വേദനയുടെ അക്ഷരങ്ങള്‍
text_fields‘കണ്ണുകള്‍ക്കാരോ
കാഴ്ച തന്നു
വേണ്ടായിരുന്നു
കാതുകള്‍ക്കാരോ
കേള്‍വി തന്നു
അതും വേണ്ടായിരുന്നു
കാലുകള്‍ക്കാരോ
ചലനം തന്നു
വേണ്ടിയിരുന്നില്ല...’
ചുറ്റുവട്ടത്തില്‍ എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ അണയാന്‍ തിരക്കുകൂട്ടുന്ന പാട്ടവിളക്കിന്‍െറ നേര്‍ത്ത മഞ്ഞവെളിച്ചത്തിലിരുന്ന് രമ വേദനയുടെ അക്ഷരങ്ങള്‍ കുറിച്ചിടും. ചുവരാക്കി നിര്‍ത്തിയ ഓലക്കീറുകള്‍ വലിച്ചിളക്കിയും മേല്‍ക്കൂരയിലെ പ്ളാസ്റ്റിക് ഷീറ്റിന്‍െറ പാളികളെ പറത്തിനീക്കിയും നുഴഞ്ഞത്തെുന്ന കാറ്റ് വിളക്കിനെ ഊതിക്കെടുത്താന്‍ നോക്കും. ചിലപ്പോള്‍ മണ്ണെണ്ണ വറ്റി തൊണ്ട വരണ്ട് വിളക്ക് താനേ കെടും. ഇരുട്ടിന് കട്ടിയേറുകയാണ്. മുന്നിലെ വഴികള്‍ ഇരുളുമ്പോള്‍ നിസ്സഹായതയുടെ വാക്കുകള്‍ നോട്ടുപുസ്തകത്തിലേക്ക് കവിതകളായി അടര്‍ന്ന് വീഴുന്നു. ‘ കവിതയെഴുതാനിരിക്കുമ്പോ അയിനെക്കുറിച്ചാരിക്കും ചിന്തകള് വെര്വാ. ഒരുപാടങ്ങനെ ചിന്തിച്ച് കൂട്ടും. അന്നേരം മ്മളെ ദു$ഖങ്ങളെല്ലാം മാറി നിക്കൂല്ളേ?’
ഉള്ളില്‍ നിറഞ്ഞുകവിയുന്ന വേദനകളെ പുസ്തകങ്ങളിലേക്ക് പകര്‍ത്തി നിറക്കുകയാണ് രമ. ഒറ്റപ്പെടലിന്‍െറ തുരുത്തിലകപ്പെട്ട വികലാംഗയായ ദലിത് യുവതിക്ക് അതിജീവനത്തിന്‍െറ വഴി മാത്രമല്ല, വേദനയെ മറികടക്കാനുള്ള മറുമരുന്ന് കൂടിയാവുകയാണ് കവിതകള്‍. ഈ വരികള്‍ക്ക് ആത്മഗതത്തിന്‍െറ ധ്വനിയുണ്ട്.
l
പയ്യോളി പള്ളിക്കരയില്‍ നീരൊഴുക്ക് വറ്റിയ കുറ്റ്യാടി പദ്ധതിക്കനാല്‍ അവസാനിക്കുന്നയിടത്താണ് വട്ടക്കുനിയില്‍ രമയുടെ കൂര. ഓലയും കീറത്തുണിയും പ്ളാസ്റ്റിക് ഷീറ്റുകളും മറച്ചുകെട്ടിയ പന്തല്‍, കുടില്‍ എന്ന വാക്കിന്‍െറ നിര്‍വചനത്തിന് ഇണങ്ങുന്നതല്ല. നിറം പൊലിഞ്ഞ്, പഴകി പിന്നിത്തുടങ്ങിയ സാരിക്കഷണം കര്‍ട്ടന്‍ പോലെ ചരടില്‍ വലിച്ച് കെട്ടിയിരിക്കുന്നു. അതാണ് പുറം വാതില്‍.
