Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപ്രിയതമനൊരു പത്മശ്രീ

പ്രിയതമനൊരു പത്മശ്രീ

text_fields
bookmark_border
പ്രിയതമനൊരു പത്മശ്രീ
cancel

കേരളത്തിന്‍െറ തനത് കലകളായ കഥകളിയെയും മോഹിനിയാട്ടത്തെയും ജീവിതവ്രതമാക്കി ഉപാസിച്ചുള്ള പ്രയാണമായിരുന്നു അവരിരുവരുടേതും. ഷൊര്‍ണൂര്‍ ചെറുതുരുത്തിയിലെ കേരള കലാമണ്ഡലത്തില്‍ ആദ്യം വിദ്യാര്‍ഥികളായത്തെി. പിന്നെ, പഠിച്ച പാഠങ്ങള്‍ അവിടത്തെന്നെ ശിഷ്യര്‍ക്ക് പകര്‍ന്നുനല്‍കി. ആട്ടം പഠിക്കാനത്തെിയ കലാശാലയില്‍ ഒടുവില്‍ പ്രിന്‍സിപ്പലായി ഇരുവര്‍ക്കും പടിയിറക്കം. അതിനിടെ തമ്മില്‍ വിവാഹവും. സംഭവബഹുലമായിരുന്നു കഥകളിയാചാര്യന്‍ കലാമണ്ഡലം പത്മനാഭന്‍ നായരുടെയും ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും ജീവിതം. ഷൊര്‍ണൂര്‍ ടൗണിനടുത്ത വേണാട്ട് എന്ന ഇവരുടെ വീട്ടിലേക്ക് പത്മനാഭന്‍ നായരിലൂടെ പത്മശ്രീ ബഹുമതിയത്തെുമെന്നായിരുന്നു വീട്ടുകാരും കലാലോകവും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, അതുണ്ടായില്ല. അര്‍ഹതപ്പെട്ടിട്ടും ലഭിക്കാതെ പോയ ബഹുമതികളുടെ കൂട്ടത്തിലേക്ക് അതും ചേര്‍ത്തുവെച്ച് അദ്ദേഹം 2007 ഏപ്രില്‍ മൂന്നിന് ഈ ലോകത്തുനിന്നും യാത്രയായി.
ഒടുവില്‍, വേണാട്ട് വീട്ടിലേക്ക് ഈ വര്‍ഷം രാജ്യത്തിന്‍െറ പത്മശ്രീ ബഹുമതിയത്തെി. സത്യഭാമയെ തേടിയായിരുന്നു അത്. സ്വീകരണ മുറിയിലെ പത്മനാഭന്‍നായരുടെ ഛായാചിത്രത്തിനു കീഴിലിരുന്ന് അവര്‍ പറഞ്ഞു:
‘അതെനിക്കല്ല...അദ്ദേഹത്തിനുള്ളതാണ്. എന്നെത്തേടിയത്തെുന്ന ഓരോ നേട്ടവും ആ കാല്‍ക്കലാണ് ഞാന്‍ സമര്‍പ്പിക്കുന്നത്. എന്നെ കലാമണ്ഡലം സത്യഭാമയാക്കിയത് ആ മഹാ മനുഷ്യനാണ്...’
ഒരു വിതുമ്പലിന്‍െറ അകമ്പടിയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. ഓര്‍മകള്‍ തിരതല്ലിയണഞ്ഞിട്ടുണ്ടാകണം ആ മനസ്സില്‍.
