞങ്ങടെ കൂട്ടത്തിലെ ഏറിയപേര്‍ക്കും തലയില്‍ നീരുകെട്ടുന്ന ദീനം പിടിച്ചു. മാത്രല്ല, ചൂടു കാരണം പെട്ടെന്ന് പല്ലും കൊഴിയും. ഈ പണിചെയ്യുന്നവര്‍ക്ക് ശ്വാസകോശത്തില്‍ കടുത്ത അസുഖം ബാധിക്കും. മൂക്കിനുള്ളിലെ ഈര്‍പ്പം നഷ്ടപ്പെട്ട് ശ്വാസതടസ്സം നേരിടുമ്പോള്‍ ശക്തമായി ശ്വസിച്ച് നെഞ്ച് പൊന്തിവരും. ശരീരം ശോഷിക്കുകയും ചെയ്യും. ചെറുപ്രായത്തില്‍തന്നെ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. മുഖത്ത് ചുളിവുകള്‍ വീഴുക, കൈയും കാലും കോച്ചിപ്പിടിക്കുക ഇതൊക്കെ.
പടന്നയില്‍ കുടുംബത്തിലെ 18 പേരും ഇതുപോലുള്ള അസുഖം വന്നാണ് മരിച്ചത്. അവര്‍ക്കാര്‍ക്കും സര്‍ക്കാറില്‍ നിന്ന് ഒരാനുകൂല്യവും കിട്ടിയില്ല. എന്തിന്, തൊഴിലാളി പെന്‍ഷന്‍പോലും കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ തൊഴിലിലേക്ക് പിന്നാരും വന്നില്ല. ഏറ്റവും അവസാനം വന്നതാണ് ഓന്‍’. - ഇത്രയും പറഞ്ഞപ്പോഴേക്കും വീരാന്‍കോയക്ക് ശ്വാസതടസ്സം നേരിടുന്നതുപോലെ. ഏങ്ങിവലിച്ച് അവ്യക്തമായി പറഞ്ഞു: ‘ഇതാണ് കൊഴപ്പം. കൊറച്ച് സംസാരിക്കുമ്പേക്കും വായുകിട്ടാന്‍ പാടാ’. കുറച്ചുനേരം ശ്വാസംവലിച്ച് വീരാന്‍കോയ മിണ്ടാതിരുന്നു. ശ്വാസം തിരിച്ചു കിട്ടിയപ്പോള്‍ കുറച്ചു ദൂരെ മാറി പൊടിപറത്തുന്ന പെങ്ങളുടെ മോനെ നോക്കി; ‘ഓന്ണ്ടല്ളോ ആരോടും അങ്ങനെ ബര്‍ത്താനം പറയില്ല. ങ്ങള് പ്പോ ഓന്‍റടുത്താ സംസാരിക്കുന്നതെങ്കി മൊഖം തരൂല. ബേറൊന്ന്വല്ല, ഞങ്ങടകാര്യം ആരോടും പറഞ്ഞിട്ട് കാര്യല്ല അതന്നെ. ആള്‍ക്ക് ദേഷ്യം വന്നൂന്ന്തോന്ന്ണു’.
മെലിഞ്ഞൊട്ടിയ ശരീരം ചെറുതായി വിറച്ചുതുടങ്ങി. കണ്ണുകളില്‍ അതിന്‍െറ തിരയിളക്കം. ‘ഇവടെ എത്രമാത്രം തൊഴിലാളി സംഘടനകളുണ്ട്. ഒരാള് പോലും ഞങ്ങളെ തിരിഞ്ഞുനോക്കില്ല. കൊടി പിടിക്കാനും തല്ല്ണ്ടാക്കാനും ഞങ്ങടെ കൂട്ടത്തില്‍ ആളില്ലല്ളോ. നയിപ്പിനെക്കാള്‍ കൂലിവാങ്ങുന്നകാലം. അവരെക്കൊണ്ട് മത്സരിക്കാനും കലഹംകൂട്ടാനും ഞമ്മളില്ല. ഏതെങ്കിലും യൂനിയനില്‍ അംഗത്ത്വം എടുക്കാന്‍ കുറെ നടന്നുനോക്കി. ആദ്യം ഇടതുപക്ഷ സംഘടനകളോടായിരുന്നു താല്‍പര്യം. ഏതു തൊഴില്‍വിഭാഗത്തില്‍പെടുത്തും എന്നുപറഞ്ഞ് അവര് കൈയൊഴിഞ്ഞു. ഇനി വേറെ പണിക്കൊന്നും പോകാന്‍ കഴിയില്ല. അതുകൊണ്ട് ഈ തൊഴിലെടുത്ത് തന്നെ അവസാനിക്കും.
