Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഎഴുതാം നല്ല അക്ഷരം

എഴുതാം നല്ല അക്ഷരം

text_fields
bookmark_border
എഴുതാം നല്ല അക്ഷരം
cancel

വര്‍ഷങ്ങള്‍ക്കു മുമ്പാണ്; അന്ന് വയനാട് മാനന്തവാടി സ്വദേശി ജനാര്‍ദനന്‍ പാരലല്‍ കോളജ് അധ്യാപകനാണ്. മിടുക്കരും കേമന്‍മാരുമായ പല വിദ്യാര്‍ഥികളും മുന്നിലുണ്ട്. എന്നാല്‍, വിജയശതമാനത്തില്‍ പലരും പിന്നില്‍. ഇതെന്തേ ഇങ്ങനെ എന്ന ചിന്ത ജനാര്‍ദനന്‍ മാഷെ ചില അന്വേഷണങ്ങളിലേക്ക് നയിച്ചു.

കുട്ടികളുടെ നോട്ടുപുസ്തകങ്ങളിലും ഉത്തരപേപ്പറുകളിലും അതിനുള്ള മറുപടി തെളിമയോടെ കിടപ്പുണ്ടായിരുന്നു. അവ്യക്തമായ കൈയക്ഷരങ്ങളാല്‍ പലരുടെയും ഉത്തരപേപ്പറുകള്‍ യുദ്ധഭൂമി പോലെ വികലമാണ്. വായിക്കാനും തിരിച്ചറിയാനും കഴിയാത്തവിധം ആശയങ്ങള്‍ അവിടെ ജീവനറ്റുകിടപ്പാണ്. ഇതൊന്നു ക്രമപ്പെടുത്തിയാല്‍ കുട്ടികള്‍ അദ്ഭുതം കാണിക്കും എന്നതില്‍ ആ അധ്യാപകന് സംശയമുണ്ടായിരുന്നില്ല. പക്ഷേ, എങ്ങനെ? മികവാര്‍ന്ന കൈയക്ഷരങ്ങള്‍ ജന്മനാ കൂടെയുള്ളതാണെന്നും ചലനം നിലക്കും വരെ അത് മാറ്റമില്ലാതെ വിരല്‍ത്തുമ്പില്‍ തൂങ്ങിക്കിടക്കുമെന്നുമായിരുന്നു കേട്ടുകേള്‍വി. മാറ്റമില്ലാത്തതെന്തുണ്ട് എന്ന ചോദ്യം വീണ്ടും അന്വേഷണത്തിലേക്ക് നയിച്ചു. പല രീതികളും ജനാര്‍ദനന്‍ പരീക്ഷിച്ചു. പാശ്ചാത്യനാടുകളിലെ എഴുത്ത് രീതികള്‍ തേടി പുസ്തകങ്ങളിലും ഇന്‍റര്‍നെറ്റിലും സഞ്ചരിച്ചു.

പലയിടങ്ങളില്‍ നിന്നായി കിട്ടിയതും സ്വന്തം നിരീക്ഷണങ്ങളും ചേര്‍ത്ത് ഒടുവില്‍ ജനാര്‍ദനന്‍ അതിനൊരു രൂപമുണ്ടാക്കി. ബന്ധുക്കളിലും അയല്‍ക്കാരിലും സ്വന്തം വിദ്യാര്‍ഥികളിലുമായിരുന്നു ആദ്യപരീക്ഷണം. 2007ല്‍ ജനാര്‍ദനന് ഒരു കൂട്ടാളിയെ കിട്ടി. പാലക്കാട്ടുകാരന്‍ രാമകൃഷ്ണന്‍ എന്ന രമേശന്‍. പിന്നെ ഇരുവരും ഒരുമിച്ചായി ഗവേഷണം. അതിനൊടുവില്‍ തങ്ങളുടെ പദ്ധതിക്കൊരു പേരിട്ടു^റൈറ്റ് റൈറ്റിങ് (ശരിയായ എഴുത്ത്).

26 അക്ഷരങ്ങളിലെ മാജിക്
അക്ഷരങ്ങളുടെ ശാസ്ത്രീയ വിന്യാസം, പരിശീലനം... കൈയെഴുത്ത് ക്രമപ്പെടുത്തുന്നതിനുള്ള ജനാര്‍ദനന്‍െറ ഉത്തരം ലളിതമായിരുന്നു. അതില്‍ രമേശിന്‍െറ സംഭാവനകള്‍കൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാക്കി. പ്രൈമറി ക്ളാസുകളിലെ രണ്ടും നാലും വരികള്‍ക്കിടയിലുള്ള കോപ്പി എഴുത്ത് മാത്രം പോര അക്ഷരങ്ങളെ വരികള്‍ക്കിടയില്‍ പിടിച്ചുനിര്‍ത്താന്‍ എന്ന് ഇരുവര്‍ക്കും ബോധ്യപ്പെട്ടു.

അക്ഷരക്രമീകരണത്തിന് പ്രത്യേക വര്‍ക്ക് ബുക്കിന് ഇരുവരും രൂപം നല്‍കി. ശാസ്ത്രീയ അക്ഷര ക്രമീകരണത്തിലൂടെ അവയെ മൂന്നായി തിരിച്ചു. ഉയര്‍ന്നുനില്‍ക്കുന്നവ, സമാന വലുപ്പമുള്ളത്, താഴേക്കു തൂങ്ങിനില്‍ക്കുന്നത് എന്നിങ്ങനെയായിരുന്നു വര്‍ഗീകരണം. അക്ഷരങ്ങളുടെ ചരിവ്, വലുപ്പം, വാക്കുകള്‍ തമ്മിലുള്ള അകലം, വാചകങ്ങള്‍ തമ്മിലുള്ള അകലം എന്നിവക്കും ഇവിടെ കൃത്യതയുണ്ട്. ഇംഗ്ളീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളിലായിരുന്നു മാതൃക. കുറഞ്ഞ അക്ഷരങ്ങള്‍ എന്നുള്ളതും ഒരു ഭാഷ തെളിവോടെ എഴുതാന്‍ കഴിഞ്ഞാല്‍ മറ്റുള്ളവയും അതിന് പിറകെ വരും എന്നതും പ്രചോദനമായി.

