വേസ്റ്റ് ഹീറോസ്
text_fieldsഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് ഭൂമിശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദാനന്തരബിരുദം നേടിയ താമരശ്ശേരി അടിവാരം സ്വദേശി ജാബിറും കോഴിക്കോട് കുറ്റിക്കാട്ടൂരുകാരന്‍ ജംനാഷുംകൂടി പൂനൂര്‍ എന്ന ചെറിയ അങ്ങാടിയിലെ 15ഓളം കടകളില്‍നിന്ന് രണ്ടുമാസംകൊണ്ട് അഞ്ചു ലക്ഷത്തോളം പ്ളാസ്റ്റിക് കവറുകള്‍ ശേഖരിച്ചു. കൂടാതെ, പഞ്ചായത്തില്‍ നിന്നുടനീളം അവര്‍ മാലിന്യം ശേഖരിക്കുകയാണ്. 40,000 രൂപയോളം മാസശമ്പളമുള്ള ജോലി ചവറുപോലെ വലിച്ചെറിഞ്ഞിട്ടാണ് ഇവര്‍ ഈ പണി ചെയ്തതെന്നറിയുക. മാലിന്യം അങ്ങനെ വലിച്ചെറിയാനുള്ളതല്ളെന്ന് ഇവരെ പഠിപ്പിച്ചത് ഉത്തരേന്ത്യന്‍ വാസമാണ്. അങ്ങനെയൊരു തിരിച്ചറിവില്‍നിന്നാണ് ഈ ചെറുപ്പക്കാര്‍ ആര്‍ക്കും മാതൃകയാക്കാവുന്ന ഒരു ദൗത്യവുമായി മുന്നിട്ടിറങ്ങിയത്.
ചവറില്‍ നിന്ന് തുടക്കം
മാലിന്യത്തിന്‍െറ അടിസ്ഥാന കാരണവും അവ എങ്ങനെയെല്ലാം പുനരുപയോഗിച്ച് അതില്‍നിന്ന് എന്തെല്ലാം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാമെന്ന ആലോചനയും രണ്ടു ചെറുപ്പക്കാരെ കൊണ്ടത്തെിച്ചത് മാലിന്യ സംസ്കരണത്തിന്‍െറ ശാസ്ത്രീയ പരീക്ഷണങ്ങളുടെ വിജയത്തിലേക്കാണ്. വെറുതെ മാലിന്യനിര്‍മാര്‍ജനം എന്നപേരില്‍ മുദ്രാവാക്യവുമായി നാടുനിരങ്ങുകയല്ല ഇവര്‍. മാലിന്യ സംസ്കരണത്തിന്‍െറ പ്രായോഗികവും ശാസ്ത്രീയവുമായ രീതികളും മാതൃകകളും കാണിച്ചുതരികയാണ്. ഒപ്പം, പാഴ്വസ്തുക്കളില്‍ നിന്ന് ലഭിക്കുന്ന ലാഭകരമായ ഉല്‍പന്നങ്ങള്‍ എങ്ങനെയൊക്കെ ദൈനംദിന ജീവിതത്തില്‍ പ്രയോജനപ്പെടുത്താമെന്നും. മാലിന്യസംസ്കരണത്തിന്‍െറ ശാസ്ത്രീയവശങ്ങള്‍ പഠിക്കാന്‍വേണ്ടി ഇവര്‍ സഞ്ചരിച്ചത് ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലാണ്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ രണ്ടു വര്‍ഷത്തോളം ജോലിചെയ്തു.
