Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightഅനസൂയയുടെ ശബ്ദം...

അനസൂയയുടെ ശബ്ദം ഇപ്പോഴും ഇവിടെയുണ്ട്

text_fields
bookmark_border
അനസൂയയുടെ ശബ്ദം ഇപ്പോഴും ഇവിടെയുണ്ട്
cancel

‘ഉയരും ഞാന്‍ നാടാകെ,
പടരും ഞാന്‍ ആ പുത്തന്‍,
ഉയിര്‍ നാടിനേകിക്കൊണ്ടുയരും...’

പി. ഭാസ്കരന്‍െറ ഈ വരികള്‍ പ്രശസ്തമാക്കിയ അനസൂയ എന്ന ഗായികയെ ഇന്നറിയുന്നവര്‍ ചുരുക്കമായിരിക്കും.
‘റെഡ് സല്യൂട്ട്... റെഡ് സല്യൂട്ട്...
റെഡ് സല്യൂട്ട്
രക്തസാക്ഷി ഗ്രാമങ്ങളേ...’

ഈ ഗാനം എവിടെ കേട്ടാലും പുതിയ തലമുറ ഒരു നിമിഷം ആലോചിച്ച് നില്‍ക്കുമെങ്കിലും പഴയ തലമുറ ഉടന്‍ പറയും-പാടിയത് മേദിനി. എന്നാല്‍, അവര്‍ വേദികളിലെ ത്തും മുമ്പേ ആലപ്പുഴയിലെ വയലേലകളെ നോക്കിയും അന്തിചായുമ്പോള്‍ പുന്നപ്രയിലെയും വയലാറിലെയും പച്ചമനുഷ്യരുടെ ഇടയിലും ഒരാള്‍ ഉറക്കെപ്പാടുമായിരുന്നു. അത് അനസൂയ എന്ന പാട്ടുകാരിയാണ്. തനിക്കുപോലും പ്രചോദനമായ പാട്ടുകാരിയാണ് അനസൂയയെന്നാണ് മേദിനി പറഞ്ഞിട്ടുള്ളത്. കാലം സമ്മാനിച്ച വെള്ളിക്കമ്പികളില്‍ പിടിച്ച്, പൊയ്പ്പോയ സമരകാലത്തെക്കുറിച്ച് പറയുമ്പോള്‍ ആ പഴയ വിപ്ളവ ഗായികയുടെ സ്വരം ഇടറുന്നേയില്ല. വയസ് എഴുപതൊക്കെ കഴിഞ്ഞെങ്കിലും ബ്രിട്ടീഷ് പട്ടാളത്തെ വെല്ലുവിളിച്ചതിന്‍െറയും ജന്മിത്തത്തിനെതിരെ പോരാടിയതിന്‍െറയും വീര്യം ഇന്നും മുഖത്തും വാക്കിലും ഒട്ടും കുറവില്ല.

ചിതറിയ ഓര്‍മകള്‍

വിദ്യാര്‍ഥിനിയായിരിക്കെ വിപ്ളവ പ്രസ്ഥാനത്തിന്‍െറ ഭാഗമായതും വിവാഹവും സൗഹൃദവും പുന്നപ്ര -വയലാറും വിമോചനസമരവും കുടുംബവും അങ്ങനെയങ്ങനെ അടുക്കും ചിട്ടയുമില്ലാതെ എവിടെയോ ചിതറിക്കിടക്കുന്ന ഓര്‍മകളാണ് അനസൂയയുടേത്. ഇന്നും ഈ ഗായികക്ക് യൗവനത്തിന്‍െറ ചൂടും ചൂരുമാണുള്ളത്. വിവിധ കോണുകളില്‍ നിന്ന് പുന്നപ്രയുടെയും വയലാറിന്‍െറയും വീഥികളിലേക്ക് നടന്നുനീങ്ങിയ തൊഴിലാളികളെപ്പോലെയാണ് തുമ്പോളിയിലെ കാഞ്ഞിരം ചിറയില്‍ ജനിച്ച അനസൂയയുടെ ജീവിതം.