പുരസ്കാരം ഭര്‍ത്താവിനുതന്നെയാണ് ലഭിച്ചതെന്ന് സമര്‍ഥിക്കാന്‍ സത്യഭാമ ടീച്ചര്‍ക്ക് ഒരുപിടി കാരണങ്ങളുണ്ട്. പ്രഗല്ഭനായ നടന്‍, അതുല്യനായ നാട്യാചാര്യന്‍, മികച്ച ഗ്രന്ഥകാരന്‍, പണ്ഡിതന്‍, ഗവേഷകന്‍ എന്നീ നിലകളില്‍ നീണ്ട ആറു പതിറ്റാണ്ടുകാലം അദ്ദേഹം കഥകളിക്ക് നല്‍കിയ സംഭാവനകളെടുത്താല്‍ പത്മശ്രീ ബഹുമതി ഒന്നുമാവില്ല. കഥകളിയിലെ കല്ലുവഴി ചിട്ടയിലെ പ്രഥമഗണനീയനായ പട്ടിക്കാംതൊടി രാമുണ്ണി മേനോന്‍െറ മകനും ശിഷ്യനുമാണ് പത്മനാഭന്‍ നായര്‍. കലാമണ്ഡലം ഗോപിയടക്കമുള്ള നിരവധി നടന്മാരെ വാര്‍ത്തെടുത്തയാള്‍. കലാമണ്ഡലത്തില്‍ കഥകളിക്ക് ‘മൈനര്‍’ സെറ്റുണ്ടാക്കി പുതുതലമുറയിലുള്ളവര്‍ക്ക് അവസരം നല്‍കി വിപ്ളവകരമായ മുന്നേറ്റത്തിന് തുടക്കമിട്ടിരുന്നു അദ്ദേഹം. കഥകളിയിലെ തികച്ചും ശൈലീകൃതമായ എല്ലാ ആദ്യവസാനവേഷങ്ങളും ചൊല്ലിയാട്ട ദൃശ്യലേഖനം ചെയ്ത് എക്കാലത്തേക്കുമുള്ള ഒരു മുതല്‍ക്കൂട്ട് സമ്മാനിച്ചു അദ്ദേഹം. കഥകളി പഠനത്തിന് ശേഷം രണ്ടുവര്‍ഷം ചെന്നൈയില്‍ പ്രവര്‍ത്തിച്ചസമയത്ത് നൃത്തവിഭാഗത്തിലും ഒരു കൈനോക്കിയിരുന്നു അദ്ദേഹം.
ഭര്‍ത്താവില്‍നിന്ന് കഥകളിയിലെ സ്ത്രീവേഷങ്ങള്‍ അഭ്യസിക്കാനായത് മോഹിനിയാട്ടത്തില്‍ തനിക്കേറെ മുതല്‍ക്കൂട്ടായെന്ന് കലാമണ്ഡലം സത്യഭാമ പറയുന്നു. താന്‍ ജീവിതമുദ്രയാക്കിയ കലയെ കൂടാതെ മോഹിനിയാട്ടത്തെ ഇന്നത്തെ രൂപത്തിലാക്കാന്‍ പ്രേരണ ചെലുത്തിയതിനാലുമാണ് പത്മശ്രീ, പത്മനാഭന്‍ നായര്‍ക്കാണ് ലഭിച്ചതെന്ന് ടീച്ചര്‍ നിസ്സംശയം വെളിപ്പെടുത്തുന്നത്.
77ാം വയസ്സിലും മോഹിനിയാട്ട രംഗത്ത് സജീവമാണ് കലാമണ്ഡലം സത്യഭാമ, 1937 നവംബര്‍ നാലിന് ഷൊര്‍ണൂരില്‍ കൃഷ്ണന്‍ നായരുടെയും വേണാട്ട് അമ്മിണിയമ്മയുടെയും മകളായാണ് ജനിച്ചത്. അമ്മ അമ്മിണിയമ്മക്ക് കൈകൊട്ടിക്കളിയിലുണ്ടായിരുന്ന താല്‍പര്യമാണ് സത്യഭാമയെ നൃത്തരംഗത്തേക്ക് വഴിതിരിച്ചുവിടുന്നത്. ചെറുപ്പത്തില്‍ സിനിമകളിലെ നൃത്തരംഗങ്ങള്‍ വീട്ടില്‍ വന്ന് സമര്‍ഥമായി അനുകരിക്കുമായിരുന്നു. നൃത്തപഠനത്തിനയക്കാന്‍ പിന്നെ, അമ്മക്ക് തെല്ലും ശങ്കയുണ്ടായില്ല . രാധാകൃഷ്ണാനുരാഗം, പൂജാനൃത്തം എന്നീ നാട്ടുനൃത്തങ്ങള്‍ സമീപവാസിയായ ബാലന്‍ മാസ്റ്ററില്‍നിന്ന് അഭ്യസിച്ചായിരുന്നു തുടക്കം.
