Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightപ്രതീക്ഷയുടെ...

പ്രതീക്ഷയുടെ കിരണങ്ങള്‍

text_fields
bookmark_border
പ്രതീക്ഷയുടെ കിരണങ്ങള്‍
cancel

ലഹരിയില്‍ മുങ്ങിയ യുവാക്കള്‍, പീഡനത്തിനിരയാകുന്ന കുട്ടികളും സ്ത്രീകളും, താളംതെറ്റിയ കുടുംബബന്ധങ്ങള്‍, ദിനേന പെരുകുന്ന കുറ്റകൃത്യങ്ങള്‍... ദിനേന കണ്ടും കേട്ടും വായിച്ചും അറിയുന്ന വാര്‍ത്തകളിലേറെയും അശുഭകരം. വീടും നാടും വഴിതെറ്റുമ്പോള്‍ സമൂഹത്തില്‍നിന്ന് പ്രതീക്ഷയുടെ ചില വെളിച്ചത്തുണ്ടുകള്‍ ഉദിച്ചുവരാറുണ്ട്. അങ്ങനെ, മദ്യവും മയക്കുമരുന്നും വഴിപിഴപ്പിച്ച യുവാക്കളെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്താനായി ഒരു ടീച്ചര്‍ നന്മയുടെ വിത്തുവിതറിയപ്പോള്‍ ഒരു നാടു മുഴുവന്‍ കൈപിടിച്ച് കൂടെ നിന്നു. ലഹരി തകര്‍ത്ത മനുഷ്യര്‍ പതിയെപ്പതിയെ ജീവിതത്തിന്‍െറ പച്ചപ്പിലേക്ക് നടന്നുകയറാന്‍ തുടങ്ങി. താമസിയാതെ, മറ്റു പ്രദേശങ്ങളിലേക്കും ഈ വെളിച്ചമത്തെി. നാടിനെ വിഴുങ്ങുന്ന ലഹരിക്കെതിരെ അത് ഉണര്‍ത്തുപാട്ടായി.
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് നടപ്പാക്കുന്ന ‘കിരണം’ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത് ബ്ളോക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയും തവനൂര്‍ എ.എം.എല്‍.പി സ്കൂളിലെ അധ്യാപികയുമായ ഷരീഫ ടീച്ചറാണ്. ലഹരിക്കടിപ്പെട്ടവരുടെ ദുരിതജീവിതവും പത്രങ്ങളില്‍ വരുന്ന പീഡനവാര്‍ത്തകളുമായിരുന്നു ഇത്തരമൊരു പദ്ധതി തുടങ്ങാന്‍ ഷരീഫ ടീച്ചറെ പ്രേരിപ്പിച്ചത്. സമൂഹം വഴിതെറ്റുമ്പോള്‍ നേര്‍വഴിക്ക് നയിക്കാന്‍ ഒരു സ്ത്രീക്ക് ബാധ്യതയുണ്ടെന്ന ചിന്തയില്‍നിന്നാണ് ‘കിരണം’ പിറക്കുന്നത്. തുടങ്ങി നാലു മാസത്തിനകംതന്നെ പദ്ധതി ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്നതടക്കം സകല തിന്മകളിലേക്കും നയിക്കുന്നത് മദ്യമടക്കമുള്ള ലഹരി വസ്തുക്കളാണ്. ഇതിനെതിരെയാണ് ‘കിരണ’ത്തിന്‍െറ പോരാട്ടം...’ പ്രോജക്ട് കോഓഡിനേറ്റര്‍ കൂടിയായ ഷരീഫ ടീച്ചര്‍ പറയുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ബ്ളോക് പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പദ്ധതി ആരംഭിക്കുന്നത്.
ഭരണസമിതിയില്‍ ‘കിരണം’ അവതരിപ്പിച്ചപ്പോള്‍ പ്രസിഡന്‍റടക്കമുള്ളവര്‍ നല്‍കിയ പിന്തുണയാണ് പദ്ധതി വെളിച്ചം കാണാന്‍ സഹായകമായത്. ബ്ളോക്കിനു കീഴിലുള്ള വാഴയൂര്‍, വാഴക്കാട്, മുതുവല്ലൂര്‍, കൊണ്ടോട്ടി, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, മുതുവല്ലൂര്‍, നെടിയിരുപ്പ് പഞ്ചായത്തുകളിലായാണ് ‘കുടുംബ ഭദ്രതക്ക് സാമൂഹികസുരക്ഷക്ക് രാഷ്ട്ര നന്മക്ക്’ എന്ന മുദ്രവാക്യത്തില്‍ ‘കിരണ’മത്തെുന്നത്. കെ. ഇമ്പിച്ചിബാവ പദ്ധതിയുടെ ആക്ഷന്‍ പ്ളാന്‍ തയാറാക്കി. കഴിഞ്ഞ നവംബര്‍ 22ന് സാമൂഹിക നീതി വകുപ്പ് മന്ത്രി എം.കെ. മുനീര്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

