വരയിലെ സ്വര്‍ണത്തിളക്കവുമായി സാല്‍വിയ
text_fieldsചെറുപ്രായത്തില്‍തന്നെ ചിത്രകലാ പ്രതിഭകള്‍പോലും കൊതിക്കുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശനം. സ്കൂള്‍ തലത്തിലും അല്ലാതെയുമായി ആയിരത്തിലധികം മത്സരങ്ങള്‍. വരയോടൊപ്പം കവിതയും ഡാന്‍സും. 17 വയസ്സിനിടയില്‍ സദുദ്ദേശ്യത്തോടെ ഒരു വെബ്സൈറ്റ്... തലശ്ശേരി ജഗന്നാഥ ക്ഷേത്ര പരിസരത്തെ ‘ചൈതന്യ’യില്‍ സി. ശശിധരന്‍-കെ.കെ. സംജ ദമ്പതിമാരുടെ ഏക മകള്‍ സാല്‍വിയ എസ്. രാജ് എന്ന പ്ളസ്ടു വിദ്യാര്‍ഥിനിയെക്കുറിച്ചാണ് പറഞ്ഞുവന്നത്. പരിസ്ഥിതി മലിനീകരണത്തിനെതിരെയും പച്ചപ്പ് നശിപ്പിക്കുന്നതിനെതിരെയും ചിത്രങ്ങളാല്‍ അവള്‍ പ്രതികരിച്ചു. ഇത്തവണ എഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍നിന്ന് സാല്‍വിയ പടിയിറങ്ങുന്നത്. തെരുവിലെ പുസ്തക വില്‍പന എന്ന വിഷയത്തിലായിരുന്നു വര.
വരയുടെ ലോകത്ത് പിച്ചവെച്ചുതുടങ്ങിയത് മൂന്നാം വയസ്സിലാണ്. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ ശശിധരനോടൊപ്പം ഡല്‍ഹിയിലായിരുന്നു അന്ന് താമസം. ഡല്‍ഹിയിലെ പ്രീ-കെ.ജി, എല്‍.കെ.ജി പഠനത്തിനിടയില്‍ സ്കൂള്‍തല മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് യു.കെ.ജിയില്‍ എത്തുമ്പോഴേക്കും നാട്ടിലത്തെി. പിന്നീട് അമ്മമ്മ ചന്ദ്രമതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ആദ്യഗുരു സന്തോഷ് ചിറക്കരയുടെ ശിഷ്യത്വം. വരകള്‍ക്ക് ജീവന്‍ വെച്ചുതുടങ്ങി. പിന്നീടങ്ങോട്ട് മത്സരങ്ങളും വിജയങ്ങളും. സാല്‍വിയ ചിറകുവിരിക്കുകയായിരുന്നു. എട്ടുമുതല്‍ 10 വരെ വടകര റാണി പബ്ളിക് സ്കൂളിലെ പഠനത്തിനിടെ സി.ബി.എസ്.ഇ കലോത്സവങ്ങളില്‍ പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍ വിഭാഗങ്ങളില്‍ സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ വിജയം. ഒപ്പം മലയാളം കവിതാരചന, ഹിന്ദി ഉപന്യാസ മത്സരം തുടങ്ങിയവയിലും പരീക്ഷണങ്ങള്‍. 2009ല്‍ ‘ചില്ല’ മാസിക സാല്‍വിയയുടെ ‘ഒരിക്കല്‍ പെയ്താല്‍ മതി’ എന്ന കവിത പ്രസിദ്ധീകരിച്ചു. ഏഴാം ക്ളാസ് വരെ നാടോടി നൃത്തവും ഭരതനാട്യവും പഠിച്ചിരുന്നു. കണ്ണൂര്‍ ചാല ഗവ. എച്ച്.എസ്.എസിലെ ബോട്ടണി അധ്യാപികയായ അമ്മ ഇഷ്ടപ്പെട്ട പൂവിന്‍െറ പേരുതന്നെ മകള്‍ക്ക് നല്‍കിയതുകൊണ്ടാവാം ചിത്രങ്ങളില്‍ മിക്കതും പരിസ്ഥിതി, ലാന്‍ഡ് സ്കേപ് അടിസ്ഥാനമാക്കിയാണ്. താന്‍ കണ്ടുവളര്‍ന്ന നാട്ടുവഴികളും കാവും നഗരവും എല്ലാം വരകള്‍ക്ക് കാരണമായി. വിവിധ മത്സരങ്ങളിലായി 58 സ്വര്‍ണ മെഡലുകളും സാല്‍വിയ ‘വരച്ചു’ വാങ്ങി.