12ാം വയസ്സിലാണ് നൃത്തപഠനത്തിനായി കലാമണ്ഡലത്തില്‍ ചേരുന്നത്. രാവിലെ എട്ടുവരെയായിരുന്നു പഠനം. അതിരാവിലെ കലാമണ്ഡലത്തിലത്തെണം. ക്ളാസ് കഴിഞ്ഞ് സ്കൂളിലേക്ക്. മൂന്നുവര്‍ഷത്തിനു ശേഷം മഹാകവി വള്ളത്തോള്‍ സ്റ്റൈപന്‍ഡ് അനുവദിച്ചതോടെ സ്കൂള്‍പഠനം നിര്‍ത്തി മുഴുവന്‍ സമയവും കലാമണ്ഡലത്തിലായി.
തോട്ടശ്ശേരി ചിന്നമ്മു അമ്മയായിരുന്നു മോഹിനിയാട്ടത്തിലെ ഗുരു. കലാമണ്ഡലം കൃഷ്ണന്‍കുട്ടി വാര്യര്‍, അച്യുതവാര്യര്‍, രാജരത്നം പിള്ള, എ.ആര്‍.ആര്‍. ഭാസ്കരറാവു എന്നിവരില്‍നിന്ന് ഭരതനാട്യവും അഭ്യസിച്ചു. ‘പൂതനാമോക്ഷം’, ‘കിര്‍മീരവധ’ത്തിലെ ലളിത എന്നീ വേഷങ്ങള്‍ ഏറെ വേദികളില്‍ അവതരിപ്പിച്ചു. തൃപ്പൂണിത്തുറയിലത്തെി കല്യാണിക്കുട്ടിയമ്മയില്‍നിന്ന് ഒരു ചൊല്‍കെട്ടും രണ്ടുപദങ്ങളും പഠിക്കാനും ഇടയായി.
ഭരതനാട്യം പോലെ നിരവധി ഇനങ്ങള്‍ അന്ന് മോഹിനിയാട്ടത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. ഗുരുനാഥ ചിന്നമ്മു അമ്മക്കുണ്ടായിരുന്ന ഓര്‍മക്കുറവുമൂലം നിലവിലുണ്ടായിരുന്ന ഇനങ്ങള്‍ പോലും പഠിച്ചെടുക്കാനുമായില്ല. അതിനാല്‍ കുറച്ചു നേരമേ മോഹിനിയാട്ടം രംഗത്ത് അവതരിപ്പിക്കാനുമായിരുന്നുള്ളൂ. ഇവിടെനിന്നാണ് മോഹിനിയാട്ടത്തിലെ മാറ്റത്തിന് അവര്‍ തുടക്കമിടുന്നത്.
അന്നത്തെ പ്രഗല്ഭരായിരുന്ന മൃദംഗവാദകന്‍ വി.കെ. രാമകൃഷ്ണ അയ്യര്‍, കര്‍ണാടക സംഗീതജ്ഞന്‍ വാസുദേവ പണിക്കര്‍, സുകുമാരി ടീച്ചര്‍ എന്നിവര്‍ ഒന്നിച്ചുചേര്‍ന്നപ്പോള്‍ കാര്യങ്ങള്‍ ഏറക്കുറെ എളുപ്പമായി. അങ്ങനെ ആദ്യമായി തോടിവര്‍ണം ചിട്ടപ്പെടുത്തി മോഹിനിയാട്ടത്തിലൂടെ രംഗത്തത്തെിച്ചു. കഥകളിയിലെ ‘ഉലച്ചില്‍’, ‘ചുഴിപ്പ്’ എന്നിവ ഇവയിലെ രൗദ്രഭാവം ഒഴിവാക്കി മോഹിനിയാട്ടത്തിനായി സ്വീകരിച്ചു. അടവുകള്‍ക്ക് ലാസ്യഭാവം കൂടുതല്‍ നല്‍കിയതോടെ മോഹിനിയാട്ടത്തിന്‍െറ കീര്‍ത്തി കടല്‍കടന്നു.