സ്കൂളില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തനത്തിലേക്ക്

അനസൂയ ഓര്‍മകള്‍ അയവിറക്കി...
സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പ്, 1943ല്‍ ആറേഴ് വയസായപ്പോഴാണ് ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വരുന്നത്. അതായത്, ഒന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂനിയന്‍െറ അഞ്ചാമത് വാര്‍ഷികാഘോഷം ആലപ്പുഴയില്‍ കൊമ്മാടിയില്‍ നടത്താന്‍ തീരുമാനിച്ചു. അന്നാണ് ആദ്യമായി വിപ്ളവ ഗാനരംഗത്ത് വരുന്നത്. പാര്‍ട്ടിയെക്കുറിച്ചൊന്നും അറിയില്ല, കൊച്ച് കുട്ടിയല്ളേ. അന്ന് അക്കാമ്മ ചെറിയാന്‍, എം.എന്‍. ഗോവിന്ദന്‍ നായര്‍, പി.ടി. പുന്നൂസ്, കെ.സി. ജോര്‍ജ്, പി. കൃഷ്ണപിള്ള ഇങ്ങനെയുള്ള നേതാക്കന്മാരുടെ സന്നിധിയിലാണ് പാടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഉടലെടുത്ത് വരുന്ന കാലം. പാര്‍ട്ടിയുടെ അന്നത്തെ സ്റ്റേറ്റ് ചുമതലയിലിരുന്നയാള്‍ പി.ടി. പുന്നൂസാണ്. ആ സമ്മേളനത്തില്‍ പാട്ട് ഒരു മത്സരമായിരുന്നു. അന്ന് പിള്ളേരെയൊക്കെ കൂട്ടി മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന കാലമാണ്. ആലപ്പി സദാനന്ദന്‍ എന്നൊരു ചെറിയ കലാകാരനുണ്ടായിരുന്നു ഇവിടെ. ബേബിയെന്നാണ് എല്ലാവരും വിളിച്ചിരുന്നത്. ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചാണ് പാടിയിരുന്നതും മത്സരിച്ചിരുന്നതും. ആ സമ്മേളനത്തില്‍ പാട്ടുപാടി എനിക്കും ബേബിക്കും സമ്മാനം കിട്ടി. രാഷ്ട്രീയപ്പാട്ട് പാടാന്‍ അന്നെനിക്ക് കഴിവില്ല. എന്തെങ്കിലുമൊക്കെ പാടും, ഏതാണ്ടൊരു പാട്ടൊന്നു പാടി എന്നേ പറയാനൊക്കൂ. അന്ന് ഇത്രയും പുരോഗമനമൊന്നുമില്ലല്ളോ. തൊഴിലാളികളെ സംഘടിപ്പിച്ച് റാലികളൊക്കെ നടത്തുന്ന കാലമാണ്. ഒരു പരിപാടിയില്‍ ഈയൊരു പാട്ട് പാടി.
‘കൂലി തരേണം
തൊഴില്‍ ചെയ്താല്‍
മുതലാളരേ...’

പുന്നപ്ര-വയലാര്‍ സമരത്തില്‍ ഇവിടത്തെ സമരക്കാരെ നയിച്ചത് കെ.വി. പത്രോസായിരുന്നു. അദ്ദേഹം പടനായകനാണ്. അന്ന് പുള്ളി പുനലൂര്‍ പേപ്പര്‍ മില്‍ തൊഴിലാളികളുടെ സെക്രട്ടറിയാണ്. അപ്പോ ഇവരെല്ലാംകൂടി തീരുമാനിച്ചു ഒരു കലാകേന്ദ്രം ഉണ്ടാക്കണമെന്ന്. ആ കലാകേന്ദ്രം കൂടുതല്‍ താമസിയാതെ രൂപവത്കരിച്ചു. കലാകേന്ദ്രത്തിന്‍െറ ആദ്യത്തെ സന്താനങ്ങളാണ് ഞാനും ഈ ബേബിയും. ഒരു ബോര്‍ഡൊക്കെ വെച്ചു. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി യൂനിയന്‍െറ ഓഫിസില്‍ അന്ന് സുഗതന്‍ മെമ്മോറിയലൊന്നും ആയിട്ടില്ല. അതിന്‍െറ താഴെ ചെറിയ ഒരു മുറിയുണ്ടായിരുന്നു, അതാണ് കലാകേന്ദ്രമാക്കിയത്. ഞങ്ങളുടെ ഒരു ആശാനുണ്ടായിരുന്നു- രാമകുട്ടിയാശാന്‍. ധര്‍മദേവ് എന്നാണ് യഥാര്‍ഥ പേര്. പുള്ളി എഴുത്തുകാരനൊക്കെയായിരുന്നു. ആള്‍ മരിച്ചുപോയി. പിള്ളേരെ പഠിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ പാട്ട്, ഡാന്‍സ്, തിരുവാതിരക്കളി, വട്ടക്കളി, ഓട്ടന്‍തുള്ളല്‍ ഇങ്ങനെയുള്ള കലകളൊക്കെ അഭ്യസിപ്പിക്കാന്‍ തുടങ്ങി. അങ്ങനെ കുറെനാള്‍ വന്നപ്പോള്‍ നാടക രൂപേണയായി. ‘ദേശസേവകന്‍’ എന്നൊരു നാടകം ആശാനെഴുതി. കയര്‍ ഫാക്ടറി തൊഴിലാളികളായ ചെറുപ്പക്കാരെ വിളിപ്പിച്ചാണ് അഭിനയിപ്പിച്ചത്. പിന്നെ, കേശവദേവിനെ വരുത്തിച്ചു നാടകമെഴുതിച്ചു. പ്രോഗ്രാമൊക്കെ കിട്ടാന്‍ തുടങ്ങി. കേരളം സ്വതന്ത്രമായിട്ടില്ല; തിരു-കൊച്ചിയാണന്ന്. തൊഴിലാളി വര്‍ഗത്തിന്‍െറ യോഗത്തിലൊക്കെ പാട്ടുപാടിയാണ് അന്ന് ആളെ കൂട്ടുന്നത്. ഞങ്ങളെ കൊണ്ടുപോകും. മൈക്കൊന്നുമില്ല. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1944-45 കാലഘട്ടം ദുരിതത്തിന്‍േറതായിരുന്നു. അന്ന് പട്ടിണിയും ദാരിദ്ര്യവും വിഷമങ്ങളും യുദ്ധവും എല്ലാമുണ്ടായി. അപ്പോ ഇവിടെ രാജഭരണമാണ്. സി.പിയുടെ തേര്‍വാഴ്ച. എല്ലാ വീട്ടിലും പട്ടിണിയാണ്. രാജവാഴ്ചക്കെതിരായ പാട്ടുകളാണ് പാടിയിരുന്നത്.
‘ആസന്നമായ് സജീവസമരം
ഭാരതഭൂമിയിലും
ഫാഷിസവര്‍ഗം കൊള്ളയടിക്കാന്‍
ഭാരതഭൂമിയിലും
എന്‍െറ ഭാരതഭൂമിയിലും’.