ഇതുവരെ നടത്തിയത് ആറ് പ്രദര്‍ശനങ്ങള്‍. എട്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലായിരുന്നു ആദ്യപ്രദര്‍ശനം. ട്രാവന്‍കൂര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന പ്രദര്‍ശനം കേന്ദ്രമന്ത്രി കെ.വി. തോമസാണ് ഉദ്ഘാടനം ചെയ്തത്. ‘ലെറ്റസ് ബി ഗ്രീന്‍’ എന്നപേരില്‍ നടന്ന പ്രദര്‍ശനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഒമ്പതാം ക്ളാസിലത്തെിയപ്പോള്‍ തലശ്ശേരി ഹൈടെക് ആര്‍ട്ട് ഗാലറിയില്‍ നാടിന്‍െറ നന്മകളുമായി പ്രദര്‍ശനമൊരുക്കി. തുടര്‍ന്ന്, മാഹി ബി.എഡ് കോളജില്‍ കേരളത്തിലെ കോട്ടകളെ പരിചയപ്പെടുത്തി പ്രദര്‍ശനം. ഹൈദരാബാദിലെ സലര്‍ജങ് മ്യൂസിയത്തില്‍ 2012ലെ ശിശുദിനത്തോടനുബന്ധിച്ച് പ്രത്യേക ക്ഷണിതാവായി ചിത്രപ്രദര്‍ശനം നടത്തിയത് മറക്കാനാവാത്ത അനുഭവമാണെന്ന് സാല്‍വിയ പറയുന്നു. വലിയ പെയ്ന്‍റിങ്ങുകള്‍ക്കും ശില്‍പങ്ങള്‍ക്കും നടുവിലായിരുന്നു പ്രദര്‍ശനം. പിന്നീട് കൊച്ചി ദര്‍ബാര്‍ ഹാളില്‍ ലളിതകലാ അക്കാദമിയുടെ ഗ്രാന്‍േറാടെ ഒന്ന്. ആറാമതായി ലളിതകലാ അക്കാദമിയിലെ പെയ്ന്‍റിങ് എക്സിബിഷനിലും സാല്‍വിയയും ചിത്രങ്ങളും പങ്കെടുത്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തിലും അല്ലാതെയും നടന്ന നിരവധി ചിത്രകലാ ക്യാമ്പുകളിലും അംഗമായിരുന്നു. 2012ല്‍ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം തലശ്ശേരിയില്‍ വന്നപ്പോള്‍ വാട്ടര്‍ കളറില്‍ ചെയ്ത തലശ്ശേരി കോട്ട ഉപഹാരമായി സമ്മാനിച്ചതും അദ്ദേഹം ഓട്ടോഗ്രാഫ് നല്‍കിയതും ഇന്നലെ കഴിഞ്ഞതുപോലെയാണ് സാല്‍വിയ ഓര്‍ക്കുന്നത്. 2009ല്‍ ഗോവയില്‍ നടന്ന ഇന്‍റര്‍നാഷനല്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്സിബിഷനില്‍ ‘മൈ മദര്‍, മൈ വേള്‍ഡ്’ എന്ന പ്രമേയത്തില്‍ വരച്ച ചിത്രത്തിലൂടെ 50,000 രൂപയുടെ സമ്മാനങ്ങളും തേടിയത്തെി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 25 വിദ്യാര്‍ഥികള്‍ക്കായി 2010ല്‍ ഗോവയില്‍ നടന്ന ഒരാഴ്ചത്തെ ക്യാമ്പില്‍ പെയ്ന്‍റിങ് വിഭാഗത്തില്‍ ആകെയുണ്ടായ നാലുപേരില്‍ കേരളത്തില്‍നിന്ന് സാല്‍വിയ മാത്രമാണ് പങ്കെടുത്തത്. അന്ന് ലഭിച്ച കേന്ദ്രസര്‍ക്കാറിന്‍െറ സി.സി.ആര്‍.ടി സ്കോളര്‍ഷിപ് 20 വയസ്സുവരെ ലഭിക്കുമെന്നും സാല്‍വിയ പറയുന്നു.