രോഗിയായ അച്ഛന്‍ വെള്ളന്‍ ദുരിതത്തിന്‍െറ പങ്കുപറ്റി തുണയായുണ്ട്. അമ്മ നാരായണി നാലുവര്‍ഷം മുമ്പ് മരിച്ചു. കൈയും കാലും തളര്‍ന്ന് സംസാരിക്കാന്‍ വയ്യാതെ കിടപ്പിലായിരുന്നു. നാളുകളായി പുകയുയരാത്ത അടുപ്പ്, ഒന്നുരണ്ട് പാത്രങ്ങള്‍, പാഴ് പലകകള്‍ ചേര്‍ത്തുവെച്ച തട്ടിനുകീഴെ പ്ളാസ്റ്റിക് സഞ്ചിയില്‍നിന്ന് കുറേ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തേക്ക് തലനീട്ടുന്നു. രമയുടെ വലതുകൈയും ഇടതുകാലും മനസ്സിന്‍െറ ഇച്ഛക്കൊത്ത് ചലിക്കില്ല. ഇടതുകൈ കൊണ്ട് പ്രയാസപ്പെട്ടാണ്് എഴുതുന്നത്.
‘എഴ്ത്ന്നത് എല്ലാം കവിതയായോന്ന് എനക്കറിഞ്ഞൂടാ...അയിന് മൂല്യണ്ടോന്നും അറിഞ്ഞൂടാ...മനസ്സിന് വെഷമം തോന്നുന്നേരം വെറ്തെ എഴ്തലാ...’
ഇടറിവീഴാതെ പിടിച്ചുനില്‍ക്കാന്‍ വേണ്ടിയുള്ള എഴുത്താണത്. പങ്കുവെക്കാന്‍ കഴിയാത്ത സങ്കടങ്ങളുടെയും ആകുലതകളുടെയും പകര്‍ത്തെഴുത്ത്.
അവക്ക് ഉള്ളുരുക്കത്തിന്‍െറ ചൂരുണ്ട്. ജീവിതം വഴിമുട്ടുമ്പോള്‍ ഉതിരുന്ന വാക്കുകള്‍ക്ക് വ്യാകരണശുദ്ധിയോ ഭാഷയുടെ സൗന്ദര്യമോ വേണമെന്ന് ശഠിക്കരുതല്ളോ.
രമയുടെ കവിതകള്‍ വായിച്ച ചിത്രകാരന്‍ സുഹൃത്ത് പറഞ്ഞു ആപ്പിള്‍ പഴങ്ങളുടെ തുടുപ്പും മധുരവുമല്ല, കാട്ടുചേമ്പിന്‍ കിഴങ്ങിന്‍െറ രുചിയാണീ വരികള്‍ക്കെന്ന്. കഴിഞ്ഞ മഴക്കാലം മുഴുവന്‍ കോഴിക്കോട്ട് അന്വേഷിയുടെ ഷോര്‍ട്ട് സ്റ്റേ ഹോമിലാണ് രമ കഴിച്ചുകൂട്ടിയത്. അച്ഛന്‍ ബന്ധുവീടുകളില്‍ അഭയം തേടി.
‘ഞാന്‍ കൊറേക്കാലം അന്വേഷീന്‍െറ ഷോര്‍ട്ട് സ്റ്റേ ഹോമിലാരുന്നു. ആടെ ആറ് മാസത്തിലധികം താമസിക്കാന്‍ പറ്റൂല്ലാലോ. പിന്നെ ഈടെ ഷെഡാക്കി താമസം തൊടങ്ങ്യതാ... ഇത് വേറെയാളിന്‍െറ പറമ്പാ... ഓര് തല്‍ക്കാലത്തേക്ക് ഷെഡ് കെട്ടാന്‍ സമ്മതിച്ചു. മഴക്കാലത്ത് ഈടെയെല്ലാം വെള്ളം കേറും. നിക്കാന്‍ പറ്റൂല്ല. ഉച്ചക്കും രാത്രീലും ഒരേച്ചി ഭക്ഷണം കൊണ്ടത്തേരും. ഭക്ഷണണ്ടാക്കാന്‍ പറ്റാഞ്ഞിട്ടല്ല. അയിന്ള്ള സ്ഥിതിയില്ല. പട്ട്ണിയ്ടെ രുചി നല്ളോണം അറിഞ്ഞിറ്റ്ണ്ട്. ’
കരച്ചില്‍ കല്ലിച്ച മുഖത്ത് നോവിന്‍െറ നനവ് പുരണ്ട ചിരിവരുത്തിച്ച് രമ പറഞ്ഞു. കത്തിക്കാളുന്ന വിശപ്പിന്‍െറ ചൂടും കവിതക്ക് തീപിടിപ്പിക്കുന്നു.
l
ശരീരത്തിന്‍െറ പരിമിതികള്‍ എല്ലായിടത്തുനിന്നും അവഗണന ഏറ്റുവാങ്ങാന്‍ ഇവരെ നിര്‍ബന്ധിക്കുകയാണ്.
