വയറ്റാട്ടിയമ്മയുടെ ഓര്‍മകള്‍...
text_fieldsഇന്ന് വയറ്റാട്ടിമാര്‍ എന്ന് കേട്ടാല്‍ പുതിയ തലമുറയിലുള്ളവര്‍ അദ്ഭുതം കൂറും. കാരണം, ഗര്‍ഭലക്ഷണങ്ങള്‍ കണ്ടാല്‍തന്നെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളിലെത്തി മിടുക്കരായ ഗൈനക്കോളജിസ്റ്റുകളെ കാണാന്‍ ക്യൂ നില്‍ക്കുന്ന കാലമാണിത്. എന്നാല്‍, ഒരുകാലത്ത് പോയ തലമുറകള്‍ സുഖപ്രസവത്തിന് ആശ്രയിച്ചിരുന്നത് വയറ്റാട്ടി (സൂതകര്‍മിണി)കളെയായിരുന്നു. ആ കഥകള്‍ പറയുകയാണ് കോഴിക്കോട് ചേന്ദമംഗലൂരിനടുത്തുള്ള 96 വയസ്സുള്ള മുണ്ടക്കല്‍ ഉണ്ണൂട്ടിയമ്മ. 83 വര്‍ഷം മുമ്പ് 13 വയസ്സുള്ളപ്പോഴാണ് അവര്‍ പ്രസവമെടുക്കലിന്റെയും ഗര്‍ഭസ്ഥ ശുശ്രൂഷയുടെയും പരിശീലനം നേടിത്തുടങ്ങിയത്.
അന്ന് ശാസ്ത്രം ഇത്ര വളര്‍ന്നിട്ടില്ല. അടുത്തെങ്ങും ആശുപത്രികളോ ഡോക്ടര്‍മാരോയില്ല. ചേന്ദമംഗലൂര്‍, കൊടിയത്തൂര്‍, പൊറ്റശ്ശേരി, മണാശ്ശേരി, തേക്കുംകുറ്റി, ചെറുവാടി, പന്നിക്കോട്, അഗസ്ത്യന്‍മുഴി, പുല്ലൂരാംപാറ തുടങ്ങിയ പ്രദേശങ്ങളിലെ എത്രയെത്ര മക്കളുടെ ജനനത്തിനാണ് അവര്‍ സാക്ഷ്യംവഹിച്ചത്.
പകലും രാത്രിയുമൊക്കെ ഗ്രാമത്തിലെ ഏതെങ്കിലും സ്ത്രീകള്‍ക്ക് പ്രസവവേദന തുടങ്ങിയാല്‍ ബന്ധുക്കള്‍ ഉണ്ണൂട്ടിയമ്മയെ തേടി മുണ്ടക്കല്‍ വീട്ടിലെത്തും. രാത്രിയാണെങ്കില്‍ ഓലച്ചൂട്ട് കത്തിച്ച് റാന്തല്‍ വിളക്കുമേന്തിയാണ് യാത്ര. കൈയില്‍ പ്രസവശുശ്രുഷ കര്‍മങ്ങള്‍ക്കുള്ള തുണികളും അത്യാവശ്യ മരുന്നുകളും ഉണ്ടാവും. വാഹനങ്ങള്‍ അപൂര്‍വമായിരുന്ന ആ കാലത്ത് കിലോമീറ്ററുകള്‍ നടന്നാണ് യാത്ര. എത്രയോ തവണ പുഴകള്‍ കടക്കേണ്ട സ്ഥിതി വന്നിട്ടുണ്ട്.
വീട്ടിലെത്തിയാല്‍ പരിശോധനകളിലൂടെ പ്രസവത്തിന്‍െറ കൃത്യത തിരിച്ചറിയാനുമുള്ള കഴിവ് ഉണ്ണൂട്ടിയമ്മക്കുണ്ടായിരുന്നു. രക്തസ്രാവം ഉണ്ടായാല്‍ ഞൊടിയിടയില്‍ നിര്‍ത്താനുള്ള പൊടിക്കൈകളും നടത്താറുണ്ട്. ഉണ്ണൂട്ടിയമ്മയുടെ ഭര്‍ത്താവ് കോരപ്പന്‍ വൈദ്യരും നാട്ടിലെ പ്രധാന പാരമ്പര്യ വൈദ്യനായിരുന്നു. അദ്ദേഹം മരിച്ചിട്ട് 35 വര്‍ഷമായി. പ്രസവാനന്തരമുള്ള 15, 40 ദിവസവും കുളികളും ഉണ്ണൂട്ടിയമ്മതന്നെയാണ് നടത്തിക്കൊടുക്കാറ്. ആദ്യകാലത്ത് നെല്ലും അരിയും വെളിച്ചെണ്ണയും ഒക്കെയാണ് പ്രതിഫലം ലഭിച്ചിരുത്.
ചില വീട്ടുകാര്‍ പണവും നല്‍കിയിരുന്നു. എങ്കിലും ഉണ്ണൂട്ടിയമ്മ സേവനമായാണ് പ്രസവമെടുപ്പിനെ കണ്ടത്. തന്‍െറ പതിറ്റാണ്ടുകള്‍ നീണ്ട സേവനത്തിനിടയില്‍ ഒരു കുഞ്ഞിനോ അമ്മക്കോ ജീവഹാനി സംഭവിച്ചിട്ടില്ലയെന്ന് ഈ അമ്മ തറപ്പിച്ചുപറയുന്നു. തന്‍െറ എട്ടു മക്കളില്‍ മൂന്നുപേരും പാരമ്പര്യ വൈദ്യചികിത്സ നടത്തുന്നവരാണ്. പഴയകാലത്തെ പ്രസവ അനുഭവങ്ങളും കുഴമ്പും തൈലവും തേച്ചുള്ള കുളിയും തുടര്‍ന്ന് നാട്ടിന്‍പുറങ്ങളില്‍ നിന്ന് പറിച്ചെടുക്കുന്ന ഒൗഷധസസ്യങ്ങള്‍ കൊണ്ടുള്ള ഭക്ഷണരീതികളുമൊക്കെ പറഞ്ഞാല്‍ പലരും ഇന്ന് വിശ്വസിക്കില്ല. ഉണ്ണൂട്ടിയമ്മ ചിരിച്ചുകൊണ്ട് പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.