കിട്ടിയ പുരസ്കാരങ്ങളുടെ എണ്ണം ഓര്‍മയില്ളെങ്കിലും അതില്‍ പ്രധാനപ്പെട്ട ചിലത് ഇവയൊക്കെയാണെന്ന് സാല്‍വിയ: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് ഡല്‍ഹിയില്‍ യുനെസ്കോ നടത്തിയ അന്താരാഷ്ട്ര സെമിനാറില്‍ 18 വയസ്സ് വരെയുള്ളവര്‍ക്കുള്ള കാര്‍ട്ടൂണ്‍ മത്സരത്തില്‍ ജേതാവ്. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ചാരു കാസ്റ്റില്‍ ഫൗണ്ടേഷന്‍ കഴിഞ്ഞവര്‍ഷം നടത്തിയ അന്താരാഷ്ട്ര പെയ്ന്‍റിങ് ക്യാമ്പില്‍ ഒന്നാമതായി.
ഇനി വരകള്‍ക്ക് അല്‍പനേരം വിട. പഠനത്തിരക്കിലേക്ക്. തലശ്ശേരി സെന്‍റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ളസ് ടു സയന്‍സ് വിദ്യാര്‍ഥിനിയായ സാല്‍വിയക്ക് എന്‍ട്രന്‍സ് എഴുതി മെഡിസിന് പോകാനാണ് താല്‍പര്യം. മറ്റൊന്ന് സിവില്‍ സര്‍വീസാണ്. ഏത് ജോലിയായാലും വരയും ഒപ്പമുണ്ടാകുമെന്ന് സാല്‍വിയയുടെ ഉറപ്പ്. വരയുടെ ലോകം വിട്ട് താനില്ളെന്ന് ഒരിക്കല്‍കൂടി പറഞ്ഞുവെച്ചു. അവധി ദിവസങ്ങളില്‍ മത്സരങ്ങളുടെ തിരക്കിലാവും ഈ ചിത്രകാരി.
തപാല്‍ വകുപ്പിന്‍െറ ‘അവധിക്കാല കാഴ്ചകള്‍’
വരച്ചുകൂട്ടുന്നതിനിടെ പാരിതോഷികങ്ങള്‍ ഏറെ വാങ്ങിക്കൂട്ടിയ സാല്‍വിയ തപാല്‍ വകുപ്പില്‍നിന്നും സമ്മാനങ്ങള്‍ വാങ്ങിയിട്ടുണ്ട്. 1998ലാണ് തപാല്‍ വകുപ്പ് ശിശുദിനത്തോടനുബന്ധിച്ച് ‘ഡിസൈന്‍ എ സ്റ്റാമ്പ്’ എന്ന മത്സരം ആരംഭിക്കുന്നത്. മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍ ദേശീയതലത്തില്‍ ഒന്നാംസ്ഥാനം നേടി. എന്നാല്‍, അന്ന് ഒറ്റവിഭാഗമായി നടന്ന മത്സരം ഇപ്പോള്‍ മൂന്ന് വിഭാഗങ്ങളായാണ് നടക്കുന്നത്. സ്റ്റാമ്പ്, ഫസ്റ്റ് ഡേ കവര്‍, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ എന്നീ വിഭാഗങ്ങളാണവ. അതില്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറായി തെരഞ്ഞെടുക്കപ്പെട്ടത് ‘അവധിക്കാല കാഴ്ചകള്‍’ എന്ന വിഷയത്തില്‍ സാല്‍വിയ വരച്ച ചിത്രമാണ്. 2012ല്‍ നടന്ന മത്സരത്തിന്‍െറ ഫലം 2013ലെ ശിശുദിനത്തിലാണ് പുറത്തുവിട്ടത്.
വര പകര്‍ന്ന് ആര്‍ട്ട് ട്രസ്റ്റ്
2013ല്‍ മുന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത ട്രസ്റ്റ് ഈ മിടുക്കിയുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നു. വരയെയും അനുബന്ധ മേഖലകളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രസ്റ്റ് രൂപവത്കരിച്ചതെന്ന് സാല്‍വിയ പറയുന്നു. വരക്കാന്‍ കഴിവുള്ള കുട്ടികളെ തെരഞ്ഞെടുത്ത് അവര്‍ക്ക് പരിശീലനം നല്‍കുക എന്നതാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇതിനു മുന്നോടിയായി തലശ്ശേരിയില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
www. salviyasarttrust.com എന്നതാണ് വെബ്സൈറ്റ് വിലാസം.
l

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.