സീറോ വേസ്റ്റ് മാര്യേജ്
മാലിന്യവും അതുയര്‍ത്തുന്ന സാമൂഹിക, പാരിസ്ഥിതിക പ്രശ്നങ്ങളെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനായി ഇവര്‍ ‘ഗ്രീന്‍ വേംസ്’ എന്ന കൂട്ടായ്മക്ക് രൂപം നല്‍കി. കൂട്ടിന് ജാബിറിന്‍െറ നാട്ടുകാരനായ സുല്‍ഫിനാസുമുണ്ട്. പരമ്പരാഗത മാലിന്യനിക്ഷേപം നമ്മുടെ മണ്ണിനെയും ജലാശയങ്ങളെയും എങ്ങനെയെല്ലാം വിഷമയമാക്കുന്നു എന്ന അന്വേഷണമാണ് ഈ ചെറുപ്പക്കാരെ പുതിയ പരീക്ഷണങ്ങളിലേക്കും കണ്ടത്തെലുകളിലേക്കും നയിച്ചത്. തെരുവുശുദ്ധീകരണത്തിനുവേണ്ടി ഒരേക്കറോളം ഭൂമി പാട്ടത്തിനെടുത്ത് പൂനൂരിനടുത്ത് ബയോ പാര്‍ക്ക് സ്ഥാപിച്ചിരിക്കുകയാണിവര്‍. ചപ്പുചവറുകളുടെ മനംമടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് അവയെ തരംതിരിച്ച് ദൈനംദിന ജീവിതത്തെ ആകര്‍ഷകമാക്കുന്ന നിരവധി ഉല്‍പന്നങ്ങളാണ് ഈ കൂട്ടുകെട്ട് നിര്‍മിക്കുന്നത്. പാഴ്വസ്തുക്കളില്‍നിന്ന് ഒട്ടും പാഴില്ലാതെ ഈ സംഘം കണ്ടത്തെിയ ചില ഉല്‍പന്നങ്ങള്‍:
അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് 20,000 രൂപയില്‍ താഴെ മാത്രം ചെലവുവരുന്ന പോര്‍ട്ടബ്ള്‍ ബയോ ഗ്യാസ്. ഒരു ദിവസം ഒരു ചെറിയ കുടുംബം ഉല്‍പാദിപ്പിക്കുന്ന മാലിന്യം 1200_1500 ഗ്രാമാണ്. ഇതില്‍നിന്ന് രണ്ടു മണിക്കൂറിലേറെ ഉപയോഗിക്കാവുന്ന ഗ്യാസ് ഉല്‍പാദിപ്പിക്കാം. 1000 ലിറ്റര്‍ ശേഷിയുള്ള ടാങ്കും അനുബന്ധ സാമഗ്രികളും ഇവര്‍ നല്‍കും. കേരളത്തില്‍ ഒരാള്‍ നിത്യവും ശരാശരി 300 ഗ്രാം മാലിന്യം ഉല്‍പാദിപ്പിക്കുന്നു എന്നാണ് കേരള ശുചിത്വ മിഷന്‍ കണക്ക്. ആ രീതിയില്‍ 9000 ടണ്‍ ദിനേന പുറത്തുവിടുന്ന മാലിന്യത്തില്‍ ബഹുഭൂരിപക്ഷവും കുഴിച്ചുമൂടുക, കത്തിക്കുക, ജലാശയങ്ങളില്‍ വലിച്ചെറിയുക എന്നീ രീതികളിലാണ് നിര്‍മാര്‍ജനം ചെയ്യപ്പെടുന്നത്.
രാസവസ്തുക്കള്‍ അമിതമായി ക്ളോസറ്റുകളില്‍ ഉപയോഗിക്കുന്നതുമൂലം സെപ്റ്റിക് ടാങ്കുകളുടെ സ്വാഭാവിക സംസ്കരണസ്വഭാവം നഷ്ടപ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. കക്കൂസിലെ ദുര്‍ഗന്ധമകറ്റാനായി ഗോമൂത്രത്തില്‍നിന്ന് ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒന്നാന്തരം ലായനി കണ്ടത്തെിക്കഴിഞ്ഞു ഇവര്‍. എന്നാല്‍, ഇവരുടെ ശ്രദ്ധേയമായ കാല്‍വെപ്പാണ് സീറോ വേസ്റ്റ് മാര്യേജ്. വിവാഹപാര്‍ട്ടികള്‍ക്കും വിരുന്നുസല്‍ക്കാരത്തിനും ശേഷം ബാക്കിയാകുന്ന മാലിന്യങ്ങള്‍ ഇവര്‍ ശേഖരിച്ച് പാര്‍ക്കിലത്തെിക്കും. ചെറിയ ഒരു ചാര്‍ജ് ഈടാക്കുകയും ചെയ്യും. ഫ്രൂട്ട്സ് കടകളില്‍നിന്നും ജ്യൂസ് കടകളില്‍നിന്നും ശേഖരിക്കുന്ന ഓറഞ്ചിന്‍െറയും ചെറുനാരങ്ങയുടെയും ശേഖരത്തില്‍നിന്നും ഒന്നാംതരം വാഷിങ് പൗഡര്‍ ഉണ്ടാക്കാം. നിരവധി രാസവസ്തുക്കളുടെ മിശ്രിതമായ വിപണിയിലെ വാഷിങ് പൗഡര്‍ കൈകള്‍ക്കും വസ്ത്രങ്ങള്‍ക്കും ഏറെ ഹാനികരമാണെന്ന് ഓര്‍ക്കുക.