എല്ലാവരും കൈകോര്‍ക്കുന്നു
നന്മയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനായി നടപ്പാക്കുന്ന ‘കിരണം’ വിവിധ ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്ക് ഏകദിന പരിശീലനം നല്‍കുകയായിരുന്നു ആദ്യഘട്ടം. തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും സര്‍വേ നടത്താനായി 250 ഓളം അങ്കണവാടി അധ്യാപകര്‍ക്കും പരിശീലനം നല്‍കി. ഓരോ പഞ്ചായത്തിനും രണ്ട് റിസോഴ്സ് പേഴ്സന്‍ എന്നനിലയില്‍ ബ്ളോക്കിന് കീഴില്‍ സ്വയം സന്നദ്ധരായ ആര്‍.പി ഗ്രൂപ്പും വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുന്നതിനായി ജാഗ്രതാ സമിതികളും രൂപവത്കരിച്ചു. 32 ആര്‍.പിമാര്‍ നിലവില്‍ പരിശീലനം പൂര്‍ത്തിയാക്കി. നാലാം ഘട്ടമായ ടേബ്ള്‍ടോക് കോണ്‍ഫറന്‍സുകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. മത പണ്ഡിതര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, വ്യവസായികള്‍ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കുകയാണ് ഇതിന്‍െറ ലക്ഷ്യം. ഇവരുടെ അഭിപ്രായങ്ങളും സഹകരണവും ഉറപ്പിക്കുകയാണ് ടേബ്ള്‍ടോക് കോണ്‍ഫറന്‍സിലൂടെ ചെയ്യുന്നത്.
തുടര്‍ന്ന് ഡോര്‍ ടു ഡോര്‍ കാമ്പയിനാണ് ആവിഷ്കരിച്ചിരിക്കുന്നത്. സാമൂഹിക സര്‍വേയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലഹരിക്കടിപ്പെട്ടവരെ അവരുടെ വീടുകളില്‍ പോയി ബോധവത്കരണം നടത്തുകയാണ് പരിപാടി. രണ്ട് വളന്‍റിയര്‍മാര്‍ ഇവരുമായി സംസാരിച്ച് ആവശ്യമുള്ളവര്‍ക്ക് കൗണ്‍സലിങ് നല്‍കും.

കൗണ്‍സലിങ് സെന്‍റര്‍ ഒരുങ്ങുന്നു
പദ്ധതിയുടെ ഭാഗമായി കൗണ്‍സലിങ് സെന്‍ററും ഇവര്‍ ഒരുക്കിയിട്ടുണ്ട്. കെട്ടിടമടക്കമുള്ള സൗകര്യങ്ങള്‍ തയാറാക്കി. സര്‍ക്കാറില്‍നിന്നുള്ള ചില അനുമതി കൂടി ലഭിച്ചാല്‍ പദ്ധതി സ്പീഡ് ട്രാക്കിലാകും. ആല്‍ക്കഹോളിക് ആന്‍ഡ് ഡ്രഗ് അഡിക്ഷന്‍ കൗണ്‍സലിങ്, സ്റ്റുഡന്‍റ്സ് കൗണ്‍സലിങ്, പേഴ്സനല്‍ കൗണ്‍സലിങ്, പ്രീമാരിറ്റല്‍ കൗണ്‍സലിങ്, പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിങ് എന്നിവയാണ് ഇവിടെ നല്‍കുക. ലഹരിക്കടിമപ്പെട്ടവരെ കണ്ടത്തെി കുടുംബസംഗമങ്ങളും നടത്തുന്നുണ്ട്.
തുടര്‍ചികിത്സ ആവശ്യമുള്ളവരെ അതിനായി കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അടുത്തത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പഞ്ചായത്തിന്‍െറ വിവിധഭാഗങ്ങളില്‍ ടെന്‍ഷന്‍ ഫ്രീ ക്ളിനിക്കുകളും ഒരുക്കാനാണ് പദ്ധതി.

വരാനുള്ളതിനെ വഴിയില്‍ തടയുന്നു
ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനവും ബോധവത്കരണക്ളാസുകളും നല്‍കുന്നതിനു പുറമെ ബ്ളോക്കിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ലഹരിവസ്തുക്കള്‍ എത്തുന്നത് തടയാനും നേതൃത്വം നല്‍കുന്നുണ്ട്. ഈയിടെ പ്രദേശത്തേക്ക് കഞ്ചാവടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തുന്നതിന്‍െറ വിവരം മുന്‍കൂട്ടി പൊലീസിനും എക്സൈസിനും കൈമാറിയിരുന്നു. വിവരം കൃത്യമായി ലഭിച്ചതിനാല്‍ വാഹനമടക്കം ഉദ്യോഗസ്ഥര്‍ പിടികൂടുകയും ചെയ്തു.

മാതൃകയാക്കാന്‍ മറ്റു പഞ്ചായത്തുകളും
കൊണ്ടോട്ടി ബ്ളോക് പഞ്ചായത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തുന്ന ‘കിരണം’ പദ്ധതി കേട്ടറിഞ്ഞ് മറ്റ് പഞ്ചായത്തുകളുമത്തെുന്നുണ്ട്. കൊടുവള്ളി, മഞ്ചേശ്വരം ബ്ളോക് പഞ്ചായത്തുകളാണ് പദ്ധതിയെക്കുറിച്ച് അന്വേഷിച്ചത്തെിയത്. തങ്ങളുടെ പഞ്ചായത്തിലും പദ്ധതി നടപ്പാക്കാന്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജബ്ബാര്‍ ഹാജി പറഞ്ഞു. സമൂഹത്തില്‍നിന്ന് ലഭിച്ച വലിയ അംഗീകാരമാണ് ഈ പദ്ധതി വിജയത്തിലേക്ക് മുന്നേറുന്നതിന് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story