ഇത്തരം പാട്ടുകളാണ് അന്ന് നമ്മള്‍ പാടുന്നത്. ആ സമയത്ത് ടി.വി. തോമസിന്‍െറ നേതൃത്വത്തില്‍ ഒരു യോഗം വിളിച്ചു. സ്വാഗതഗാനം പാടാന്‍ എന്നെ വിളിച്ചു. ഏതെങ്കിലും ഒരു പാട്ട് പാടണം; അങ്ങനെ ഒരു പാട്ടുപാടി:
‘നാട്ടാരെല്ലാം
കൂട്ടമായിട്ടണിനിരക്കാതെ
പടുപട്ടിണി ഈ നാട്ടില്‍നിന്ന്
പോവതെങ്ങനെ
അതു ചിന്തിച്ചീടൂ നാം’.

ഇങ്ങനെയുള്ള പാട്ടുകള്‍ പാടിയാണ് യോഗം തുടങ്ങുന്നത്.

പി. ഭാസ്കരനെ ഓര്‍ക്കുമ്പോള്‍

കലാകേന്ദ്രത്തില്‍ ഒരിക്കല്‍ പി. ഭാസ്കരനെ ത്തി. പുന്നപ്ര വയലാറിനൊക്കെ വളരെക്കാലം മുമ്പുള്ള കാര്യമാണ് പറയുന്നത്. അന്ന് മദ്രാസില്‍ ‘ദേശാഭിമാനി’യുടെ ഒരു യോഗം നടന്നു. കലാമണ്ഡലം ഗംഗാധരനാണ് ഞങ്ങളെ ഡാന്‍സ് പഠിപ്പിക്കുന്നത്. അതിന്‍െറ പാട്ട് എഴുതുന്നത് ഭാസ്കരന്‍ സാര്‍. അദ്ദേഹമെഴുതിയ പാട്ടാണ് പിന്നീട് പാടിയത്. സുബ്രഹ്മണ്യന്‍ തിരുമുമ്പ് ഒരു പാട്ട് എഴുതിയിരുന്നു. മദ്രാസിലെ മലയാളികള്‍ക്കുവേണ്ടി ഞാനായിരുന്നു ആ പാട്ട് പാടിയത്.
‘മണ്ണറിഞ്ഞാലും
പൊന്ന് കായ്ക്കുന്ന
മണ്ണാണെന്‍ നാട്ടിലെന്നൊക്കെ
കേട്ടുകേട്ടു തഴമ്പിച്ചതാണെന്‍
കുട്ടിക്കാലം തൊട്ടെന്‍ കാതും
പൊന്നണിഞ്ഞ പുലരിയും പച്ച-
ക്കുന്നും ആ കൊച്ചു ചോലയും
നെല്‍കതിര്‍ തിങ്ങും
പാടവും പൊന്നും