ഷോപ്പിങ്മാളുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള മുഴുവന്‍ മാലിന്യവും ശേഖരിച്ച് അവ സംസ്കരിക്കാനുള്ള വിപുലമായ പദ്ധതിക്ക് ഇവര്‍ രൂപം കൊടുത്തുകഴിഞ്ഞു. തങ്ങളുടെ പദ്ധതികള്‍ക്ക് അധികൃതരില്‍നിന്ന് വേണ്ടത്ര പിന്തുണയോ പ്രോത്സാഹനമോ ഇല്ളെന്ന് ഇവര്‍ പറയുന്നു. ഷെഡിന് ഇതുവരെ കറന്‍റ് കിട്ടിയിട്ടില്ല്ള. കടകളില്‍നിന്ന് ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ ഷെഡിലത്തെിക്കാനുള്ള പണംപോലും കടകളില്‍നിന്ന് ലഭിക്കുന്നില്ല. അതേസമയം, പൂനൂര്‍ ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡംഗം കരീം മാസ്റ്റര്‍ ഏറെ സഹായിച്ചു. വ്യാപാരികളുമായി കൂടിക്കാഴ്ചക്കും മറ്റും സഹായിച്ചത് അദ്ദേഹമാണ്.
ബോധവത്കരണവും
മാലിന്യസംസ്കരണ ബോധവത്കരണത്തിനായി ഇവര്‍ വടകര വിദ്യാഭ്യാസ ജില്ലയിലെ 80ഓളം സ്കൂളുകളില്‍ സെമിനാറും ക്ളാസുകളും സംഘടിപ്പിച്ചു. നിരവധി അപൂര്‍വ ഒൗഷധസസ്യങ്ങള്‍ ബയോ പാര്‍ക്കില്‍ ഇവര്‍ വളര്‍ത്തുന്നു. മൂന്ന് പശുക്കളുമുണ്ട്. ചാണകവും മറ്റും സംസ്കരണ പ്രക്രിയയില്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെയാണെങ്കിലും വിപുലമായ മാലിന്യസംസ്കരണ സംവിധാനം പൊതുസമൂഹത്തിന്‍െറ ആവശ്യമായതിനാല്‍ ഈ സംരംഭം വിജയം കാണുമെന്ന പ്രതീക്ഷയിലാണിവര്‍. ഷമീര്‍ ബാവ, അബ്ദുല്‍ബാരി എന്നിവരും പൂര്‍ണ പിന്തുണയുമായി ഇവര്‍ക്കൊപ്പമുണ്ട്. മാലിന്യസംസ്കരണ പ്ളാന്‍റ് സ്ഥാപിക്കാനുള്ള മുഴുവന്‍ സാങ്കേതിക സഹായവും നല്‍കാന്‍ ഇവര്‍ സന്നദ്ധരാണ്. ചപ്പുചവറുകള്‍ മണ്ണിലേക്കുതന്നെ അശാസ്ത്രീയമായി നിക്ഷേപിച്ചാല്‍ ഭാവിയില്‍ ഒന്നും മുളക്കാത്ത ഊഷരഭൂമിയായിരിക്കും നമ്മെ കാത്തിരിക്കുകയെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കുന്നത്. ഇവരുടെ നമ്പര്‍: 9656363502, 9037958212.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.