കുടുംബസ്വത്തായി ആകെയുണ്ടായിരുന്ന ഏഴരസെന്‍റ് ഭാഗം വെച്ചപ്പോള്‍ മറ്റെല്ലാവര്‍ക്കും ഭൂമിയുടെ പങ്ക് ലഭിച്ചു. രമക്ക് കിട്ടിയത് ഒന്നിനും തികയാത്ത കുറച്ച് രൂപ മാത്രം. കൂടപ്പിറപ്പുകള്‍ക്ക് പോലും താന്‍ വേണ്ടാത്തവളാണെന്ന ബോധ്യം മനസ്സിനെ വല്ലാതെ തളര്‍ത്തി.
ഫോണിലൂടെ പരിചയപ്പെട്ടൊരാള്‍ ജീവിതത്തിലേക്ക് വിളിച്ചത് അപ്പോഴാണ്. കൊല്ലം പുനലൂര്‍ സ്വദേശിയായ നിര്‍മാണ തൊഴിലാളിയായിരുന്നു അയാള്‍. വലുതായൊന്നും ആലോചിച്ചില്ല. എവിടെയെങ്കിലും ഒരു തണല്‍ അത്രമാത്രമേ ആഗ്രഹിച്ചുള്ളൂ. അഞ്ചുമാസത്തോളം അയാളോടൊപ്പം പള്ളിക്കരയില്‍ തന്നെ വാടകവീട്ടില്‍ കഴിഞ്ഞു. ഒരുനാള്‍ നാട്ടിലേക്ക് പോയി വരാമെന്നുപറഞ്ഞ് പുറപ്പെട്ടയാള്‍ തിരികെ വന്നില്ല. ഫോണില്‍ വിളിക്കുമ്പോള്‍ നമ്പര്‍ നിലവിലില്ളെന്ന് മറുപടി. പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആളെ കണ്ടത്തൊനായില്ളെന്ന് പറഞ്ഞ് അവര്‍ അന്വേഷണം നിര്‍ത്തി. അങ്ങനെയാണ് അന്വേഷിയുടെ സഹായം തേടിച്ചെന്നത്.
വീട് പണിയാന്‍ ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ ഒരുലക്ഷം അനുവദിച്ചിരുന്നു. 60,000 രൂപ കിട്ടി. പഞ്ചായത്തിന്‍െറ സഹായത്തോടെ വാങ്ങിയ മൂന്ന് സെന്‍റ് ചതുപ്പുനിലം മണ്ണിട്ടുയര്‍ത്താന്‍ കിട്ടിയ പണമത്രയും ചെലവായി. വീടിന് അടിത്തറ മാത്രം ഉയര്‍ന്നതേയുള്ളൂ. പറമ്പിലേക്ക് റോഡില്ലാത്തതിനാല്‍ കുഴി നികത്താന്‍ മണ്ണ് തലച്ചുമടായാണ് കൊണ്ടുവന്നത്. അടിത്തറക്ക് ബെല്‍റ്റ് വാര്‍ക്കാന്‍ ഒരു സന്നദ്ധ സംഘടന കമ്പിയും സിമന്‍റും എത്തിച്ചുകൊടുത്തു. ഇനി വീടിന്‍െറ പണിയെങ്ങനെ പൂര്‍ത്തിയാക്കുമെന്നത് ആലോചിക്കാനാവുന്നില്ല.
‘ഇനി ഏടെയും പോയി നിക്കാനൊന്നും വയ്യൂല്ല. ഏപ്രില്‍ മാസം ആവുമ്പളേക്ക് മഴ വരൂല്ളേ...ആ ടെന്‍ഷനാ ഇപ്പോ’.