പണ്ടത്തെക്കാള്‍ വിഷമത്തിലാണ് വീരാന്‍കോയ ഇപ്പോള്‍. പണി കുറവാണ്. പ്ളാസ്റ്റിക് ചാക്കുകളും കവറുകളും തന്നെ പ്രധാനവില്ലന്‍. ഇപ്പോള്‍ മൈദ, പഞ്ചസാര, ബെല്ലം മുതലായ ഒരു സാധനങ്ങളും നൂല്‍ചാക്കില്‍ വരാറില്ല. എല്ലാം പ്ളാസ്റ്റിക്കിലേക്കു മാറി. കുറച്ചെന്തെങ്കിലും വന്നാലായി. കിടക്കക്ക് ഉന്നംനിറച്ച് വരുന്ന ചാക്കുകളാണ് ഇപ്പോ കൂടുതലായും ഉള്ളത്’ ^-വീരാന്‍കോയ ഒന്നു നിര്‍ത്തി. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു; ‘മരുന്നിന്‍െറ ചാക്കൂണ്ട്. പഴം, പച്ചക്കറി കേടാകാതിരിക്കാനുള്ള മരുന്നില്ളേ അത്. ഒന്ന് ചിന്തിച്ചിട്ട് അതിന്‍െറ പേര് എനിക്ക് പിടിത്തംല്ല. അതീന്‍െറ മണം സഹിക്കൂല. മൂക്കിലൂടെ ഒരു കുത്തിക്കേറലാ. എന്താചെയ്യാ... സഹിക്കന്നെ. കഴുകി വൃത്തിയാക്കിയ ചാക്ക് ഗോഡൗണിലത്തെിക്കും. പണ്ടൊക്കെ ചാക്കുകള്‍ തിരിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കു തന്നെ പോകുമായിരുന്നു.
ഇപ്പോ കൊപ്ര, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ മുതലായ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുവേണ്ടി വയനാട്, കോട്ടയം, ഇടുക്കി മുതലായ ജില്ലകളിലേക്ക് കയറ്റിയയക്കും. മാസത്തില്‍ ആറ് പണ്യാണ് ആകെക്കിട്ടല്. 100 ചാക്ക് വൃത്ത്യാക്യാല് ഇപ്പോ 250 ഉറുപ്യ കിട്ടും. അത് മരുന്നിനു തികയാത്ത അവസ്ഥയാണ്. വലിവിന്‍െറ സൂക്കേട് കൂടുതലാണ്. പല്ല് ഏതാണ്ട് മുഴുവനും കൊഴിഞ്ഞു. മുമ്പില് കാഴ്ചക്ക് മാത്രം നാലെണ്ണണ്ട്. എവിടെയെങ്കിലും വീണുപോയാല്‍ നോക്കാനാളില്ല. കൈയില്‍ കാശുംല്ല. ഏതെങ്കിലും ഒരുയൂനിയനില്‍ ചേരണം. തൊഴിലാളി പെന്‍ഷന് അപേക്ഷിക്കണം. അഥവാ ഒരുമൂലക്കല് കിടക്കേണ്ടിവന്നാല്‍ അതെങ്കിലും ഉണ്ടായാല്‍ ഒരാശ്വാസല്ളേ’. വെയിലിന് ചൂടുകൂടിവരുന്നുണ്ട്. ഞാന്‍ നിങ്ങളോട് ഇനിം ബര്‍ത്താനം പറഞ്ഞിരുന്നാല്‍ എന്‍െറ കാര്യം കഷ്ടത്തിലാവും എന്നുപറഞ്ഞ് ചാക്കുകള്‍ തലയില്‍വെച്ച് മണല്‍പരപ്പില്‍ പൊടിതട്ടുന്ന സ്ഥലം ലക്ഷ്യമാക്കി വീരാന്‍കോയ നടന്നു.
വീരാന്‍ കോയയുടെ ഭാര്യ മരിച്ചു. മക്കളും പേരമക്കളും ഉണ്ട്. പക്ഷേ, ആരും കൂടെയില്ല. കോഴിക്കോട് മുഖദാറിലെ വീട്ടില്‍ ഒറ്റക്കാണ്. കടലിരമ്പമില്ലാത്ത സായന്തനങ്ങളില്‍ ഈ വീടാണ് വീരാന്‍ കോയക്ക്് കൂട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.