മൂന്നു ദിവസത്തെ പരിശീലനത്തില്‍ അക്ഷരങ്ങളുടെ ഘടന കുട്ടികളുടെ മനസ്സിലേക്ക് ആഴത്തില്‍ പ്രവേശിപ്പിക്കുന്നതോടെ അവ എന്നെന്നേക്കുമായി അവിടെ പതിയും. ശേഷം ദിവസവും കുറച്ച് വാക്കുകളും വാചകങ്ങളും കുട്ടികളോട് എഴുതി പരിശീലിക്കാന്‍ നിര്‍ദേശം നല്‍കും. പരീക്ഷണ വിജയത്തിനൊടുവില്‍ മുംബൈയില്‍ ആദ്യ സ്ഥാപനം തുറന്നു. കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരനായിരുന്ന രമേശന്‍ ജോലിവിട്ട് ഇതിനൊപ്പം കൂടി. തങ്ങളുടെ വിജയ ഫോര്‍മുല കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനായി പിന്നെ ശ്രമം. എഴുതി തെളിയാനത്തെിയവര്‍ മറ്റുള്ളവരെകൂടി കൂടെ കൂട്ടി. ചെറുമകന്‍െറ അക്ഷരങ്ങളെ നേര്‍വഴിക്ക് നയിക്കാനത്തെിയ എഴുപതുകാരന്‍ വരെ ശിഷ്യനായി. മുംബൈയില്‍ സെന്‍ററുകള്‍ മൂന്നായി.

നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്ക്
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവുമായി ബന്ധപ്പെട്ട ആറ് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കാനുള്ള ക്ഷണം അപ്രതീക്ഷിതമായിരുന്നു. ജനാര്‍ദനനും രമേശനും ലഭിച്ച അസുലഭ ഭാഗ്യവും. 3500 വിദ്യാര്‍ഥികള്‍ ഇരുവരുടെയും കീഴില്‍ അക്ഷരങ്ങളെ ക്രമപ്പെടുത്തി. നഗരത്തില്‍ നിന്ന് ഗ്രാമങ്ങളിലേക്കുള്ള മാറ്റം ഇരുവരെയും മറ്റൊരു കാര്യംകൂടി ഓര്‍മപ്പെടുത്തി. ഭൂരിപക്ഷം ഗ്രാമീണ വിദ്യാര്‍ഥികള്‍ക്കും ഇംഗ്ളീഷ് ബാലികേറാമലയാണ്. വായിക്കാനറിയാത്തത് അക്ഷര വിരോധത്തിലേക്കും അത് അജ്ഞതയിലേക്കും കുട്ടികളെ നയിക്കുന്നു. വീട്ടിലും നാട്ടിലും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ കുറവായതിനാല്‍ പ്രൈമറി ക്ളാസുകളില്‍ പഠനം നിര്‍ത്തി തൊഴിലിലേര്‍പെടുന്ന കുട്ടികള്‍ കര്‍ണാടക ഗ്രാമങ്ങളില്‍ ഏറെയാണ്.

കര്‍ണാടകയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന ചിന്ത രമേശിനെ ബംഗളൂരുവില്‍ താമസക്കാരനാക്കി. കര്‍ണാടകയിലെ രാംനഗര ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ 16,000 കുട്ടികള്‍ക്ക് സൗജന്യമായി റൈറ്റ് റൈറ്റിങ് പരിശീലനം നല്‍കിവരുന്നു. കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡി.ഡി.പി.ഐ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ റൈറ്റ് റൈറ്റിങ് പ്രവര്‍ത്തകരെ ക്ഷണിക്കുകയായിരുന്നു. മഹാരാഷ്ട്രയിലും നിരവധി സ്കൂളുകളില്‍ ഇവരുടെ പ്രവര്‍ത്തനമെത്തി.

അക്ഷരമികവ് വ്യക്തതക്കൊപ്പം ആത്മ വിശ്വാസത്തിലേക്കും ജീവിതവിജയത്തിലേക്കും വഴിനടത്തുമെന്ന വിശ്വാസമാണ് സൗജന്യമായി ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ പദ്ധതി നടപ്പാക്കാന്‍ ഇതിനു പിന്നിലുള്ളവരെ പ്രേരിപ്പിക്കുന്നത്. ഇംഗ്ളീഷ് ഭാഷ പണമുള്ളവന് മാത്രം എന്ന ചിന്തയില്‍നിന്ന് എല്ലാവര്‍ക്കും എന്ന ആശയം പകരുകകൂടിയാണ് റൈറ്റ് റൈറ്റിങ്. വികലമായ കൈയക്ഷരം അപൂര്‍ണമായ വിദ്യാഭ്യാസത്തിന്‍െറ ലക്ഷണമാണെന്ന മഹാത്മാ ഗാന്ധിയുടെ സന്ദേശത്തിന്‍െറ പ്രതികരണം കൂടിയാണ് ഈ പ്രയത്നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story