‘ഞാന് പത്താംക്ളാസ് പാസായതാ, അടിച്ചുവാരുന്ന ജോലീന്‍െറ ഒഴിവിലേക്ക് മാത്രമേ എംപ്ളോയ്മെന്‍റ്ന്ന് ഇന്‍റര്‍വ്യൂന് വിളിക്കല്ള്ളു. ഇതേവരെ ഒമ്പത് ഇന്‍റര്‍വ്യൂന് പോയി. എല്ലാരും പറയും അനക്ക് ജോലിചെയ്യാന്‍ പറ്റൂല്ലാന്ന്. ചെലര് സര്‍ട്ടിഫിക്കറ്റ് പോലും നോക്കൂല്ല.
എഴ്പത്തഞ്ച് ശതമാനം വികലാംഗയാണ് ഞാന്‍. എന്നാലും പിയൂണിന്‍െറ ജോലിയൊക്കെ ചെയ്യാന്‍ പറ്റും. എന്നിട്ടുമെന്തേ എന്നെയതിന് വിളിക്കാത്തത്?’
ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടവര്‍ മൗനമവലംബിക്കുന്നു.
‘മുഖ്യമന്ത്രിയെ കൊറേ തവണ പോയിക്കണ്ടു. ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി കൊടുത്തു. പ്രയോജനമുണ്ടായില്ല’. കഴിഞ്ഞ ജനുവരി 29ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ രമ ഇങ്ങനെ എഴുതി ‘ഇത് എന്‍െറ അവസാനത്തെ സെക്രട്ടേറിയറ്റ് സന്ദര്‍ശനമായിരിക്കും. ഇനിയും സഹായത്തിന് കേഴുന്നതിനേക്കാള്‍ നല്ലത് ...’
ടെയ്ലറിങ് പഠിച്ചിട്ടുണ്ട് . ഒരു മെഷീന്‍ കിട്ടിയിരുന്നെങ്കില്‍ സ്വാധീനമുള്ള ഇടതുകൈയുടെ വഴക്കത്തിനൊപ്പിച്ച് തുന്നല്‍പ്പണിയെടുത്ത് ജീവിക്കാമായിരുന്നുവെന്ന് രമ പറയുന്നു.
‘നൈറ്റിയൊക്കെ തയ്ക്കാന്‍ പറ്റും. അതോണ്ട് ജീവിക്കാന്‍ പറ്റ്വായിരുന്നു. സെക്കനാന്‍റ് മിഷ്യന് തന്നെ മൂന്നാലായിരം കൊടുക്കണം. ഞാനേടെന്ന് ഇണ്ടാക്കാനാ...’
l
വൈകല്യം ജന്മനാ കിട്ടിയ ശാരീരിക സവിശേഷതയല്ല, ഒന്നര വയസ്സില്‍ മേലടി ഗവ.ആശുപത്രിയില്‍നിന്ന് നല്‍കിയ കുത്തിവെപ്പാണ് ഈ ശരീരത്തെ ഇവ്വിധമാക്കിയത്്. ജീവിതത്തെ തന്നെ മാറ്റിമറിച്ച ദുരന്തമാണത്.
അമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലാക്കിയപ്പോള്‍ കൂടെ കൊണ്ടുപോയ കുഞ്ഞിന്‍െറ ദേഹത്ത് ചൊറി പടര്‍ന്നതുകണ്ട് ഡോക്ടര്‍ വാക്സിന്‍ കുത്തിവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇരു തുടകളിലും സൂചി കുത്തി. വീട്ടില്‍ വന്ന് ആഴ്ചകള്‍ക്കകം വലതു കൈയും ഇടതുകാലും തളര്‍ന്നു.
‘എന്നിറ്റും ഒന്നിനും വയ്യോട്ട് നിക്കലില്ല. സ്കൂളില്‍ പഠിക്കുമ്പോ ക്ളാസ് ലീഡറായീന്. സ്കോഡ് ലീഡറ്, സെക്കന്‍റ് ലീഡറ് അങ്ങനെയൊക്കെ പ്രവര്‍ത്തിച്ചതാ...’