ആദ്യകാലങ്ങളില്‍ മുടി പിന്നിയിട്ടായിരുന്നു മോഹിനികള്‍ രംഗത്തത്തെിയിരുന്നത്. ഇതിന് കേരളീയത കൈവരുത്തിയാണ് കലാമണ്ഡലം സത്യഭാമ വിപ്ളവകരമായ മാറ്റം സ്വീകരിച്ചത്. മുടി വെറുതെ പിന്നിയിടുന്നതിനു പകരം ഇടതുവശത്ത് ‘കൊണ്ട’യായി കെട്ടിവെക്കുന്ന രീതി കൊണ്ടുവന്നതാണ് അതിലൊന്ന്. സാരിചുറ്റി അരയില്‍ മറ്റൊരു തുണികെട്ടി മുറുക്കി നൃത്തച്ചുവടുകള്‍ വെക്കുന്ന പഴയശൈലി മാറ്റിയതാണ് മറ്റൊന്ന്. കാഴ്ചഭംഗിയുള്ള ഇന്നത്തെ മോഹിനിയാട്ടത്തിന്‍െറ വസ്ത്രരീതി ഇങ്ങനെയാണുണ്ടായത്. കഥകളിയിലെ ചില മുദ്രകളും കൂടി മോഹിനിയാട്ടത്തിലേക്ക് സന്നിവേശിപ്പിച്ചതോടെ ആട്ടത്തിന് ആരാധകരേറി.
1950കളിലും 60കളിലും മോഹിനിയാട്ടത്തിന് പുത്തനുണര്‍വ് നല്‍കാന്‍ സത്യഭാമ ടീച്ചര്‍ കാണിച്ച ആര്‍ജവം എത്ര പ്രശംസിച്ചാലും മതിയാകില്ല. ചൊല്‍കെട്ട്, ജതിസ്വരം, വര്‍ണം, പദം എന്നിങ്ങനെ അവര്‍ കൈവെക്കാത്ത വിഭാഗങ്ങളില്ല. പദചലനങ്ങളിലും കൈകളുടെ സ്ഥാനങ്ങളിലും വരുത്തിയ മാറ്റങ്ങളും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. 40ഓളം അടവുകളാണ് ഇവര്‍ മോഹിനിയാട്ടത്തില്‍ ചിട്ടപ്പെടുത്തിയത്.
വിരലിലെണ്ണാന്‍ പോലും ഇല്ലാതിരുന്ന ഇനങ്ങളുമായി കാലയവനികക്കുള്ളിലേക്ക് മറയേണ്ടിയിരുന്ന മോഹിനിയാട്ടത്തെ പുഷ്ടിപ്പെടുത്തിയ ടീച്ചര്‍ക്ക് പ്രഗല്ഭമതികളായ ശിഷ്യഗണങ്ങളേറെയാണ്. കലാമണ്ഡലം ക്ഷേമാവതി, സരസ്വതി, ലീലാമ്മ, ചന്ദ്രിക, സുഗന്ധി, വിമല മേനോന്‍, സുമതി, ഹൈമാവതി, പത്മിനി എന്നിവരും പുതുതലമുറയിലെ കലാമണ്ഡലം പുഷ്പലത, രാജലക്ഷ്മി അടക്കമുള്ള പ്രശസ്ത നര്‍ത്തകിമാരും അവരില്‍ ചിലര്‍ മാത്രം. ഇപ്പോള്‍ മോഹിനിയാട്ടത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം തയാറാക്കി അതിന്‍െറ മിനുക്കുപണിയിലാണ് ടീച്ചര്‍.
കലാകുടുംബം തന്നെയാണ് ടീച്ചറുടേത്. ഉദ്യോഗസ്ഥരും കലാതല്‍പരരുമായ വേണുഗോപാല്‍, ശശികുമാര്‍, കലാമണ്ഡലത്തില്‍ നൃത്താധ്യാപികയായ ലതിക, സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാംസ്ഥാനം നേടിയിട്ടുള്ള രാധിക എന്നിവരാണ് മക്കള്‍. മോഹന്‍ദാസ്, ബാബു, റാണി, സിന്ധു എന്നിവര്‍ മരുമക്കളും.
കലാമണ്ഡലം പത്മനാഭന്‍ നായരെയും കലാമണ്ഡലം സത്യഭാമയെയും തേടി നിരവധി പുരസ്കാരങ്ങളാണ് വേണാട്ടു വീടിന്‍െറ പടി കയറിവന്നത്. ഒടുവിലത്തെിയതാണ് പത്മശ്രീ പുരസ്കാരം. പ്രിയതമനില്ലാതെ തന്നെത്തേടിയത്തെിയ ഈ പുരസ്കാരം അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്ക് സമര്‍പ്പിക്കേണ്ടൂ എന്ന് ടീച്ചര്‍ പറയുമ്പോള്‍, ആ വാക്കുകളിലുണ്ടായിരുന്നു ദാമ്പത്യം പുഷ്കലമാക്കിയ കലാജീവിതത്തിന്‍െറ പൊന്‍തിളക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story