പൂക്കളം തെങ്ങിന്‍ തോറ്റവും
സ്വയം കണ്ടുകണ്ടാര്‍ദ്ര കര്‍പ്പൂര
താരമഗ്നമാക്കണമെന്‍ കണ്ണും
ഇത്ര സൗന്ദര്യസമ്പത്തെന്‍ നാട്ടില്‍
മാത്രമേ കാണ്‍മാന്‍ സാധിക്കൂ
ദിവ്യമാകും ഉപനിഷത് സൂക്തി
നവ്യ ശീതള ചന്ദ്രിക’

ഈ പാട്ടാണ് പാടിയത്.
കൂത്താട്ടുകുളം, കോട്ടയം തിരുനക്കര മൈതാനം തുടങ്ങിയ പല സ്ഥലത്തും പാട്ടുകള്‍ പാടിയിട്ടുണ്ട്. കൂത്താട്ടുകുളത്തുവെച്ച് പാടിയ പാട്ട് ഇപ്പോള്‍ ഓര്‍മയില്‍ വരുകയാണ്.
‘ഊരുകവാള്‍ ഊരുകവാള്‍
ഊരുക വാടകക്കൊലയാളര്‍ തന്‍
നെഞ്ചില്‍ താന്‍ തറപ്പിപ്പാന്‍
കര്‍മ വിചാരകമാണെ സത്യം
ജപ്പാന്‍കാരുടെ ദുഷ്കൃത്യം
(ഊരുക...)

ഇരമ്പിയോടും സ്രോതസ്സുകളാല്‍
ഉയര്‍ന്ന ശൈലാകാശത്താല്‍
മനോഹരം ശ്രീ ഫലഭൂവിഷ്ഠം
നാടിനെ നന്നായ് രക്ഷിപ്പാന്‍
തെളിഞ്ഞ താരാജാലം പുഞ്ചിരി
തൂകും നാടിനെ രക്ഷിപ്പാന്‍’.
(ഊരുക...)


പുന്നപ്ര-വയലാര്‍ സമരം

അക്കാലത്താണ് പുന്നപ്ര-വയലാര്‍ സമരം നടക്കുന്നത്. ഞാന്‍ പങ്കെടുത്ത അവസാനത്തെ യോഗം കാട്ടൂര്‍ ജോസഫിന്‍െറ വീട്ടില്‍ വെച്ചാണ്. ഇതോടെ തുമ്പോളിയിലും പട്ടാളം നിലയുറപ്പിച്ചു. സമരത്തില്‍ പങ്കെടുക്കാന്‍ ഒരു യൂനിറ്റ് ഇവിടെ നിന്നാണ് പോയത്. വി.എന്‍. തോമസാണ് ഇവിടത്തുകാരെ നയിച്ചത്. പുന്നപ്ര-വയലാര്‍ സംഭവങ്ങള്‍ നേരില്‍ കണ്ടതിന്‍െറ അനുഭവത്തിനൊപ്പം പാട്ടു പാടിയതിന്‍െറ പേരില്‍ കുറച്ചുനാള്‍ ഒളിവില്‍ പോകേണ്ടതായും വന്നിട്ടുണ്ട്. ‘ഇപ്പോള്‍ പുന്നപ്ര-വയലാറൊക്കെ കഴിഞ്ഞില്ളേ, എനിക്ക് രക്ത സാക്ഷികളെപ്പറ്റിയല്ളേ പറയാന്‍ കഴിയൂ. ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയല്ളേ ഞാന്‍. അപ്പോള്‍ മരിച്ച രക്തസാക്ഷികളെക്കുറിച്ചാണല്ളോ പാടേണ്ടത്.
അവരെക്കുറിച്ചുള്ള പാട്ടിങ്ങനെയാണ്:
‘അഭിവാദനങ്ങള്‍, അഭിവാദനങ്ങള്‍
ധീര രക്തസാക്ഷികള്‍ക്കഭിവാദനങ്ങള്‍
ധീര പടനായകര്‍ക്കുകൂടി
അഭിവാദനങ്ങള്‍
അഭിവാദനങ്ങള്‍’.

ഇനിയും അനസൂയക്ക് ഏറെ പറയാനുണ്ട്. ഒരു കാലഘട്ടത്തെ ത്രസിപ്പിച്ച പാട്ടോര്‍മകളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും രാഷ്ട്രീയ കാലത്തെക്കുറിച്ചും. എന്നാല്‍, ഓര്‍മകള്‍ അങ്ങനെ നില്‍ക്കട്ടെ എന്നാണ് അവര്‍ വീട്ടിലിരുന്ന് പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story