പത്താം ക്ളാസില്‍ പഠിക്കുന്ന കാലത്തേ കവിതയെഴുത്ത് തുടങ്ങിയിരുന്നു. സ്കൂള്‍ യുവജനോത്സവത്തിന് കവിതയെഴുതിയാണ് തുടക്കം. ശേഖരമാരാര്‍ മാഷിന്‍െറ പ്രോത്സാഹനമുണ്ടായിരുന്നു. നിറം മങ്ങിത്തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍, ട്രോഫികള്‍ ഒക്കെയും വിലപ്പെട്ട മുതലായി സൂക്ഷിക്കുന്നു.
അറുപതോളം കവിതകളെഴുതിയിട്ടുണ്ട് രമ. ഒന്നു മാത്രമാണ് പ്രസിദ്ധീകരിച്ചത്. ‘ഞാനാഗ്രഹിച്ചത് പാട്ടുകാരിയാകണന്നാ. പാലക്കാട് ചെമ്പൈ മ്യൂസിക് കോളജില് പഠിക്കാനാശിച്ചതാ, പക്ഷെങ്കില് ജീവിതം നേരെ മറിച്ചായിപ്പോയി. സ്കൂളില് പഠിക്കുമ്പോ പാടല്ണ്ടായിനും. ഇപ്പളും നാടന്‍പാട്ട് പാടാന്‍ പോക്ക്ണ്ട്. ആകാശവാണീല് നാടന്‍പാട്ട് പാടീന്. അഭിനയിക്കാനും ഭയങ്കര ഇഷ്ടാ.. കൂടുതലായിട്ട് എഴുതണംന്ന്ണ്ട്. ഇനി ഇതാ വഴീന്നാ വിചാരിക്ക്ന്ന്. വെളിച്ചം ല്ലാത്ത പ്രയാസണ്ട്. റേഷന്‍ കാര്‍ഡില്ലാത്തേയിനക്കൊണ്ട് മണ്ണെണ്ണ കിട്ട്ന്നില്ല. വെളക്ക് അധികനേരം കത്തിച്ച് വെക്കാമ്പറ്റൂല്ല. കൊറച്ച് നേരത്തേക്കേ കത്തിക്കൂ. അതന്നെ ഓരോരുത്തര് ഇത്തിരി മണ്ണെണ്ണ തന്നേനക്കൊണ്ടാ. പകല് വായിക്കാനോ എഴുതാനോ നേരണ്ടാവൂല്ല.
കവിതാ രചനാ മത്സരം ‘ഏടെയ്ണ്ടെങ്കിലും ഞാന്‍ പോവും. ഇന്നലെയൊരു പരിപാടിയ്ണ്ടായീന് കുറ്റ്യാടീല്, സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് എത്തിപ്പെടാന്‍ പറ്റീല്ല. പ്രൈസ് കിട്ടാനൊന്ന്വല്ല പോക്ന്നത്. അയില് പങ്കെട്ക്ക്വാന്നള്ളതല്ളേ കാര്യം.’
‘ആരോ വരച്ചിട്ട
വരയിലൂടെ നടന്നു
കല്ലിലും മുള്ളിലും ചവിട്ടി
പാദത്തേക്കാള്‍ നൊന്തത്
മനസ്സ്
ലോകത്തെ, ദൈവത്തെ
സകലതും വെറുത്തു...’
‘ആരോ വരച്ചിട്ട വര’ എന്ന കവിതയില്‍ ഇതിന്‍െറ വിങ്ങലുണ്ട്. ഇനി കവിത തനിക്ക് വഴിതെളിക്കുമെന്ന് രമ പ്രതീക്ഷിക്കുന്നു. പക്ഷേ, ജീവിതം മുന്നില്‍ വരണ്ട കനാല്‍ പോലെ അഗാധമായ വായ പിളര്‍ന്നുനില്‍പ്പാണ്.
(രമയെ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പര്‍ ഇല്ല. രമയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ : 1908101023691 കാനറാ ബാങ്ക്, മേലടി ബ്രാഞ്ച്, കോഴിക്കോട്
രമ .പി
വട്ടക്കുനി ഹൗസ്
പള്ളിക്കര (പി.ഒ)
വി.പി റോഡ്
പയ്യോളി
കോഴിക്കോട് എന്ന വിലാസത്തിലാണ് അവരെ ബന്ധപ്പെടാന്‍ കഴിയുക. )

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.